Kareem K Puram

ഒറ്റയാന്‍


വിദേശത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് പകരം കുറേ ജീവന്‍ കെട്ടിപ്പടുക്കുവാന്‍ നാട്ടിലെത്തിയ മനുഷ്യനാണ് കരീം.കെ.പുറം എന്ന കരീം കോട്ടപ്പുറം. ഒരു പഴയകാല സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍. പക്ഷേ എന്തിനെ എതിര്‍ക്കണമെന്നും എന്തിനെ വളര്‍ത്തണമെന്നും വ്യക്തമായി മനസ്സിലാക്കി ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകന്‍. ഒരു പൊതുവേദിയില്‍ പരിചയപ്പെടലുകള്‍ക്കിടയില്‍ ഡോക്ടര്‍, എഞ്ചിനിയര്‍, വക്കീല്‍ എന്ന് കേട്ട് കേട്ട് നീങ്ങുമ്പോള്‍ ‘ഞാനൊരു കര്‍ഷകനാണ്’ എന്ന് കേട്ടപ്പോഴാണ് ആദ്യമായി കരീമിക്കയെ ശ്രദ്ധിച്ചത്. വല്ലപ്പോഴും വല്ലവരും ‘ആ കുറച്ച് കൃഷിയൊക്കെയുണ്ട്, അല്പം കൃഷിയൊക്കെയായി നടക്കുന്നു’ എന്നിങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറയുന്നതല്ലാതെ ഡോക്ടര്‍മാരുടേയും വക്കീലന്മാരുടേയും ഇടയില്‍ അതിലേറെ ആത്മാഭിമാനത്തോടെ ‘കര്‍ഷകന്‍’ എന്ന് പറയുന്നത് ജീവിതത്തിലാദ്യമായി കാണുകയാണ്.

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനമൊക്കെ പണ്ടേ വിട്ടുവെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് രക്തം ഉള്ളിലുണ്ട്. പരിസ്ഥിതിക്കും കൃഷിക്കും കര്‍ഷകനും ദോഷമായതെന്തുണ്ടായാലും അത് പുറത്ത് വരും; അപ്പോള്‍ മാത്രം. പക്ഷേ ഒരു സുഹൃത്ത് പറഞ്ഞതാണ് ശരി. കമ്മ്യൂണിസ്റ്റ് അല്ല, ഒരു തീവ്രവാദി തന്നെയാണ്. നല്ല ലക്ഷ്യങ്ങള്‍ മാത്രമുള്ള തീവ്രവാദി. ഭൂമിയുടെ നിലനില്പിനു വേണ്ടി തീവ്രമായി വാദിക്കുന്ന വ്യക്തി.

ഒരു യാത്രയില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ കണ്ട ഒരു പാത്രം കരീമിക്ക എടുത്ത് നോക്കി. നെല്‍വിത്തുകളായിരുന്നു അതില്‍. അതില്‍ ഒരു പിടിയുമായാണ് അദ്ദേഹം മടങ്ങിയെത്തിയത്. കൊടുങ്ങല്ലൂരിനടുത്ത് പുത്തഞ്ചിറയില്‍ വീടിനോട് ചേര്‍ന്നുള്ള അഞ്ചേക്കറോളം പാടം പാട്ടത്തിനെടുത്ത് ഈ ഒരു പിടി വിത്തുമായി അഞ്ച് വര്‍ഷം മുന്‍പ് അദ്ദേഹം കൃഷി തുടങ്ങി. വെറും കൃഷിയല്ല, ജൈവ കൃഷി. സീറോ ബജറ്റ് ഫാമിങ് എന്ന് പറഞ്ഞാല്‍ കുറച്ചൂടി സുപരിചിതമായിരിക്കും. ബസവശ്രീ സുഭാഷ് പലേക്കര്‍ അവതരിപ്പിച്ച കൃഷിരീതി. കരീമിക്കയുടെ അഞ്ചേക്കര്‍ പാടത്ത് വളമോ കീടനാശിനിയോ അങ്ങനെ യാതൊരു വിഷവും ഇല്ല. ഈ കൃഷിക്കെല്ലാം അദ്ദേഹം വളമാക്കുന്നത് അദ്ദേഹത്തിന്റെ നാടന്‍ പശുവിന്റെ ചാണകവും ഗോമൂത്രവും, കൂടാതെ ചാണകം, ഗോമൂത്രം, പുല്ല്, തൈര് അങ്ങനെ പലതും ചേര്‍ത്ത് ജൈവവളങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കുന്നു. ജീവാമൃതം, ബീജാമൃതം തുടങ്ങിയവായണ് അത്. മുപ്പതേക്കര്‍ കൃഷിക്ക് വരെ ഒരു പശു മതിയാവും. പുല്ലും വെള്ളവും മാത്രം കൊടുത്ത് വളര്‍ത്തുന്ന ആ പശുവാണ് കരീമിക്കയുടെ കൂട്ടുകാരന്‍. ആ പശുവിന്റെ പാല്‍ കറന്ന് വീട്ടാവശ്യത്തിന് അദ്ദേഹം ഉപയോഗിക്കുന്നില്ല.

നെല്‍കൃഷി ഇല്ലാത്ത സമയങ്ങളില്‍ പച്ചക്കറിയും, കപ്പ മുതലായവയും കൃഷി ചെയ്യുന്നു. ഈ പാടത്തെ കൃഷിക്കെത്തുന്നവരില്‍ ചുരുങ്ങിയ വിഭാഗമേ പണിക്കാരുള്ളൂ, അതും ചുരുങ്ങിയ ദിവസങ്ങളില്‍. ഞാറ് നടുവാനും, വിതയ്ക്കാനും, കൊയ്യാനും, കളപറിക്കാനും എല്ലാം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് കരീമിക്കയുടെ ഒപ്പം ആളുകള്‍ ചേരുന്നു. കഴിഞ്ഞ വര്‍ഷത്തെ കൃഷിക്ക് തന്നെ നൂറോളം കുട്ടികളുമായി നാലോ അഞ്ചോ സ്കൂളുകള്‍ തുടങ്ങി കോര്‍പ്പറേറ്റ് രംഗത്തെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ വരെ അദ്ദേഹത്തോടൊപ്പം മണ്ണില്‍ പണിയെടുത്തു. ശീലമില്ലാത്തവര്‍ പണിയെടുക്കുമ്പോള്‍ കുറേ വിത്തുകളും മറ്റും നഷ്ടപ്പെടും, എങ്കിലും അതൊരു നല്ല കാര്യത്തിനാണെന്ന സന്തോഷത്തിലാണ് അദ്ദേഹം.

ഈ ചെയ്യുന്ന പണിക്ക് ഇവര്‍ക്കാര്‍ക്കും കൂലി കൊടുക്കില്ല, പകരം വിഷാംശമില്ലാത്ത ഭക്ഷണം. ഒപ്പം, കൊയത്ത് കഴിയുമ്പോള്‍ ആ അരിയും കിട്ടും ഒരു പങ്ക്. കൃഷിയുടെ സുഖം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. കേരള ജൈവ കര്‍ഷക സമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കരീമിക്ക കൃഷി കൂടാതെ വാചകവും പാചകവുമാണ് മറ്റ് രണ്ട് തൊഴിലുകളായി കാണുന്നത്. ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും മറ്റും പ്രകൃതിഭക്ഷണം പാകം ചെയ്തു കൊടുക്കുന്നു കരീമിക്കയും സുഹൃത്തുക്കളും. പ്രകൃതി എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരാണ് അധികവും. പച്ചക്കറി പച്ചയായി കഴിക്കുന്നവരെന്ന തോന്നലാണ്. പക്ഷേ പ്രകൃതി രീതിയിലുള്ള ബിരിയാണിയാണ് ഏറ്റവും ചിലവാകുന്നതെന്ന ഒറ്റ വരി കേട്ടാല്‍ തീരാവുന്നതേയുള്ളു ആ സംശയം.

അദ്ദേഹത്തിന്റെ മറ്റൊരു വരുമാനമാര്‍ഗ്ഗമാണ് വാചകം. ചില മാസികകളിലെ സ്ഥിരം കോളമിസ്റ്റ് എന്നത് കൂടാതെ മികച്ച ഒരു പ്രാസംഗികനുമാണ് അദ്ദേഹം. ആഗോളസാമ്പത്തികമാന്ദ്യത്തെ കുറിച്ചും, പോളണ്ടിലെ സര്‍ക്കാരിനെ കുറിച്ചുമൊന്നുമല്ല ഒരിക്കലും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. പ്രസക്തിയേറിയ, അറിയേണ്ട കാര്യങ്ങള്‍ വ്യക്തമായി പറയുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. സദസ്സിലെ ഒരാള്‍ക്ക് പോലും മടുപ്പുളവാക്കാതെ സംസാരിക്കാന്‍ അദ്ദേഹത്തിനറിയാം. വിമര്‍ശിക്കേണ്ടവയെ തുറന്ന് വിമര്‍ശിക്കുക തന്നെ ചെയ്യും. ആദ്യം പറഞ്ഞ ആ ‘തീവ്രവാദിഭാവം’ അങ്ങനെ കാണാം. കൃഷിരീതി, പശുസംരക്ഷണം, പരിസ്ഥിതി, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്നോളം കേട്ടുമടുത്ത വാചകങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രായോഗികമായ കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുന്നു കരീമിക്ക. ജൈവകൃഷിയെപ്പറ്റി കേരളത്തിലങ്ങോളമിങ്ങോളം ക്ലാസ്സുകളെടുക്കുന്നുണ്ട് അദ്ദേഹം.

ഒരിക്കല്‍ ഒരു ചര്‍ച്ചയില്‍ അദ്ദേഹം തന്റെ പ്ലാസ്റ്റിക് വിരോധം വ്യക്തമാക്കി. പ്ലാസ്റ്റിക് ഗ്ലാസ്സിലോ പാത്രത്തിലോ അദ്ദേഹം ഭക്ഷണം കഴിക്കില്ല. എത്ര അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ആരുടെ കുടുമ്പത്തിലെ വിവാഹസല്‍ക്കാരമോ എന്ത് ചടങ്ങോ ആകട്ടേ, പ്ലാസ്റ്റിക്ക് ഗ്ലാസ്സോ പ്ലാസ്റ്റിക്ക് ഇലയോ ഉപയോഗിക്കുന്നുവെങ്കില്‍ അദ്ദേഹം ചടങ്ങ് ബഹിഷകരിക്കും. ഭക്ഷണം കഴിക്കാതെ മടങ്ങും. “എല്ലാവരേയും മാറ്റിയെടുക്കാന്‍ എനിക്ക് കഴിയില്ല, അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് എന്റേതായ സമരരീതി പിന്തുടരുന്നു!” പ്ലാസ്റ്റിക്കിനെതിരേ എന്ത് ചെയ്തുവെന്ന ഒരു ചോദ്യം സദസ്സില്‍ നിന്നെത്തി. ചോദ്യകര്‍ത്താവ് പോലും പ്രതീക്ഷിച്ച ഉത്തരം കുറേ പ്രസംഗിച്ചു, ഒന്നോ രണ്ടോ സ്ഥലത്ത് പോയി പ്ലാസ്റ്റിക്ക് പെറുക്കി എന്നിങ്ങനെയുള്ള മറുപടിയായിരുന്നു. പക്ഷേ കേട്ടത് മറ്റൊന്നാണ് – “ഞാനൊരു ആയിരം സ്റ്റീല്‍ ഗ്ലാസ്സ് വാങ്ങി വീട്ടില്‍ വച്ചിട്ടുണ്ട്!!!” എവിടെയെങ്കിലും എന്തെങ്കിലും ചടങ്ങുണ്ടെങ്കില്‍ അവരൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി, കരീമിക്കയും സുഹൃത്തുക്കളും സ്റ്റീല്‍ ഗ്ലാസ്സുമായി അവിടെയെത്തും. പ്ലാസ്റ്റിക് ഗ്ലാസ്സിനു പകരം സ്റ്റീല്‍ ഗ്ലാസ്സ്. ഇവര്‍ തന്നെ ഗ്ലാസ്സുകള്‍ കഴുകിയെടുക്കും ! കരീമിക്കയുടെ വീട്ടില്‍ ചെന്നപ്പോള്‍ വിഖ്യാതമായ ആ ആയിരം ഗ്ലാസ്സ് ഞാന്‍ നേരില്‍ കണ്ടു.

ഒരിക്കല്‍ കൊച്ചിയില്‍ ഒരു കോളേജില്‍ പ്രസംഗിക്കാനെത്തി കരീമിക്ക. ചായ, ബിസ്ക്കറ്റ് തുടങ്ങിയ പായക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവയുടെ ദോഷവശങ്ങളെ പറ്റി ഉച്ചവരെ സംസാരിച്ച അദ്ദേഹത്തിന് പ്രസംഗശേഷം കൊടുത്തത് ചായയും ബിസ്ക്കറ്റും ! മൂന്ന് മണിക്കൂറോളം സംസാരിച്ച് തൊണ്ട വറ്റിയ അദ്ദേഹം ഒടുവില്‍ അവിടെനിന്ന് ഒന്നും കഴിക്കാതെ ഇറങ്ങി. വൈറ്റില ഹബ്ബില്‍ എത്തി കാപ്പികുടിക്കാന്‍ ചെന്നപ്പോള്‍ എല്ലായിടത്തും പ്ലാസ്റ്റിക്ക് ഗ്ലാസ്സിലെ ചായയോ കാപ്പിയോ കൊടുക്കൂ. അത് വാങ്ങാതെ അദ്ദേഹം എന്നെ വിളിച്ചു. തൃപ്പൂണിത്തുറയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബസ്സില്‍ കയറി വന്ന് എന്റെ ഫ്ലാറ്റില്‍ എത്തിയ ശേഷമാണ് അദ്ദേഹം വെള്ളം കുടിച്ചത്. ശേഷം ഊണും കഴിഞ്ഞാണ് മടങ്ങിയത്.

അലി മണിക്ഫാന്‍ എന്ന അത്ഭുതപ്രതിഭയെപ്പറ്റി അറിയുന്നത് അദ്ദേഹത്തില്‍ നിന്നാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അദ്ദേഹത്തെ കാണുവാനും പരിചയപ്പെടാനും അപ്പോള്‍ തന്നെ കരീമിക്ക അവസരം ഉണ്ടാക്കുകയും ചെയ്തു. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ പ്രഗത്ഭരുമായി അടുത്ത ബന്ധമുള്ള കരീമിക്ക പല പ്രസ്ഥാനങ്ങളിലും ഭാഗമാണ്. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ഷിബുലാലും പത്നിയും നടത്തുന്ന ചാരിറ്റബിള്‍ സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്ററാണ് അദ്ദേഹം. അങ്ങനെ ചെറുതും വലുതുമായ പല സ്ഥാനങ്ങളും അലങ്കരിക്കുന്നു. ഒരു മുഷിഞ്ഞ ഷര്‍ട്ടും പാന്റും ചെരുപ്പും തുണിസഞ്ചിയുമായി, ഉറച്ച കാലടികളോടെ വേഗം നടന്നു നീങ്ങുന്ന ഈ മനുഷ്യനെ കുറിച്ച് അറിയാന്‍ ഇനിയുമേറെ..


 അലി മണിക്ക്ഫാന്‍ = Nothing is impossible !

ജീവിതത്തില്‍ സന്തോഷം, സങ്കടം അങ്ങനെ ഓരോ കാരണങ്ങള്‍ കൊണ്ട് മറക്കാനവാത്ത ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.. ഒരിക്കലും മറക്കാന്‍ കഴിയാത്തവ.. ഈ ചെറിയ ജീവിതത്തിനിടെ സംഭവിക്കുന്ന പല കാര്യങ്ങള്‍.. പലതും ഇത്ര പ്രാധാന്യമര്‍ഹിക്കാന്‍ കാരണം അവ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാലാണ്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് കരീമിക്കയുടെ (കരീം.കെ.പുറം) നാവില്‍ നിന്ന് ശ്രീ. അലി മണിക്ക്ഫാന്‍ എന്ന പേര് കേള്‍ക്കുന്നത്.. ഒരു മിനിറ്റുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് തന്ന വിവരണം കേട്ടപ്പോള്‍ തന്നെ അത്ഭുതപ്പെട്ടു.. സംസാരത്തിനിടെ തന്നെ കരീമിക്ക മൊബൈലെടുത്ത് അദ്ദേഹത്തെ വിളിക്കുകയും ചെയ്തു.. എല്ലാം യാദൃശ്ചികം.. അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ടെന്നും അടുത്ത ദിവസം കൊച്ചിയിലുണ്ടാവുമെന്നും അറിഞ്ഞു. കാണാന്‍ രണ്ടു പേര്‍ വരുമെന്ന് പറഞ്ഞപ്പോഴും മറുചോദ്യങ്ങളൊന്നും ഉണ്ടായില്ല.. കരീമിക്ക പോയ പിന്നാലെ ഗൂഗിളിനോട് ചോദിച്ചു. ali m വരെ എത്തിയപ്പോഴേ ഗൂഗിള്‍ ചോദിച്ചു അലി മണിക്ക്ഫാന്‍ അല്ലേന്ന്!! യൂട്യൂബിലും സാന്നിദ്ധ്യം.. വിക്കിപ്പീഡിയയിലും ഒരു നീണ്ട പേജ്..

കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു മലപ്പുറം കാക്കായെ പോലെ തോന്നിക്കുന്ന അദ്ദേഹം ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാളാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. പക്ഷേ ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല.. സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ പഠിച്ചവയാണ്..

പതിനഞ്ച് ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയും – ചിലതില്‍ പണ്ഡിതനുമാണ്. അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുള്ള വിഷയങ്ങള്‍ ഇതാ ഇവയൊക്കെ – Marine Biology, Marine research, Geography, Astronomy, Social science, Ecology, Traditional shipbuilding, Fisheries, Education, Agriculture, Horticulture, Self-sufficiency and Technology. ലക്ഷ്ദ്വീപ് സ്വദേശിയായ അദ്ദേഹം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോലി സംബന്ധമായാണ് തമിഴ് നാട്ടിലേക്ക് താമസം മാറിയെത്തിയത്. മണിക്ക്ഫാന്റെ നിരീക്ഷണപാടവത്തിനും മറ്റുമുള്ള ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടെത്തിയ മീനിന് അബുദെഫ്ദഫ് മണിക്ക്ഫാനി എന്ന പേര് നല്‍കിയത്. പരീക്ഷണങ്ങള്‍ നടത്താനുള്ള വേദി കൂടിയാകട്ടേയെന്നുള്ള ആഗ്രഹത്തില്‍ തുറസ്സായ സ്ഥലത്ത് കുടില്‍ കെട്ടി താമസം തുടങ്ങി. വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു. സ്വന്തമായി നിര്‍മ്മിക്കുന്നതേ ഉപയോഗിക്കൂ എന്ന വാശിയാണോ അദ്ദേഹത്തിനെന്ന് തോന്നും കേള്‍ക്കുമ്പോള്‍. വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിര്‍മ്മിതി തന്നെ!! പോരാഞ്ഞ് ആ തരിശുനിലം സ്വന്തം അദ്ധ്യാനം കൊണ്ട് പൊന്നുവിളയുന്ന നിലമാക്കി മാറ്റി അദ്ദേഹം.

സ്വന്തം ആവശ്യത്തിനായി മോട്ടര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചു അലി മണിക്ക്ഫാന്‍. മണിക്കൂറില്‍ ഇരുപത്തിയഞ്ച്ച് കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ആ സൈക്കിള്‍ – സ്കൂട്ടറില്‍ മകനുമൊപ്പം ഡല്‍ഹി വരെ പോയ് വന്നു അദ്ദേഹം..!! ഈ സൈക്കിളിന് അദ്ദേഹത്തിന് പേറ്റന്റുമുണ്ട്.ജോലിയില്‍ നിന്ന് വീ ആര്‍ എസ്സ് എടുത്ത് ശേഷമാണ് അടുത്ത നാഴികക്കല്ല്! ആയിരത്തിയിരുന്നൂറ് വര്‍ഷം മുന്‍പ് സിന്‍ബാദ് ഉലകം ചുറ്റിയ ‘സിന്‍ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍ നിന്നുള്ള പ്രചോദനത്തില്‍ ഒരു കപ്പലില്‍ ഉലകം ചുറ്റാന്‍ ടിം സെവെറിന്‍ ആഗ്രഹിച്ചു. കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി നിന്നു. ഒരു വര്‍ഷം കൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേര്‍ന്ന് സൊഹാര്‍ എന്ന കപ്പല്‍ നിര്‍മ്മിച്ചു. ടിം ഇരുപത്തിരണ്ട് യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ യാത്രയും നടത്തി. മണിക്ക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പല്‍ ഇപ്പോള്‍ മസ്ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.

ഇതിനെല്ലാം പുറമേ എത്രയെത്ര കണ്ടെത്തലുകള്‍. പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി പല തവണ അദ്ദേഹം എത്തിയിരിക്കുന്നു. ലോകമെങ്ങുമുള്ള മുസല്‍മാന്മാര്‍ക്ക് ഒരുപോലെ പിന്തുടരാനായി ചന്ദ്രനെ കേന്ദ്രീകരിച്ച് അദ്ദേഹം ഒരു കലണ്ടര്‍ രൂപപ്പെടുത്തി. ഇപ്പോള്‍ അതിന്റെ പ്രചരണാര്‍ത്ഥം കേരളത്തിലെമ്പാടും സഞ്ചരിക്കുകയാണ് എണ്‍പത്തിയൊന്നാം വയസ്സില്‍ ഈ മനുഷ്യന്‍. അദ്ദേഹം സേവനമനുഷ്ടിച്ച ചിലത്: Lakshadweep Environment Trust, vice chairman of Union Territory Building Develop Board, Member Advisory Board, and Fellow of marine Biological Association of India, Chairman Hijra Committee തുടങ്ങിയവ. NIST യില്‍ വളരെ പ്രധാനപ്പെട്ട് രണ്ട് അക്കാദമിക്ക് വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അലി മണിക്ക്ഫാന്‍ ക്ഷണിക്കപ്പെട്ടു.

മക്കാളാരും തന്നെ നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്‍ന്ന് പഠിച്ചില്ല; പക്ഷേ മകന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു. പെണ്മക്കള്‍ മൂന്നു പേരും അദ്ധ്യാപികമാര്‍. എണ്‍പത്തിയൊന്നാം വയസ്സിലും തന്റെ ലക്ഷ്യങ്ങളുമായി യാതൊരു വിധ അസുഖങ്ങളുമില്ലാതെ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര തുടരുകയാണ് അദ്ദേഹം. ഏതു സ്ഥലത്തും പരിചയക്കാര്‍. അവരുടെയെല്ലാം വീട് ഏതു കോണിലുമായിക്കൊള്ളട്ടെ, ഏതു ബസ്സ്, എവിടെ ഇറങ്ങണം, എത്ര ദൂരം നടക്കണം, അടയാളമെന്ത് – എല്ലാം കൃത്യമായി പറഞ്ഞുതരും അദ്ദേഹം.

ആരാ, എന്താ, ഒന്നുമറിയാതെ തന്നെ ഞങ്ങളെ കാത്തിരിക്കുകയും, ഒപ്പം മണിക്കൂറുകള്‍ ചിലവിട്ട് പലതും പറഞ്ഞുതരികയും ചെയ്തതൊക്ക് ഇദ്ദേഹം തന്നെയാണോ എന്ന് സംശയം തോന്നും. ജീവിതത്തില്‍ ഇത്രയും മഹാനായ ഒരു വ്യക്തിക്കൊപ്പം കുറച്ചു സമയം ലഭിച്ചത് തന്നെ മഹാഭാഗ്യം. ഇതുപോലൊരു മനുഷ്യനെ പരിചയപ്പെട്ടതു മാത്രമല്ല, ഒപ്പം നോമ്പുതുറക്കാന്‍ ക്ഷണിച്ചു ഏറെ സന്തോഷത്തോടെ.. ഒപ്പം കട്ടന്‍ ചായ വരെ കുടിച്ചിട്ടാണ് തിരികെ പോന്നത്. എന്താ തോന്നുന്നതെന്ന് അറിയില്ല; അഹങ്കാരമോ അഭിമാനമോ സന്തോഷമോ അത്ഭുതമോ ! എന്തായാലും അലി മണിക്ക്ഫാന്‍ എന്ന പേര്‍ ആദ്യമായി കേട്ട് കൃത്യം രണ്ടാം ദിവസം തന്നെ നേരിട്ടു കാണാന്‍ കൂടി കഴിഞ്ഞത് തീര്‍ച്ചയായും മഹാഭാഗ്യം.