വേദന

അന്ത്യം.


maranam

ആരൊക്കെയോ മുറിയില്‍ ഉണ്ട്. അതോ അടുക്കളയിലോ. തീര്‍ച്ചയില്ല. സംസാരിക്കുന്ന ശബ്ദം വളരെ നേര്‍ത്തേ കേള്‍ക്കുന്നുള്ളൂ. കുറച്ച് നാള്‍ മുന്‍പ് തന്നെ കേള്‍വി കുറഞ്ഞുവരുന്നതായി മനസ്സിലാക്കിയിരുന്നു. അടുത്ത് നിന്ന് സംസാരിച്ചത് പലതും പൂര്‍ണ്ണമായി വ്യക്തമായില്ല. അതും എത്ര നാളായെന്ന് അറിയില്ല. ഈ കിടപ്പ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായെന്ന് മാത്രമറിയാം. നാലു ചുമരുകള്‍ക്കുള്ളില്‍, നാല് കാലുള്ള കട്ടിലില്‍, നാല് ഋതുക്കളും അറിയാതെയും അനുഭവിക്കാതെയും ഒതുങ്ങേണ്ടി വന്നിട്ട് കാലം കുറച്ചായി. പതിവില്ലാതെ ആരൊക്കെയോ എത്തിയിട്ടുണ്ടെന്ന് ആ നേര്‍ത്ത ശബ്ദങ്ങളില്‍ നിന്ന് വ്യക്തം. തല അല്പം പോലും തിരിക്കാനാവാതായിട്ട് ഏറെ സമയമായി. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസമായിട്ടുണ്ടാവും. തിരിഞ്ഞൊന്ന് നോക്കുവാന്‍ കഴിയില്ല. പക്ഷേ ഇപ്പൊ കണ്ണ് തുറക്കാനും ബുദ്ധിമുട്ട്. ഏറെ നേരം ശ്രമിച്ചാല്‍ അല്പം തുറന്ന് വെയ്ക്കാന്‍ കഴിയുന്നുണ്ട്. കണ്ണ് തുറന്നാലും ആകെ കാണുക വെളുത്ത ചുമരും ഒരു പഴയ കലണ്ടറും. അതും വ്യക്തമല്ല. സഹകരണ ബാങ്കിലെ കലണ്ടര്‍ ആണോയെന്നും തീര്‍ച്ചയില്ല. ഓര്‍മ്മിക്കാനാവുന്നില്ല. കാലിനു വല്ലാത്ത ഭാരം തോന്നുന്നു. ഒന്നു മടക്കി വെയ്ക്കണമെന്നുണ്ട്. കഴിയുന്നില്ല. നന്നായി തണുക്കുന്നു. ആരെങ്കിലും ഒന്നു പുതപ്പിച്ചിരുന്നെങ്കില്‍.. കൈകള്‍ ചൊറിഞ്ഞപ്പോള്‍ തൊലിപോയി ചോര പൊടിഞ്ഞിടത്ത് ഈച്ചകള്‍ വന്നിരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴുമുണ്ടോ ആവോ. കാണാനാവുന്നില്ല; കയ്യുയര്‍ത്താനും. ഇന്നലെയെപ്പൊഴോ വലതുകൈ ഉയര്‍ത്താനാവാതെ വന്നപ്പൊ ഇടതുകൈ ഭിത്തിയിലുരസി ചൊറിച്ചിലിനു ആശ്വാസം നേടാന്‍ നോക്കി. പക്ഷേ കുറേ തൊലി പോയി. വലിഞ്ഞു വലിഞ്ഞു തൂങ്ങിയ തൊലി മുഴുവന്‍ പോവുന്നല്ലോ.. ശ്വാസം വലിക്കാന്‍ നല്ല ബുദ്ധിമുട്ട് തോന്നുന്നു. വായ് തുറക്കാന്‍ ശ്രമിക്കുന്നുണ്ട്, അല്പം തുറക്കാന്‍ കഴിഞ്ഞെന്ന് തോന്നുന്നു.. തൊണ്ടയില്‍ ചെറിയ വേദന തോന്നുന്നു; എങ്കിലും വായിലൂടെ തന്നെ ശ്വാസമെടുക്കാം. പക്ഷേ പതിയെ ചുണ്ടുകള്‍ക്ക് ഒരു മരവിപ്പ്. ആകെ വരണ്ടുണങ്ങുന്നത് പോലെ. വീണ്ടും മൂക്കിലൂടെ തന്നെ ശ്വാസമെടുക്കാന്‍ ശ്രമിക്കുക തന്നെ. വായിലൂടെ ശ്വാസമെടുക്കുന്നില്ലായെന്ന് മനസ്സിലായിട്ടാണോ എന്തോ ആരോ അല്പം വെള്ളം ഇറ്റിക്കുന്നുണ്ട്. ചൂടോ തണുപ്പോ മധുരമോ കയ്പ്പോ ഒന്നും അറിയാന്‍ വയ്യ. ഒരു രുചിയും മനസ്സിലാവുന്നില്ല. കുറേശ്ശെ വളരെ പതിയെ വെള്ളം ഇറക്കാനാവുന്നുണ്ട്. ഇറക്കി, വീണ്ടും ഇറക്കി. മതിയായി, പക്ഷേ വീണ്ടും വെള്ളം വായില്‍ നിറയാന്‍ തുടങ്ങുന്നു. ഇറക്കാനാവുന്നില്ല ഇപ്പൊ. മനസ്സിലായെന്നു തോന്നുന്നു, നിര്‍ത്തി. അല്പനേരം ശ്രമിച്ചു, പക്ഷേ വെള്ളം ഇറങ്ങുന്നില്ല. പതിയെ പതിയെ നീങ്ങിത്തുടങ്ങി. ഒടുവില്‍ പെട്ടെന്ന് ഒക്കെ ഒന്നിച്ച് ഇറങ്ങി – നെഞ്ച് ഒന്ന് വിലങ്ങിയ പോലെ. ഒന്ന് തിരുമണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ലല്ലോ.. …. മയങ്ങിപ്പോയതോ ബോധം പോയതോ എന്തോ.. എത്ര നേരം കഴിഞ്ഞെന്നറിയില്ല. ആരോ തട്ടിവിളിക്കുന്നുണ്ട്. രമേശനാണ്.. കാണാന്‍ വയ്യ, എങ്കിലും ശബ്ദം കേട്ട് മനസ്സിലാവുന്നു. ആദ്യമൊന്നും വ്യക്തമായില്ല. എന്നെ വിളിച്ച് നോക്കുകയാണ്, പ്രതികരണമുണ്ടോന്ന്‍ അറിയാനാവും. ‘കാണാമോ.. നോക്ക്യേ.. കേള്‍ക്കുന്നുണ്ടോ..’ ഇതൊക്കെയാണ് ചോദ്യങ്ങളെന്ന്‍ മനസ്സിലാകുന്നു.. പക്ഷെ ഒന്നും പറയാന്‍ പറ്റുന്നില്ല..  അയാള്‍ തല വെട്ടിച്ച് ആരെയോ നോക്കുന്നുണ്ട്.. മുറിയില്‍ ആരെങ്കിലും ഉണ്ടാവും.. കാതോര്‍ക്കാന്‍ ശ്രമിച്ചു നോക്കി.. ‘ആശുപത്രിയില്‍ കൊണ്ടോവേണ്ട കാര്യമില്ല. ഇനി അതുകൊണ്ട് എന്താവാനാ.. എത്ര മണിക്കൂറോ ദിവസമോ എന്ന്‍ മാത്രം..’ രമേശന്‍ പറയുന്നത് എന്നെ പറ്റിയാണല്ലോ.. എന്റെ.. എന്റെ മരണത്തെപ്പറ്റി.. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ എന്റെ ശ്വാസം നിലക്കുമെന്ന്.. ഒന്നും കാണാനും കേള്‍ക്കാനും അറിയാനും ഇല്ലാതെ ജഡമായി മാറാന്‍.. എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു.. മരണം വാതില്‍ക്കലെത്തി.. എന്തോ ഒരു അസ്വസ്ഥത.. ഒന്ന് ഞെളിപിരി കൊള്ളണം എന്ന തോന്നുന്നുണ്ട്.. കഴിയുന്നില്ല.. എന്തെല്ലാമോ പറയാന്‍.. പക്ഷെ.. ഇന്നു വരെയില്ലാത്ത ഒരുതരം അവസ്ഥ.. ജീവിതം എണ്‍പത് വര്‍ഷത്തിനു മേല്‍ അനുഭവങ്ങള്‍ തന്നെങ്കിലും മതിയാക്കി പോവാന്‍ കഴിയുന്നില്ല.. ‘ഒരു വര്‍ഷത്തോളമായി കിടപ്പായിട്ട്. ഒന്ന്‍ ശ്വാസം വിടാന്‍ സമയമില്ല. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കക്കൂസില്‍ കൊണ്ടുപോവാനും തുണി അലക്കാനും ഒക്കെ മാത്രമായി ഇവിടെ നോക്കിയിരിക്കണം. മടുത്തു പോയി. ഒരു ഹോം നേഴ്സിനെ വച്ചതിനെ ചീത്ത പറഞ്ഞ് ഒടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. അതും കൂടി ഇപ്പൊ ഞാന്‍ അനുഭവിക്കേണ്ടി വന്നില്ലേ.. ഇടയ്ക്ക് മലവും മൂത്രവുമെല്ലാം കിടക്കുന്ന കിടപ്പില്‍ തന്നെ.. ഇതൊക്കെ എടുത്ത് കഴുകിയിടുക എന്ത് കഷ്ടമാന്നോ.. നാറ്റം സഹിക്കാന്‍ വയ്യ.. എന്തിനെങ്കിലും ഒന്ന്‍ പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല ഇതിനിടെ.. ഇതുപോലെ കഷ്ടപ്പെടുത്താന്‍ ഞാനെന്തു തെറ്റാണാവോ ചെയ്തത്..’ ശബ്ദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല.. എട്ടു വയസ്സ് മുതല്‍ ഒപ്പം നിര്‍ത്തി പഠിപ്പിച്ച്, വളര്‍ത്തി വലുതാക്കി, ആവശ്യത്തിലേറെ പൊന്നും പണവും നല്‍കി വിവാഹവും നടത്തിക്കൊടുത്തതല്ലേ.. സഹോദരിയുടെ മകള്‍ തന്നെ.. ഒരു വിവാഹവും കുടുമ്പവും വേണ്ടാന്ന്‍ തോന്നിയത് എപ്പോഴെന്നോ എന്തിനെന്നോ അറിയില്ല.. എന്നാല്‍ സന്യാസമോ ആത്മീയതയോ ഒന്നും മനസ്സില്‍ പതിഞ്ഞുമില്ല.. വിവാഹവും മക്കളും ഇല്ലാത്തതിനാല്‍ ആ ദു:ഖം മൂലമെന്ന്‍ പറയാന്‍ വയ്യ.. എങ്കിലും ഒരു സന്തോഷത്തിനു വേണ്ടിയാണ് അവളെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.. സ്വന്തം മകളായേ കരുതിയിട്ടുള്ളൂ.. എന്നാല്‍ സ്വന്തം ഭാര്യയും മക്കളും എന്നത് പകരം വെയ്ക്കാവുന്ന ഒന്നല്ല എന്നത് ഈ വൈകിയ വേളയിലെങ്കിലും പഠിക്കാനാവും ഇതുവരെ കിടത്തിയത്.. പക്ഷെ ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത എന്റെ ജീവിതത്തില്‍ ഇങ്ങനൊരു പാഠം പഠിക്കുന്നതിനു എന്ത് പ്രസക്തി? തെറ്റ് തിരുത്തുവാനോ മറ്റാരെയെങ്കിലും പഠിപ്പിക്കുവാനോ ഇനി അവസരമില്ല.. ജീവിതത്തില്‍ ഒരു പങ്കാളിക്കും മക്കള്‍ക്കും എന്താണ് സ്ഥാനമെന്ന്‍ അതുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ലല്ലോ.. വേണ്ട.. ഇനിയും വേണ്ട.. ശ്വാസം നിലചിരുന്നെങ്കില്‍.. ഇനിയും ആരെയും ബുദ്ധിമുട്ടിക്കാനില്ല.. ശരീരം നിലച്ചു കഴിഞ്ഞു.. ഇപ്പോള്‍ മനസ്സും.. ഇനി ഈ ജീവന്‍ കൂടി.. നെഞ്ചില്‍ ചെറിയ വേദന.. ശ്വാസം എടുക്കാനൊരു ബുദ്ധിമുട്ട്.. വായ തുറക്കാന്‍ കഴിയുന്നില്ല.. കണ്ണ്‍ തുറക്കാന്‍ കഴിയുന്നില്ല.. തൊണ്ട വരളുന്നു.. ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കില്‍.. കഴിയുന്നില്ല.. ചോദിക്കാന്‍.. ശരീരം നിലച്ചു തുടങ്ങി.. ഒരിറ്റ് വെള്ളം……

നാ ഫലേഷു !!


ഇന്നുവരെ ജീവിതത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന ഒരു മനുഷ്യജീവിയെ കണ്ടിട്ടില്ല. സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതില്‍ മത്സരിക്കുന്നവരാണ് ഒക്കെയും. സ്വാര്‍ത്ഥതയാണ് പേപ്പട്ടിയെപ്പോലെ മനുഷ്യനെ കടിക്കുന്നത്. ആ കടി കിട്ടിയ മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കടിക്കുന്നു. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്വാര്‍ത്ഥതയെന്ന വിഷം അനുഭവങ്ങളിലൂടെ കൈമാറപ്പെടുന്നു. സ്വാര്‍ത്ഥതയെന്നാല്‍ ഞാനെന്ന ഭാവം അല്ല, ഞാനെന്നും എനിക്കെന്നും മാത്രം ചിന്തിച്ചുള്ള പ്രവൃത്തികള്‍. മറ്റൊരാള്‍ക്ക് ഗുണമുള്ളൊരു കാര്യം ചെയ്താലും, അതില്‍ തനിക്കെന്തു നേട്ടം എന്ന് മാത്രം ചിന്തിക്കുന്നവര്‍. അങ്ങനെ ചിന്തിക്കാതെ മറ്റൊരാള്‍ക്കൊരുപകാരം ചെയ്താല്‍ അവനതില്‍ എന്ത് ലാഭം കിട്ടിയെന്ന് ചൂഴ്ന്നു നോക്കുന്ന കണ്ണുകള്‍.. സ്വാര്‍ത്ഥക്കടിയേല്‍ക്കാതിരിക്കാനും, സ്വാര്‍ത്ഥവിഷം നിറയാതിരിക്കാനും ഒരല്പം സ്വാര്‍ത്ഥനാവുക തന്നെയേ രക്ഷയുള്ളൂ.. ഇമ്മാതിരി ജന്മങ്ങളെ നിങ്ങളെന്നും, താനുള്‍പ്പടെ മറ്റുള്ളവരെ ഒന്നിച്ച് ഞാനെന്നും കാണാനാവുന്ന സ്വാര്‍ത്ഥത. നിങ്ങളെന്തു വേണമെങ്കിലും പറഞ്ഞോളൂ, ചെയ്തോളൂ.. ഞാന്‍ എനിക്കു വേണ്ടി (എനിക്കും, ഞങ്ങള്‍ക്കും, എന്നെ ആവശ്യമുള്ളവര്‍ക്കും) വേണ്ടതൊക്കെ ചെയ്യും എന്ന സ്വാര്‍ത്ഥത.\

ഒപ്പമുള്ളയാള്‍ക്ക് ദാഹിക്കുമ്പോള്‍ അല്പം വെള്ളം കൊടുക്കാനും, താഴെ വീണാല്‍ പിടിച്ചെഴുന്നേല്പ്പിക്കാനും ഇപ്പറഞ്ഞ വിഷം അധികതോതില്‍ എത്താത്ത ഏതൊരു വ്യക്തിക്കും കഴിയും.. ഒപ്പമുള്ളയാള്‍ എന്നത് ഒരല്പം വിശാലമായി ചിന്തിക്കുമ്പോള്‍ ഈ ഭൂമിയില്‍ നമ്മള്‍ ജീവിക്കുന്ന അതേ കാലഘട്ടത്തില്‍ ജീവിക്കുന്ന ആളെന്ന് വിശദീകരിക്കാം. വിഷമിച്ചിരിക്കുന്ന ഒരപരിചിതനെ നോക്കി ഒന്ന് ചിരിക്കുന്നത് ചിലപ്പോള്‍ അദ്ദേഹത്തിന്റെ വിഷമത്തിന്റെ കാഠിന്യം കുറച്ചേക്കാം. അങ്ങനെ നമ്മെ കൊണ്ട് കഴിയുന്ന എന്തൊക്കെ സഹായങ്ങളുണ്ട്. ഒരിക്കല്‍ ചെയ്യുമ്പോള്‍, അവരുടെ സന്തോഷം കാണുമ്പോള്‍ നമുക്ക് വീണ്ടും ചെയ്യാനൊരു പ്രചോദനമാവും. അത് മറ്റൊന്നുമല്ല. നാം കാരണം മറ്റൊരാള്‍ സന്തോഷിക്കുമ്പോള്‍ അത് സ്വാഭാവികമായും നമ്മെയും സന്തോഷിപ്പിക്കും. അതാണ് ആദ്യം പറഞ്ഞത്. ഇതുമൊരു സ്വാര്‍ത്ഥത തന്നെ.

നാം ചെയ്ത ഒരു നല്ല കാര്യം അംഗീകരിക്കപ്പെട്ടാല്‍ അത് വീണ്ടും ചെയ്യാനൊരു പ്രചോദനം ആവുകയാണ്. അതിന്റെ ഗുണഭോക്താവ് ഒരു നന്ദി പറഞ്ഞാല്‍, അല്ലെങ്കില്‍ മറ്റൊരാള്‍ അഭിനന്ദനം അറിയിച്ചാല്‍ അടുത്തൊരവസരത്തില്‍ നാം വീണ്ടും ചെയ്യും. അതിനുവേണ്ടിയുള്ള ആ ചെറിയ സന്തോഷം മാത്രമാണ് പ്രതീക്ഷിക്കുന്നത്.. അതാണ് തൃപ്തി; മനസ്സംതൃപ്തി ! പക്ഷേ ഈ സ്വാര്‍ത്ഥയുടെ വൈറസ് എവിടെയും പരക്കുന്നു.. ‘ഞാനെന്നാല്‍ ഞാന്‍ മാത്രമാകുന്നൊരേകവചനമായ ഞാന്‍’ എന്ന സ്വാര്‍ത്ഥര്‍ക്ക് ഇവര്‍ അല്പന്മാരാവുന്നു. ആളാകുവാനുള്ള മുഷിഞ്ഞ ശ്രമങ്ങളാവുന്നു ! മറുപടികള്‍ കഠിനമാവുമ്പോള്‍, പ്രതികരണം മോശമാവുമ്പോള്‍, പ്രചോദനം പ്രതിഷേധങ്ങള്‍ക്ക് വഴിമാറുമ്പോള്‍ സ്വാര്‍ത്ഥവിഷം അറിയാതെ മനസ്സില്‍ കയറുന്നു.

ആരെങ്കിലുമൊരാളെങ്കിലും നല്ലത് പറയുമ്പോഴാണീ ചെയ്യണതൊന്നും വ്യര്‍ത്ഥമല്ലായെന്ന് മനസ്സിലാവുക. എങ്കിലേ ഇത് തുടരൂ.. പക്ഷേ ഈ ചിന്തയില്‍ നിന്നൊക്കെ എന്നെ പിടിച്ചുലച്ച ഒരു വ്യക്തി.. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍.. സമയം രാത്രി ഏതാണ്ട് പതിനൊന്ന് മണി.. കൂന് പിടിച്ച് നിവര്‍ന്ന് നില്‍ക്കാന്‍ ശേഷിയില്ലാത്ത, മെലിഞ്ഞുണങ്ങിയൊരു മനുഷ്യന്‍.. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും.. പതിയെ നടന്ന് നടന്ന് വഴിയരികിലെ പേപ്പറുകളും, പ്ലാസ്റ്റിക്കും മറ്റും പെറുക്കിയെടുത്ത് കാടുപിടിച്ചുകിടക്കുന്ന ഒരു മൂലയില്‍ കൂട്ടിയിടുന്നു.. ഇടയ്ക്ക് റോഡ്വക്കില്‍ കിടന്ന പ്ലാസ്റ്റിക്ക് കവര്‍ നീക്കി നോക്കി. എന്തോ ഉണ്ടെന്ന് മനസ്സിലായി. കുറേ കഴിഞ്ഞ പതിയെ തിരികെ വന്ന അദ്ദേഹം കയ്യില്‍ മറ്റൊരു കവറും ഒരു കാര്‍ഡ്ബോഡ് പീസും കരുതിയിരുന്നു. കണ്ണ് പകുതി തന്നെ കഷ്ടിച്ച് തുറക്കുന്ന അദ്ദേഹം വളരെ വിഷമിച്ച് ആ കവര്‍ എടുത്ത് കൈയ്യിലെ കവറിലേക്കിട്ടു.. അപ്പോഴാണ് കണ്ടത്.. ഇന്നത്തെ വികസിത സമൂഹത്തില്‍ ശ്രേഷ്ഠന്മാര്‍ ആരോ വഴിയില്‍ തള്ളിയ ഒരു കവര്‍ കുപ്പിച്ചില്ല് ! അദ്ദേഹം വളരെ സമയമെടുത്ത് ആ കുപ്പിച്ചില്ല് മുഴുവന്‍ കാര്‍ഡ്ബോര്‍ഡ് കൊണ്ട് തൂത്ത് കൂട്ടി കവറിലാക്കി വേറൊരു ഭാഗത്ത് മുലയ്ക്ക് കൊണ്ട് വച്ചു.. എന്നിട്ട് വീണ്ടും ആ ഭാഗത്തൂടി നടന്ന് നോക്കി.. എല്ലാം ക്ലീന്‍ ആണ്.. പിന്നെ എങ്ങനെയോ ഇരുട്ടില്‍ മറഞ്ഞു ആ മനുഷ്യന്‍ !

പതിനഞ്ചോളം ആളുകള്‍ കടയ്ക്ക് മുന്നിലുണ്ടായിട്ട് വേറേയാരും ഇദ്ദേഹത്തെ ശ്രദ്ധിച്ചതേയില്ല. പക്ഷേ അദ്ദേഹം എല്ലാം വൃത്തിയാക്കിയ ശേഷം മാത്രം നടന്നകന്നു.. അദ്ദേഹം ഈ ചെയ്തത് ആര്‍ക്ക് വേണ്ടി? അദ്ദേഹത്തിന് എന്ത് നേട്ടം? ആര് കാണുന്നു? ആര് അഭിനന്ദിക്കുന്നു? ആര് നന്ദി പറയുന്നു? വെറുതേയെങ്കിലും ആര് സംസാരിക്കുന്നു? എന്നിട്ടും ഈയവസ്ഥയിലും എന്തിനിങ്ങനെ..? നമ്മളൊക്കെ ഇവരുടെ മുന്നില്‍ ആരാണ്.. എന്തിനാണ് ജീവിക്കുന്നതെന്ന് തന്നെ തോന്നിപ്പോകുന്നത് ഇങ്ങനെയുള്ള മനുഷ്യരെ കണ്ട് മനസ്സിലാക്കി വരുമ്പോഴാണ്.. അദ്ദേഹത്തെ എങ്ങനെ ബഹുമാനിക്കണം? എങ്ങനെ ക്ഷമ ചോദിക്കണം? എന്ത് സഹായം നല്‍കണം? എങ്ങനെ കണ്ടുപിടിക്കും? എന്ത് ചെയ്താല്‍ അതിനു പകരമാവും? എന്റെ ആയുസ്സും ആരോഗ്യവും കൂടി അദ്ദേഹത്തിന് നല്‍കാനാവോ? ഈ ജന്മം അല്പം മെച്ചപ്പെടട്ടേ ! വെറുതേ മുന്നിലൂടെ കടന്ന് മാഞ്ഞുപോയ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അനേകായിരം ചോദ്യങ്ങള്‍ ഇതാ..