നൃത്തം

സ്വപാനം


സ്വപാനം റിലീസ് ദിവസം തന്നെ കോട്ടയം ആഷ മിനി തിയറ്ററില്‍ പോയി കണ്ടു. കഷ്ടിച്ച് നാല്പതോളം പേര്‍ മാത്രം. ആരംഭത്തില്‍ തന്നെ തോന്നിയൊരു പ്രശ്നം തിയറ്ററിലെ ശബ്ദസംവിധാനം ചിത്രത്തില്‍ ഒരുക്കിയതുമായി അത്ര അടുപ്പമില്ലാതായതാണ്. ചിത്രത്തില്‍ ഒരുക്കിയ ആ ഫീല്‍ പൂര്‍ണ്ണമായും നല്‍കുവാന്‍ തിയേറ്ററിനായില്ല. എങ്കിലും ചിത്രം പൂര്‍ണ്ണമായും അസ്വദിക്കാനായി. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവം കൂടിയ അനുഭവം. മേളവും സംഗീതവും നൃത്തവും ഒന്നിച്ച്. തൃപ്പൂണിത്തുറയുത്സവത്തിന് മേളത്തിന് പ്രാധാന്യം കൂടുമെങ്കില്‍ സ്വപാനം ഒരു സംഗീതപ്രാധാന്യമെന്ന് പറയേണ്ടിവരും. ഒരു സമ്പൂര്‍ണ്ണ മ്യൂസിക്കല്‍ എന്റെര്‍ടെയ്നര്‍. നായകന്‍ മേളക്കാരനും നായിക നൃത്തക്കാരിയുമാണെങ്കിലും സംഗീതം തന്നെ മുന്നിട്ടു നില്‍ക്കുന്നു. സ്വാതി തിരുനാള്‍ കൃതിയായ ‘കാമിനിമണിസഖി’യും, ബാലകവി രാമശാസ്ത്രിയുടെ രണ്ട് കൃതികളും ശ്രീവത്സന്‍ ജെ. മേനോന്‍ അങ്ങേയറ്റം കൂറു പുലര്‍ത്തി തന്നെ സംഗീതം നല്‍കി. ശ്രീവല്‍സന്‍ – മനോജ് കുറൂര്‍ കൂട്ടുകെട്ടില്‍ പിറന്ന ആറ് ഗാനങ്ങളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. ചിത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് തന്നെ വാക്കുകള്‍ തിരഞ്ഞെടുത്ത് കാവ്യാത്മകമായ വരികളാണ് മനോജ് ഒരുക്കിയത്. ചിത്രത്തിന്റെ മുഴുവന്‍ ഫീലും ഗാനങ്ങളില്‍ തന്നെയാണ്.

ഗാനങ്ങളുടെ പ്രാധാന്യം പക്ഷേ മറ്റൊന്നിന്റെയും മാറ്റ് കുറച്ചിട്ടില്ല. രണ്ടാം വരവില്‍ ജയറാമിന് ലഭിച്ച ഏറ്റവും മികച്ച വേഷം തനെയാണ് സ്വപാനത്തിലെ ഉണ്ണിക്കൃഷ്ണ മാരാര്‍. മേളക്കാരന്റെ വേഷമാവുമ്പോള്‍ ഒരു മേളക്കാരന്‍ തന്നെയായ ജയറാം അല്ലാതെ മറ്റാര്‍ക്കും ആ വേഷത്തിന് അര്‍ഹതയുണ്ടാവില്ല. ഒരു മേളക്കാരന്റെ മാനറിസങ്ങളും, കൈവേഗവും മറ്റും നിലവില്‍ മറ്റൊരു നായകനടനും അവകാശപ്പെടാനാവില്ല. കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് ജയറാം അഭിനയിച്ച് തകര്‍ത്തു. കലാകാരന്മാരുടെ കഥകളിലെ പതിവ് വില്ലനായ മദ്യം സ്വപാനത്തിലെ ഉണ്ണിക്കൃഷ്ണനൊപ്പവുമുണ്ട്. പക്ഷേ ചിത്തഭ്രമത്തിനു പിന്നിലായാണ് മദ്യത്തിന് സ്ഥാനം.

ജയറാം മാത്രമല്ല കാദംബരി, സിദ്ദിഖ് തുടങ്ങിയവരും ഒന്നിനൊന്ന് മികച്ച് നിന്നു. സ്ത്രൈണതയുള്ള കഥാപാത്രമായെത്തിയ വിനീത് കുറച്ച് സീനുകളില്‍ മാത്രമെങ്കിലും അമ്പരിപ്പിച്ചു. സെല്‍വം എന്ന കഥാപാത്രമായി ഇന്ദ്രന്‍സും സാന്നിധ്യമറിയിച്ചു. സഖാവ് സുരേഷ് കുറുപ്പ് പൂക്കാട്ടിരി തിരുമേനി എന്ന വേഷത്തിലെത്തി. സജിതാ മഠത്തില്‍, മാര്‍ഗ്ഗി സതി എന്നിവര്‍ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളിലൊതുങ്ങി. ലക്ഷ്മി ഗോപാലസ്വാമി, ശരത്തും ചെറിയ വേഷങ്ങളില്‍ വന്നുപോയി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒറ്റ സീനില്‍ തലകാണിച്ച് മടങ്ങി.

ഷാജി എന്‍ കരുണിന്റെ പതിവു ശൈലിയിലാണ് സിനിമ. മികച്ച ഫ്രെയിമുകള്‍ പലപ്പോഴും പാലക്കാടിന്റെ ദൃശ്യഭംഗി അതേ പോലെ ഒപ്പിയെടുത്ത് നമ്മെ കൊതിപ്പിക്കും. ഓര്‍ഡിനറിയിലെ ബിജു മേനോനു ശേഷം പാലക്കാടന്‍ സംസാരരീതി ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു. സിമ്പോളിക്ക് ആയി പലതും ഉള്‍പ്പെടുത്തി എല്ലാ തരത്തിലും ഒരു മികച്ച സിനിമയാക്കുവാന്‍ ഷാജി ശ്രമിച്ചിട്ടുണ്ട്. വാനപ്രസ്ഥവുമായി അടുത്തുനില്‍ക്കുന്നുവെങ്കിലും സാങ്കേതികമായും മറ്റും അല്പം കൂടി മുന്നോട്ട് നടന്നിട്ടുണ്ട് സംവിധായകന്‍. സംഗീത-മേള ആസ്വാദകര്‍ക്ക് ഒരു മികച്ച സിനിമതന്നെയാണ് സ്വപാനം. ഒരല്പം കൂടി മേളം ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്നു കഴിഞ്ഞിറങ്ങുമ്പോള്‍.