Lawyer

നിര്‍ഭയ


ഇന്ത്യാസ് ഡോട്ടര്‍ – ഇന്നലെ മുഴുവന്‍ പലരും ഷെയര്‍ ചെയ്തിരുന്നെങ്കിലും ആ ഡോക്യുമെന്ററി കാണാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് രാവിലെ അതൊന്ന് കാണണമെന്ന് തോന്നി. കണ്ടു.. കണ്ടത് നന്നായി.. പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്നുള്ള തരത്തില്‍ പ്രതിയുടെ പരാമര്‍ശങ്ങള്‍ കണ്ടിരുന്നതിനാലാണ് ആദ്യം കണേണ്ടായെന്ന് തോന്നിയിരുന്നത്.

കുറ്റവാളിയായി ജയിലില്‍ കിടക്കുന്നവന്‍ ഇപ്പോള്‍ ഉപദേശിയുടെ റോളിലാണ്. സ്ത്രീകള്‍ എങ്ങനെയാവണമെന്നും മറ്റും ക്ലാസ്സെടുത്ത് അവരെ നേര്‍വ്വഴിക്ക് നയിക്കാന്‍ ശ്രമിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് സമര്‍ത്ഥിക്കുന്നു. “ആണും പെണ്ണും ഒരുപോലെയല്ല. വീട്ടുജോലിയും കാര്യങ്ങളുമൊക്കെ മാത്രം പെണ്ണിന്. സന്ധ്യക്ക് ശേഷം കണ്ടവരുടെ ചുറ്റിയടിക്കാന്‍ പെണ്ണിന് സ്വാതന്ത്ര്യമില്ല. അവളെ റേപ്പ് ചെയ്യണമെന്നോ ഉപദ്രവിക്കണമെന്നോ ആയിരുന്നില്ല എന്റെ സഹോദരന്റെ ഉദ്ദേശം. അവര്‍ തോന്നിവാസം കാണിക്കുന്നു, അതിനവരെ ഒരു പാഠം പഠിപ്പിക്കാനാണ് മദ്യലഹരിയില്‍ അവര്‍ ഉദ്ദേശിച്ചത്.” മദ്യപിച്ച് ലക്ക് കെട്ട് കിട്ടിയ പണവുമായി ‘മോശം കാര്യങ്ങള്‍’ നടക്കുന്ന ജി.ബി റോഡില്‍ പോകാം, അല്പം ‘ഫണ്‍’ ആവാം, എന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചവര്‍ പെട്ടെന്ന് സാന്മാര്‍ഗ്ഗികളായി ഉപദേശിക്കാന്‍ ശ്രമിച്ചതാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത കുട്ടികളെ അടിക്കുന്ന പോലെ ഒടുവില്‍ അവരേയും ഉപദ്രവിച്ചുവെന്നേയുള്ളൂ.

ചെറുപ്പത്തില്‍ ക്ലാസ്സില്‍ പോവാറില്ല. അതിലൊന്നുമായിരുന്നില്ല ശ്രദ്ധ. ചുറ്റിയടിച്ച് നടക്കുകയായിരുന്നു എന്നൊക്കെ ഈ മാന്യദേഹം ഏറെ അഭിമാനത്തോടെ പറയുന്നുണ്ട്. ഡോക്യുമെന്ററിക്കിടെ മുന്‍ ചീഫ് ജസ്റ്റിസ് ലീല സേത്ത് പറഞ്ഞത് ഈ പ്രശ്നങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണം വിദ്യാഭ്യാസമില്ലാത്തതാണെന്നാണ്. അതിനു അടിവരയിടുന്നതാണ് പ്രതികളുടെ പശ്ചാത്തലം. പക്ഷേ വിദ്യാഭ്യാസമില്ലാത്തവര്‍ മാത്രമാണോ എല്ലാ കേസുകളിലേയും പ്രതികള്‍?

ഇരുപത് ശതമാനത്തോളം പെണ്‍കുട്ടികള്‍ മാത്രം നല്ലവരാണെന്ന് ഈ പ്രതിയുടെ മഹദ്വചനം. അവന്‍ പറഞ്ഞ പല കാര്യങ്ങളും അവന്റെ ഫോട്ടോയും, ‘റേപ്പിസ്റ്റ് മുകേഷ് സിങ്’ എന്ന അടിക്കുറിപ്പും ചേര്‍ത്ത് മീഡിയകളില്‍ പ്രചരിക്കുന്നു. എന്തിന്? അവന്റെ കുറ്റബോധമില്ലാത്ത, അഹങ്കാരം നിറഞ്ഞ വാക്കുകളെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍. “ആരോ അവളുടെയുള്ളില്‍ നിന്ന് എന്തോ വലിച്ച്പുറത്തേക്കെടുത്തു. അതവളുടെ കുടല്‍ ആയിരുന്നു.” – അവന്‍ പറഞ്ഞ് ഈ കാര്യങ്ങളൊക്കെ ചെയ്യുകയും കാണുകയും ചെയ്ത ഇവരില്‍ നിന്ന് പിന്നെ എന്ത് വാക്കുകളാണ് പ്രതീക്ഷിക്കേണ്ടത്?

പക്ഷേ ഇതിലും ഞെട്ടിച്ചത് ആ വീഡിയോയിലെ മറ്റ് ചില തെമ്മാടികളുടെ വാക്കുകളാണ്. മറ്റാരുമല്ല, പ്രതിഭാഗം വക്കീലന്മാര്‍ – എം.എല്‍.ശര്‍മ്മയും ഏ.പി.സിങും.

എം.എല്‍. ശര്‍മ്മ: “ഡേറ്റിങ്ങിനായി ഏതോ ഒരാണിന്റെ കൂടെയായിരുന്നു അവള്‍. നമ്മുടെ സമൂഹത്തില്‍ സന്ധ്യക്ക് ശേഷം സ്ത്രീകളെ പുറത്ത് വിടില്ല. അവരിന്ത്യന്‍ സംസ്കാരം ഉപേക്ഷിച്ച് ‘ഫില്‍മി കള്‍ച്ചറിന്റെ; പിന്നാലെ പോയി. എന്തും ചെയ്യാം ! സ്ത്രീ രത്നത്തെക്കാള്‍ അമൂല്യമാണ്. പക്ഷേ ഒരു രത്നം തെരുവിലെങ്കില്‍ തീര്‍ച്ചയായും തെരുവുനായ്ക്കള്‍ കൊണ്ടുപോകും. തടയാനാവില്ല.”

ഏ.പി.സിങ്: “ഇരുനൂട്ടിയന്‍പതോളം എം.പിമാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. ആദ്യം അതെല്ലാമന്വേഷിച്ച് അവരെ ശിക്ഷിക്കട്ടെ. എന്റെ മകളോ സഹോദരിയോ വിവാഹത്തിനു മുന്‍പ് മറ്റ് ബന്ധത്തിലേര്‍പ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും അവരെ ഫാം ഹൗസില്‍ കൊണ്ടുപോയി എല്ലാ കുടുമ്പാംഗങ്ങളുടേയും മുന്നില്‍ വെച്ച് പെട്രോളൊഴിച്ച് കത്തിക്കും.”

ആവശ്യത്തിലധികം വിദ്യാഭ്യാസമുള്ള രണ്ട് ഏമാന്മാരുടെ വാക്കുകളാണിതെല്ലാം. ഇവരെന്താണീ പറഞ്ഞുകൂട്ടുന്നത്? പ്രതികള്‍ക്ക് വേണ്ടി കേസ് വാദിക്കുന്നത് സമ്മതിക്കാം, പക്ഷേ ഈ അഭിപ്രായപ്രകടനങ്ങള്‍? ആണും പെണ്ണും സുഹൃത്തുക്കളെന്നത് ഇന്ത്യന്‍ സംസ്കാരത്തിലില്ല, അതില്‍ ‘സെക്സ്’ മാത്രമേ ഉണ്ടാവൂ അത്രേ ! സധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാതെ ബന്ധുക്കളല്ലാത്ത പുരുഷന്മാരോട് കൂട്ട്കൂടാതെ വീട്ടിലിരുന്നോണം സ്ത്രീകളെന്നാണ് ഈ രണ്ട് പോഴന്മാര്‍ പറയുന്നത്. സ്വന്തം മകളോ സഹോദരിയോ ആണെങ്കില്‍ എല്ലവരുടേയും മുന്നിലിട്ട് തീയിട്ട് കൊല്ലുമെന്ന് വേറൊരുത്തന്‍. സുഹൃത്തിനൊപ്പം രാത്രി എട്ട് മണിക്ക് വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഈ അഭിപ്രായം പറയുന്നതെന്തിന്? ഇനി അയാളുടെ മകളുടേയോ സഹോദരിയുടേയോ കാര്യം പറഞ്ഞതില്‍ റേപ്പും വരുമൊ? അവരെ ആരെങ്കിലും ഉപദ്രവിച്ചാലും ഇയാള്‍ അവരെ തന്നെ കൊണ്ടുപോയി കത്തിച്ചു ചാമ്പലാക്കുമോ?

ഇത് വെറും നാലാംകിട പ്രതികളുടെ വാക്കുകളല്ല. രണ്ട് സുപ്രീം കോടതി വക്കീലന്മാര്‍. പ്രതിഷേധം ഇവര്‍ക്കെതിരേ വേണം. ഇവനൊക്കെയും വേണം ശിക്ഷ. ഇവനെയൊന്നും നേരേയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടിച്ച് വിടുക. ഇല്ലെങ്കില്‍ ഇനിയും അനുഭവിക്കേണ്ടി വരും.