തൃപ്പൂണിത്തുറ

നാ ഫലേഷു !!


ഇന്നുവരെ ജീവിതത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന ഒരു മനുഷ്യജീവിയെ കണ്ടിട്ടില്ല. സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതില്‍ മത്സരിക്കുന്നവരാണ് ഒക്കെയും. സ്വാര്‍ത്ഥതയാണ് പേപ്പട്ടിയെപ്പോലെ മനുഷ്യനെ കടിക്കുന്നത്. ആ കടി കിട്ടിയ മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കടിക്കുന്നു. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്വാര്‍ത്ഥതയെന്ന വിഷം അനുഭവങ്ങളിലൂടെ കൈമാറപ്പെടുന്നു. സ്വാര്‍ത്ഥതയെന്നാല്‍ ഞാനെന്ന ഭാവം അല്ല, ഞാനെന്നും എനിക്കെന്നും മാത്രം ചിന്തിച്ചുള്ള പ്രവൃത്തികള്‍. മറ്റൊരാള്‍ക്ക് ഗുണമുള്ളൊരു കാര്യം ചെയ്താലും, അതില്‍ തനിക്കെന്തു നേട്ടം എന്ന് മാത്രം ചിന്തിക്കുന്നവര്‍. അങ്ങനെ ചിന്തിക്കാതെ മറ്റൊരാള്‍ക്കൊരുപകാരം ചെയ്താല്‍ അവനതില്‍ എന്ത് ലാഭം കിട്ടിയെന്ന് ചൂഴ്ന്നു നോക്കുന്ന കണ്ണുകള്‍.. സ്വാര്‍ത്ഥക്കടിയേല്‍ക്കാതിരിക്കാനും, സ്വാര്‍ത്ഥവിഷം നിറയാതിരിക്കാനും ഒരല്പം സ്വാര്‍ത്ഥനാവുക തന്നെയേ രക്ഷയുള്ളൂ.. ഇമ്മാതിരി ജന്മങ്ങളെ നിങ്ങളെന്നും, താനുള്‍പ്പടെ മറ്റുള്ളവരെ ഒന്നിച്ച് ഞാനെന്നും കാണാനാവുന്ന സ്വാര്‍ത്ഥത. നിങ്ങളെന്തു വേണമെങ്കിലും പറഞ്ഞോളൂ, ചെയ്തോളൂ.. ഞാന്‍ എനിക്കു വേണ്ടി (എനിക്കും, ഞങ്ങള്‍ക്കും, എന്നെ ആവശ്യമുള്ളവര്‍ക്കും) വേണ്ടതൊക്കെ ചെയ്യും എന്ന സ്വാര്‍ത്ഥത.\

ഒപ്പമുള്ളയാള്‍ക്ക് ദാഹിക്കുമ്പോള്‍ അല്പം വെള്ളം കൊടുക്കാനും, താഴെ വീണാല്‍ പിടിച്ചെഴുന്നേല്പ്പിക്കാനും ഇപ്പറഞ്ഞ വിഷം അധികതോതില്‍ എത്താത്ത ഏതൊരു വ്യക്തിക്കും കഴിയും.. ഒപ്പമുള്ളയാള്‍ എന്നത് ഒരല്പം വിശാലമായി ചിന്തിക്കുമ്പോള്‍ ഈ ഭൂമിയില്‍ നമ്മള്‍ ജീവിക്കുന്ന അതേ കാലഘട്ടത്തില്‍ ജീവിക്കുന്ന ആളെന്ന് വിശദീകരിക്കാം. വിഷമിച്ചിരിക്കുന്ന ഒരപരിചിതനെ നോക്കി ഒന്ന് ചിരിക്കുന്നത് ചിലപ്പോള്‍ അദ്ദേഹത്തിന്റെ വിഷമത്തിന്റെ കാഠിന്യം കുറച്ചേക്കാം. അങ്ങനെ നമ്മെ കൊണ്ട് കഴിയുന്ന എന്തൊക്കെ സഹായങ്ങളുണ്ട്. ഒരിക്കല്‍ ചെയ്യുമ്പോള്‍, അവരുടെ സന്തോഷം കാണുമ്പോള്‍ നമുക്ക് വീണ്ടും ചെയ്യാനൊരു പ്രചോദനമാവും. അത് മറ്റൊന്നുമല്ല. നാം കാരണം മറ്റൊരാള്‍ സന്തോഷിക്കുമ്പോള്‍ അത് സ്വാഭാവികമായും നമ്മെയും സന്തോഷിപ്പിക്കും. അതാണ് ആദ്യം പറഞ്ഞത്. ഇതുമൊരു സ്വാര്‍ത്ഥത തന്നെ.

നാം ചെയ്ത ഒരു നല്ല കാര്യം അംഗീകരിക്കപ്പെട്ടാല്‍ അത് വീണ്ടും ചെയ്യാനൊരു പ്രചോദനം ആവുകയാണ്. അതിന്റെ ഗുണഭോക്താവ് ഒരു നന്ദി പറഞ്ഞാല്‍, അല്ലെങ്കില്‍ മറ്റൊരാള്‍ അഭിനന്ദനം അറിയിച്ചാല്‍ അടുത്തൊരവസരത്തില്‍ നാം വീണ്ടും ചെയ്യും. അതിനുവേണ്ടിയുള്ള ആ ചെറിയ സന്തോഷം മാത്രമാണ് പ്രതീക്ഷിക്കുന്നത്.. അതാണ് തൃപ്തി; മനസ്സംതൃപ്തി ! പക്ഷേ ഈ സ്വാര്‍ത്ഥയുടെ വൈറസ് എവിടെയും പരക്കുന്നു.. ‘ഞാനെന്നാല്‍ ഞാന്‍ മാത്രമാകുന്നൊരേകവചനമായ ഞാന്‍’ എന്ന സ്വാര്‍ത്ഥര്‍ക്ക് ഇവര്‍ അല്പന്മാരാവുന്നു. ആളാകുവാനുള്ള മുഷിഞ്ഞ ശ്രമങ്ങളാവുന്നു ! മറുപടികള്‍ കഠിനമാവുമ്പോള്‍, പ്രതികരണം മോശമാവുമ്പോള്‍, പ്രചോദനം പ്രതിഷേധങ്ങള്‍ക്ക് വഴിമാറുമ്പോള്‍ സ്വാര്‍ത്ഥവിഷം അറിയാതെ മനസ്സില്‍ കയറുന്നു.

ആരെങ്കിലുമൊരാളെങ്കിലും നല്ലത് പറയുമ്പോഴാണീ ചെയ്യണതൊന്നും വ്യര്‍ത്ഥമല്ലായെന്ന് മനസ്സിലാവുക. എങ്കിലേ ഇത് തുടരൂ.. പക്ഷേ ഈ ചിന്തയില്‍ നിന്നൊക്കെ എന്നെ പിടിച്ചുലച്ച ഒരു വ്യക്തി.. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍.. സമയം രാത്രി ഏതാണ്ട് പതിനൊന്ന് മണി.. കൂന് പിടിച്ച് നിവര്‍ന്ന് നില്‍ക്കാന്‍ ശേഷിയില്ലാത്ത, മെലിഞ്ഞുണങ്ങിയൊരു മനുഷ്യന്‍.. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും.. പതിയെ നടന്ന് നടന്ന് വഴിയരികിലെ പേപ്പറുകളും, പ്ലാസ്റ്റിക്കും മറ്റും പെറുക്കിയെടുത്ത് കാടുപിടിച്ചുകിടക്കുന്ന ഒരു മൂലയില്‍ കൂട്ടിയിടുന്നു.. ഇടയ്ക്ക് റോഡ്വക്കില്‍ കിടന്ന പ്ലാസ്റ്റിക്ക് കവര്‍ നീക്കി നോക്കി. എന്തോ ഉണ്ടെന്ന് മനസ്സിലായി. കുറേ കഴിഞ്ഞ പതിയെ തിരികെ വന്ന അദ്ദേഹം കയ്യില്‍ മറ്റൊരു കവറും ഒരു കാര്‍ഡ്ബോഡ് പീസും കരുതിയിരുന്നു. കണ്ണ് പകുതി തന്നെ കഷ്ടിച്ച് തുറക്കുന്ന അദ്ദേഹം വളരെ വിഷമിച്ച് ആ കവര്‍ എടുത്ത് കൈയ്യിലെ കവറിലേക്കിട്ടു.. അപ്പോഴാണ് കണ്ടത്.. ഇന്നത്തെ വികസിത സമൂഹത്തില്‍ ശ്രേഷ്ഠന്മാര്‍ ആരോ വഴിയില്‍ തള്ളിയ ഒരു കവര്‍ കുപ്പിച്ചില്ല് ! അദ്ദേഹം വളരെ സമയമെടുത്ത് ആ കുപ്പിച്ചില്ല് മുഴുവന്‍ കാര്‍ഡ്ബോര്‍ഡ് കൊണ്ട് തൂത്ത് കൂട്ടി കവറിലാക്കി വേറൊരു ഭാഗത്ത് മുലയ്ക്ക് കൊണ്ട് വച്ചു.. എന്നിട്ട് വീണ്ടും ആ ഭാഗത്തൂടി നടന്ന് നോക്കി.. എല്ലാം ക്ലീന്‍ ആണ്.. പിന്നെ എങ്ങനെയോ ഇരുട്ടില്‍ മറഞ്ഞു ആ മനുഷ്യന്‍ !

പതിനഞ്ചോളം ആളുകള്‍ കടയ്ക്ക് മുന്നിലുണ്ടായിട്ട് വേറേയാരും ഇദ്ദേഹത്തെ ശ്രദ്ധിച്ചതേയില്ല. പക്ഷേ അദ്ദേഹം എല്ലാം വൃത്തിയാക്കിയ ശേഷം മാത്രം നടന്നകന്നു.. അദ്ദേഹം ഈ ചെയ്തത് ആര്‍ക്ക് വേണ്ടി? അദ്ദേഹത്തിന് എന്ത് നേട്ടം? ആര് കാണുന്നു? ആര് അഭിനന്ദിക്കുന്നു? ആര് നന്ദി പറയുന്നു? വെറുതേയെങ്കിലും ആര് സംസാരിക്കുന്നു? എന്നിട്ടും ഈയവസ്ഥയിലും എന്തിനിങ്ങനെ..? നമ്മളൊക്കെ ഇവരുടെ മുന്നില്‍ ആരാണ്.. എന്തിനാണ് ജീവിക്കുന്നതെന്ന് തന്നെ തോന്നിപ്പോകുന്നത് ഇങ്ങനെയുള്ള മനുഷ്യരെ കണ്ട് മനസ്സിലാക്കി വരുമ്പോഴാണ്.. അദ്ദേഹത്തെ എങ്ങനെ ബഹുമാനിക്കണം? എങ്ങനെ ക്ഷമ ചോദിക്കണം? എന്ത് സഹായം നല്‍കണം? എങ്ങനെ കണ്ടുപിടിക്കും? എന്ത് ചെയ്താല്‍ അതിനു പകരമാവും? എന്റെ ആയുസ്സും ആരോഗ്യവും കൂടി അദ്ദേഹത്തിന് നല്‍കാനാവോ? ഈ ജന്മം അല്പം മെച്ചപ്പെടട്ടേ ! വെറുതേ മുന്നിലൂടെ കടന്ന് മാഞ്ഞുപോയ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അനേകായിരം ചോദ്യങ്ങള്‍ ഇതാ..

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


എല്‍ കെ ജി മുതല്‍ പഠിച്ച സ്കൂള്‍ ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരെയായിരുന്നു. രാവിലെ അച്ഛന്‍ ഓഫീസില്‍ പോണ വഴി സ്കൂളില്‍ ഇറക്കും. ആദ്യമൊക്കെ തിരികെ വരുന്നത് സ്കൂള്‍ ബസ്സിലായിരുന്നു.. പിന്നെ രണ്ടാം ക്ലാസ്സിലോ, മൂന്നാം ക്ലാസ്സിലോ മറ്റോ എത്തിയപ്പോ അടുത്ത സുഹൃത്തുക്കളൊക്കെ നടന്ന് പോണ കണ്ട് ഞാനും പെട്ടെന്നൊരു ദിവസം മുതല്‍ നടപ്പ് തുടങ്ങി. പിന്നീട് അഞ്ചാം ക്ലാസ്സ് മുതല്‍ സൈക്കിളായി.. ഏഴാം ക്ലാസ്സ് ആയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂറവായതുകൊണ്ട് ഈ ബ്രാഞ്ചില്‍ നിന്നും ഞങ്ങളെ സ്കൂളിന്റെ കോട്ടയം ടൗണിലെ സ്കൂളിലേക്ക് മാറ്റി. അങ്ങോട്ടും ആദ്യം പാതിവഴി സൈക്കിളിലും, ബാക്കി സ്കൂള്‍ ബസ്സിലുമായി യാത്ര. എട്ടാം ക്ലാസ്സ് മുതല്‍ ഞാനും പ്രൈവറ്റ് ബസ്സിനെ ആശ്രയിച്ചു തുടങ്ങി.

എട്ടേമുക്കാലിന്റെ ബസ്സിനു പോയാലും കൃത്യസമയത്ത് സ്കൂളിലെത്താം.. പക്ഷേ അസഹ്യമായ തിരക്കാണ് ആ ബസ്സില്‍. ചില ദിവസ്മ നിര്‍ത്തുകയുമില്ല. നിര്‍ത്തി, കയറിപ്പറ്റിയാല്‍ തന്നെ അങ്ങെത്തിയാല്‍ ഭാഗ്യം.. ടൗണ്‍ വരെയുള്ള ദൂരം ഫുട്ബോര്‍ഡിനു പുറത്ത് തൂങ്ങിക്കിടന്ന് പോണം. ബസ്സിന്റെയും, അതിനു പുറത്ത് ഞങ്ങളുടേയും വരവു കണ്ട് പേടിച്ച് അന്നൊക്കെ വഴിയരികിലെ മതിലുകളും, പോസ്റ്റുകളും, മരങ്ങളുമൊക്കെ മാറി നില്‍ക്കുക പതിവായിരുന്നു ! പഠിത്തം അവസാനിപ്പിച്ച് വല്ല കൂലിപ്പണിക്കും പോകുന്നതിനെപ്പറ്റി ആദ്യവും അവസാനവുമായി ഞാന്‍ കൂലംകുഷമായി ചിന്തിച്ചത് ആ ബസ്സില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു. അതിലെ തിരക്ക് സഹിക്കാനാവതെ എട്ടരയുടെ ബസ്സിലായി യാത്ര. അതിലും തിരക്കായപ്പോള്‍ ബസ് മറിക്കൊണ്ടേയിരുന്നു. എട്ടേകാല്‍, എട്ട് പത്ത്, എട്ട് മണിയുടെ ട്രാന്‍സ്പോര്‍ട്ട്. ഏഴേമുക്കാല്‍, ഏഴര, ഏഴേകാല്‍, ഏഴ് പത്ത് എന്നീ സമയങ്ങളിലെ ബസുകളിലേക്ക് ഞാന്‍ പ്രൊമോട്ടഡ് ആയിക്കൊണ്ടിരുന്നു.

ഒന്നോ രണ്ടോ ബസ്സ് നിര്‍ത്താതെ വരുമ്പഴോ, സമയം വൈകുമ്പഴോ അങ്ങനെ വല്ലപ്പോഴും ബൈക്കുകള്‍ക്ക് മുന്നില്‍ കൈനീട്ടി ലിഫ്റ്റ് ചോദിച്ചു. അതും എട്ടോ പത്തോ തവണ മാത്രം ! ഒരിക്കലോ മറ്റോ മാത്രം ഒരു ബൈക്ക് നിന്നു, ലിഫ്റ്റ് തന്നു. പക്ഷേ മറ്റുള്ളവരൊന്നും വകവെച്ചില്ല! അതുകൊണ്ട് തന്നെ പിന്നീട് ലിഫ്റ്റ് ചോദിക്കല്‍ നിര്‍ത്തി. അന്നത്തെ വിഷമത്തില്‍ ഞാന്‍ ബൈക്ക് വാങ്ങിയാല്‍ ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാല്‍ നിര്‍ത്താതെ പോവില്ലാന്ന് ഓര്‍ത്തിരുന്നു.. ബൈക്ക് വാങ്ങി, യാത്ര തുടങ്ങി.. ലിഫ്റ്റ് ചോദിച്ച് കൈകള്‍ നീണ്ടു.. ഒട്ടുമിക്കപ്പോഴും ഞാന്‍ വണ്ടി നിര്‍ത്തി, അവരേയും കയറ്റി.. തീരെ നിവൃത്തിയില്ലാത്ത ചില സന്ദര്‍ഭങ്ങളില്‍ നിര്‍ത്താതെ കടന്നുപോയിട്ടുമുണ്ട്.

ഇപ്പോള്‍ എല്ലാ ആഴ്ചയും കോട്ടയം – എറണാകുളം ബൈക്ക് യാത്ര ഉള്ളത് കൊണ്ട് ഏറെ ആളുകള്‍ക്ക് ലിഫ്റ്റ് കൊടുക്കാറുണ്ട്. കോട്ടയത്ത് നിന്ന് പുറപ്പെട്ട് തൃപ്പൂണിത്തുറ എത്തുന്നതിനിടയില്‍ തന്നെ പലപ്പോഴായി നാലും, അഞ്ചും ആളുകള്‍ക്ക് വരെ ലിഫ്റ്റ് കൊടുത്തിട്ടുണ്ട്. അധികം ആളുകളും മൂന്നോ നാലോ കിലോമീറ്റര്‍ അകലെ മാത്രം പോവേണ്ടവര്‍ ആവും. ഒരിക്കല്‍ മാത്രം തൃപ്പൂണിത്തുറ മുതല്‍ ഏറ്റുമാനൂര്‍ വരെ ഒരാളെ എത്തിക്കുകയും ചെയ്തു. അധികവും സ്കൂള്‍ കുട്ടികള്‍ക്കാവും ലിഫ്റ്റ് കൊടുക്കാറ്. എന്നാല്‍ മോഷ്ടിച്ച വണ്ടിയുമായി പോകുന്നവനെ പിടിക്കാന്‍ പോലീസുകാരന്‍ കൈകാണിക്കുന്ന രീതിയില്‍ ചാടിവീഴുന്നവന്മാരെ ശ്രദ്ധിക്കാതെ കടന്നുപോവാറാണ് പതിവ്. ഒരു വര്‍ഷം മുന്‍പ് കോട്ടയത് വച്ച് ബൈക്കില്‍ കയറിയ ഒരു നാലാംക്ലാസ്സുകരന്‍ ഇറങ്ങിയപ്പോള്‍ രണ്ട് മിഠായി തന്ന് സന്തോഷം അറിയിച്ചപ്പോള്‍ എനിക്കും സന്തോഷം.

അധികമാളുകളും ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു താങ്ക്സോ, യാത്രപറച്ചിലോ, തോളത്ത് ഒന്ന് തട്ടി ഒരു ‘അപ്പൊ ഓക്കേ’ പറച്ചിലോ, ഒന്ന് ചിരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇത്രകാലമായിട്ട് ഇന്ന് ആദ്യമായി തിരിച്ചൊരു അനുഭവം. കോട്ടയത്ത് നിന്ന് വരുന്ന വഴിക്ക് കാഞ്ഞിരമറ്റത്ത് വച്ച് ഒരു പയ്യന്‍ കൈ നീട്ടി. ഒന്‍പതിലോ പത്തിലോറ്റെ പഠിക്കണ ആളാന്ന് തോന്നും കാഴ്ചയില്‍. ഉദയംപേരൂര്‍ എസ് എന്‍ ഡി പി സ്കൂളിനു മുന്നിലെത്തിയപ്പോള്‍ ഇവിടെയെന്ന് പറഞ്ഞു. വണ്ടി നിര്‍ത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോഴെക്കും ആള്‍ നടന്ന് ഗേറ്റ് കഴിഞ്ഞു ! ആരാ? എന്താ? ഹല്ല പിന്നെ !

കുറഞ്ഞ പക്ഷം ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ അടുത്ത തവണം കൈകാണിക്കുമ്പോള്‍ വണ്ടി നിര്‍ത്താന്‍ തോന്നുമായിരുന്നു സോദരാ..!