Manbehindme

മഴയും പാടവും പിന്നെ ആമ്പല്‍പ്പൂവും..


thamara

 

അന്നൊക്കെ ക്രിക്കറ്റ് തുടങ്ങിയാല്‍ ഒരു മൂന്ന് കളി വരെ മാനേജ് ചെയ്യും. അത് കഴിഞ്ഞാ എങ്ങനെയെങ്കിലുമൊക്കെ ഫസ്റ്റ് ബാറ്റിങ്ങ് സംഘടിപ്പിക്കും. മറ്റൊന്നും കൊണ്ടല്ല, അപ്പോഴേക്ക് കളി മുടങ്ങാനുള്ള സാധ്യത കൂടും. പന്ത് കാണാതെ പോക്ക്, വീട്ടീന്ന് വിളി, മഴ ചാറ്റല്‍, കക്കൂസില്‍ പോകാന്‍ ധൃതി എന്നീ കാരണങ്ങള്‍ പറഞ്ഞ് കളിയുടെ പകുതിയില്‍ തുള്ളിത്തെറിച്ച് വീട്ടില്‍ പോകുന്ന ചങ്ങാതിമാരായിരുന്നു ഒപ്പം. എറിഞ്ഞുകൊടുത്ത പന്തുകള്‍ക്ക് കിട്ടാതെ പോയ ബാറ്റിങ്ങെന്ന നഷ്ടബോധം മതി അന്നത്തെ സായംസന്ധ്യ ദുഷ്കരമാക്കാന്‍. അതുകൊണ്ട് തന്നെ ആദ്യം ബാറ്റിങ്ങ് കിട്ടിയാല്‍ പിന്നെ പേടിക്കാനില്ലല്ലോ.. എങ്ങാനും കളി അലമ്പിയാല്‍ അനൂപ് മേനോന്‍ പറഞ്ഞ പോലെ അവനു വേണ്ടി എറിഞ്ഞ ബോളും, ഓടിയ ഓട്ടവും വേസ്റ്റ് ആവുംന്ന് കരുതണ്ടല്ലോ.

കിഴക്കേ മുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ തെക്കേ കയ്യാലയാവും ബൗണ്ടറി. കയ്യാലയില്‍ തന്നെയാണ് ഗമണ്ടന്‍ നാട്ടുമാവ് നില്‍ക്കണത്. ഏതോ ഒരു മുതുമുത്തച്ഛന്‍ മാങ്ങ കഴിച്ചിട്ടെറിഞ്ഞ മാങ്ങാണ്ടി വളര്‍ന്ന് വലുതായ മാവാണത്രെ ! കുളത്തിന്റെ കിഴക്കോറെ പാടത്തിന്റെയോരത്തെ മാവും, കിഴക്കെപ്പറമ്പിലെ മാവും കഴിഞ്ഞാല്‍ ഇവനാണ് കേമന്‍. ഉയരം കൊണ്ടും വലിപ്പം കൊണ്ടും എല്ലാം മൂന്നും കട്ടയ്ക്ക് നില്‍ക്കും. നമ്മുടെ ഈ ക്രിക്കറ്റ് കളിയുടെ സീസണ്‍ തന്നെയാണ് മാങ്ങാ സീസണും. എന്നാലും ഇവന് സ്ഥിരം എന്‍ഗേജ്ഡ് ആയിരിക്കും. കൂടുതല്‍ കാലവും നീറുകള്‍ ആയിരിക്കും ഇവനെ കയ്യേറുക. ഒരു വശത്തുകൂടി ചിതലും കാണും. പതിയെപ്പതിയെ പറ്റിപടര്‍ന്നു നില്‍ക്കുന്ന കുരുമുളക് വള്ളികളില്‍ മുളകുണ്ടാവും. അതെല്ലാം മൂത്ത് പഴുത്ത് കഴിയുമ്പോ കൊച്ച് വന്ന് ചാക്ക് കയറില്‍ കോര്‍ത്ത് അരയില്‍ കെട്ടി ഏണി വച്ച് മാവില്‍ കേറി മുഴുവനിങ്ങ് പറിച്ചെടുക്കും. പിന്നെ നീല പടുത വിരിച്ച് കുറച്ചുദിവസം അതെല്ലാം ഉണക്കും, അതുകഴിഞ്ഞ് പടിപ്പുര വരാന്തയിലിട്ട് ചവുട്ടിമെതിക്കും. അതിനു ഞാനും കൂടാറുണ്ട് പണ്ടു മുതല്‍ക്കേ. അതു കഴിഞ്ഞ് വീണ്ടും കുറച്ചു ദിവസം ഉണക്കും.

മെതിച്ചുകഴിഞ്ഞാല്‍ അതിന്റെ ചവറെല്ലാം കൂടി വഴിയില്‍ വിതറും. കൊതുകു ശല്ല്യം ഉണ്ടാവില്ലാ, അതിനാണെന്നാണ് എല്ലാവരും കാരണം പറഞ്ഞത്. ഇന്നും എനിക്ക് മനസ്സിലാവാത്ത കാര്യം കൊതുകെല്ലാം നേരേ നമ്മുടെ വഴിയില്‍ക്കൂടെയേ വരൂ? പറമ്പില്‍ കൂടെയോ പാടത്തുകൂടെയോ ഒന്നും കടന്നുവരില്ല? എന്തോ ! എന്തായാലും അടുത്ത വീടുകളിലും ഇതന്നെ ചെയ്യുന്നുണ്ട്. കുരുമുളക് ഉണക്കലൊകെ കഴിയുമ്പോഴേക്ക് മാങ്ങക്കാലം തുടങ്ങാറാവും. കൊച്ച് വന്ന് വീണ്ടും ഏണി വച്ച് മാവില്‍ കയറി കണ്ണിമാങ്ങ പറിക്കും. കുലകുലയായി മാങ്ങകള്‍. കറുത്ത വലിയ കുട്ടകള്‍ രണ്ടിലും നിറച്ചും പിന്നെ അത്രതന്നെയും മാങ്ങയിണ്ടാവും – മാങ്ങാന്ന് പറഞ്ഞാല്‍ കമ്പുകളും ഇലകളും ഉള്‍പ്പടെയാവും. തളത്തില്‍ നടുമുറ്റത്തിന്റെ വക്കത്ത് പലകയിട്ട് അതിലിരുന്ന് മറ്റൊരു പലകയില്‍ വെച്ചാവും അച്ഛന്‍ മാങ്ങ നേരെയാക്കുക. ഇലയും കമ്പുമെല്ലാം കളഞ്ഞ് കടുമാങ്ങയിടാനായി ആദ്യം ഉപ്പിലിടും. ഉപ്പിലിടലൊക്കെ കഴിയുന്ന സമയമാവുമ്പോള്‍ മാവിലെ മാങ്ങയൊക്കെ പഴുത്തു തുടങ്ങിക്കാണും. അപ്പോഴാണ് ക്രിക്കറ്റുകളികളും മൂക്കുന്നത്.

ഞാന്‍ എറിഞ്ഞാല്‍ പോലും വീഴുന്ന പരുവത്തിലാവും നമ്മുടെ മാവില്‍ മാങ്ങകള്‍. അത്ര തിങ്ങി നിറഞ്ഞ് മാങ്ങകളുള്ളതിനാലും, നന്നായി പഴുത്ത മാങ്ങക്ക് നല്ല രുചിയുള്ളതിനാലും, മാവ് നില്‍ക്കുന്നത് ബൗണ്ടറി ലൈനിലായതുകൊണ്ടും കൂടി സിക്സറുകള്‍ ഏറെ പായും – മാങ്ങകള്‍ വീഴും – പിന്നെ മാങ്ങാണ്ടികള്‍ പറമ്പില്‍ പതിച്ച ശേഷമേ അടുത്ത പന്തെറിയൂ, അതായിരുന്നു കണക്ക്. മാമ്പഴക്കൊതി മൂക്കുമ്പൊ റണ്‍സും വിക്കറ്റുമൊന്നും കാര്യമാക്കാതെ പന്തെറിയുക, അടിച്ചകറ്റി മാങ്ങ വീഴ്ത്തുക എന്ന രീതിയിലേക്കൊക്കെ മാറും. എന്നാല്‍ മാങ്ങ നന്നായി പഴുത്തു വരുമ്പോഴേക്ക് മഴക്കാലവും ആവും. മഴയത്തും കാറ്റത്തും ആവശ്യത്തിനു മാങ്ങ കിട്ടും.

മഴ രണ്ടു രീതിയിലും ക്രിക്കറ്റിനെ തടസ്സപ്പെടുത്താറുണ്ട്. ഒന്നുകില്‍ ഒരൊറ്റപ്പെയ്ത്താവും. അതാവുമ്പോ എല്ലാരും ചാടി വരാന്തയില്‍ കേറിയിരിപ്പാവും. എന്താണെങ്കിലും മഴ തോര്‍ന്നിട്ട് വേണല്ലോ. അപ്പൊ പിന്നെ തോര്‍ന്നാല്‍ ബാക്കി കളി ആവാമല്ലോന്നാവും പലപ്പോഴും ആഗ്രഹം. എന്നാല്‍ ചിലപ്പോ നേരേ തിരിയും. പതിയെ മഴക്കാറെത്തിത്തുടങ്ങും. സത്യം പറഞ്ഞാല്‍ അത് കാണുമ്പോളൊരു വിഷമമാണ് – മഴ പെയ്യാന്‍ ഇനി അധികസമയമില്ല, കളി ഉടനെ അവസാനിക്കുമല്ലോയെന്നോര്‍ത്ത്. എന്നാല്‍ ആ ഒരു അന്തരീക്ഷം ആകെ രസമാണ്.

മേഘങ്ങള്‍ ആകാശത്ത് തിങ്ങിനിറയും. കാറ്റ് പതിയെ തുടങ്ങി ആഞ്ഞുവീശിത്തുടങ്ങും. മുറ്റത്തുമുഴുവന്‍ ഇലകളാവും. മാവില്‍ നിന്ന് മാങ്ങകള്‍ തെറിച്ച് ദൂരേക്ക് വരെ വീഴും. ചിലപ്പോ പാടത്തിനരികിലെ മാവില്‍ നിന്ന് വീഴുന്ന മാങ്ങ പെറുക്കാന്‍ കുറേ കുട്ടികള്‍ എത്തിയിട്ടുണ്ടാവും.. കുന്നിന്‍പുറത്തുള്ളവരാരെങ്കിലും പാടത്ത് അരികുചേര്‍ന്നു നടക്കുന്നുണ്ടാവും, കാറ്റത്തു വീഴുന്ന തേങ്ങ പെറുക്കാനും പോണ വഴി ഒടിഞ്ഞു വീണ കമ്പുകള്‍ പെറുക്കാനും. കിഴക്ക് പാടത്തേക്ക് നോക്കിയാല്‍ നടുവിലുള്ള തെങ്ങുന്തോപ്പിലെ തെങ്ങുകള്‍ കാറ്റത്ത് ആടിയുലയുന്നതുകാണാം. പല തെങ്ങുകളിലുമുണ്ടായിരുന്ന കിളിക്കൂടുകളുടെ അവസ്ഥ എന്താവുമെന്ന് പലപ്പോഴും ആലോചിക്കും. ചിലത് കാറ്റില്‍ ആടുന്നത് അകലെ നിന്നും കാണാം. വിശാലമായ പാടത്ത് ഓരോ ദിക്കില്‍ നിന്നും പശുക്കളെയുമഴിച്ച് വീട്ടിലേക്ക് പോവുന്ന ആളുകളെ കാണാം. അമ്മയും തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാവും. കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ചിട്ട് മോട്ടര്‍ അടിച്ചിട്ടുണ്ടാവും. ഒപ്പം അടുക്കളയിലേക്കുള്ള വെള്ളം കോരി വെയ്ക്കും. മുറ്റത്ത് നിന്ന് നോക്കിയാല്‍ ആകാശത്ത് അങ്ങ് ദൂരെ കിളികള്‍ പറക്കുന്ന കാണാം. ചിലത് പെട്ടെന്ന് കൂടെത്താനുള്ള തത്രപ്പാടാണെന്ന് തോന്നും. എന്നാല്‍ ചിലത് വട്ടമിട്ട് കറങ്ങിക്കൊണ്ടേയിരിക്കും. കാറ്റിന്റെ ശക്തിയനുസരിച്ച് ഇലകള്‍ നിറയും. ഒപ്പം വരുന്ന മറ്റൊരു സംഗതിയാണ് തേക്കിന്റെ പൂവ്. മുറ്റത്ത് വീഴുന്നത് കൂടാതെ പറന്ന് നടുമുറ്റത്തും നിറയും. മഴയുടെ ആദ്യത്തെ തുള്ളികള്‍ വീഴുന്നതെപ്പോഴും ഒരു സുഖമാണ്. കുറച്ച് നേരം കൂടി മുറ്റത്ത് നിന്ന് കാണും. പിന്നെ കുറെ നേരം വരാന്തയിലിരിക്കും. മഴ കനത്ത് വരാന്തയിലേക്ക് വെള്ളം വീണു തുടങ്ങുമ്പോള്‍ അകത്ത് തളത്തിലേക്ക് കയറും. പിന്നെ നടുമുറ്റത്ത് മഴ കാണും.. അപ്പോഴും മഴ അധികം നീണ്ടു നില്‍ക്കരുതെന്നാവും ആഗ്രഹം. മഴ തോര്‍ന്നു കഴിഞ്ഞ് മുറ്റത്തും പറമ്പിലും നടക്കാന്‍ നല്ല രസമാവും. അതുകൊണ്ട് സധ്യയ്ക്ക് മുന്നേ മഴ തോര്‍ന്നാലേ ഇരുട്ടാവണതിനു മുന്‍പ് കറങ്ങിയെത്താന്‍ പറ്റുള്ളൂ.. മഴ തോര്‍ന്ന് പുറത്തിറങ്ങുമ്പോഴേ പടിപ്പുരയുടെ അടുത്തുനിന്നും, കിണറിന്റെ അടുത്തുനിന്നുമൊക്കെ ഈയല്‍ പറന്നു തുടങ്ങിയിട്ടുണ്ടാവും. കുറച്ചുനേരം അതിങ്ങനെ പൊങ്ങിവന്ന് പറന്നുയര്‍ന്ന് ഒടുവില്‍ താഴെ വീണ് ചിറക് വേര്‍പ്പെട്ട് പോവുന്നത് കണ്ടിരിക്കും – സമയം പോണതറിയില്ല.. മിക്കവാറും വരാന്തയില്‍ ലൈറ്റിന്റെ ചുറ്റും ഇവയെത്തും സന്ധ്യയാവുമ്പോ.. അടുത്ത ദിവസം കാലത്ത് വരാന്ത മുഴുവന്‍ ചിറകുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാവും..

ഈയലിന്റെ അഭ്യാസം കുറച്ചുനേരം കണ്ട് കഴിഞ്ഞാല്‍ നേരേ അടുക്കളഭാഗത്തൂടി വടക്കേപ്പറമ്പിലേക്കിറങ്ങും. അവിടുന്ന് റബറിന്റെയെല്ലാം ഇടയിലൂടെ നടന്ന്‍ കിഴക്ക് കുളത്തിന്റെ അരികിലൂടെ മറ്റത്തിലേക്ക്. മറ്റത്തില്‍ വൈകുന്നേരങ്ങളില്‍ പോയിരിക്കാന്‍ എന്നും ഇഷ്ടമാ.. മഴ കഴിഞ്ഞ സമയത്താണെങ്കിലൊരു പ്രത്യേക സുഖവും. വെള്ളത്തുള്ളികള്‍ മുട്ടുവരെയെത്തും പുല്ലില്‍ ചവുട്ടി നടക്കുമ്പോള്‍. ചിലയിടങ്ങളില്‍ കുറച്ചധികം വെള്ളം കെട്ടിക്കിടപ്പുണ്ടാവും. അവിടുന്ന് നടന്ന് കയറി കുളത്തിന്റെ കിഴക്കൂടി നേരെ പടിപ്പുരയുടെ പിന്നിലെത്തും. അവിടുന്നെ നേരെ കിഴക്കേപ്പാടത്തേക്കിറങ്ങും. തെങ്ങിന്‍തോപ്പ് ലക്ഷ്യമാക്കി നടക്കും, എന്നാല്‍ അതിനോട് ചേര്‍ന്നുള്ള തോടിന്റെയടുത്ത് വരെ എത്തൂ. തെക്കോട്ടൊഴുകുന്ന തോടിന്റെ അരികിലൂടെ നേരേ തെക്കോട്ട് ബാക്കി യാത്ര.

ആഴവും വീതിയും കൂടിയും കുറഞ്ഞും ഭാരതപ്പുഴപോലെയും പെരിയാറുപോലെയും തോട് നീണ്ടുപോകും. കുറേ ചെല്ലുമ്പോള്‍ തോടിന്റെ വക്ക് സിമന്റും കല്ലുമിട്ട് കെട്ടിയിട്ടുണ്ട്. എന്നാലതിനുമുന്നെ കുറച്ച് ഭാഗത്ത് നിറയെ ചെളിയും. ചെളിയില്‍ ചവുട്ടി പതിയെ നടക്കാന്‍ നോക്കുമ്പോള്‍ ഇടയ്ക്ക് ഒരു പ്രയാസം. കാല്‍ ഉയര്‍ത്താനാവുന്നില്ല. ചെരുപ്പ് ചെളിയിലുറച്ചിട്ടുണ്ടാവും. പിന്നെ കൈകൊണ്ട് ചെരുപ്പ് ഇളക്കിയെടുത്ത് കമ്പോ പുല്ലോ ഉപയോഗിച്ച് ചെളി തുടച്ചുകളയും. എന്നാലും പിന്നീട് ആ ചെരുപ്പിട്ടു നടക്കുമ്പോള്‍ കാല് തെന്നിതെന്നിപ്പോകും. കല്‍കെട്ട് തുടങ്ങുന്നതിനു മുന്‍പ് തോട്ടിലിറങ്ങി ചെരുപ്പ് കല്ലിലുരച്ചു ചെളി കഴുകും. കല്‍കെട്ടില്‍ കൂടി നടന്നുതുടങ്ങി അല്പം നീങ്ങുമ്പോള്‍ തന്നെ തോട് വലത്തേക്കും ഇടത്തേക്കും രണ്ടായി തിരിയും. ഇതുവരെ പോകാത്ത ഇടത്തേ കൈവഴി ഉപേക്ഷിച്ച് എന്നും വലത്തേക്ക് തിരിയും.

രണ്ട് ചെറിയ വളവ് കൂടി കഴിഞ്ഞാല്‍ കാണാം തോട്ടില്‍ ചെറിയ ചുവന്ന നിറം.. ആമ്പല്‍പൂവ്.. ആദ്യമാദ്യം അങ്ങിങ്ങായി ഒന്നും രണ്ടുമൊക്കെ കാണാം. വീണ്ടും മുന്നോട്ട് ചെല്ലുമ്പോള്‍ അവയുടെ എണ്ണം കൂടും.. ആരോ നട്ടുപിടിപ്പിച്ച പോലെ മനോഹരമായി ചുവന്ന ആമ്പലുകള്‍ നിറഞ്ഞുനില്‍ക്കുന്നു.. ഇടയ്ക്ക് ഓരോ താമരയും കാണാം. താമര റോസ് നിറത്തിലാവും. കടുംചുവപ്പ് നിറത്തിലുള്ള ആമ്പല്‍ തന്നെയാവും അതുകൊണ്ട് തന്നെ ഏറ്റവും ഭംഗിയുള്ളത്. നോട്ടമിട്ടങ്ങനെ നടക്കുമ്പോ എവിടെയെങ്കിലും കിട്ടും കരയോട് ചേര്‍ന്നൊരു ആമ്പല്പ്പൂവ്. കുനിഞ്ഞ് നിന്ന് പൊട്ടിച്ചെടുക്കാനാവില്ല. നിലത്തിരുന്ന്, കൈകുത്തി ഏന്തിവലിഞ്ഞ് കാലുകൊണ്ട് ശ്രമിക്കും. തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയില്‍ പെടുത്തി വലിച്ചെടുക്കും. നീണ്ട തണ്ടോടെ പൂവ് പോരും. ഒരെണ്ണം മതി. കിട്ടിയാല്‍ പിന്നെ പാഞ്ഞൊരു പോക്കാണ്. ചെളിയും ,പാടവും, തെങ്ങുംതോപ്പുമൊക്കെ മറന്നൊരോട്ടം. മുറ്റത്തെത്തിയേ നില്‍ക്കൂ. പൂവ് വിടര്‍ത്തി അകത്തേക്കോടും. നടുമുറ്റത്ത് മഴവെല്ലം നിറഞ്ഞിരിക്കുന്ന ചെമ്പില്‍ ഇട്ടുവെയ്ക്കും. എന്തോ വലിയൊരു സംതൃപ്തിയാവും പിന്നെ. പക്ഷേ രാത്രിയോടെ അതൊക്കെ മറക്കും..

പിന്നെ അവധിക്കാലത്തെത്തുന്ന ഓപ്പോള്‍മാരും, അനീത്തിമാരും, ഏട്ടന്മാരും, അനിയന്മാരുമൊക്കെയും, മഴയൊഴിഞ്ഞ സന്ധ്യാസമയവും ഒക്കെയൊന്നിച്ചുള്ള അവസരത്തില്‍ വീണ്ടും പാടത്തേക്ക്. അവരില്‍ പലര്‍ക്കും ആദ്യമായി ആമ്പല്പ്പൂവും താമരപ്പൂവും പൊട്ടിച്ചു കൊടുക്കുമ്പോഴുള്ള ആ ഗമയും സന്തോഷവും ഒന്ന് വേറെ തന്നെ..

 

ചിത്രത്തിനു കടപ്പാട്: ജിഷ്ണു –  https://www.facebook.com/pages/Jishnu-C-Krishnans-Photography-Art-Works/379978288736124?ref=ts&fref=ts

കാറ്റാടിദിനങ്ങള്‍


kattadi

സ്കൂള്‍ വിട്ട് നടന്നു വരുമ്പോ അമ്പലത്തിന്റെ പിന്നില്‍ നിന്നു നോക്കുമ്പോ കാണാം കുറച്ച് പേര്‍ അമ്പലമതിലൊക്കെ ചകിരിയും തൊണ്ടും കൊണ്ട് ഉരയ്ക്കുന്നത്. പെയിന്റടിക്കാന്‍ ഉള്ള തയ്യാറെടുപ്പ് – ഉത്സവം ഇങ്ങടുത്തുവെന്നതിന്റെ ആദ്യ അടയാളം. പിന്നെയൊരു സന്തോഷമാണ്, കാത്തിരിപ്പും. സന്ധ്യക്ക് അമ്പലത്തില്‍ പോകും, ഒരുക്കങ്ങളൊക്കെ കണ്ട് കറങ്ങി നടക്കും. അടുത്ത ദിവസങ്ങളില്‍ പെയിന്റടി തകര്‍ക്കും. രണ്ടുമൂന്ന് ദിവസം കൂടി കഴിയുമ്പോ മെയിന്‍ റോഡില്‍ നിന്ന് അമ്പലത്തിലേക്കുള്ള വഴിയരികില്‍ നിന്ന് തമ്പിയും ഒപ്പം ഒന്നുരണ്ടുപേരും നിന്ന് പുല്ലു ചെത്തുന്നതും വഴി വൃത്തിയാക്കുന്നതുമാവും സ്കൂളിന്ന് വരുമ്പോഴുള്ള കാഴ്ച്ച. അപ്പോഴേക്ക് പെയിന്റടിയൊക്കെ കഴിഞ്ഞിട്ടുണ്ടാവും. എല്ലാ വര്‍ഷവും മുടങ്ങാതെ നിക്കറിലും കയ്യിലും ചുവന്ന പെയിന്റ് പറ്റിക്കാതെ അമ്പലത്തില്‍ നിന്ന് മടങ്ങില്ല. അടുത്ത ദിവസം കവലയിലെത്തുമ്പോഴെ മാറ്റം കാണാം. റോഡില്‍ പന്തല്‍ വന്നു കഴിഞ്ഞു. കവലയിലും ഇടറോഡിലേക്ക് തിരിയുന്നിടത്തും പന്തലുപണി അവസാനഘട്ടത്തിലാവും. ഇതിന്റെയൊന്നും ഒരു ലക്ഷണവും രാവിലെ സ്കൂളിലേക്ക് പോവുമ്പോ ഉണ്ടാവില്ല, തിരികെയെത്തുമ്പഴേക്ക് എത്രവേഗം പണി തീര്‍ന്നു.. നടന്ന് അമ്പലത്തിനടുത്തെത്തുമ്പോള്‍ കമ്മിറ്റിക്കാരും നാട്ടുകാരുമൊക്കെ ആയി ചിലര്‍ ഓടിനടക്കുന്നുണ്ടാവും. തിരിച്ചെത്തി ചായ കുടിക്കുന്നത് ഉത്സവനോട്ടീസും വായിച്ചാവും. ഓരോ വാക്കും, പരസ്യം ഉള്‍പ്പടെ, മുഴുവനും കുത്തിയിരുന്ന് വായിക്കുന്ന ശീലമുണ്ട്. എങ്കിലും ഉത്സവം കഴിഞ്ഞ് രണ്ടാഴ്ച്ച വരെയുള്ള സമയത്തിനിടെ ഒരു നാലഞ്ച് തവണ നോട്ടീസ് മുഴുവന്‍ ഇങ്ങനെ വായിച്ച് സംതൃപ്തിയടയുന്നതാണ്.

നോട്ടീസ് വായന തീരാറാവുമ്പോഴേക്ക് നല്ല ഉച്ചത്തില്‍ പാട്ട് കേള്‍ക്കാം. നേരേ പടിഞ്ഞാറെ കുന്നിന്‍പുറത്ത് പതിവുപോലെ ഒരു കോളാമ്പി വെച്ചിട്ടുണ്ട്. അമ്പലത്തിനടത്ത പുളിമരത്തിലും, കവലയിലേക്കുള്ള വഴിയിലും, ബസ് സ്റ്റോപ്പിലും, കവലയിലുമെല്ലാം ഇപ്പൊ കോളാമ്പികള്‍ മുഴങ്ങിത്തുടങ്ങിക്കാണും. പക്ഷേ വരുന്ന വഴിക്ക് ശ്രദ്ധിച്ചില്ലല്ലോ! പിന്നെ ഒരു ഓട്ടം. കുളി കഴിഞ്ഞ് നേരേ അമ്പലത്തിലേക്ക്. വലിയ തിരക്കൊന്നുമില്ല. ഒരു ദിവസം കൂടിയുണ്ട് കൊടിയേറ്റിനു. കുറച്ച് ആളുകളുണ്ട്. അകത്തും പുറത്തുമൊക്കെയായി ഓരോ ജോലികള്‍ നടക്കുന്നു. ഉരു ഉത്സവ മൂഡിലെത്തിയിട്ടുണ്ട് എന്തായാലും.

അടുത്ത ദിവസം കാലത്ത് ഒരു ഉത്സാഹവുമാ, എന്നാല്‍ വിഷമവും. പെട്ടെന്നൊന്ന് വൈകുന്നേരമായാല്‍ ഉത്സവമായില്ലോ.. എന്നാല്‍ ഇത്രേമൊക്കെ തിരക്കും ബഹളവുമുള്ളപ്പോ സ്കൂളില്‍ പോകാന്‍ പതിവിലും മടി.ചെന്നാലും ഇരിപ്പുറക്കില്ലല്ലോ. രാവിലെ പോവുമ്പോഴേ അമ്പലത്തിന്റെ പിന്നില്‍ മതിലിനു പുറത്ത് വലിയ കെട്ടുകള്‍ അടുക്കിവെച്ചിരിക്കുന്നത് കാണാം.. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് നടപ്പ് പതിവുപോലെ പതുക്കെയല്ല, അല്പം വേഗത്തില്‍ തന്നെയാവും. പാലം കടക്കുമ്പോഴേ പതിയെ പാട്ടു കേട്ടു തുടങ്ങും. കവലയെത്തുമ്പോള്‍ ഉച്ചത്തിലാവും. റോഡരികിലെ മരത്തില്‍ കോളാമ്പിയുണ്ടാവും. ‘വടക്കുന്നാഥാ, സര്‍വ്വം നടത്തും നാഥാ’, ‘വൈക്കത്തു വാഴുന്ന വിശ്വനാഥാ’ തുടങ്ങിയ സ്ഥിരം ഉത്സവപ്പാട്ടുകള്‍ തന്നെയാവും കേള്‍ക്കുക. കവലയില്‍ നിന്ന് അമ്പലത്തിലേക്കുള്ള വഴി പതിവുപോലെ വിജനമായിരിക്കില്ല.. നടന്ന് നടന്ന് അമ്പലമെത്താറാവുമ്പോള്‍ വേഗം വീണ്ടും കൂടും. കാലത്ത് കെട്ടുകള്‍ കണ്ടിടത്ത് ഇപ്പൊ ചിന്തിക്കടകള്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ വലിയ പടുതയിട്ട് അടച്ചിരിക്കുകയാവും. അവിടുന്നൊരുവിധം ഓട്ടമായിരിക്കും. ഓടിയെത്തി ചായ കുടിച്ച്, കുളിച്ച് തിരിച്ച് അമ്പലത്തിലെത്തുന്ന വരെ ഒരു വെപ്രാളം.

പറമ്പിലൂടി ഓടി തമ്പിയുടെ വീട് കടന്ന് സ്റ്റേജിന്റെ പിന്നിലൂടെയാവും സ്ഥിരം എന്‍ട്രി. കൊടിയേറ്റ് മുതലെന്നും വൈകിട്ട് അമ്പലത്തിലുണ്ടാവുമെങ്കിലും നാലമ്പലത്തിനികത്തേക്ക് കയറുന്നത് തീരെ വിരളമാവും. ഒരു വര്‍ഷം മാത്രം ദീപാരാധന കഴിഞ്ഞ് നടതുറക്കുമ്പോള്‍ വലിയ മണിയടിക്കാനായി കയറി നിന്നു. പിറ്റേ ദിവസം ചെന്നപ്പോ മണിയുടെ നാവില്‍ നിന്നുള്ള കയറിന്റെ അറ്റത്തെ കൈകളുടെ എണ്ണം കണ്ട് ഞെട്ടി തിരിച്ചു പോന്നു. അതുകൊണ്ട് മുറ്റത്തൊക്കെ കറങ്ങി നടപ്പ് തന്നെ പ്രധാന പരിപാടി. അവിടുന്നുമിവിടുന്നുമൊക്കെ ഏതെങ്കിലും ചങ്ങാതിമാരെ കൂട്ടുകിട്ടും. നടപ്പോട് നടപ്പാണ് പിന്നെ. ആലിഞ്ചോട്ടിലും പടിഞ്ഞാറെ നടവഴിയിലും സ്റ്റേജിലും റോഡിലുമായി നടപ്പ്. കുറച്ച് കഴിയുമ്പോഴേക്ക് കാലൊക്കെ വേദനിച്ചൊരു പരുവമായിണ്ടാവും. ചെരുപ്പൊന്നും കൊണ്ടുപോയിട്ടുണ്ടാവില്ല. തെക്കേ മതിലിനപ്പുറെ അപ്പോഴേക്ക് വെടിനാരായണന്‍ എത്തി കതിനയില്‍ മരുന്നു നിറച്ചു തുടങ്ങിക്കാണും. അതു കണ്ട് നില്‍ക്കുമ്പോഴാവും മിക്കവാറും ചങ്ങലയുടെ ശബ്ദം – ആന എത്തി. ദീപാരാധനയ്ക്ക് നടയടച്ചിട്ടുണ്ടാവും. നേരെ ആനക്കൊട്ടിലില്‍ പോയി നിക്കും. നടതുറന്നാല്‍ തിരക്കിനിടെ ഒരു വിധം കണ്ടുതൊഴുതെന്ന് വരുത്തി ചാടി സ്റ്റേജില്‍ കേറും. കൂട്ടുപ്രതികളും എത്തിയിട്ടുണ്ടാവും.

പത്തുപതിനഞ്ച് മിനിറ്റ് കഴിയുമ്പോള്‍ കൊടിയേറ്റിന്റെ ഭാവം ആവും. കൊടിമരച്ചുവട്ടില്‍ തിരക്ക് കൂടിയുട്ടാണ്ടാവും. എന്നാലും സ്റ്റേജില്‍ നിന്നാല്‍ സുഖായിട്ട് കാണാം. കൊടികയറി തുടങ്ങുമ്പോള്‍ എല്ലാവരും ചലപില നിര്‍ത്തി തൊഴുതു നില്‍ക്കും. എന്നാല്‍ വെടി നാരായണന്‍ വെടിപൊട്ടിക്കല്‍ അപ്പോഴേക്ക് തുടങ്ങും. തൊഴുത കൈകള്‍ നേരേ ചെവിയിലെത്തും. വെടിക്കെട്ട് കഴിഞ്ഞ ശേഷം കൊടി നോക്കി തൊഴുത് ചാടിയിറങ്ങും. വീണ്ടും അലച്ചില്‍ തുടങ്ങും. അങ്ങോട്ടും ഇങ്ങോട്ടും ഒരു പണീമില്ലാതെ. അതുകഴിയുമ്പോ നേരേ ചിന്തിക്കടയിലേക്ക്. അരികുപിടിച്ച് നിന്ന് എല്ലാം നോക്കും. ചിലതൊക്കെ എടുത്ത് നോക്കും, ബാക്കി കണ്ട് തൃപ്തിയടയും. ഓരോ ഉത്സവത്തിനും ഓരോ അത്ഭുത ഐറ്റംസ് ഉണ്ടാവും. റിമോട്ടുള്ള കാറ്, വീഡിയോ ഗെയിമെന്ന് പറഞ്ഞ് തരുന്ന ബ്രിക്ക് ഗെയിം, സ്പ്രിംഗ് ഉള്ള വടിയില്‍ നിന്ന് തൊടുക്കുന്ന എയറോപ്ലെയിന്‍, ലൈറ്റ് കത്തുന്ന മോതിരം അങ്ങനെ പലതും. ഉത്സവത്തിനു പരിചയപ്പെടുന്ന ചില കൂട്ടുകാരുണ്ട്. അവന്മാര്‍ ചെറിയ എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടാവും. അതോടെപതിയെ കമ്പനി വിടും. അവ്ന്മാരെ പിടിച്ചാല്‍ കൂട്ടുകാരനാന്ന് പറഞ്ഞ് എന്നെയും പിടിക്കുമോന്ന് പേടി !

റിമോട്ട് കാറും ബ്രിക്ക് ഗെയിമുമൊക്കെ അഴിച്ചു പണിയുന്നത് ബിപിന്റെ ഭാഗമാണ്. എന്തെങ്കിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ടാവും ആള്. ഇനി മാറ്റം വരുത്താന്‍ പറ്റിയില്ലെങ്കില്‍ അഴിച്ചു പണിത് നശിപ്പിച്ചിട്ടെങ്കിലുമുണ്ടാവും. എന്നാല്‍ സ്പ്രിംഗ് എയ്റോപ്ലെയിന്‍, ലൈറ്റ് മോതിരം ഒക്കെ ശ്രീരാജിന്റെ ഏരിയയിലാണ്. സ്പ്രിംഗ് എങ്ങനെ പിടിപ്പിച്ചു, എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നു എന്നൊക്കെ നോക്കി പരീക്ഷണം നടത്തല്‍. ഉത്സവം തീരാറായപ്പോ ലൈറ്റ് മോതിരം ഒരെണ്ണമാ ബാക്കി. അപ്പൊ തന്നെ ഒരു വിധത്തില്‍ അമ്മയെ സോപ്പിട്ട് പത്തു രൂപാ വാങ്ങി കൊടുത്ത് മോതിരം കൈക്കലാക്കി. രാത്രിയെപ്പഴോ ആരോപറഞ്ഞപ്പോഴാണ് മോതിരം പോക്കറ്റില്‍ കിടന്ന് ലൈറ്റ് കത്തുന്നത് ശ്രദ്ധിച്ചത്. ചുവപും പച്ചയും നിറത്തില്‍ വെളിച്ചം. അറ്റം തിരിച്ചാലെ കത്തൂന്ന് പറഞ്ഞിട്ട് ഇത് ഇടയ്ക്കിടെ കത്തുന്നല്ലോ. അപ്പോഴാണ് ശ്രീരാജ് പ്രത്യക്ഷപ്പെടുന്നത്. മോതിരം തുറന്നു, രണ്ട് ബാറ്ററി (ചങ്ങാതിക്കൂട്ടത്തിന്റെ ഭാഷയില്‍ ബാള്‍ട്ടറി) എടുത്തു നോക്കി. ഒരെണ്ണം തലതിരിച്ച് വെച്ച് അടച്ചു – ‘ ഇനി ഇവനല്ല, ഇവന്റപ്പൂപ്പന്‍ കത്തൂല്ലാ’ ! അതുറപ്പാ ! അതുകൂടി കഴിഞ്ഞാല്‍ പിന്നെ ബാക്കി വലിയ കമ്പുമ്മേല്‍ കുത്തിവച്ച കാറ്റാടികളും ബലൂണുകളുമായെത്തുന്ന രണ്ടുപേര്‍. കൈവിട്ടാല്‍ പറന്നുപോവുന്ന ഹൈഡ്രജന്‍ ബലൂണ്‍ ഇടയ്ക്ക് ഹിറ്റായി. അത് രണ്ടും ഓരോന്ന് സ്വന്തമാക്കും.

ഉത്സവം കഴിയുമ്പോഴേക്ക് ആകെ വിഷമമാവും. ഇനി തികച്ചൊരു വര്‍ഷം കാത്തിരിപ്പ്. അടുത്ത ദിവസം കാണാം പന്തലുകള്‍ അഴിക്കുന്നു, കോളാമ്പികളും റ്റ്യൂബുകളുമൊക്കെ അഴിക്കുന്നു. വൈകുന്നേരമായാല്‍ പാട്ട് കേള്‍ക്കാനില്ല. കവലയില്‍ നിന്നുള്ള വഴി വീണ്ടും വിജനം. രണ്ടാം ദിവസം വൈകിട്ടാവുമ്പഴേക്ക് ചിന്തിക്കടകള്‍ സ്ഥലം വിടും. അതാണ് അവസരം. എല്ലാരും കൂടി ചിന്തിക്കടകളിരുന്ന സ്ഥലത്തെത്തും. പിന്നെ നിലത്ത് മുഴുവന്‍ അരിച്ചുപെറുക്കലാണ്. കടക്കാരുടെ കയ്യീന്ന് വീണുപോയ ചില്ലറകള്‍ തപ്പുകയാണ് പരിപാടി. പത്ത് പതിനഞ്ച് രൂപാ വരെയൊക്കെ ചിലപ്പോ കിട്ടും. അതാണ് ഉത്സവത്തിന്റെ അവസാന ചടങ്ങ്. മോതിരം ഏതെങ്കിലും മേശയുടെ ഡ്രോയിലോ ഏതെങ്കിലും മുറിയിലോ വച്ചു മറക്കും, ബലൂണ്‍ അടുത്ത ദിവസം വരെയാവും ആയുസ്സ്. ഒടുവില്‍ ഉത്സവത്തിന്റെ ബാക്കിപത്രം ആ കാറ്റാടി മാത്രമാവും..

ചിത്രത്തിനു കടപ്പാട്: https://www.facebook.com/pages/Jishnu-C-Krishnans-Photography-Art-Works/379978288736124

അത്യാഗ്രഹി


എനിക്കുമുണ്ടാഗ്രഹങ്ങള്‍..
അമിതമായാഗ്രഹങ്ങള്‍..

എനിക്കുവേണമൊരു പള്ളിക്കൂടം
അതിരുകളില്ലാ പള്ളിക്കൂടം
അവിടൊരേയൊരു വിഷയം – ജീവിതം,
ആദ്യ പാഠം – സ്വപ്നം..
കുരുന്നുകള്‍ സ്വപ്നം കാണാന്‍ പഠിക്കട്ടെ
കാണട്ടെ സ്വപ്നം, നന്മയുടെ ലോകം
ജാതിയും മതവും നാടും നഗരവും
പണവും നിറവും വേര്‍തിരിക്കാത്ത
മനുഷ്യനെ കാണട്ടെയവരെല്ലാം..

‘എന്റെ സ്വപ്നം നീ നേടണ’ –
മെന്ന് പറയാനൊരു രക്ഷിതാവായ് മാറാതെ –
‘യെന്റെ സ്വപ്നം ഞാനേ നേടുവ’ –
തെന്നോര്‍ത്ത് യത്നിക്കുമൊരു തലമുറ..
അമ്മയുമച്ഛനും ഭാര്യയും മക്കളെ –
ന്നുമല്ലാ, മണ്ണും മനുഷ്യനും മൃഗങ്ങളും
ജീവജാലങ്ങളുമെന്നോര്‍ത്ത്
സ്നേഹം നിറയ്ക്കാനും
പുഞ്ചിരി വിടര്‍ത്താനുമേറെപ്പേര്‍..

നിറയട്ടെ പുഞ്ചിരികള്‍ ഹൃദയത്തില്‍ നിന്ന്,
അവ കാണാനുള്ള ഭാഗ്യവുമേകട്ടെ ദൈവം
ഒരുപുഞ്ചിരിക്കു ഹേതു നാമെന്നറിവതില്പരം
സംതൃപ്തി മറ്റെന്താണീയുലകില്‍
നിറയട്ടെയെന്‍ ഹൃദയമേറെ പുഞ്ചിരികള്‍ക്കൊണ്ട്
കഴിയട്ടെയാ പുഞ്ചിരികളുണ്ടാക്കുവന്‍..

വാഗ്ദാനങ്ങളോരോന്നും മറക്കാതെയെന്നും
നിറവേറ്റീടാന്‍ കരുത്തുവേണം.
എന്തിനുമേതിനാര്‍ക്കുമോടി-
യെത്താനൊരാളായ് മാറീടേണം.
മുന്നോട്ടുപൊയ്ക്കോളൂ ഒപ്പം ഞാ-
നുണ്ടെന്നു പറയാന്‍ കഴിഞ്ഞിടേണം..

കണക്കും കമ്പ്യൂട്ടറും ഫയലും മെയിലും മാറി
അരിയും പച്ചക്കറികളും പൂക്കളും പഴങ്ങളും..
കുളത്തിനോളവും മണ്ണിനോളവും വരുമോ
ഏസിയും ഫാനും തരും കുളിര്‍മ്മ..
വാഹനങ്ങള്‍ തന്‍ കൂക്കിവിളികള്‍ പോയ്
കിളികള്‍ തന്നെ കൂവലും കൊഞ്ചലും..
വിത്തുവിതച്ചൊരു പ്രൊഡക്ഷന്‍ മാനേജറായ്
വിളവെടുത്തൊരു ഡെലിവറി മാനേജറായ്
പണത്തിനപ്പുറമുള്ള ശമ്പളം പറ്റി
കുടുമ്പത്തിന്റെ ടീം ലീഡറായ് മാറണം..

സ്വപ്നങ്ങള്‍ കാണുമ്പോള്‍ ഒപ്പം കാണുവാന്‍
പുഞ്ചിരിവിടര്‍ത്തുമ്പോള്‍ ഒപ്പം ചിരിക്കുവാന്‍
ചെറുസന്തോഷങ്ങള്‍ നല്‍കാനവസരമേകാന്‍
ചെറുദു:ഖങ്ങളില്‍ ചായാനൊരുതോള്‍ ചോദിക്കുവാന്‍
യാത്രകളില്‍ സഹയാത്രികയാകുവാനും കാ-
-ലിടറുമ്പോള്‍ പിന്താങ്ങുവാനും നയിക്കാനും
സ്വപ്നങ്ങളൊന്നിച്ചു നേടിയെടുക്കാന്‍
ഒപ്പമൊരാള്‍ എന്നുമുണ്ടാവട്ടെ..

ചെറിയൊരു കൂരവേണമെന്‍വീടിനടുത്തായി
ചുറ്റും പൂക്കളും ചെടികളും കിളികളുമെല്ലാ-
മേറെ വേണമെന്നും..
ഓണത്തിനെന്നും പൂവിടാനായാ-
കൂരയ്ക്കുചുറ്റും ഏറെപ്പൂക്കള്‍..
അമ്മയ്ക്കൊരു പശുക്കിടാവുമച്ഛനു
നായ്ക്കുട്ടിയുമൊന്ന്..
പെരുമഴയ്ക്കുമുന്‍പുള്ള കാറ്റുവീശുമ്പോള്‍
എല്ലാം നോക്കിത്തിരക്കിട്ടോടിനടക്കണം..

ആത്മകഥകളുടെ ആരാധകനാക്കിയ മാധിവിക്കുട്ടി,
എം.ടിയുടെ ഭീമനില്‍ തുടങ്ങിയാരാധന,
ബെന്യാമിനും പെരുമ്പടവും ആസ്വദിപ്പിച്ച്,
യൂനുസും രശ്മിയും ചിന്തിപ്പിച്ച്,
ഇന്നസെന്റും വൈക്കവും ചിരിപ്പിച്ച്..
പേരറിയാത്ത റാന്നിക്കാരന്‍ സഹയാത്രികന്റെ
‘വായനയെക്കൊല്ലരുതെ’ന്ന പതിറ്റാണ്ടി-
-നപ്പുറത്തെയുപദേശം മാനിക്കണം..
ശ്രീരാമന്റെ ‘വേറിട്ട കാഴ്ച്ചകള്‍’ക്കൊരു
സ്വന്തം പതിപ്പൊരുക്കണമതില്‍
വ്യത്യസ്തരായ നിങ്ങളോരോരുത്തരും വേണം..
പ്രശസ്തനല്ലാത്തവന്റെ ആത്മകഥയെഴുതണ-
മതിനൊരൊറ്റ പ്രതിമാത്രം അച്ചടിക്കണം..

എഴുത്തുകളെഴുതണമേറെയൊരിക്കലിന്നീ
ഫോണില്‍ സംസാരിക്കുന്നവരുമായെന്നും
ഇന്നത്തെ വിഷമങ്ങള്‍ ദു:ഖങ്ങളോരോന്നു-
അന്നുവെറുമോരോ അനുഭവങ്ങള്‍ മാത്രമായ്..
ഒത്തൊരുമിക്കണമെല്ലായിഷ്ടക്കാരുമായി –
ടയ്ക്കിടെ പാചകവും പാട്ടും തമാശകളുമായി
ഓര്‍മ്മകളോരോന്നും അയവിറക്കീടേണം
ഏറെ ശാന്തിയോടെയും സമാധാനത്തോടെയും..

യാത്രകളേറെ ചെയ്യണമീ ഭാരതം മുഴുവന്‍
ബൈക്കിലും കാറിലുമായിക്കറങ്ങി
ലക്ഷ്യമില്ലായാത്രകളിലേറെ പുതു –
മനുഷ്യരെ കാണണം, രുചികള്‍ തേടേണം,
മനസ്സു നിറയ്ക്കേണം..
കുടുമ്പത്തെക്കൂട്ടി, കൂട്ടരെക്കൂട്ടി, കുരുന്നുകളെ-
ക്കൂട്ടി യാത്രകള്‍ പോകണം..
ജീവിച്ച നാടുകള്‍ വീണ്ടും കാണണമവിടുത്തെ
സുഹൃത്തുകളെയൊക്കെ കാണണം..
ഓര്‍മ്മകള്‍ പുതുക്കണം ഏറെ നേരം
ഒറ്റയ്ക്കിരുന്നുകൊണ്ടെല്ലാമോര്‍ക്കണം..

കഥകളി കാണേണം കച്ചേരി കേള്‍ക്കേണം
കാലം മുഖത്തു ചുളിവുകള്‍ വീഴ്ത്തുമ്പോള്‍
ഏറെ സമയമിരുസുഹൃത്തുക്കള്‍ക്കൊപ്പം –
വെറ്റിലമുറുക്കാനും കട്ടന്‍ കാപ്പിയും..
ഓര്‍മ്മകളയവിറക്കിയൊടുവില്‍
പ്രകൃതിക്കു വേണ്ടീടാതാവുമ്പോള്‍
എല്ലാം മതിയാക്കിയൊരുനാള്‍ സുഖമായി
ഒന്നുമറിയാതൊന്നു തിരിച്ചുപോണം..

മണ്മറഞ്ഞീടിലുമെന്നാഗ്രഹങ്ങള്‍ക്കൊരു
കുറവുമില്ല അതത്യാഗ്രഹം..
‘കഥാവശേഷന്‍’ ചിത്രത്തിലെ ദിലീപിന്‍
കഥാപാത്രത്തെപ്പോലെ ശിഷ്ടകാലം..
നാലുപേരെങ്കിലും നല്ലതു ചൊന്നുകൊണ്ട്
ഓര്‍മ്മിക്കണമെന്നെ അല്പകാലം..


എഴുതിക്കഴിഞ്ഞപ്പോളൊരാഗ്രഹം –
വൃത്തവും താളവും പ്രാസവും ചേര്‍ത്തൊരു
കവിതെഴുതാനൊന്നു പഠിക്കണം !!

ഗുഡ് മോര്‍ണിങ്ങ് ബൈ ഏ ന്യൂ ജെനറേഷന്‍ !


“ചേട്ടാ, ഒരു മിനിറ്റ്.. ഒന്ന് കേള്‍ക്കൂന്നേ..”
“എന്താ?”
“ഡിങ്കോള്‍ഫി ചിട്ടിയില്‍ അംഗമാവൂ, ഭാവി സുരക്ഷിതമാക്കൂ”
“ടിവി പരസ്യങ്ങള്‍ കാണാത്തവരെ നേരിട്ടെത്തി കാണിക്കണ പരിപാടിയാ?”
“അതല്ല ചേട്ടാ, ഞാന്‍ നരേന്ദ്ര മോഡി, ഡിങ്കോള്‍ഫി ചിട്ടീസിന്റെ സേല്‍സ് എക്സിക്കൂട്ടിവാ”
“അപ്പൊ ഇങ്ങള് പ്രധാനമന്ത്രിയാവാന്‍ പോണില്ലേ?”
“ശരിക്കൊള്ള പേര് ആരോമലുണ്ണി ന്നാ. ഞാന്‍ വല്ല്യ നരേന്ദ്ര മോഡി ഫാനാ.. ചില ഫാന്‍സ് നമോ എന്ന പേരില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിച്ച് നല്‍കി സമര്‍പ്പിച്ചു. എനിക്ക് അതിനുള്ള മാര്‍ഗ്ഗമില്ലാത്തോണ്ട് എന്നെ തന്നെ അങ്ങ് സമര്‍പ്പിച്ചു – പേര് മാറ്റി”
“അപ്പൊ ആരോമോഡി വന്ന കാര്യം?”
“ചേട്ടാ, അല്ല, സര്‍.. സാമ്പത്തികമായി ഇന്ന് നമ്മള്‍ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു പോവുകയാണ്. എല്ലാം പുറത്തു നിന്ന് നോക്കുമ്പോള്‍ കാണുന്നതല്ല യത്ഥാര്‍ത്ഥ അവസ്ഥ. ഇന്ന്..”
“നില്ല്, വല്ല പത്തോ അമ്പതോ തരാം”
“അയ്യോ ഞാന്‍ തെണ്ടാന്‍ വന്നതല്ല സര്‍”
“പിന്നെ താനിപ്പൊ പറഞ്ഞതൊക്കെ ആരുടെ കാര്യമാ?”
“ഞാന്‍ പൊതുവായി പറഞ്ഞതാണ് സര്‍. ഇന്ത്യയുടേയും ഇന്ത്യക്കാരുടേയുമെല്ലാം അവസ്ഥ”
“ബൈദബൈ ഈ അവസ്ഥ പറഞ്ഞതിന്റെ ഉദ്ദേശം?”
“ഇതില്‍ നിന്ന് മുക്തി നേടാന്‍ ഞങ്ങള്‍ സഹായിക്കാം സര്‍, വീ ഹാവ് ഏ..”
“എന്നാല്‍ ആദ്യം പോയി ഇന്ത്യയെ സഹായിക്ക്.. അല്ലെങ്കില്‍ നിങ്ങടെ മോഡിയെ സഹായിക്ക്. കക്കൂസ് പണിയാന്‍ ഒരു സംഭാവന കൊടുക്ക്”
“ഓരോ ഇന്ത്യക്കാരനും നന്നായാലല്ലേ സര്‍ ഇന്ത്യ നന്നാവൂ”
“അപ്പൊ?”
“സാറിനുള്ള സൊലൂഷന്‍ ഞാന്‍ തരാം”
“എന്ത്, കാപ്പിപ്പൊടിയോ? ഇപ്പോഴത്തെ എന്റെ പ്രശ്നത്തിന് പരിഹാരം കാപ്പിപ്പൊടിയാ. വെള്ളം തിളയ്ക്കുന്നു, കാപ്പിപൊടി തീര്‍ന്നു കാപ്പി ഉണ്ടാക്കാന്‍”
“അല്ല സര്‍, ഞാന്‍ സാമ്പത്തികസ്ഥിതിക്കൊരു സൊലൂഷന്‍..”
“ഫ്രീയായി കാപ്പിപ്പൊടി തരുമോ അപ്പോ”
“അതല്ല സര്‍”
“ഓഹോ.. ആദ്യം വിചാരിച്ചു തെണ്ടാന്‍ വന്നതാന്ന്. പൈസ ഇങ്ങോട്ട് തരാന്‍ വന്നതാ?”
“കാര്യം അത് തന്നെ സര്‍. പക്ഷേ ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ.. പ്ലീസ്”
“പറയ്”
“ഡിങ്കോള്‍ഫി ചിട്ടിയില്‍ ഞങ്ങളുടെ പല പ്ലാനുകളും ഉണ്ട്. സാറൊന്ന് യെസ് പറഞ്ഞാല്‍ സാറിന്റെ ഭാവിയെത്തന്നെ ആ തീരുമാനം തിരിച്ചുവെയ്ക്കും”
“ഈ അവസാനം പറഞ്ഞത് നിയമപരമായ മുന്നറിയിപ്പാണോ?”
“അങ്ങനെയല്ല സര്‍, ഭാവി സുരക്ഷിതമാക്കാമെന്ന് പറയുവാരുന്നു”
“എന്റെ സുഹൃത്തേ, എനിക്ക് ചിട്ടി കൂടാന്‍ താല്പര്യമില്ല”
“അയ്യോ അങ്ങനെ പറയല്ലേ സര്‍.. ചിട്ടിയെക്കുറിച്ച് അറിയാന്‍ വയ്യാഞ്ഞിട്ടാ സര്‍ ഇങ്ങനെ പറയുന്നത്”
“നാട്ടിലെ ചിട്ടിക്കമ്പനികളെ കുറിച്ച് രണ്ട് ലേഖനങ്ങള്‍ എഴുതിയിട്ടാരുന്നു കഴിഞ്ഞ വര്‍ഷം, അതെടുത്ത് വായിച്ചാല്‍ നിനക്ക് കൊറച്ചൂടി വെവരം വെക്കും.”
“സര്‍, മറ്റ് കമ്പനികള്‍ പോലല്ല സര്‍ ഡിങ്കോള്‍ഫി ചിട്ടി. നമ്മള്‍ വ്യത്യസ്തരാണ്. ഒരു ചിട്ടി പ്ലീസ്”
“എന്തോന്നെടേ ഇത്.. നീയല്ലേ ആദ്യം പറഞ്ഞത് നീ തെണ്ടാന്‍ വന്നതല്ലെന്ന്. ഇതിപ്പൊ ന്യൂ ജെനറേഷന്‍ തെണ്ടലു തന്നേ!”
“ശരിയാണ് സര്‍, പക്ഷേ എനിക്കും ജീവിക്കണ്ടേ സര്‍”
“അതിനിങ്ങനെ തെണ്ടണോ, ഒരു വഴി പറയാം”
“എന്താ സര്‍”
“ഈ ഡിങ്കോള്‍ഫി ചിട്ടീസില്‍ ഒരു ചിട്ടി ചേര്‍ന്ന് ചുമ്മാ ഇരിക്ക്”
“കളിയാക്കാതെ സര്‍”
“പിന്നല്ലാണ്ട് ഞാനെന്ത് പറയാനാ? എന്നെ കുഴീല്‍ ചാടിച്ചിട്ടേ തനിക്ക് കഞ്ഞികുടിക്കാനാവൂ ലേ?”
“അല്ല സര്‍, ഡിങ്കോള്‍ഫി മറ്റുള്ളവ പോലെയല്ല സര്‍”
“എങ്കില്‍ പറ, എന്ത് വ്യത്യാസമാ ഉള്ളേ?”
“സാര്‍, സാറിന്റെ സാമ്പത്തിക സുസ്ഥിരത സംരക്ഷിക്കാന്‍ ഡിങ്കോള്‍ഫിക്ക് കഴിയും.. ഇരുപത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യമുണ്ട് സര്‍ ഞങ്ങള്‍ക്ക്”
“ആരോമോഡിക്കെത്ര വയസ്സായി?”
“ഇരുപത്തിയൊന്ന് സര്‍”
“എന്റെ മോഡിക്കുഞ്ഞേ.. കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷത്തെ പാരമ്പര്യമുള്ള എനിക്ക് പറ്റാത്ത കാര്യാമാണോ ഇരുപത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യമുള്ള നിന്റെ കമ്പനിയും അതിലും ചെറിയ നീയും കൂടെ ശരിയാക്കണേ? പോയേ..”


 അലി മണിക്ക്ഫാന്‍ = Nothing is impossible !

ജീവിതത്തില്‍ സന്തോഷം, സങ്കടം അങ്ങനെ ഓരോ കാരണങ്ങള്‍ കൊണ്ട് മറക്കാനവാത്ത ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.. ഒരിക്കലും മറക്കാന്‍ കഴിയാത്തവ.. ഈ ചെറിയ ജീവിതത്തിനിടെ സംഭവിക്കുന്ന പല കാര്യങ്ങള്‍.. പലതും ഇത്ര പ്രാധാന്യമര്‍ഹിക്കാന്‍ കാരണം അവ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാലാണ്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് കരീമിക്കയുടെ (കരീം.കെ.പുറം) നാവില്‍ നിന്ന് ശ്രീ. അലി മണിക്ക്ഫാന്‍ എന്ന പേര് കേള്‍ക്കുന്നത്.. ഒരു മിനിറ്റുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് തന്ന വിവരണം കേട്ടപ്പോള്‍ തന്നെ അത്ഭുതപ്പെട്ടു.. സംസാരത്തിനിടെ തന്നെ കരീമിക്ക മൊബൈലെടുത്ത് അദ്ദേഹത്തെ വിളിക്കുകയും ചെയ്തു.. എല്ലാം യാദൃശ്ചികം.. അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ടെന്നും അടുത്ത ദിവസം കൊച്ചിയിലുണ്ടാവുമെന്നും അറിഞ്ഞു. കാണാന്‍ രണ്ടു പേര്‍ വരുമെന്ന് പറഞ്ഞപ്പോഴും മറുചോദ്യങ്ങളൊന്നും ഉണ്ടായില്ല.. കരീമിക്ക പോയ പിന്നാലെ ഗൂഗിളിനോട് ചോദിച്ചു. ali m വരെ എത്തിയപ്പോഴേ ഗൂഗിള്‍ ചോദിച്ചു അലി മണിക്ക്ഫാന്‍ അല്ലേന്ന്!! യൂട്യൂബിലും സാന്നിദ്ധ്യം.. വിക്കിപ്പീഡിയയിലും ഒരു നീണ്ട പേജ്..

കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു മലപ്പുറം കാക്കായെ പോലെ തോന്നിക്കുന്ന അദ്ദേഹം ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാളാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. പക്ഷേ ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല.. സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ പഠിച്ചവയാണ്..

പതിനഞ്ച് ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയും – ചിലതില്‍ പണ്ഡിതനുമാണ്. അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുള്ള വിഷയങ്ങള്‍ ഇതാ ഇവയൊക്കെ – Marine Biology, Marine research, Geography, Astronomy, Social science, Ecology, Traditional shipbuilding, Fisheries, Education, Agriculture, Horticulture, Self-sufficiency and Technology. ലക്ഷ്ദ്വീപ് സ്വദേശിയായ അദ്ദേഹം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോലി സംബന്ധമായാണ് തമിഴ് നാട്ടിലേക്ക് താമസം മാറിയെത്തിയത്. മണിക്ക്ഫാന്റെ നിരീക്ഷണപാടവത്തിനും മറ്റുമുള്ള ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടെത്തിയ മീനിന് അബുദെഫ്ദഫ് മണിക്ക്ഫാനി എന്ന പേര് നല്‍കിയത്. പരീക്ഷണങ്ങള്‍ നടത്താനുള്ള വേദി കൂടിയാകട്ടേയെന്നുള്ള ആഗ്രഹത്തില്‍ തുറസ്സായ സ്ഥലത്ത് കുടില്‍ കെട്ടി താമസം തുടങ്ങി. വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു. സ്വന്തമായി നിര്‍മ്മിക്കുന്നതേ ഉപയോഗിക്കൂ എന്ന വാശിയാണോ അദ്ദേഹത്തിനെന്ന് തോന്നും കേള്‍ക്കുമ്പോള്‍. വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിര്‍മ്മിതി തന്നെ!! പോരാഞ്ഞ് ആ തരിശുനിലം സ്വന്തം അദ്ധ്യാനം കൊണ്ട് പൊന്നുവിളയുന്ന നിലമാക്കി മാറ്റി അദ്ദേഹം.

സ്വന്തം ആവശ്യത്തിനായി മോട്ടര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചു അലി മണിക്ക്ഫാന്‍. മണിക്കൂറില്‍ ഇരുപത്തിയഞ്ച്ച് കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ആ സൈക്കിള്‍ – സ്കൂട്ടറില്‍ മകനുമൊപ്പം ഡല്‍ഹി വരെ പോയ് വന്നു അദ്ദേഹം..!! ഈ സൈക്കിളിന് അദ്ദേഹത്തിന് പേറ്റന്റുമുണ്ട്.ജോലിയില്‍ നിന്ന് വീ ആര്‍ എസ്സ് എടുത്ത് ശേഷമാണ് അടുത്ത നാഴികക്കല്ല്! ആയിരത്തിയിരുന്നൂറ് വര്‍ഷം മുന്‍പ് സിന്‍ബാദ് ഉലകം ചുറ്റിയ ‘സിന്‍ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍ നിന്നുള്ള പ്രചോദനത്തില്‍ ഒരു കപ്പലില്‍ ഉലകം ചുറ്റാന്‍ ടിം സെവെറിന്‍ ആഗ്രഹിച്ചു. കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി നിന്നു. ഒരു വര്‍ഷം കൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേര്‍ന്ന് സൊഹാര്‍ എന്ന കപ്പല്‍ നിര്‍മ്മിച്ചു. ടിം ഇരുപത്തിരണ്ട് യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ യാത്രയും നടത്തി. മണിക്ക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പല്‍ ഇപ്പോള്‍ മസ്ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.

ഇതിനെല്ലാം പുറമേ എത്രയെത്ര കണ്ടെത്തലുകള്‍. പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി പല തവണ അദ്ദേഹം എത്തിയിരിക്കുന്നു. ലോകമെങ്ങുമുള്ള മുസല്‍മാന്മാര്‍ക്ക് ഒരുപോലെ പിന്തുടരാനായി ചന്ദ്രനെ കേന്ദ്രീകരിച്ച് അദ്ദേഹം ഒരു കലണ്ടര്‍ രൂപപ്പെടുത്തി. ഇപ്പോള്‍ അതിന്റെ പ്രചരണാര്‍ത്ഥം കേരളത്തിലെമ്പാടും സഞ്ചരിക്കുകയാണ് എണ്‍പത്തിയൊന്നാം വയസ്സില്‍ ഈ മനുഷ്യന്‍. അദ്ദേഹം സേവനമനുഷ്ടിച്ച ചിലത്: Lakshadweep Environment Trust, vice chairman of Union Territory Building Develop Board, Member Advisory Board, and Fellow of marine Biological Association of India, Chairman Hijra Committee തുടങ്ങിയവ. NIST യില്‍ വളരെ പ്രധാനപ്പെട്ട് രണ്ട് അക്കാദമിക്ക് വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അലി മണിക്ക്ഫാന്‍ ക്ഷണിക്കപ്പെട്ടു.

മക്കാളാരും തന്നെ നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്‍ന്ന് പഠിച്ചില്ല; പക്ഷേ മകന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു. പെണ്മക്കള്‍ മൂന്നു പേരും അദ്ധ്യാപികമാര്‍. എണ്‍പത്തിയൊന്നാം വയസ്സിലും തന്റെ ലക്ഷ്യങ്ങളുമായി യാതൊരു വിധ അസുഖങ്ങളുമില്ലാതെ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര തുടരുകയാണ് അദ്ദേഹം. ഏതു സ്ഥലത്തും പരിചയക്കാര്‍. അവരുടെയെല്ലാം വീട് ഏതു കോണിലുമായിക്കൊള്ളട്ടെ, ഏതു ബസ്സ്, എവിടെ ഇറങ്ങണം, എത്ര ദൂരം നടക്കണം, അടയാളമെന്ത് – എല്ലാം കൃത്യമായി പറഞ്ഞുതരും അദ്ദേഹം.

ആരാ, എന്താ, ഒന്നുമറിയാതെ തന്നെ ഞങ്ങളെ കാത്തിരിക്കുകയും, ഒപ്പം മണിക്കൂറുകള്‍ ചിലവിട്ട് പലതും പറഞ്ഞുതരികയും ചെയ്തതൊക്ക് ഇദ്ദേഹം തന്നെയാണോ എന്ന് സംശയം തോന്നും. ജീവിതത്തില്‍ ഇത്രയും മഹാനായ ഒരു വ്യക്തിക്കൊപ്പം കുറച്ചു സമയം ലഭിച്ചത് തന്നെ മഹാഭാഗ്യം. ഇതുപോലൊരു മനുഷ്യനെ പരിചയപ്പെട്ടതു മാത്രമല്ല, ഒപ്പം നോമ്പുതുറക്കാന്‍ ക്ഷണിച്ചു ഏറെ സന്തോഷത്തോടെ.. ഒപ്പം കട്ടന്‍ ചായ വരെ കുടിച്ചിട്ടാണ് തിരികെ പോന്നത്. എന്താ തോന്നുന്നതെന്ന് അറിയില്ല; അഹങ്കാരമോ അഭിമാനമോ സന്തോഷമോ അത്ഭുതമോ ! എന്തായാലും അലി മണിക്ക്ഫാന്‍ എന്ന പേര്‍ ആദ്യമായി കേട്ട് കൃത്യം രണ്ടാം ദിവസം തന്നെ നേരിട്ടു കാണാന്‍ കൂടി കഴിഞ്ഞത് തീര്‍ച്ചയായും മഹാഭാഗ്യം.