കൊച്ചി

ഓര്‍മ്മകള്‍ പിന്നോട്ട്..


ഭിക്ഷ ചോദിച്ച് പലതരം ആളുകള്‍ നമ്മുടെയടുത്ത് ദിവസേന എത്തും. ഓരോരുത്തരെ കാണുമ്പോഴും ഓരോ സംശയമാണ്. കുട്ടികളാണെങ്കില്‍ അത് ഭിക്ഷാടനമാഫിയ ആവും, സ്ത്രീകളെങ്കില്‍ മോഷണമാവും ലക്ഷ്യം, പുരുഷന്മാരെങ്കില്‍ ഇവര്‍ക്കെന്താ പണിയെടുത്ത് ജീവിച്ചാല്‍, വികലാംഗരെങ്കില്‍ ഇവരുടെ വൈകല്യം യഥാര്‍ത്ഥമാണോ, പ്രായമായ പുരുഷന്മാരാണെങ്കില്‍ അധികം പേര്‍ക്കും എന്താ പുച്ഛഭാവവും ദേഷ്യവും – ഇങ്ങനെയെല്ലാം പലരും ചിന്തിക്കും.. പക്ഷേ പ്രായമായ സ്ത്രീകളെയാണ് ആ അവസ്ഥയില്‍ കാണുന്നതെങ്കില്‍ അല്പം വിഷമം തോന്നും.. ആരും സംരക്ഷിക്കാനില്ലാതെ ദയനീയതയോടെയാവും അവരെ കാണുക.. ആരോഗ്യമില്ല, ഭക്ഷണവും വസ്ത്രവുമില്ല, ആണ്‍തുണയില്ല, കിടക്കാന്‍ ഒരു കൂരയില്ല.. ഇവരെവിടെപ്പോവും, എന്ത് കഴിക്കും..

പണ്ട് ആദ്യമായി ബ്ലോഗെഴുത്ത് തുടങ്ങിയപ്പോള്‍ എന്തൊക്കെ എഴുതണം എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. സ്വന്തം അനുഭവങ്ങള്‍ തന്നെ ഓര്‍മ്മയില്‍ നിന്ന് എഴുതാമെന്ന് ഒടുവില്‍ തീരുമാനിച്ചു. സന്തോഷവും സങ്കടവും എല്ലാമായി ഏറെയുണ്ടെങ്കിലും ആദ്യം എന്തെഴുതെണമെന്ന് ഒട്ടും സംശയം തോന്നിയിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കോട്ടയം ബസ് സ്റ്റാന്റില്‍ വച്ച് കണ്ട ഒരു അമ്മുമ്മ. ആരും തുണയില്ലാതെ ഭിക്ഷയെടുക്കുന്ന ഒരു അമ്മുമ്മ. മക്കളേ, കുഞ്ഞുങ്ങളേയെന്നു വിളിച്ച് പൊട്ടിക്കരയുന്ന അമ്മുമ്മ. പോക്കറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു നാണയം ബസു കയറാനുള്ള ഓട്ടത്തിനിടയില്‍ അമ്മൂമ്മയ്ക്ക് നേരേ നീട്ടിയെങ്കിലും കൈതട്ടി താഴെയെങ്ങോ വീണു.. ബസ്സില്‍ കയറി പുറപ്പെടുമ്പോഴും ആ നാണയത്തിനു വേണ്ടി നിറകണ്ണുകളോടെ തിരയുന്ന അമ്മൂമ്മയെയാണ് കണ്ടത്. അന്ന് ബസ്സിലിരുന്ന് അതോര്‍ത്ത് എന്തിനാണ് കരഞ്ഞെതെന്നറിയില്ല. ആ കാഴ്ച്ച ഇന്നും മനസ്സില്‍ അതേപോലെ മായാതെയുണ്ട്. ജീവിതത്തില്‍ ആദ്യമായി മനസ്സിനെ തൊട്ട ഒരു സംഭവമാണ്.. ഇന്നും ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണു നിറയും.. ഇന്നും കോട്ടയത്ത് അതേ ബസ് സ്റ്റാന്റില്‍ ചെല്ലുമ്പോള്‍ അറിയാതെ ആ അമ്മൂമ്മയെ തിരയും.. എന്തിനാണെന്ന് അറിയില്ല.. പക്ഷേ ഇന്നും മനസ്സിലൊരു വേദനയാണ്.. അതാവും പഴയ തമാശകളൊക്കെ ഒഴിവാക്കി ഒരു ഡയറിയെഴുത്തു പോലെ വീണ്ടും ബ്ലോഗെഴുത്ത് പതിയെ ആരംഭിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ അതേ സംഭവം വീണ്ടും പുതിയ ബ്ലോഗിലും ആദ്യ പോസ്റ്റായി എത്തിയത്..

പത്തുപതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് അന്നത്തെ പോലെയൊരു ദയനീയ മുഖം കണ്ടത് ഈയിടെയാണ്. കൊച്ചിയില്‍.. ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ വഴിവക്കത്ത്.. അല്പം വേഗതയില്‍ ബൈക്കില്‍ കടന്നുപോയപ്പോള്‍ പെട്ടെന്ന് മനസ്സില്‍ പണ്ട് പതിഞ്ഞ അതേ മുഖം തന്നെയാണ് കണ്ടത്. ഇപ്പോള്‍ കുറച്ചുദിവസങ്ങളായി എന്നും കാണുന്നു.. കൈയ്യിലെ ഏതാനം നാണയങ്ങള്‍ക്കിടയിലേക്ക് ഞാനൊരു നോട്ട് വച്ചുകൊടുത്തപ്പോള്‍ ആദ്യം വിഷമത്തോട് തന്നെ മുഖത്തേക്ക് നോക്കി.. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു നിസ്സംഗത ആ മുഖത്ത്.. ഇന്ന് ഉച്ചയ്ക്ക് കണ്ടപ്പോള്‍, ആദ്യമായി കിട്ടിയ ശമ്പളത്തില്‍ നിന്ന്‍ ചെറിയൊരു ഭാഗം മുത്തശ്ശിക്ക് കൊടുത്തപ്പോള്‍ മുത്തശ്ശിയുടെ മുഖത്ത് കണ്ട അതേ സന്തോഷവും വാത്സല്യവും ഇന്ന് ഞാന്‍ വീണ്ടും കണ്ടു….

പ്ധിം !


അങ്ങനെ കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്കില്‍ എന്റെ ബൈക്കിന് ആദ്യ ഉമ്മ ഇന്നു രാവിലെ കിട്ടി. സൈലന്‍സറില്‍ വന്ന് ഇടിച്ചിട്ട്, തിരിഞ്ഞു നോക്കിയപ്പോ തലയില്‍ കൈവച്ച് ഇരുന്ന് സോറി പറഞ്ഞ വെള്ളക്കാരാ, സോറീ, വെള്ളക്കാറുകാരാ.. തെറ്റു ചേട്ടന്റെയുമല്ല എന്നറിയാവുന്നതു കൊണ്ടാ ഞാനും ചിരിച്ചു കാണിച്ചിട്ട് പോയത്. കാര്യം നമ്മുടെ രണ്ടു പേരുടേം വണ്ടികള്‍ക്ക് ചുംബനത്തിനിടെ പരിക്കേറ്റെങ്കിലും എന്തു ചെയ്യാം. 

അതുപോട്ടെ, KL-04-N-6_6 നമ്പര്‍ കറുത്ത ഹ്യുണ്ടായി ആക്സന്റ് വണ്ടിക്കാരാ, നിര്‍ത്തിയിട്ട വണ്ടി റോഡിലേക്ക് ഇറക്കുമ്പോള്‍ – പ്രത്യേകിച്ച് ബ്ലോക്കിലേക്ക് – കുറച്ച് സാവധാനം, ഇരുവശവും നോക്കി ഇറങ്ങിയാല്‍ നന്നായിരിക്കും. റോഡിലെ ബ്ലോക്ക് കൂട്ടണ്ടല്ലോ എന്നു കരുതി വണ്ടി കുറുകേ വെച്ച് നാല് വാക്ക് പറയാതെ പോകാമെന്ന് എല്ലാവര്‍ക്കും തോന്നണമെന്നില്ലാ….ട്ടോ