ഓര്‍മ്മ

മഴയും പാടവും പിന്നെ ആമ്പല്‍പ്പൂവും..


thamara

 

അന്നൊക്കെ ക്രിക്കറ്റ് തുടങ്ങിയാല്‍ ഒരു മൂന്ന് കളി വരെ മാനേജ് ചെയ്യും. അത് കഴിഞ്ഞാ എങ്ങനെയെങ്കിലുമൊക്കെ ഫസ്റ്റ് ബാറ്റിങ്ങ് സംഘടിപ്പിക്കും. മറ്റൊന്നും കൊണ്ടല്ല, അപ്പോഴേക്ക് കളി മുടങ്ങാനുള്ള സാധ്യത കൂടും. പന്ത് കാണാതെ പോക്ക്, വീട്ടീന്ന് വിളി, മഴ ചാറ്റല്‍, കക്കൂസില്‍ പോകാന്‍ ധൃതി എന്നീ കാരണങ്ങള്‍ പറഞ്ഞ് കളിയുടെ പകുതിയില്‍ തുള്ളിത്തെറിച്ച് വീട്ടില്‍ പോകുന്ന ചങ്ങാതിമാരായിരുന്നു ഒപ്പം. എറിഞ്ഞുകൊടുത്ത പന്തുകള്‍ക്ക് കിട്ടാതെ പോയ ബാറ്റിങ്ങെന്ന നഷ്ടബോധം മതി അന്നത്തെ സായംസന്ധ്യ ദുഷ്കരമാക്കാന്‍. അതുകൊണ്ട് തന്നെ ആദ്യം ബാറ്റിങ്ങ് കിട്ടിയാല്‍ പിന്നെ പേടിക്കാനില്ലല്ലോ.. എങ്ങാനും കളി അലമ്പിയാല്‍ അനൂപ് മേനോന്‍ പറഞ്ഞ പോലെ അവനു വേണ്ടി എറിഞ്ഞ ബോളും, ഓടിയ ഓട്ടവും വേസ്റ്റ് ആവുംന്ന് കരുതണ്ടല്ലോ.

കിഴക്കേ മുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ തെക്കേ കയ്യാലയാവും ബൗണ്ടറി. കയ്യാലയില്‍ തന്നെയാണ് ഗമണ്ടന്‍ നാട്ടുമാവ് നില്‍ക്കണത്. ഏതോ ഒരു മുതുമുത്തച്ഛന്‍ മാങ്ങ കഴിച്ചിട്ടെറിഞ്ഞ മാങ്ങാണ്ടി വളര്‍ന്ന് വലുതായ മാവാണത്രെ ! കുളത്തിന്റെ കിഴക്കോറെ പാടത്തിന്റെയോരത്തെ മാവും, കിഴക്കെപ്പറമ്പിലെ മാവും കഴിഞ്ഞാല്‍ ഇവനാണ് കേമന്‍. ഉയരം കൊണ്ടും വലിപ്പം കൊണ്ടും എല്ലാം മൂന്നും കട്ടയ്ക്ക് നില്‍ക്കും. നമ്മുടെ ഈ ക്രിക്കറ്റ് കളിയുടെ സീസണ്‍ തന്നെയാണ് മാങ്ങാ സീസണും. എന്നാലും ഇവന് സ്ഥിരം എന്‍ഗേജ്ഡ് ആയിരിക്കും. കൂടുതല്‍ കാലവും നീറുകള്‍ ആയിരിക്കും ഇവനെ കയ്യേറുക. ഒരു വശത്തുകൂടി ചിതലും കാണും. പതിയെപ്പതിയെ പറ്റിപടര്‍ന്നു നില്‍ക്കുന്ന കുരുമുളക് വള്ളികളില്‍ മുളകുണ്ടാവും. അതെല്ലാം മൂത്ത് പഴുത്ത് കഴിയുമ്പോ കൊച്ച് വന്ന് ചാക്ക് കയറില്‍ കോര്‍ത്ത് അരയില്‍ കെട്ടി ഏണി വച്ച് മാവില്‍ കേറി മുഴുവനിങ്ങ് പറിച്ചെടുക്കും. പിന്നെ നീല പടുത വിരിച്ച് കുറച്ചുദിവസം അതെല്ലാം ഉണക്കും, അതുകഴിഞ്ഞ് പടിപ്പുര വരാന്തയിലിട്ട് ചവുട്ടിമെതിക്കും. അതിനു ഞാനും കൂടാറുണ്ട് പണ്ടു മുതല്‍ക്കേ. അതു കഴിഞ്ഞ് വീണ്ടും കുറച്ചു ദിവസം ഉണക്കും.

മെതിച്ചുകഴിഞ്ഞാല്‍ അതിന്റെ ചവറെല്ലാം കൂടി വഴിയില്‍ വിതറും. കൊതുകു ശല്ല്യം ഉണ്ടാവില്ലാ, അതിനാണെന്നാണ് എല്ലാവരും കാരണം പറഞ്ഞത്. ഇന്നും എനിക്ക് മനസ്സിലാവാത്ത കാര്യം കൊതുകെല്ലാം നേരേ നമ്മുടെ വഴിയില്‍ക്കൂടെയേ വരൂ? പറമ്പില്‍ കൂടെയോ പാടത്തുകൂടെയോ ഒന്നും കടന്നുവരില്ല? എന്തോ ! എന്തായാലും അടുത്ത വീടുകളിലും ഇതന്നെ ചെയ്യുന്നുണ്ട്. കുരുമുളക് ഉണക്കലൊകെ കഴിയുമ്പോഴേക്ക് മാങ്ങക്കാലം തുടങ്ങാറാവും. കൊച്ച് വന്ന് വീണ്ടും ഏണി വച്ച് മാവില്‍ കയറി കണ്ണിമാങ്ങ പറിക്കും. കുലകുലയായി മാങ്ങകള്‍. കറുത്ത വലിയ കുട്ടകള്‍ രണ്ടിലും നിറച്ചും പിന്നെ അത്രതന്നെയും മാങ്ങയിണ്ടാവും – മാങ്ങാന്ന് പറഞ്ഞാല്‍ കമ്പുകളും ഇലകളും ഉള്‍പ്പടെയാവും. തളത്തില്‍ നടുമുറ്റത്തിന്റെ വക്കത്ത് പലകയിട്ട് അതിലിരുന്ന് മറ്റൊരു പലകയില്‍ വെച്ചാവും അച്ഛന്‍ മാങ്ങ നേരെയാക്കുക. ഇലയും കമ്പുമെല്ലാം കളഞ്ഞ് കടുമാങ്ങയിടാനായി ആദ്യം ഉപ്പിലിടും. ഉപ്പിലിടലൊക്കെ കഴിയുന്ന സമയമാവുമ്പോള്‍ മാവിലെ മാങ്ങയൊക്കെ പഴുത്തു തുടങ്ങിക്കാണും. അപ്പോഴാണ് ക്രിക്കറ്റുകളികളും മൂക്കുന്നത്.

ഞാന്‍ എറിഞ്ഞാല്‍ പോലും വീഴുന്ന പരുവത്തിലാവും നമ്മുടെ മാവില്‍ മാങ്ങകള്‍. അത്ര തിങ്ങി നിറഞ്ഞ് മാങ്ങകളുള്ളതിനാലും, നന്നായി പഴുത്ത മാങ്ങക്ക് നല്ല രുചിയുള്ളതിനാലും, മാവ് നില്‍ക്കുന്നത് ബൗണ്ടറി ലൈനിലായതുകൊണ്ടും കൂടി സിക്സറുകള്‍ ഏറെ പായും – മാങ്ങകള്‍ വീഴും – പിന്നെ മാങ്ങാണ്ടികള്‍ പറമ്പില്‍ പതിച്ച ശേഷമേ അടുത്ത പന്തെറിയൂ, അതായിരുന്നു കണക്ക്. മാമ്പഴക്കൊതി മൂക്കുമ്പൊ റണ്‍സും വിക്കറ്റുമൊന്നും കാര്യമാക്കാതെ പന്തെറിയുക, അടിച്ചകറ്റി മാങ്ങ വീഴ്ത്തുക എന്ന രീതിയിലേക്കൊക്കെ മാറും. എന്നാല്‍ മാങ്ങ നന്നായി പഴുത്തു വരുമ്പോഴേക്ക് മഴക്കാലവും ആവും. മഴയത്തും കാറ്റത്തും ആവശ്യത്തിനു മാങ്ങ കിട്ടും.

മഴ രണ്ടു രീതിയിലും ക്രിക്കറ്റിനെ തടസ്സപ്പെടുത്താറുണ്ട്. ഒന്നുകില്‍ ഒരൊറ്റപ്പെയ്ത്താവും. അതാവുമ്പോ എല്ലാരും ചാടി വരാന്തയില്‍ കേറിയിരിപ്പാവും. എന്താണെങ്കിലും മഴ തോര്‍ന്നിട്ട് വേണല്ലോ. അപ്പൊ പിന്നെ തോര്‍ന്നാല്‍ ബാക്കി കളി ആവാമല്ലോന്നാവും പലപ്പോഴും ആഗ്രഹം. എന്നാല്‍ ചിലപ്പോ നേരേ തിരിയും. പതിയെ മഴക്കാറെത്തിത്തുടങ്ങും. സത്യം പറഞ്ഞാല്‍ അത് കാണുമ്പോളൊരു വിഷമമാണ് – മഴ പെയ്യാന്‍ ഇനി അധികസമയമില്ല, കളി ഉടനെ അവസാനിക്കുമല്ലോയെന്നോര്‍ത്ത്. എന്നാല്‍ ആ ഒരു അന്തരീക്ഷം ആകെ രസമാണ്.

മേഘങ്ങള്‍ ആകാശത്ത് തിങ്ങിനിറയും. കാറ്റ് പതിയെ തുടങ്ങി ആഞ്ഞുവീശിത്തുടങ്ങും. മുറ്റത്തുമുഴുവന്‍ ഇലകളാവും. മാവില്‍ നിന്ന് മാങ്ങകള്‍ തെറിച്ച് ദൂരേക്ക് വരെ വീഴും. ചിലപ്പോ പാടത്തിനരികിലെ മാവില്‍ നിന്ന് വീഴുന്ന മാങ്ങ പെറുക്കാന്‍ കുറേ കുട്ടികള്‍ എത്തിയിട്ടുണ്ടാവും.. കുന്നിന്‍പുറത്തുള്ളവരാരെങ്കിലും പാടത്ത് അരികുചേര്‍ന്നു നടക്കുന്നുണ്ടാവും, കാറ്റത്തു വീഴുന്ന തേങ്ങ പെറുക്കാനും പോണ വഴി ഒടിഞ്ഞു വീണ കമ്പുകള്‍ പെറുക്കാനും. കിഴക്ക് പാടത്തേക്ക് നോക്കിയാല്‍ നടുവിലുള്ള തെങ്ങുന്തോപ്പിലെ തെങ്ങുകള്‍ കാറ്റത്ത് ആടിയുലയുന്നതുകാണാം. പല തെങ്ങുകളിലുമുണ്ടായിരുന്ന കിളിക്കൂടുകളുടെ അവസ്ഥ എന്താവുമെന്ന് പലപ്പോഴും ആലോചിക്കും. ചിലത് കാറ്റില്‍ ആടുന്നത് അകലെ നിന്നും കാണാം. വിശാലമായ പാടത്ത് ഓരോ ദിക്കില്‍ നിന്നും പശുക്കളെയുമഴിച്ച് വീട്ടിലേക്ക് പോവുന്ന ആളുകളെ കാണാം. അമ്മയും തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാവും. കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ചിട്ട് മോട്ടര്‍ അടിച്ചിട്ടുണ്ടാവും. ഒപ്പം അടുക്കളയിലേക്കുള്ള വെള്ളം കോരി വെയ്ക്കും. മുറ്റത്ത് നിന്ന് നോക്കിയാല്‍ ആകാശത്ത് അങ്ങ് ദൂരെ കിളികള്‍ പറക്കുന്ന കാണാം. ചിലത് പെട്ടെന്ന് കൂടെത്താനുള്ള തത്രപ്പാടാണെന്ന് തോന്നും. എന്നാല്‍ ചിലത് വട്ടമിട്ട് കറങ്ങിക്കൊണ്ടേയിരിക്കും. കാറ്റിന്റെ ശക്തിയനുസരിച്ച് ഇലകള്‍ നിറയും. ഒപ്പം വരുന്ന മറ്റൊരു സംഗതിയാണ് തേക്കിന്റെ പൂവ്. മുറ്റത്ത് വീഴുന്നത് കൂടാതെ പറന്ന് നടുമുറ്റത്തും നിറയും. മഴയുടെ ആദ്യത്തെ തുള്ളികള്‍ വീഴുന്നതെപ്പോഴും ഒരു സുഖമാണ്. കുറച്ച് നേരം കൂടി മുറ്റത്ത് നിന്ന് കാണും. പിന്നെ കുറെ നേരം വരാന്തയിലിരിക്കും. മഴ കനത്ത് വരാന്തയിലേക്ക് വെള്ളം വീണു തുടങ്ങുമ്പോള്‍ അകത്ത് തളത്തിലേക്ക് കയറും. പിന്നെ നടുമുറ്റത്ത് മഴ കാണും.. അപ്പോഴും മഴ അധികം നീണ്ടു നില്‍ക്കരുതെന്നാവും ആഗ്രഹം. മഴ തോര്‍ന്നു കഴിഞ്ഞ് മുറ്റത്തും പറമ്പിലും നടക്കാന്‍ നല്ല രസമാവും. അതുകൊണ്ട് സധ്യയ്ക്ക് മുന്നേ മഴ തോര്‍ന്നാലേ ഇരുട്ടാവണതിനു മുന്‍പ് കറങ്ങിയെത്താന്‍ പറ്റുള്ളൂ.. മഴ തോര്‍ന്ന് പുറത്തിറങ്ങുമ്പോഴേ പടിപ്പുരയുടെ അടുത്തുനിന്നും, കിണറിന്റെ അടുത്തുനിന്നുമൊക്കെ ഈയല്‍ പറന്നു തുടങ്ങിയിട്ടുണ്ടാവും. കുറച്ചുനേരം അതിങ്ങനെ പൊങ്ങിവന്ന് പറന്നുയര്‍ന്ന് ഒടുവില്‍ താഴെ വീണ് ചിറക് വേര്‍പ്പെട്ട് പോവുന്നത് കണ്ടിരിക്കും – സമയം പോണതറിയില്ല.. മിക്കവാറും വരാന്തയില്‍ ലൈറ്റിന്റെ ചുറ്റും ഇവയെത്തും സന്ധ്യയാവുമ്പോ.. അടുത്ത ദിവസം കാലത്ത് വരാന്ത മുഴുവന്‍ ചിറകുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാവും..

ഈയലിന്റെ അഭ്യാസം കുറച്ചുനേരം കണ്ട് കഴിഞ്ഞാല്‍ നേരേ അടുക്കളഭാഗത്തൂടി വടക്കേപ്പറമ്പിലേക്കിറങ്ങും. അവിടുന്ന് റബറിന്റെയെല്ലാം ഇടയിലൂടെ നടന്ന്‍ കിഴക്ക് കുളത്തിന്റെ അരികിലൂടെ മറ്റത്തിലേക്ക്. മറ്റത്തില്‍ വൈകുന്നേരങ്ങളില്‍ പോയിരിക്കാന്‍ എന്നും ഇഷ്ടമാ.. മഴ കഴിഞ്ഞ സമയത്താണെങ്കിലൊരു പ്രത്യേക സുഖവും. വെള്ളത്തുള്ളികള്‍ മുട്ടുവരെയെത്തും പുല്ലില്‍ ചവുട്ടി നടക്കുമ്പോള്‍. ചിലയിടങ്ങളില്‍ കുറച്ചധികം വെള്ളം കെട്ടിക്കിടപ്പുണ്ടാവും. അവിടുന്ന് നടന്ന് കയറി കുളത്തിന്റെ കിഴക്കൂടി നേരെ പടിപ്പുരയുടെ പിന്നിലെത്തും. അവിടുന്നെ നേരെ കിഴക്കേപ്പാടത്തേക്കിറങ്ങും. തെങ്ങിന്‍തോപ്പ് ലക്ഷ്യമാക്കി നടക്കും, എന്നാല്‍ അതിനോട് ചേര്‍ന്നുള്ള തോടിന്റെയടുത്ത് വരെ എത്തൂ. തെക്കോട്ടൊഴുകുന്ന തോടിന്റെ അരികിലൂടെ നേരേ തെക്കോട്ട് ബാക്കി യാത്ര.

ആഴവും വീതിയും കൂടിയും കുറഞ്ഞും ഭാരതപ്പുഴപോലെയും പെരിയാറുപോലെയും തോട് നീണ്ടുപോകും. കുറേ ചെല്ലുമ്പോള്‍ തോടിന്റെ വക്ക് സിമന്റും കല്ലുമിട്ട് കെട്ടിയിട്ടുണ്ട്. എന്നാലതിനുമുന്നെ കുറച്ച് ഭാഗത്ത് നിറയെ ചെളിയും. ചെളിയില്‍ ചവുട്ടി പതിയെ നടക്കാന്‍ നോക്കുമ്പോള്‍ ഇടയ്ക്ക് ഒരു പ്രയാസം. കാല്‍ ഉയര്‍ത്താനാവുന്നില്ല. ചെരുപ്പ് ചെളിയിലുറച്ചിട്ടുണ്ടാവും. പിന്നെ കൈകൊണ്ട് ചെരുപ്പ് ഇളക്കിയെടുത്ത് കമ്പോ പുല്ലോ ഉപയോഗിച്ച് ചെളി തുടച്ചുകളയും. എന്നാലും പിന്നീട് ആ ചെരുപ്പിട്ടു നടക്കുമ്പോള്‍ കാല് തെന്നിതെന്നിപ്പോകും. കല്‍കെട്ട് തുടങ്ങുന്നതിനു മുന്‍പ് തോട്ടിലിറങ്ങി ചെരുപ്പ് കല്ലിലുരച്ചു ചെളി കഴുകും. കല്‍കെട്ടില്‍ കൂടി നടന്നുതുടങ്ങി അല്പം നീങ്ങുമ്പോള്‍ തന്നെ തോട് വലത്തേക്കും ഇടത്തേക്കും രണ്ടായി തിരിയും. ഇതുവരെ പോകാത്ത ഇടത്തേ കൈവഴി ഉപേക്ഷിച്ച് എന്നും വലത്തേക്ക് തിരിയും.

രണ്ട് ചെറിയ വളവ് കൂടി കഴിഞ്ഞാല്‍ കാണാം തോട്ടില്‍ ചെറിയ ചുവന്ന നിറം.. ആമ്പല്‍പൂവ്.. ആദ്യമാദ്യം അങ്ങിങ്ങായി ഒന്നും രണ്ടുമൊക്കെ കാണാം. വീണ്ടും മുന്നോട്ട് ചെല്ലുമ്പോള്‍ അവയുടെ എണ്ണം കൂടും.. ആരോ നട്ടുപിടിപ്പിച്ച പോലെ മനോഹരമായി ചുവന്ന ആമ്പലുകള്‍ നിറഞ്ഞുനില്‍ക്കുന്നു.. ഇടയ്ക്ക് ഓരോ താമരയും കാണാം. താമര റോസ് നിറത്തിലാവും. കടുംചുവപ്പ് നിറത്തിലുള്ള ആമ്പല്‍ തന്നെയാവും അതുകൊണ്ട് തന്നെ ഏറ്റവും ഭംഗിയുള്ളത്. നോട്ടമിട്ടങ്ങനെ നടക്കുമ്പോ എവിടെയെങ്കിലും കിട്ടും കരയോട് ചേര്‍ന്നൊരു ആമ്പല്പ്പൂവ്. കുനിഞ്ഞ് നിന്ന് പൊട്ടിച്ചെടുക്കാനാവില്ല. നിലത്തിരുന്ന്, കൈകുത്തി ഏന്തിവലിഞ്ഞ് കാലുകൊണ്ട് ശ്രമിക്കും. തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയില്‍ പെടുത്തി വലിച്ചെടുക്കും. നീണ്ട തണ്ടോടെ പൂവ് പോരും. ഒരെണ്ണം മതി. കിട്ടിയാല്‍ പിന്നെ പാഞ്ഞൊരു പോക്കാണ്. ചെളിയും ,പാടവും, തെങ്ങുംതോപ്പുമൊക്കെ മറന്നൊരോട്ടം. മുറ്റത്തെത്തിയേ നില്‍ക്കൂ. പൂവ് വിടര്‍ത്തി അകത്തേക്കോടും. നടുമുറ്റത്ത് മഴവെല്ലം നിറഞ്ഞിരിക്കുന്ന ചെമ്പില്‍ ഇട്ടുവെയ്ക്കും. എന്തോ വലിയൊരു സംതൃപ്തിയാവും പിന്നെ. പക്ഷേ രാത്രിയോടെ അതൊക്കെ മറക്കും..

പിന്നെ അവധിക്കാലത്തെത്തുന്ന ഓപ്പോള്‍മാരും, അനീത്തിമാരും, ഏട്ടന്മാരും, അനിയന്മാരുമൊക്കെയും, മഴയൊഴിഞ്ഞ സന്ധ്യാസമയവും ഒക്കെയൊന്നിച്ചുള്ള അവസരത്തില്‍ വീണ്ടും പാടത്തേക്ക്. അവരില്‍ പലര്‍ക്കും ആദ്യമായി ആമ്പല്പ്പൂവും താമരപ്പൂവും പൊട്ടിച്ചു കൊടുക്കുമ്പോഴുള്ള ആ ഗമയും സന്തോഷവും ഒന്ന് വേറെ തന്നെ..

 

ചിത്രത്തിനു കടപ്പാട്: ജിഷ്ണു –  https://www.facebook.com/pages/Jishnu-C-Krishnans-Photography-Art-Works/379978288736124?ref=ts&fref=ts

കാറ്റാടിദിനങ്ങള്‍


kattadi

സ്കൂള്‍ വിട്ട് നടന്നു വരുമ്പോ അമ്പലത്തിന്റെ പിന്നില്‍ നിന്നു നോക്കുമ്പോ കാണാം കുറച്ച് പേര്‍ അമ്പലമതിലൊക്കെ ചകിരിയും തൊണ്ടും കൊണ്ട് ഉരയ്ക്കുന്നത്. പെയിന്റടിക്കാന്‍ ഉള്ള തയ്യാറെടുപ്പ് – ഉത്സവം ഇങ്ങടുത്തുവെന്നതിന്റെ ആദ്യ അടയാളം. പിന്നെയൊരു സന്തോഷമാണ്, കാത്തിരിപ്പും. സന്ധ്യക്ക് അമ്പലത്തില്‍ പോകും, ഒരുക്കങ്ങളൊക്കെ കണ്ട് കറങ്ങി നടക്കും. അടുത്ത ദിവസങ്ങളില്‍ പെയിന്റടി തകര്‍ക്കും. രണ്ടുമൂന്ന് ദിവസം കൂടി കഴിയുമ്പോ മെയിന്‍ റോഡില്‍ നിന്ന് അമ്പലത്തിലേക്കുള്ള വഴിയരികില്‍ നിന്ന് തമ്പിയും ഒപ്പം ഒന്നുരണ്ടുപേരും നിന്ന് പുല്ലു ചെത്തുന്നതും വഴി വൃത്തിയാക്കുന്നതുമാവും സ്കൂളിന്ന് വരുമ്പോഴുള്ള കാഴ്ച്ച. അപ്പോഴേക്ക് പെയിന്റടിയൊക്കെ കഴിഞ്ഞിട്ടുണ്ടാവും. എല്ലാ വര്‍ഷവും മുടങ്ങാതെ നിക്കറിലും കയ്യിലും ചുവന്ന പെയിന്റ് പറ്റിക്കാതെ അമ്പലത്തില്‍ നിന്ന് മടങ്ങില്ല. അടുത്ത ദിവസം കവലയിലെത്തുമ്പോഴെ മാറ്റം കാണാം. റോഡില്‍ പന്തല്‍ വന്നു കഴിഞ്ഞു. കവലയിലും ഇടറോഡിലേക്ക് തിരിയുന്നിടത്തും പന്തലുപണി അവസാനഘട്ടത്തിലാവും. ഇതിന്റെയൊന്നും ഒരു ലക്ഷണവും രാവിലെ സ്കൂളിലേക്ക് പോവുമ്പോ ഉണ്ടാവില്ല, തിരികെയെത്തുമ്പഴേക്ക് എത്രവേഗം പണി തീര്‍ന്നു.. നടന്ന് അമ്പലത്തിനടുത്തെത്തുമ്പോള്‍ കമ്മിറ്റിക്കാരും നാട്ടുകാരുമൊക്കെ ആയി ചിലര്‍ ഓടിനടക്കുന്നുണ്ടാവും. തിരിച്ചെത്തി ചായ കുടിക്കുന്നത് ഉത്സവനോട്ടീസും വായിച്ചാവും. ഓരോ വാക്കും, പരസ്യം ഉള്‍പ്പടെ, മുഴുവനും കുത്തിയിരുന്ന് വായിക്കുന്ന ശീലമുണ്ട്. എങ്കിലും ഉത്സവം കഴിഞ്ഞ് രണ്ടാഴ്ച്ച വരെയുള്ള സമയത്തിനിടെ ഒരു നാലഞ്ച് തവണ നോട്ടീസ് മുഴുവന്‍ ഇങ്ങനെ വായിച്ച് സംതൃപ്തിയടയുന്നതാണ്.

നോട്ടീസ് വായന തീരാറാവുമ്പോഴേക്ക് നല്ല ഉച്ചത്തില്‍ പാട്ട് കേള്‍ക്കാം. നേരേ പടിഞ്ഞാറെ കുന്നിന്‍പുറത്ത് പതിവുപോലെ ഒരു കോളാമ്പി വെച്ചിട്ടുണ്ട്. അമ്പലത്തിനടത്ത പുളിമരത്തിലും, കവലയിലേക്കുള്ള വഴിയിലും, ബസ് സ്റ്റോപ്പിലും, കവലയിലുമെല്ലാം ഇപ്പൊ കോളാമ്പികള്‍ മുഴങ്ങിത്തുടങ്ങിക്കാണും. പക്ഷേ വരുന്ന വഴിക്ക് ശ്രദ്ധിച്ചില്ലല്ലോ! പിന്നെ ഒരു ഓട്ടം. കുളി കഴിഞ്ഞ് നേരേ അമ്പലത്തിലേക്ക്. വലിയ തിരക്കൊന്നുമില്ല. ഒരു ദിവസം കൂടിയുണ്ട് കൊടിയേറ്റിനു. കുറച്ച് ആളുകളുണ്ട്. അകത്തും പുറത്തുമൊക്കെയായി ഓരോ ജോലികള്‍ നടക്കുന്നു. ഉരു ഉത്സവ മൂഡിലെത്തിയിട്ടുണ്ട് എന്തായാലും.

അടുത്ത ദിവസം കാലത്ത് ഒരു ഉത്സാഹവുമാ, എന്നാല്‍ വിഷമവും. പെട്ടെന്നൊന്ന് വൈകുന്നേരമായാല്‍ ഉത്സവമായില്ലോ.. എന്നാല്‍ ഇത്രേമൊക്കെ തിരക്കും ബഹളവുമുള്ളപ്പോ സ്കൂളില്‍ പോകാന്‍ പതിവിലും മടി.ചെന്നാലും ഇരിപ്പുറക്കില്ലല്ലോ. രാവിലെ പോവുമ്പോഴേ അമ്പലത്തിന്റെ പിന്നില്‍ മതിലിനു പുറത്ത് വലിയ കെട്ടുകള്‍ അടുക്കിവെച്ചിരിക്കുന്നത് കാണാം.. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് നടപ്പ് പതിവുപോലെ പതുക്കെയല്ല, അല്പം വേഗത്തില്‍ തന്നെയാവും. പാലം കടക്കുമ്പോഴേ പതിയെ പാട്ടു കേട്ടു തുടങ്ങും. കവലയെത്തുമ്പോള്‍ ഉച്ചത്തിലാവും. റോഡരികിലെ മരത്തില്‍ കോളാമ്പിയുണ്ടാവും. ‘വടക്കുന്നാഥാ, സര്‍വ്വം നടത്തും നാഥാ’, ‘വൈക്കത്തു വാഴുന്ന വിശ്വനാഥാ’ തുടങ്ങിയ സ്ഥിരം ഉത്സവപ്പാട്ടുകള്‍ തന്നെയാവും കേള്‍ക്കുക. കവലയില്‍ നിന്ന് അമ്പലത്തിലേക്കുള്ള വഴി പതിവുപോലെ വിജനമായിരിക്കില്ല.. നടന്ന് നടന്ന് അമ്പലമെത്താറാവുമ്പോള്‍ വേഗം വീണ്ടും കൂടും. കാലത്ത് കെട്ടുകള്‍ കണ്ടിടത്ത് ഇപ്പൊ ചിന്തിക്കടകള്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ വലിയ പടുതയിട്ട് അടച്ചിരിക്കുകയാവും. അവിടുന്നൊരുവിധം ഓട്ടമായിരിക്കും. ഓടിയെത്തി ചായ കുടിച്ച്, കുളിച്ച് തിരിച്ച് അമ്പലത്തിലെത്തുന്ന വരെ ഒരു വെപ്രാളം.

പറമ്പിലൂടി ഓടി തമ്പിയുടെ വീട് കടന്ന് സ്റ്റേജിന്റെ പിന്നിലൂടെയാവും സ്ഥിരം എന്‍ട്രി. കൊടിയേറ്റ് മുതലെന്നും വൈകിട്ട് അമ്പലത്തിലുണ്ടാവുമെങ്കിലും നാലമ്പലത്തിനികത്തേക്ക് കയറുന്നത് തീരെ വിരളമാവും. ഒരു വര്‍ഷം മാത്രം ദീപാരാധന കഴിഞ്ഞ് നടതുറക്കുമ്പോള്‍ വലിയ മണിയടിക്കാനായി കയറി നിന്നു. പിറ്റേ ദിവസം ചെന്നപ്പോ മണിയുടെ നാവില്‍ നിന്നുള്ള കയറിന്റെ അറ്റത്തെ കൈകളുടെ എണ്ണം കണ്ട് ഞെട്ടി തിരിച്ചു പോന്നു. അതുകൊണ്ട് മുറ്റത്തൊക്കെ കറങ്ങി നടപ്പ് തന്നെ പ്രധാന പരിപാടി. അവിടുന്നുമിവിടുന്നുമൊക്കെ ഏതെങ്കിലും ചങ്ങാതിമാരെ കൂട്ടുകിട്ടും. നടപ്പോട് നടപ്പാണ് പിന്നെ. ആലിഞ്ചോട്ടിലും പടിഞ്ഞാറെ നടവഴിയിലും സ്റ്റേജിലും റോഡിലുമായി നടപ്പ്. കുറച്ച് കഴിയുമ്പോഴേക്ക് കാലൊക്കെ വേദനിച്ചൊരു പരുവമായിണ്ടാവും. ചെരുപ്പൊന്നും കൊണ്ടുപോയിട്ടുണ്ടാവില്ല. തെക്കേ മതിലിനപ്പുറെ അപ്പോഴേക്ക് വെടിനാരായണന്‍ എത്തി കതിനയില്‍ മരുന്നു നിറച്ചു തുടങ്ങിക്കാണും. അതു കണ്ട് നില്‍ക്കുമ്പോഴാവും മിക്കവാറും ചങ്ങലയുടെ ശബ്ദം – ആന എത്തി. ദീപാരാധനയ്ക്ക് നടയടച്ചിട്ടുണ്ടാവും. നേരെ ആനക്കൊട്ടിലില്‍ പോയി നിക്കും. നടതുറന്നാല്‍ തിരക്കിനിടെ ഒരു വിധം കണ്ടുതൊഴുതെന്ന് വരുത്തി ചാടി സ്റ്റേജില്‍ കേറും. കൂട്ടുപ്രതികളും എത്തിയിട്ടുണ്ടാവും.

പത്തുപതിനഞ്ച് മിനിറ്റ് കഴിയുമ്പോള്‍ കൊടിയേറ്റിന്റെ ഭാവം ആവും. കൊടിമരച്ചുവട്ടില്‍ തിരക്ക് കൂടിയുട്ടാണ്ടാവും. എന്നാലും സ്റ്റേജില്‍ നിന്നാല്‍ സുഖായിട്ട് കാണാം. കൊടികയറി തുടങ്ങുമ്പോള്‍ എല്ലാവരും ചലപില നിര്‍ത്തി തൊഴുതു നില്‍ക്കും. എന്നാല്‍ വെടി നാരായണന്‍ വെടിപൊട്ടിക്കല്‍ അപ്പോഴേക്ക് തുടങ്ങും. തൊഴുത കൈകള്‍ നേരേ ചെവിയിലെത്തും. വെടിക്കെട്ട് കഴിഞ്ഞ ശേഷം കൊടി നോക്കി തൊഴുത് ചാടിയിറങ്ങും. വീണ്ടും അലച്ചില്‍ തുടങ്ങും. അങ്ങോട്ടും ഇങ്ങോട്ടും ഒരു പണീമില്ലാതെ. അതുകഴിയുമ്പോ നേരേ ചിന്തിക്കടയിലേക്ക്. അരികുപിടിച്ച് നിന്ന് എല്ലാം നോക്കും. ചിലതൊക്കെ എടുത്ത് നോക്കും, ബാക്കി കണ്ട് തൃപ്തിയടയും. ഓരോ ഉത്സവത്തിനും ഓരോ അത്ഭുത ഐറ്റംസ് ഉണ്ടാവും. റിമോട്ടുള്ള കാറ്, വീഡിയോ ഗെയിമെന്ന് പറഞ്ഞ് തരുന്ന ബ്രിക്ക് ഗെയിം, സ്പ്രിംഗ് ഉള്ള വടിയില്‍ നിന്ന് തൊടുക്കുന്ന എയറോപ്ലെയിന്‍, ലൈറ്റ് കത്തുന്ന മോതിരം അങ്ങനെ പലതും. ഉത്സവത്തിനു പരിചയപ്പെടുന്ന ചില കൂട്ടുകാരുണ്ട്. അവന്മാര്‍ ചെറിയ എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടാവും. അതോടെപതിയെ കമ്പനി വിടും. അവ്ന്മാരെ പിടിച്ചാല്‍ കൂട്ടുകാരനാന്ന് പറഞ്ഞ് എന്നെയും പിടിക്കുമോന്ന് പേടി !

റിമോട്ട് കാറും ബ്രിക്ക് ഗെയിമുമൊക്കെ അഴിച്ചു പണിയുന്നത് ബിപിന്റെ ഭാഗമാണ്. എന്തെങ്കിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ടാവും ആള്. ഇനി മാറ്റം വരുത്താന്‍ പറ്റിയില്ലെങ്കില്‍ അഴിച്ചു പണിത് നശിപ്പിച്ചിട്ടെങ്കിലുമുണ്ടാവും. എന്നാല്‍ സ്പ്രിംഗ് എയ്റോപ്ലെയിന്‍, ലൈറ്റ് മോതിരം ഒക്കെ ശ്രീരാജിന്റെ ഏരിയയിലാണ്. സ്പ്രിംഗ് എങ്ങനെ പിടിപ്പിച്ചു, എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നു എന്നൊക്കെ നോക്കി പരീക്ഷണം നടത്തല്‍. ഉത്സവം തീരാറായപ്പോ ലൈറ്റ് മോതിരം ഒരെണ്ണമാ ബാക്കി. അപ്പൊ തന്നെ ഒരു വിധത്തില്‍ അമ്മയെ സോപ്പിട്ട് പത്തു രൂപാ വാങ്ങി കൊടുത്ത് മോതിരം കൈക്കലാക്കി. രാത്രിയെപ്പഴോ ആരോപറഞ്ഞപ്പോഴാണ് മോതിരം പോക്കറ്റില്‍ കിടന്ന് ലൈറ്റ് കത്തുന്നത് ശ്രദ്ധിച്ചത്. ചുവപും പച്ചയും നിറത്തില്‍ വെളിച്ചം. അറ്റം തിരിച്ചാലെ കത്തൂന്ന് പറഞ്ഞിട്ട് ഇത് ഇടയ്ക്കിടെ കത്തുന്നല്ലോ. അപ്പോഴാണ് ശ്രീരാജ് പ്രത്യക്ഷപ്പെടുന്നത്. മോതിരം തുറന്നു, രണ്ട് ബാറ്ററി (ചങ്ങാതിക്കൂട്ടത്തിന്റെ ഭാഷയില്‍ ബാള്‍ട്ടറി) എടുത്തു നോക്കി. ഒരെണ്ണം തലതിരിച്ച് വെച്ച് അടച്ചു – ‘ ഇനി ഇവനല്ല, ഇവന്റപ്പൂപ്പന്‍ കത്തൂല്ലാ’ ! അതുറപ്പാ ! അതുകൂടി കഴിഞ്ഞാല്‍ പിന്നെ ബാക്കി വലിയ കമ്പുമ്മേല്‍ കുത്തിവച്ച കാറ്റാടികളും ബലൂണുകളുമായെത്തുന്ന രണ്ടുപേര്‍. കൈവിട്ടാല്‍ പറന്നുപോവുന്ന ഹൈഡ്രജന്‍ ബലൂണ്‍ ഇടയ്ക്ക് ഹിറ്റായി. അത് രണ്ടും ഓരോന്ന് സ്വന്തമാക്കും.

ഉത്സവം കഴിയുമ്പോഴേക്ക് ആകെ വിഷമമാവും. ഇനി തികച്ചൊരു വര്‍ഷം കാത്തിരിപ്പ്. അടുത്ത ദിവസം കാണാം പന്തലുകള്‍ അഴിക്കുന്നു, കോളാമ്പികളും റ്റ്യൂബുകളുമൊക്കെ അഴിക്കുന്നു. വൈകുന്നേരമായാല്‍ പാട്ട് കേള്‍ക്കാനില്ല. കവലയില്‍ നിന്നുള്ള വഴി വീണ്ടും വിജനം. രണ്ടാം ദിവസം വൈകിട്ടാവുമ്പഴേക്ക് ചിന്തിക്കടകള്‍ സ്ഥലം വിടും. അതാണ് അവസരം. എല്ലാരും കൂടി ചിന്തിക്കടകളിരുന്ന സ്ഥലത്തെത്തും. പിന്നെ നിലത്ത് മുഴുവന്‍ അരിച്ചുപെറുക്കലാണ്. കടക്കാരുടെ കയ്യീന്ന് വീണുപോയ ചില്ലറകള്‍ തപ്പുകയാണ് പരിപാടി. പത്ത് പതിനഞ്ച് രൂപാ വരെയൊക്കെ ചിലപ്പോ കിട്ടും. അതാണ് ഉത്സവത്തിന്റെ അവസാന ചടങ്ങ്. മോതിരം ഏതെങ്കിലും മേശയുടെ ഡ്രോയിലോ ഏതെങ്കിലും മുറിയിലോ വച്ചു മറക്കും, ബലൂണ്‍ അടുത്ത ദിവസം വരെയാവും ആയുസ്സ്. ഒടുവില്‍ ഉത്സവത്തിന്റെ ബാക്കിപത്രം ആ കാറ്റാടി മാത്രമാവും..

ചിത്രത്തിനു കടപ്പാട്: https://www.facebook.com/pages/Jishnu-C-Krishnans-Photography-Art-Works/379978288736124

അന്ത്യം.


maranam

ആരൊക്കെയോ മുറിയില്‍ ഉണ്ട്. അതോ അടുക്കളയിലോ. തീര്‍ച്ചയില്ല. സംസാരിക്കുന്ന ശബ്ദം വളരെ നേര്‍ത്തേ കേള്‍ക്കുന്നുള്ളൂ. കുറച്ച് നാള്‍ മുന്‍പ് തന്നെ കേള്‍വി കുറഞ്ഞുവരുന്നതായി മനസ്സിലാക്കിയിരുന്നു. അടുത്ത് നിന്ന് സംസാരിച്ചത് പലതും പൂര്‍ണ്ണമായി വ്യക്തമായില്ല. അതും എത്ര നാളായെന്ന് അറിയില്ല. ഈ കിടപ്പ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായെന്ന് മാത്രമറിയാം. നാലു ചുമരുകള്‍ക്കുള്ളില്‍, നാല് കാലുള്ള കട്ടിലില്‍, നാല് ഋതുക്കളും അറിയാതെയും അനുഭവിക്കാതെയും ഒതുങ്ങേണ്ടി വന്നിട്ട് കാലം കുറച്ചായി. പതിവില്ലാതെ ആരൊക്കെയോ എത്തിയിട്ടുണ്ടെന്ന് ആ നേര്‍ത്ത ശബ്ദങ്ങളില്‍ നിന്ന് വ്യക്തം. തല അല്പം പോലും തിരിക്കാനാവാതായിട്ട് ഏറെ സമയമായി. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസമായിട്ടുണ്ടാവും. തിരിഞ്ഞൊന്ന് നോക്കുവാന്‍ കഴിയില്ല. പക്ഷേ ഇപ്പൊ കണ്ണ് തുറക്കാനും ബുദ്ധിമുട്ട്. ഏറെ നേരം ശ്രമിച്ചാല്‍ അല്പം തുറന്ന് വെയ്ക്കാന്‍ കഴിയുന്നുണ്ട്. കണ്ണ് തുറന്നാലും ആകെ കാണുക വെളുത്ത ചുമരും ഒരു പഴയ കലണ്ടറും. അതും വ്യക്തമല്ല. സഹകരണ ബാങ്കിലെ കലണ്ടര്‍ ആണോയെന്നും തീര്‍ച്ചയില്ല. ഓര്‍മ്മിക്കാനാവുന്നില്ല. കാലിനു വല്ലാത്ത ഭാരം തോന്നുന്നു. ഒന്നു മടക്കി വെയ്ക്കണമെന്നുണ്ട്. കഴിയുന്നില്ല. നന്നായി തണുക്കുന്നു. ആരെങ്കിലും ഒന്നു പുതപ്പിച്ചിരുന്നെങ്കില്‍.. കൈകള്‍ ചൊറിഞ്ഞപ്പോള്‍ തൊലിപോയി ചോര പൊടിഞ്ഞിടത്ത് ഈച്ചകള്‍ വന്നിരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴുമുണ്ടോ ആവോ. കാണാനാവുന്നില്ല; കയ്യുയര്‍ത്താനും. ഇന്നലെയെപ്പൊഴോ വലതുകൈ ഉയര്‍ത്താനാവാതെ വന്നപ്പൊ ഇടതുകൈ ഭിത്തിയിലുരസി ചൊറിച്ചിലിനു ആശ്വാസം നേടാന്‍ നോക്കി. പക്ഷേ കുറേ തൊലി പോയി. വലിഞ്ഞു വലിഞ്ഞു തൂങ്ങിയ തൊലി മുഴുവന്‍ പോവുന്നല്ലോ.. ശ്വാസം വലിക്കാന്‍ നല്ല ബുദ്ധിമുട്ട് തോന്നുന്നു. വായ് തുറക്കാന്‍ ശ്രമിക്കുന്നുണ്ട്, അല്പം തുറക്കാന്‍ കഴിഞ്ഞെന്ന് തോന്നുന്നു.. തൊണ്ടയില്‍ ചെറിയ വേദന തോന്നുന്നു; എങ്കിലും വായിലൂടെ തന്നെ ശ്വാസമെടുക്കാം. പക്ഷേ പതിയെ ചുണ്ടുകള്‍ക്ക് ഒരു മരവിപ്പ്. ആകെ വരണ്ടുണങ്ങുന്നത് പോലെ. വീണ്ടും മൂക്കിലൂടെ തന്നെ ശ്വാസമെടുക്കാന്‍ ശ്രമിക്കുക തന്നെ. വായിലൂടെ ശ്വാസമെടുക്കുന്നില്ലായെന്ന് മനസ്സിലായിട്ടാണോ എന്തോ ആരോ അല്പം വെള്ളം ഇറ്റിക്കുന്നുണ്ട്. ചൂടോ തണുപ്പോ മധുരമോ കയ്പ്പോ ഒന്നും അറിയാന്‍ വയ്യ. ഒരു രുചിയും മനസ്സിലാവുന്നില്ല. കുറേശ്ശെ വളരെ പതിയെ വെള്ളം ഇറക്കാനാവുന്നുണ്ട്. ഇറക്കി, വീണ്ടും ഇറക്കി. മതിയായി, പക്ഷേ വീണ്ടും വെള്ളം വായില്‍ നിറയാന്‍ തുടങ്ങുന്നു. ഇറക്കാനാവുന്നില്ല ഇപ്പൊ. മനസ്സിലായെന്നു തോന്നുന്നു, നിര്‍ത്തി. അല്പനേരം ശ്രമിച്ചു, പക്ഷേ വെള്ളം ഇറങ്ങുന്നില്ല. പതിയെ പതിയെ നീങ്ങിത്തുടങ്ങി. ഒടുവില്‍ പെട്ടെന്ന് ഒക്കെ ഒന്നിച്ച് ഇറങ്ങി – നെഞ്ച് ഒന്ന് വിലങ്ങിയ പോലെ. ഒന്ന് തിരുമണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ലല്ലോ.. …. മയങ്ങിപ്പോയതോ ബോധം പോയതോ എന്തോ.. എത്ര നേരം കഴിഞ്ഞെന്നറിയില്ല. ആരോ തട്ടിവിളിക്കുന്നുണ്ട്. രമേശനാണ്.. കാണാന്‍ വയ്യ, എങ്കിലും ശബ്ദം കേട്ട് മനസ്സിലാവുന്നു. ആദ്യമൊന്നും വ്യക്തമായില്ല. എന്നെ വിളിച്ച് നോക്കുകയാണ്, പ്രതികരണമുണ്ടോന്ന്‍ അറിയാനാവും. ‘കാണാമോ.. നോക്ക്യേ.. കേള്‍ക്കുന്നുണ്ടോ..’ ഇതൊക്കെയാണ് ചോദ്യങ്ങളെന്ന്‍ മനസ്സിലാകുന്നു.. പക്ഷെ ഒന്നും പറയാന്‍ പറ്റുന്നില്ല..  അയാള്‍ തല വെട്ടിച്ച് ആരെയോ നോക്കുന്നുണ്ട്.. മുറിയില്‍ ആരെങ്കിലും ഉണ്ടാവും.. കാതോര്‍ക്കാന്‍ ശ്രമിച്ചു നോക്കി.. ‘ആശുപത്രിയില്‍ കൊണ്ടോവേണ്ട കാര്യമില്ല. ഇനി അതുകൊണ്ട് എന്താവാനാ.. എത്ര മണിക്കൂറോ ദിവസമോ എന്ന്‍ മാത്രം..’ രമേശന്‍ പറയുന്നത് എന്നെ പറ്റിയാണല്ലോ.. എന്റെ.. എന്റെ മരണത്തെപ്പറ്റി.. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ എന്റെ ശ്വാസം നിലക്കുമെന്ന്.. ഒന്നും കാണാനും കേള്‍ക്കാനും അറിയാനും ഇല്ലാതെ ജഡമായി മാറാന്‍.. എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു.. മരണം വാതില്‍ക്കലെത്തി.. എന്തോ ഒരു അസ്വസ്ഥത.. ഒന്ന് ഞെളിപിരി കൊള്ളണം എന്ന തോന്നുന്നുണ്ട്.. കഴിയുന്നില്ല.. എന്തെല്ലാമോ പറയാന്‍.. പക്ഷെ.. ഇന്നു വരെയില്ലാത്ത ഒരുതരം അവസ്ഥ.. ജീവിതം എണ്‍പത് വര്‍ഷത്തിനു മേല്‍ അനുഭവങ്ങള്‍ തന്നെങ്കിലും മതിയാക്കി പോവാന്‍ കഴിയുന്നില്ല.. ‘ഒരു വര്‍ഷത്തോളമായി കിടപ്പായിട്ട്. ഒന്ന്‍ ശ്വാസം വിടാന്‍ സമയമില്ല. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കക്കൂസില്‍ കൊണ്ടുപോവാനും തുണി അലക്കാനും ഒക്കെ മാത്രമായി ഇവിടെ നോക്കിയിരിക്കണം. മടുത്തു പോയി. ഒരു ഹോം നേഴ്സിനെ വച്ചതിനെ ചീത്ത പറഞ്ഞ് ഒടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. അതും കൂടി ഇപ്പൊ ഞാന്‍ അനുഭവിക്കേണ്ടി വന്നില്ലേ.. ഇടയ്ക്ക് മലവും മൂത്രവുമെല്ലാം കിടക്കുന്ന കിടപ്പില്‍ തന്നെ.. ഇതൊക്കെ എടുത്ത് കഴുകിയിടുക എന്ത് കഷ്ടമാന്നോ.. നാറ്റം സഹിക്കാന്‍ വയ്യ.. എന്തിനെങ്കിലും ഒന്ന്‍ പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല ഇതിനിടെ.. ഇതുപോലെ കഷ്ടപ്പെടുത്താന്‍ ഞാനെന്തു തെറ്റാണാവോ ചെയ്തത്..’ ശബ്ദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല.. എട്ടു വയസ്സ് മുതല്‍ ഒപ്പം നിര്‍ത്തി പഠിപ്പിച്ച്, വളര്‍ത്തി വലുതാക്കി, ആവശ്യത്തിലേറെ പൊന്നും പണവും നല്‍കി വിവാഹവും നടത്തിക്കൊടുത്തതല്ലേ.. സഹോദരിയുടെ മകള്‍ തന്നെ.. ഒരു വിവാഹവും കുടുമ്പവും വേണ്ടാന്ന്‍ തോന്നിയത് എപ്പോഴെന്നോ എന്തിനെന്നോ അറിയില്ല.. എന്നാല്‍ സന്യാസമോ ആത്മീയതയോ ഒന്നും മനസ്സില്‍ പതിഞ്ഞുമില്ല.. വിവാഹവും മക്കളും ഇല്ലാത്തതിനാല്‍ ആ ദു:ഖം മൂലമെന്ന്‍ പറയാന്‍ വയ്യ.. എങ്കിലും ഒരു സന്തോഷത്തിനു വേണ്ടിയാണ് അവളെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.. സ്വന്തം മകളായേ കരുതിയിട്ടുള്ളൂ.. എന്നാല്‍ സ്വന്തം ഭാര്യയും മക്കളും എന്നത് പകരം വെയ്ക്കാവുന്ന ഒന്നല്ല എന്നത് ഈ വൈകിയ വേളയിലെങ്കിലും പഠിക്കാനാവും ഇതുവരെ കിടത്തിയത്.. പക്ഷെ ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത എന്റെ ജീവിതത്തില്‍ ഇങ്ങനൊരു പാഠം പഠിക്കുന്നതിനു എന്ത് പ്രസക്തി? തെറ്റ് തിരുത്തുവാനോ മറ്റാരെയെങ്കിലും പഠിപ്പിക്കുവാനോ ഇനി അവസരമില്ല.. ജീവിതത്തില്‍ ഒരു പങ്കാളിക്കും മക്കള്‍ക്കും എന്താണ് സ്ഥാനമെന്ന്‍ അതുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ലല്ലോ.. വേണ്ട.. ഇനിയും വേണ്ട.. ശ്വാസം നിലചിരുന്നെങ്കില്‍.. ഇനിയും ആരെയും ബുദ്ധിമുട്ടിക്കാനില്ല.. ശരീരം നിലച്ചു കഴിഞ്ഞു.. ഇപ്പോള്‍ മനസ്സും.. ഇനി ഈ ജീവന്‍ കൂടി.. നെഞ്ചില്‍ ചെറിയ വേദന.. ശ്വാസം എടുക്കാനൊരു ബുദ്ധിമുട്ട്.. വായ തുറക്കാന്‍ കഴിയുന്നില്ല.. കണ്ണ്‍ തുറക്കാന്‍ കഴിയുന്നില്ല.. തൊണ്ട വരളുന്നു.. ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കില്‍.. കഴിയുന്നില്ല.. ചോദിക്കാന്‍.. ശരീരം നിലച്ചു തുടങ്ങി.. ഒരിറ്റ് വെള്ളം……

മരണം; അല്ല, മരണങ്ങള്‍ !


ഏതൊരാള്‍ക്കും ഏറ്റവും വേദനാജനകമായത് മരണമാണ്; പക്ഷേ അതൊരിക്കലും സ്വന്തം മരണമല്ല.. സ്വന്തം മരണം തീര്‍ച്ചയായും വേദനാജനകം തന്നെ, എങ്കിലും അതോടെ എല്ലാം അവസാനിക്കുകയാണ്. അതിനാല്‍ തന്നെ സ്വന്തം മരണം ഒരു നഷ്ടമായി പറയാനാവില്ല. പക്ഷേ തന്റെ ജീവിതത്തില്‍ ഏറെ പ്രാധന്യമുള്ളതെന്ത് നഷ്ടപ്പെട്ടാലും അത് ജീവിതാന്ത്യം വരെ സഹിക്കുക സ്വന്തം മരണത്തെക്കാള്‍ ബുദ്ധിമുട്ടാണ്.

ഒരു മനുഷ്യന്റെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചിടത്തോളം മരണം എന്നത് ജീവനുള്ളതിന് മാത്രം സംഭവിക്കുന്നതല്ല.ആരും എന്തും ഏതും മരണപ്പെടുന്നു; നമ്മുടെ ജീവിതത്തില്‍ അവയുടെ / അവരുടെ റോള്‍ അവസാനിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഓര്‍മ്മകളിലേക്ക് അവര്‍ / അത് മാറ്റപ്പെടുന്നു. ഒരു സുഹൃത്തോ, ബന്ധുവോ മരിക്കുമ്പോള്‍, ചിലപ്പോള്‍ ഒരിക്കല്‍ മാത്രം കണ്ടവരോ, അധികം അടുപ്പമില്ലാതിരുന്നവരോ ആവാം, വളര്‍ത്തുമൃഗങ്ങളാവാം; പട്ടിയോ പൂച്ചയോ അങ്ങനെ ആരുടെ മരണവും നികത്താനാവാത്ത ഒരു വിടവ് ജീവിതത്തില്‍ സൃഷ്ടിക്കും. ബദലായി ആരെത്തിയാലും നഷ്ടം നഷ്ടം തന്നെയാണ്, ആ ഓര്‍മ്മകള്‍ കുറേക്കാലത്തേക്കോ, ജീവിതാന്ത്യം വരെയോ വല്ലപ്പോഴുമെങ്കിലും നമ്മെ നോവിക്കും.

ഈ വേദനയ്ക്ക് പക്ഷേ മരണം തന്നെയല്ല കാരണമാവുക.. മരണപ്പെട്ടില്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞ് പോക്ക്.. ഒരു പ്രണയബന്ധത്തിന്റെ അവസാനം, ഒരു സൗഹൃദത്തിന്റെ അവസാനം അങ്ങനെ പല നഷ്ടങ്ങള്‍.. അവയൊക്കെ സംഭവിക്കുമ്പോഴും മനസ്സിന്റെയൊരു കോണില്‍ ചിലപ്പോള്‍ ശുഭപ്രതീക്ഷ ഉണ്ടായേക്കാം; വീണ്ടുമൊരിക്കല്‍…. പക്ഷേ ജീവിതമവസാനിപ്പിച്ച് നമ്മുടെ ജീവിതത്തിലൊരു ശൂന്യത സൃഷ്ടിച്ച് പോകുന്നവരെ പറ്റി കുറേ നല്ല ഓര്‍മ്മകള്‍ മാത്രം !

ഇതേ അവസ്ഥ തന്നെയാണ് ജീവനില്ലാത്തവയെപ്പറ്റിയും മനുഷ്യന്.. പ്രിയപ്പെട്ട വാഹനം, വീട് അങ്ങനെയെന്തും.. പുതിയൊരു വീട് വയ്ക്കാനുള്ള ശ്രമത്തിനിടെ നിലവിലുള്ള പഴയ വീടിന്റെ ഭാഗമായ പടിപ്പുര പൊളിക്കുന്ന അവസ്ഥയില്‍ വല്ലാത്ത വിഷമം തോന്നി.. നല്ലതും ചീത്തയുമായ ഏറെ ഓര്‍മ്മകള്‍.. ഏതാണ്ട് ഏഴ് വര്‍ഷത്തോളം ഞാന്‍ കഴിഞ്ഞിരുന്നത് പടിപ്പുരയിലെ ഒരു മുറിയിലായിരുന്നു.. ആ മുറിയിലിരുന്ന് എത്ര തവണ സന്തോഷിച്ചു, പൊട്ടിച്ചിരിച്ചു, സങ്കടപ്പെട്ടു, കരഞ്ഞു.. പല ജോലികളും, തിരക്കുകളും, യാത്രകളും കഴിഞ്ഞ് വരുമ്പോള്‍ എത്രയോ തവണ കാഴ്ചയില്‍ തന്നെ എനിക്ക് ആശ്വാസമേകി..എത്രയോ ദിവസങ്ങള്‍ സുഖനിദ്രയേകി.. എന്തൊക്കെ എഴുതി.. എത്രയോ സുഹൃത്തുക്കളുമൊപ്പം സമയം ചിലവഴിച്ചു.. മഴ പെയ്യുമ്പോള്‍ ജനലും തുറന്നിട്ട് വിസ്തരിച്ച് മുറുക്കിക്കൊണ്ട് ജനാലയ്ക്കല്‍ ചാരിയിരുന്ന് എത്ര നാള്‍ കഴിഞ്ഞു.. മുഖമ്മൂടികളോ, പുറമ്മോടികളോ ഇല്ലാതെ ആരുമറിയാത്ത ഞാനെന്ന പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞ നാല് ചുമരുകള്‍.. ഇന്നെന്റെ കൈകൊണ്ട് തന്നെയാ നാലു ചുമരുകള്‍ പൊളിഞ്ഞുവീഴുമ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ മനസ്സില്‍.. എങ്കിലും മറക്കാനാഗ്രഹിക്കുന്നവ പ്രിയപ്പെട്ടതെങ്കിലും മറന്നേ പറ്റൂ.. അത് ഈ ചുമരുകള്‍ക്കിടയിലെ കുമ്മായം പോലെ പൊടിഞ്ഞ് നുറുങ്ങി പോവട്ടേ.. വേദനകളെല്ലാം വെട്ടുകല്ലുകള്‍ പോലെ തകര്‍ന്ന് പോട്ടെ.. അനുഭവിച്ച് തൃപ്തിയായ ഏതാനം നല്ല നിമിഷങ്ങള്‍ പൊട്ടാത്ത ഓടുകള്‍ക്കും ഒടിയാത്ത കഴുക്കോലുകള്‍ക്കുമൊപ്പം എന്റെ പുതിയ വീട്ടിലേക്കുമെത്തട്ടേ.. ഓര്‍മ്മകളുടെ നിലനില്പ്പ്..

 

ഇമ്മാതിരി ഭ്രാന്തന്‍ ചിന്തകളും ഒരിക്കല്‍ മരണപ്പെട്ട് എനിക്ക് സ്വസ്ഥത ലഭിക്കുമായിരിക്കും….!

ഓര്‍മ്മകള്‍ പിന്നോട്ട്..


ഭിക്ഷ ചോദിച്ച് പലതരം ആളുകള്‍ നമ്മുടെയടുത്ത് ദിവസേന എത്തും. ഓരോരുത്തരെ കാണുമ്പോഴും ഓരോ സംശയമാണ്. കുട്ടികളാണെങ്കില്‍ അത് ഭിക്ഷാടനമാഫിയ ആവും, സ്ത്രീകളെങ്കില്‍ മോഷണമാവും ലക്ഷ്യം, പുരുഷന്മാരെങ്കില്‍ ഇവര്‍ക്കെന്താ പണിയെടുത്ത് ജീവിച്ചാല്‍, വികലാംഗരെങ്കില്‍ ഇവരുടെ വൈകല്യം യഥാര്‍ത്ഥമാണോ, പ്രായമായ പുരുഷന്മാരാണെങ്കില്‍ അധികം പേര്‍ക്കും എന്താ പുച്ഛഭാവവും ദേഷ്യവും – ഇങ്ങനെയെല്ലാം പലരും ചിന്തിക്കും.. പക്ഷേ പ്രായമായ സ്ത്രീകളെയാണ് ആ അവസ്ഥയില്‍ കാണുന്നതെങ്കില്‍ അല്പം വിഷമം തോന്നും.. ആരും സംരക്ഷിക്കാനില്ലാതെ ദയനീയതയോടെയാവും അവരെ കാണുക.. ആരോഗ്യമില്ല, ഭക്ഷണവും വസ്ത്രവുമില്ല, ആണ്‍തുണയില്ല, കിടക്കാന്‍ ഒരു കൂരയില്ല.. ഇവരെവിടെപ്പോവും, എന്ത് കഴിക്കും..

പണ്ട് ആദ്യമായി ബ്ലോഗെഴുത്ത് തുടങ്ങിയപ്പോള്‍ എന്തൊക്കെ എഴുതണം എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. സ്വന്തം അനുഭവങ്ങള്‍ തന്നെ ഓര്‍മ്മയില്‍ നിന്ന് എഴുതാമെന്ന് ഒടുവില്‍ തീരുമാനിച്ചു. സന്തോഷവും സങ്കടവും എല്ലാമായി ഏറെയുണ്ടെങ്കിലും ആദ്യം എന്തെഴുതെണമെന്ന് ഒട്ടും സംശയം തോന്നിയിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കോട്ടയം ബസ് സ്റ്റാന്റില്‍ വച്ച് കണ്ട ഒരു അമ്മുമ്മ. ആരും തുണയില്ലാതെ ഭിക്ഷയെടുക്കുന്ന ഒരു അമ്മുമ്മ. മക്കളേ, കുഞ്ഞുങ്ങളേയെന്നു വിളിച്ച് പൊട്ടിക്കരയുന്ന അമ്മുമ്മ. പോക്കറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു നാണയം ബസു കയറാനുള്ള ഓട്ടത്തിനിടയില്‍ അമ്മൂമ്മയ്ക്ക് നേരേ നീട്ടിയെങ്കിലും കൈതട്ടി താഴെയെങ്ങോ വീണു.. ബസ്സില്‍ കയറി പുറപ്പെടുമ്പോഴും ആ നാണയത്തിനു വേണ്ടി നിറകണ്ണുകളോടെ തിരയുന്ന അമ്മൂമ്മയെയാണ് കണ്ടത്. അന്ന് ബസ്സിലിരുന്ന് അതോര്‍ത്ത് എന്തിനാണ് കരഞ്ഞെതെന്നറിയില്ല. ആ കാഴ്ച്ച ഇന്നും മനസ്സില്‍ അതേപോലെ മായാതെയുണ്ട്. ജീവിതത്തില്‍ ആദ്യമായി മനസ്സിനെ തൊട്ട ഒരു സംഭവമാണ്.. ഇന്നും ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണു നിറയും.. ഇന്നും കോട്ടയത്ത് അതേ ബസ് സ്റ്റാന്റില്‍ ചെല്ലുമ്പോള്‍ അറിയാതെ ആ അമ്മൂമ്മയെ തിരയും.. എന്തിനാണെന്ന് അറിയില്ല.. പക്ഷേ ഇന്നും മനസ്സിലൊരു വേദനയാണ്.. അതാവും പഴയ തമാശകളൊക്കെ ഒഴിവാക്കി ഒരു ഡയറിയെഴുത്തു പോലെ വീണ്ടും ബ്ലോഗെഴുത്ത് പതിയെ ആരംഭിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ അതേ സംഭവം വീണ്ടും പുതിയ ബ്ലോഗിലും ആദ്യ പോസ്റ്റായി എത്തിയത്..

പത്തുപതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് അന്നത്തെ പോലെയൊരു ദയനീയ മുഖം കണ്ടത് ഈയിടെയാണ്. കൊച്ചിയില്‍.. ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ വഴിവക്കത്ത്.. അല്പം വേഗതയില്‍ ബൈക്കില്‍ കടന്നുപോയപ്പോള്‍ പെട്ടെന്ന് മനസ്സില്‍ പണ്ട് പതിഞ്ഞ അതേ മുഖം തന്നെയാണ് കണ്ടത്. ഇപ്പോള്‍ കുറച്ചുദിവസങ്ങളായി എന്നും കാണുന്നു.. കൈയ്യിലെ ഏതാനം നാണയങ്ങള്‍ക്കിടയിലേക്ക് ഞാനൊരു നോട്ട് വച്ചുകൊടുത്തപ്പോള്‍ ആദ്യം വിഷമത്തോട് തന്നെ മുഖത്തേക്ക് നോക്കി.. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു നിസ്സംഗത ആ മുഖത്ത്.. ഇന്ന് ഉച്ചയ്ക്ക് കണ്ടപ്പോള്‍, ആദ്യമായി കിട്ടിയ ശമ്പളത്തില്‍ നിന്ന്‍ ചെറിയൊരു ഭാഗം മുത്തശ്ശിക്ക് കൊടുത്തപ്പോള്‍ മുത്തശ്ശിയുടെ മുഖത്ത് കണ്ട അതേ സന്തോഷവും വാത്സല്യവും ഇന്ന് ഞാന്‍ വീണ്ടും കണ്ടു….

ഒരു ഉത്സവത്തിന്റെ ഓര്‍മ..!


കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി പഴയ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്ന ഒരു കഥ. ഇന്ന് ഓര്‍ത്തപ്പോള്‍ അതിന്റെയൊരു കോപ്പി ഇവിടെയും വച്ചു.. 

 

“എന്റെ ഗണപതി ഭഗവാനെ…!!” ഭൂമിയില്‍ എത്തിയ ശേഷമാണ് ഇത്രയും നേരം എന്നെയും പുറത്തിരുത്തി മഹാദേവന്റെ തിടമ്പ്‌ എഴുന്നെള്ളിച്ച് നിന്ന ശങ്കരന്‍കുട്ടിയെ നേരെ ഒന്നു കാണുന്നത്..! ഒരു ഒന്‍പത്‌ – ഒന്‍പതര അടി ഉയരം, ഭൂമി മാന്തുന്ന ജേ സീ ബീ യുടെ കൈ പോലെ രണ്ടു നീളന്‍ കൊമ്പുകള്‍, അനാക്കൊണ്ട സിനിമയില്‍ കണ്ട പാമ്പിനെ പോലെ, നിലത്ത്‌ ഇഴയുന്ന തുമ്പിക്കൈ..!! ഇതിന്റെ പുറത്താണോ കഴിഞ്ഞ രണ്ടു മണിക്കൂര്‍ ഞാന്‍ കഴിച്ചുകൂട്ടിയത്..!! സുനില്‍ ഏട്ടന്റെയും കൂട്ടരുടെയും പഞ്ചാരി മേളം ആസ്വദിച്ചു ഇരുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല.. ഈ സീസണില്‍ ആദ്യമായി ആനപ്പുറത്ത് കയറുന്നതിനാല്‍ ധൈര്യം ഭൂമിയില്‍ വെച്ചിട്ട് പോകണ്ട എന്ന് കരുതി ആനയെ ശ്രെദ്ധിക്കാതെ ചെന്നു കയറി.. ഇറങ്ങി കഴിഞ്ഞു ആനയെ കണ്ടപ്പോള്‍ ധൈര്യം ആനപ്പുറത്ത് മറന്നു വച്ചോ എന്നൊരു സംശയം..!! ധൈര്യം എത്ര കുറവാണെങ്കിലും ആനപ്പുറത്ത് കയറാനുള്ള അവസരമൊന്നും കളയില്ലല്ലോ.. അതൊരു ആവേശം ആണേ..!!

രാത്രി കൃത്യം എട്ടു മണിക്ക് തന്നെ ശീവേലി ആരംഭിച്ചു.. അകത്തെ പ്രദക്ഷിണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പാപ്പാന്‍ സോമന്‍ ചേട്ടന്‍ ശങ്കരന്‍കുട്ടിയെ നെറ്റിപ്പട്ടം കെട്ടിച്ചു ആനക്കൊട്ടിലില്‍ നിര്‍ത്തിയിരിക്കുന്നു.. ഇത്ര വലിയ സംഭവത്തിനെ ‘ശങ്കരന്‍’ എണ്ണ പേരിന്റെ കൂടെ ‘കുട്ടി’ എന്ന് കൂടി ചേര്‍ത്തത് എന്ത് ഓര്ത്തിട്ടാനാവോ..!! എന്തായാലും ‘ശങ്കരന്‍ ചേട്ടന്‍’ (!) എന്നൊന്നും ആനയെ വിളിക്കാന്‍ പറ്റില്ലാഞ്ഞിട്ടാവും..!

എന്തായാലും ശങ്കരന്‍കുട്ടി എന്നെ മറന്നില്ല.. ഞാന്‍ അടുത്ത് ചെന്നപ്പോഴേ അവന്‍ ശര്‍ക്കരയ്ക്ക് വേണ്ടി തുമ്പിക്കൈ നീട്ടി.. സോമന്‍ ചേട്ടന്‍ തോട്ടി കൊണ്ടു തൊട്ടപ്പോള്‍ തന്നെ അവന്‍ തുമ്പിക്കൈ മാറ്റി.. തോട്ടികൊണ്ടൊരു അടിയോളം വരില്ലല്ലോ ആനയ്ക്ക് ആര്‍ത്തി..!! ഞാന്‍ അടുത്ത് ചെന്നു ശര്‍ക്കര അവന്റെ വായില്‍ വെച്ചു കൊടുത്തു.. ‘ആനവായില്‍ അമ്പഴഞ്ഞ’ എന്ന് കേട്ടത് ഇപ്പൊ ബോധ്യമായി..!! സോമന്‍ ചേട്ടന്റെ നിര്‍ദേശം പോലെ അവന്‍ മുട്ടുമടക്കി.. തൊട്ടു തലയില്‍ വച്ചു, ചെവിയില്‍ പിടിച്ചു, കാലില്‍ ചവുട്ടി ഞാന്‍ അവന്റെ പുറത്തു കയറി.. ഉണ്ണിയേട്ടന്‍ തിടമ്പ്‌ എടുത്തു തന്നു.. മഹാദേവനെ ശങ്കരന്കുട്ടിയുടെ മസ്തകത്തില്‍ ഇരുത്തി തിടംബിലെ മാലകളും ഉടയാടയുമൊക്കെ ഞാന്‍ നേരെയാക്കി.. അങ്ങനെ ചെണ്ടയും, വീക്കനും, ഇലത്താളവുമായി ആദ്യ പ്രദക്ഷിണം വേഗം കഴിഞ്ഞു .. എഴുന്നെള്ളത്ത് നടക്കുന്നതിനാല്‍ അരങ്ങിലെ കച്ചേരിക്ക്‌ ഇടവേള ആയി.. ഏവരും ആനയ്ക്കും മേളക്കാര്‍ക്കും ചുറ്റും കൂടി..

രണ്ടാം പ്രദക്ഷിണം നാദസ്വരവും തകിലും കൂടിയാണ്.. നാദസ്വരം വായിക്കാന്‍ ഹരിയേട്ടനും, തകില് കൊട്ടാന്‍ ശ്രീനിയേട്ടനും ആണ്.. ‘നഗുമോ’ യും ‘ഹിമഗിരിതനയെ’ യും വായിച്ചു കഴിഞ്ഞു ആനക്കൊട്ടിലില്‍ നിന്നും പ്രദക്ഷിണം പുറത്തേയ്ക്കിറങ്ങി.. പ്രദക്ഷിണം തിരികെ ആനക്കൊട്ടിലില്‍ എത്തിയപ്പോള്‍ അകത്തൊരു ബഹളം.. കുറച്ചു പേര്‍ അകത്തേക്ക് ഓടുന്നു.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. എനിക്ക് മാത്രം എന്താ കാര്യം എന്നറിയാന്‍ യാതൊരു വഴിയുമില്ലല്ലോ.. ഇറങ്ങി പോകാനോ എളുപ്പത്തില്‍ ആരോടെങ്കിലും ചോദിക്കാനോ പറ്റില്ലല്ലോ..! അല്ലെങ്കില്‍ തന്നെ ഇത്ര വളരെ നേരം ആനപ്പുറത്ത് ഇരിക്കുന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ഇത്തിരി കട്ടിയാണ്.. ചുറ്റും ആളുകള്‍.. ഭഗവാനെയും, ആനയെയും, എന്നെയും നോക്കിക്കൊണ്ട്‌.. പക്ഷെ സംസാരിക്കാന്‍ ആരുമില്ലല്ലോ.. ഒരു വല്ലാത്ത അവസ്ഥ തന്നെ..!

നാദസ്വരം വായന കഴിഞ്ഞു മേളത്തിനായി ചെണ്ടയും മറ്റുമായി മേളക്കാര്‍ വന്നുതുടങ്ങി.. പതിവുപോലെ രാജീവ്‌ തന്നെയാണ് മുന്നില്‍.. രാജിയോടു കാര്യം തിരക്കി.. ആള്‍ ഓടിവന്ന് മറുപടി തന്നു; ‘ഒന്നുമില്ല കുഞ്ഞേ, ആല് വിളക്ക് കത്തിച്ചപ്പോ ആളിക്കത്തി..കെടുത്തി..’ എങ്ങനെ കത്താണ്ടിരിക്കും..? കട്ടിയുള്ള തിരിയും വെച്ചു കൂടെ കര്‍പ്പൂരവും വെയ്കും.. എന്നിട്ട് ഏറ്റവും അടിയില്‍ നിന്നു തുടങ്ങും കത്തിക്കാന്‍.. കര്‍പ്പൂരത്തില്‍ തീ പിടിക്കുമ്പോള്‍ അത് ആളി പിടിച്ച് മുകളില്‍ വരെ പെട്ടെന്ന് തീ പിടിക്കും.. എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ.. പക്ഷെ ചിലരുടെ മുഖത്ത്‌ ഇപ്പോഴും ചെറിയ ഭയം നിഴലിച്ചിട്ടുണ്ട്..

‘കുഞ്ഞേ, ഇന്നു സ്പെഷ്യല്‍ ആണേ..’ രാജി താഴെ നിന്നു വിളിച്ചു പറഞ്ഞു.. ശരിയാ, ഇംഗ്ലണ്ടില്‍ നിന്നു മടങ്ങി എത്തിയ സതീശന്‍ ഇന്നു വൈകിട്ട് സ്പെഷ്യല്‍ മേളം സ്പോണ്‍സര്‍ ചെയ്യുന്നു എന്ന് കേട്ടു.. മേളക്കാരുടെ എണ്ണം കൂടിയപ്പോള്‍ മേളം കൊഴുത്തു.. മേളം ഗംഭീരം ആവുന്നുണ്ടെങ്കിലും ശ്രീജിത്തിന്റെ അഭാവം അറിയാനുണ്ട്.. കണ്ടാല്‍ ഏതാണ്ടൊരു ശുപ്പാണ്ടി തന്നെ..പക്ഷെ ചെണ്ടപ്പുറത്ത് കോല്‍ വച്ചു തുടങ്ങിയാല്‍ പിന്നെ ആള്‍ വേറൊരു ലോകത്താണ്.. മേളവുമായി ഇതുപോലെ ലയിച്ചു ചേരുന്ന വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല.. അയാളുടെ വേഗത്തിനും താളത്തിനും ഒപ്പം എത്താന്‍ മറ്റുള്ളവര്‍ ബുദ്ധിമുട്ടും.. ഇന്നു ശ്രീജിത്ത്‌ ഇല്ല.. ഇവിടെ ഉത്സവം ഏറ്റുമാനൂര്‍ ഉത്സവത്തിന്റെ ഒപ്പം ആയതിനാല്‍ ഇന്നു അയാള്‍ അവിടെ പോയിരിക്കുകയാണ്.. പള്ളിവേട്ടയ്ക്കും ആറാട്ടിനും അവിടെ മട്ടന്നൂരിന്റെ മേളമാണ്.. പക്ഷെ ഇവിടുത്തെ കാര്യങ്ങള്‍ കൂടി നോക്കേണ്ടതിനാല്‍ അങ്ങോട്ട് പോകാനോ കേള്‍ക്കുവാണോ സാധിക്കില്ല.. എങ്കിലും മറ്റൊരു മഹാഭാഗ്യമുണ്ട്.. ഇവിടുത്തെ ആറാട്ട്‌ ‘ആറാട്ട്‌ സംഗമം’ എന്നാണു അറിയപ്പെടുക.. ഒരേ ദിവസം, ഒരേ സമയം, ഒരേ ആറിന്റെ അക്കരെ ഏറ്റുമാനൂര്‍ മഹാദേവനും ഇക്കരെ പെരിങ്ങള്ളൂര്‍ മഹാദേവനും കൂടിയാണ് ആറാട്ട്‌ നടക്കുക..! രണ്ടു ആറാട്ടിനും ഒന്നിച്ചു പങ്കെടുക്കാനുള്ള ആ ഭാഗ്യം ഇതു നാലാം തവണയാണ്..

ആനക്കൊട്ടിലിലെ മേളം കഴിഞ്ഞു അവസാനത്തെ പ്രദക്ഷിണം ആരംഭിച്ചു.. മുന്‍പില്‍ മേളക്കാരും, പിന്നാലെ തീവെട്ടിക്കാരും, കുത്തുവിളക്ക് പിടിച്ചു അപ്പു ചേട്ടനും നീങ്ങി തുടങ്ങി.. പിന്നാലെ ഞാനും ഭഗവാനും ശങ്കരന്കുട്ടിയുടെ പുറത്തും..! പ്രദക്ഷിണം പടിഞ്ഞാറ് ഭാഗത്ത് എത്തിക്കഴിഞ്ഞപ്പോ അപ്പു ചേട്ടന്‍ നടന്നു തുടങ്ങിയിട്ടും ആനയ്ക്കും പാപ്പാനും യാതൊരു അനക്കവുമില്ല..! അപ്പോഴാണ്‌ ശ്രദ്ധിച്ചത്, ഒരു കുടിയന്‍ ആടിയാടി മേളക്കാരുടെ അടുത്ത് ചെന്നു താളം പിടിക്കാന്‍ തുടങ്ങി..! അവര്‍ ഓടിച്ചപ്പോ ആനയുടെ അടുത്തായി അഭ്യാസം..! പാപ്പന്‍ ഭാരവാഹി ഒരാളെ വിളിച്ചു ബഹളം വെയ്ച്ചു.. ” എനിക്ക് ചുമ്മാ ആനേടെ കൊമ്പില്‍ പിടിച്ചു നടന്നാല്‍ പോര, ആനയെ നോക്കണം, ആനപ്പുറത്ത് ഇരിക്കുന്നവരെ നോക്കണം, തിടമ്പ്‌ നോക്കണം, മുന്നിലെ കുത്തുവിളക്കും തീവെട്ടികളും നോക്കണം, മേളക്കാരെ നോക്കണം, അതിനിടെ പിള്ളേര്‍ ആനേടെ പുറകില്‍ ചെന്നു തോന്ന്യാസം കാണിക്കും.. ഇപ്പൊ ദേ ഇങ്ങനോരുത്തനും.. ഒടുക്കം വല്ലോം പറ്റിയാല്‍ എല്ലാരും കൂടി എന്നെ തന്നെ തല്ലും.. അതുകൊണ്ട് ആദ്യം ആ കുടിയനെ പറഞ്ഞു വിട്, അല്ലാതെ ആന ഒരടി പോലും മുന്നോട്ടു നീങ്ങില്ല..!’ അയാള്‍ കുടിയനോട് ആദ്യം മയത്തില്‍ കാര്യം പറഞ്ഞു നോക്കി.. എവടെ…!! പിന്നെ നാലഞ്ചു പിള്ളേര്‍ ചെന്നു അവനെ പൊക്കി എടുത്തുകൊണ്ടു പോലീസ് യേമാന്മാര്‍ക്ക് കാഴ്ച വച്ചു..!!

അങ്ങനെ ശങ്കരന്കുട്ടിയുടെ യാത്ര വീണ്ടും ആരംഭിച്ചു.. എല്ലാവര്ക്കും ഈയൊരു സംഭവത്തോടെ പാപ്പാനോട് ഒരു മതിപ്പും ഉണ്ടായി.. എഴുന്നെള്ളത്ത് കഴിഞ്ഞു ഇറങ്ങിയപ്പോ മണി പത്തു കഴിഞ്ഞു .. അടുത്ത ദിവസത്തേക്കുള്ളതു എല്ലാം ഒരുക്കി വെയ്ച്ചു ഇല്ലത്തേക്ക് മടങ്ങാന്‍ വഴിയിലിറങ്ങി ഒന്നു മുറുക്കാന്‍ ഉണ്ണിയേട്ടന്റെ കൂടെ മുറുക്കാന്‍ കടയിലേക്ക് നടന്നു.. അപ്പൊ ‘തിരുമേനീ’ എന്നൊരു വിളി.. സോമന്‍ ചേട്ടന്‍ ആണ്.. ‘പറമ്പില്‍ പന നില്‍പ്പില്ലേ..? ഓല വെട്ടിക്കോട്ടെ..? ആനയുടെ തീറ്റതീര്ന്നു..’ പകല്‍ ചെന്നു വെട്ടിക്കോളാന്‍ അനുവാദം നല്കി ഞങ്ങള്‍ തമ്പി ചേട്ടന്റെ കടയിലേക്ക് കയറി.. കുറച്ചു നേരം ആന വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു എന്റെ ചിലവില്‍ ഒരു സോഡയും കുടിച്ചു അയാള്‍ ആനയുടെ അടുത്തേക്ക് പോയി.. അപ്പോഴും കടയില്‍ അന്നത്തെ കുടിയന്റെ സംഭവം തന്നെയായിരുന്നു സംസാര വിഷയം..

അടുത്ത ദിവസം വെളുപ്പിനെ മൂന്നു മണിക്ക് തന്നെ അമ്പലത്തിലെത്തി.. ഏഴരയ്ക്ക് ശീവേലി തുടങ്ങാന്‍ ഭാവിച്ചപ്പോള്‍ വാച്ചര്‍ ‘ആന എത്തിയില്ല, കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുകയാണ്’ എന്ന് പറഞ്ഞു.. അല്‍പസമയം കാത്തു നിന്നു ഒടുവില്‍ എട്ടു മണിയോടെ ശീവേലി ആരംഭിച്ചു.. പുറത്തു എത്തിയപ്പോള്‍ ശങ്കരകുട്ടി കുളിച്ചു കുട്ടപ്പനായി ആനക്കൊട്ടിലില്‍ തന്നെയുണ്ട്.. ഞാന്‍ ശര്‍ക്കരയും നല്കി അവന്റെ പുറത്തു കയറി.. പതിവില്ലാതെ ആനയുടെ ശരീരത്തിന് ഒരു തണുപ്പ് അനുഭവപ്പെട്ടു.. എനിക്ക് ചെറിയ ഒരു ഭയം തോന്നിയെങ്കിലും കുളി കഴിഞ്ഞ എത്തിയതല്ലെ ഉള്ളു, അതാവും എന്നും കരുതി സമാധാനിച്ചു.. പതിവുപോലെ മേളവും ശീവേലിയും പത്തു മണിയോടെ അവസാനിച്ചു..

അന്ന് പകലത്തെ പരിപാടികള്‍ കഴിഞ്ഞു തിരികെ പോകാന്‍ മൊബൈല് എടുത്തപോ സുഹൃത്തിന്റെ മെസ്സേജ് കണ്ടു; വീട്ടിലേക്ക് വരുന്നുണ്ട്, അവിടുന്ന് പുറപ്പെട്ടു എന്ന്.. വീട്ടിലെത്തി അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കോള്‍ വന്നു.. “ഞാന്‍വീട്ടിലെത്തി” എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ശബ്ദം കേട്ടു; “നീ കയറിയആന ഇടഞ്ഞെടാ..!!!” എനിക്ക് വിശ്വാസമായില്ല.. “ഞാന്‍ അമ്പലത്തിന്റെ അടുത്ത്വരെ എത്തി.. അപ്പോഴാ വഴിയില്‍ നിന്ന ഒരു ചേച്ചി പറഞ്ഞതു, അവിടെ ആനഇടഞ്ഞു നില്കുകായ, അങ്ങോട്ട് പോവണ്ട എന്ന്.. അതുകൊണ്ട് ഞാന്‍ മെയിന്‍റോഡ് വഴിയാണ് വരുന്നതു..!!”

ഞാന്‍ അപ്പോള്‍ തന്നെ വീട് പൂട്ടി അമ്പലത്തിലേക്ക് ഓടി.. അപ്പോഴേക്കും അവനും അവിടെ എത്തി.. അമ്പലമുറ്റത്ത്‌ കണ്ട കാഴ്ച…. സോമന്‍ ചേട്ടനെ തുമ്പിക്കൈ കൊണ്ടു എടുത്തെറിയുകയാണ് ശങ്കരന്‍കുട്ടി..!! ആലിന്റെ അടുത്ത മതിലും തകര്‍ത്ത് അയാള്‍ ഒരു തെങ്ങിന്റെ ചുവട്ടില്‍ വന്നു വീണു.. അയാളെ കുത്താനായി കുതിക്കുകയാണ് ആന..!പ്രസാദമുട്ടിനു എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ജനക്കൂട്ടം ഭയന്ന് നിലവിളിക്കുകയാണ്.. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളും… ആ കാഴ്ച കാണാനാവാതെ ഞാന്‍ കണ്ണ് പൊത്തി.. പക്ഷേ മഹാദേവന്‍ കാത്തു.. അയാള്‍ രണ്ടു കൊമ്പുകളുടെയും ഇടയില്‍ പെട്ടു..!! ആന പിന്നോട്ട് മാറിയ തക്കത്തിന് കുറച്ചു പേര്‍ ചേര്‍ന്ന് അയാളെ വലിച്ചു പൊക്കിയെടുത്തു മാറി.. ചിലര്‍ അയാളെ ചീത്ത പറയുകയും തല്ലുകയും ചെയ്യുന്നു.. തലേ ദിവസം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്.. എന്തിനാ ആ പാവത്തിനെ ഉപദ്രവിക്കുന്നത് എന്ന് വിചാരിച്ചു കൊണ്ടു നിന്നപ്പോഴാണ് രാജീവിനെ കണ്ടത്.. അയാള്‍ പറഞ്ഞപ്പോഴാ കാര്യങ്ങള്‍ അറിഞ്ഞത്..

“സോമന്‍ ചേട്ടന്‍ വെള്ളമടിച്ചു ആനയേം കൂട്ടി മുറ്റത്തേക്ക്‌ വന്നു.. മുറ്റം നിറയെആള്‍ക്കാര് നില്ക്കുന്ന കണ്ടു ആന അകത്തേക്ക് കയറിയില്ല.. ആനയ്ക്ക് ചോറ്വേണം എന്നും പറഞ്ഞായിരുന്നു വരവ്.. ആന നട കയറാന്‍ മടിച്ചപ്പോള്‍ അയാള്‍തോട്ടി കൊണ്ടു അതിനെ പൊതിരെ തല്ലി.. അപ്പോഴാണ് ആന അയാളുടെ നേരെതിരിഞ്ഞത്..” ഇന്നലെ ഇവിടെ വച്ചു ഇത്ര കാര്യമായി സംസാരിച്ചയാല്‍ ഇങ്ങനൊക്കെ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.. അതിനുള്ളില്‍ പോലീസ് എത്തി ആളുകളെ നിയന്ത്രിച്ചു തുടങ്ങി.. ആന ആലിന്റെ അടുത്ത് വഴിയിലേക്കു അഭിമുഖമായി നില്‍ക്കുകയാണ്‌.. അല്പം അടങ്ങിയ മട്ടിലാണ് നില്പ്.. ബാലകൃഷ്ണന്‍ ചേട്ടന്‍ മെസ്സിലെ മോട്ടോര്‍ ഉപയോഗിച്ചു ആനയുടെ പുറത്തു വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രെമിക്കുന്നു.. ചിലര്‍ പഴക്കുല ആനയുടെ മുന്നില്‍ ഇട്ടു കൊടുക്കുന്നു.. പുതിയ ആള്‍ ആയതു കൊണ്ടു രണ്ടാം പാപ്പാന് എല്ലാം കണ്ടു കൊണ്ടു നില്‍ക്കുവനെ കഴിഞ്ഞുള്ളൂ.. അതിനിടെ ചിലര്‍ പോയി ആനയുടെ ഉടമസ്ഥനെ വിളിച്ചു കൊണ്ടു വന്നു.. ഞാനും ഉണ്ണിയേട്ടനും മേളക്കാരും ആനക്കൊട്ടിലിനു സമീപം നില്‍ക്കുകയാണ്‌.. പോലീസ് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കയറ്റി ഗേറ്റ് പൂട്ടി..

അപ്പോഴേക്കും ഉടമസ്ഥന്‍ എത്തി.. പാപ്പനെ ചീത്ത പറഞ്ഞു കൊണ്ടു ചിലര്‍ അയാളുടെ പിന്നാലെയും.. മറ്റു ചിലര്‍ ചേര്ന്നു അവരെ പിന്തിരിപ്പിച്ചു.. അയാള്‍ ആനയുടെ അടുത്തെത്തി “ശങ്കരാ” എന്ന് വിളിച്ചു.. ആന പ്രതികരിച്ചു തുടങ്ങി.. അയാള്‍ കൊടുത്ത പഴം ആന വാങ്ങി തിന്നു.. “പാപ്പാന്‍ ഇല്ലാതെ തളയ്ക്കാന്‍ പറ്റില്ല, സോമനെവിളിച്ചോണ്ട് വരൂ” അയാള്‍ പറഞ്ഞു.. രണ്ടു പേര്‍ ചേര്‍ന്നാണ്‌ സോമന്‍ ചേട്ടനെ കൂട്ടികൊണ്ട് വന്നത്.. മതിലില്‍ ഇടിച്ചു അയാളുടെ വലത്തേ കാല്‍പാദം തകര്‍ന്നു.. സോമന്‍ ചേട്ടനെ കണ്ടപ്പോ ആന പേടിച്ചു മാറി നില്‍കാന്‍ തുടങ്ങി.. “ശങ്കരാ, അടുത്ത്വാ, ഇവന്‍ നിന്നെ ഒന്നും ചെയ്യില്ല” എന്നൊക്കെ പറഞ്ഞു ഉടമസ്ഥന്‍ ആനയെ വിളിച്ചു.. ആന വീണ്ടും അനുസരിച്ച് തുടങ്ങി.. ‘തുംബികെട്ടാന്‍’ പറഞ്ഞപ്പോള്‍ ആന തുമ്പിക്കൈ കൊമ്പില്‍ ചുറ്റി നിന്നു.. പാപ്പാന്‍ പതുക്കെ തോട്ടിയുമായി ശങ്കരന്കുട്ടിയുടെ അടുത്തേക്ക് ചെന്നു..

തളയ്ക്കാന്‍ പോവുകയാണ്, എല്ലാം അവസാനിച്ചു എന്ന് കരുതി എല്ലാവരും സമാധാനിച്ചു.. “മഹാദേവാ.. നീ രക്ഷിച്ചു” എന്ന് പ്രാര്‍ഥിച്ചു കൊണ്ട് സെക്രട്ടറി രാജേന്ദ്രന്‍ നടയിലേക്കു നോക്കി തൊഴുതു, ഉടനെ പിന്നില്‍ ബഹളം കേട്ടു; “ആനവിരണ്ടേ.. ഓടിക്കോ..!!!” പാപ്പാന്‍ വീഴാന്‍ തുടങ്ങിയപ്പോ പിടിച്ചത് ആനയുടെ വാലില്‍..!! വീണ്ടും ഉപദ്രവിക്കുകയാണെന്നു കരുതി ആന മുന്നിലെ വഴിയിലൂടെ ഒരു ഓട്ടം..!!! പിന്നാലെ പാപ്പാന്‍ വരുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ട്.. വഴിയില്‍ നിന്നിരുന്ന ആളുകളെയോ വാഹനങ്ങളെയോ തൊടുക പോലും ചെയ്യാതെ ശങ്കരന്‍കുട്ടി ഓടി.. ഉടന്‍ തന്നെ മൈക്കില്‍ കൂടി നാടു മുഴുവന്‍ അറിയിപ്പും എത്തി.. “ആന വിരണ്ടു തിരുവഞ്ചൂര്‍ ഭാഗത്തേക്ക് ഓടിയിട്ടുണ്ട്, നാട്ടുകാര്‍ജാഗൃത പാലിക്കുക..”

ഞങ്ങളും ശങ്കരന്കുട്ടിയുടെ പിന്നാലെ പാഞ്ഞു.. മെയിന്‍ റോഡ് എത്തിയപ്പോള്‍ ഫയര്‍ ഫോഴ്സ് എത്തി.. ആന അടുത്ത പറമ്പില്‍ കൂടി അടുത്ത റോഡില്‍ ഇറങ്ങി ഓടി.. അതെ സമയം ആയിരുന്നു എതിരെ ഒരാള്‍ ബൈക്കില്‍ വന്നത്.. ആനയെ കണ്ട മാത്രയില്‍ അയാള്‍ പരിഭ്രമിച്ചു.. വണ്ടി നിന്നു പോവുകേം ചെയ്തു.. സ്റ്റാര്‍ട്ട്‌ ആവുകയും ചെയ്യുന്നില്ല.. അയാള്‍ മരണത്തെ തൊട്ടു മുന്നില്‍ കണ്ടു നില്‍കുമ്പോള്‍ ആന അയാളുടെ അടുത്ത്നിന്നും നീങ്ങി അരികു ചേര്ന്നു ഓടി..!! അടുത്ത വളവില്‍ ആന വരുന്നുണ്ടോ എന്ന്നോക്കാന്‍ വീട്ടില്‍ നിന്നും ചാടി പുറത്തിറങ്ങിയ ഒരു കാര്‍ന്നോരു ആണ് ആനയെ അഭിമുഖീകരിച്ചത്..! അവിടെയും ആന വിനയം കാട്ടി..!! മൂന്നു കിലോമീറ്റര്‍ അപ്പുറെ ചെന്നു കഴിഞ്ഞപ്പോള്‍ അവിടെയുള്ള എല്‍ പി സ്കൂള്‍ വിട്ട സമയം ആയി… ആനയെ കാണാന്‍ കൌതുകത്തോടെ കുട്ടികളെല്ലാം വഴിയിലേക്കു ഓടി ഇറങ്ങി… അവരുടെയെല്ലാം ഇടയിലൂടെ ഒന്നു തൊടുക പോലും ചെയ്യാതെ അവന്‍ ഓടി..!! ഒടുവില്‍ അമ്പലത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍ പുറത്തെ റബ്ബര്‍ തോട്ടത്തില്‍ ശങ്കരന്‍കുട്ടി അവന്റെ മാരത്തോണ്‍ അവസാനിപ്പിച്ചു… അപ്പോള്‍ അവിടെയും പൂരത്തിന്റെ തിരക്കായി… നാലഞ്ചു വാഹനങ്ങളിലായി പോലീസും, പാപ്പാനും, ഉടമസ്ഥനും എല്ലാം അങ്ങോട്ട് പോയി.. ആരെയും കുന്നിന്റെ മുകളിലേക്ക് ചെല്ലുവാന്‍ പോലീസ് അമ്മാവന്മാര്‍ സമ്മതിച്ചില്ല.. (പോലീസ്, അമ്മാവന്‍ എന്നും, പോലീസ് സ്റ്റേഷന്‍, ‘അമ്മാത്ത്‌’ ആയിട്ടുമാണ് ഞങ്ങള്‍ പൊതുവെ പറയാറ്‌..!) ഒരു മണിക്കൂര്‍ അവിടെയൊക്കെ ഞങ്ങള്‍ കറങ്ങി നടന്നു.. പിന്നെ, ആനയെ തളച്ചു എന്ന്‍അറിഞ്ഞപ്പോള്‍ തിരികെ പോന്നു..

അന്ന് രാത്രി ശിവന്‍ എന്ന ആന എത്തി.. അന്ന് എന്നെ ആനപ്പുറത്ത് കയറാന്‍ അച്ഛനും അമ്മയും സമ്മതിച്ചില്ല.. അന്ന് മണിയേട്ടന്‍ ആണ് ആനപ്പുറത്ത് കയറിയത്..

എല്ലാവരും പതുക്കെ എല്ലാം മറന്നു തുടങ്ങി.. ഉത്സവം കഴിഞ്ഞു .. സോമന്‍ ചേട്ടനെ പിരിച്ചു വിട്ടു.. ശങ്കരന്‍കുട്ടി രണ്ടു തവണ വീണ്ടു പല സ്ഥലത്തും ഇടഞ്ഞു.. അവനെ വിറ്റു എന്നും കേട്ടു.. നാലഞ്ചു വര്ഷം മുന്‍പ്‌ ഇടഞ്ഞ നീലകണ്ഠന്‍ എന്ന ആനയെ എല്ലാവരും കൈ വിട്ടപ്പോള്‍ അവനെ മെരുക്കിയെടുത്തു ഈ അമ്പലത്തില്‍ തന്നെ വീണ്ടും കൊണ്ടുവന്ന കേമന്‍ ആയിരുന്നു ആ പാപ്പാന്‍.. ഒരു ദിവസം പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത‍.. സോമന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്തു…!!! അധികം ആരും ശ്രദ്ധിച്ചില്ല.. എല്ലാവരും മറന്നു.. പക്ഷെ ഇന്നും പറമ്പില്‍ ചെല്ലുമ്പോള്‍ ഞാന്‍ എല്ലാം ഓര്‍ക്കും.. ശങ്കരന്കുട്ടിക്കു കൊടുക്കാന്‍ സോമന്‍ ചേട്ടന്‍ ചോദിച്ച പന ഇപ്പോഴും അവിടെ നില്ക്കുന്നു….. ശങ്കരന്‍കുട്ടി ഇപ്പൊ എവിടെയാണോ…..

അമ്മുമ്മയും നാണയവും


അങ്ങനെ ഞാനാകുന്ന മൂന്നാം ക്ലാസ്സുകാരനെയും കൊണ്ട് അമ്മ നടപ്പു തുടര്‍ന്നു.. തിരക്കിനിടയിലൂടെ കടകളും, വണ്ടികളും കണ്ടു നടന്നു നടന്നു, ഒടുവില്‍ പലനിറത്തിലും തരത്തിലുമുള്ള കണ്ണടകളും വാച്ചുകളും തൂക്കിയിട്ടുകൊണ്ട് കച്ചവടം നടത്തുന്നചേട്ടന്മാരെ കണ്ടപ്പോള്‍ മനസ്സിലായി, ബസ്‌ സ്റ്റാന്റിന്റെ അടുത്ത് വരെയെത്തി എന്ന്. പുതിയ സിനിമാ പാട്ടുകള്‍ കുറെയെണ്ണം പല കടകളില്‍ നിന്നായി ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്. കുറെ കടകള്‍ ഉള്ളതുകൊണ്ട് പാട്ടുകള്‍ ഒരെണ്ണം പോലുംമനസ്സിലാവുന്നില്ല. എങ്കിലും മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച ആ കടകള്‍ എന്നും കണ്ണില്‍ പെടാറുണ്ട്.  ആ കടകള്‍ കഴിഞ്ഞാല്‍ ഉടനെ നൂറുകണക്കിന് ആനവണ്ടികള്‍ മുരളുന്ന ബസ്‌ സ്റ്റാന്റ് ആയി..

ആ പ്രായത്തില്‍ ഏറ്റവും പേടിയുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു ബസ്‌ സ്റ്റാന്റ്.. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ചുവന്ന നിറത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന ആനവണ്ടികള്‍.  ഏതു വണ്ടി, എപ്പോ, എങ്ങോട്ട് നീങ്ങുമെന്ന്പറയാന്‍ പറ്റില്ല. ഇപ്പൊ ഇടിക്കും എന്ന മട്ടിലാണ് ഓരോന്നും കടന്നു പോകുന്നത്. അതോടെ എന്റെ നടത്തം പതുക്കെ ഓട്ടമായി. അമ്മയുടെ പിടിയില്‍ നിന്നും കൈഎടുത്തു ഓടി..ഓടിയോടി ബസ്‌ സ്റ്റാന്റിന്റെ പടിയില്‍ കയറി നിന്നു.. അമ്മ നടന്നു വരുന്നതെയുള്ളു. അപ്പോഴാണ്‌ താഴെ എന്തോ കരച്ചില്‍ കേട്ടത്.. അറുപതിനുമുകളില്‍ പ്രായം തോന്നുന്ന ഒരു അമ്മുമ്മ.. ചട്ടയും നീല ലുങ്കിയും ധരിച്ച് കുനിഞ്ഞിരിക്കുന്നു.. വലതു കൈയ്യില്‍ ഒരു പ്ലാസ്റ്റിക് സഞ്ചി മുറുകെ പിടിച്ചിരിക്കുന്നു..അമ്മുമ്മ നിവര്‍ന്നിരുന്നപ്പോഴാണ് കരയുകയായിരുന്നു എന്ന് മനസ്സിലായത്‌.. രണ്ടുകണ്ണുകളും നിറഞ്ഞ് ഒഴുകുന്നു.. പ്രായം ചുളിവുകള്‍ വീഴ്ത്തിയ മുഖത്ത് ദയനീയമായ കരച്ചിലാണ്.. കണ്ണുനീര്‍ ധാരയായ് ഒഴുകുന്നു.. എങ്ങനെയൊക്കെയോഎഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട്.. എന്തിനാ ആ അമ്മ കരയുന്നതെന്ന് അറീല്ലല്ലോ..പണമോ പെഴ്സോ മറ്റോ നഷ്ടപ്പെട്ടു കാണുമോ.. അതോ ഇനി കൂടെ വന്നവരെ ആരെയെങ്കിലും കാണാതായോ.. അറീല്ല.. പക്ഷെ എനിക്കും സങ്കടം തോന്നി..അപ്പോഴേക്കും അമ്മ നടന്നെത്തി കൈയ്യില്‍ പിടിച്ച് എന്നെയും കൂട്ടി മുന്നിലേക്ക്‌ നടന്നു.. എങ്കിലും എന്റെ കണ്ണുകള്‍ ആ അമ്മുമ്മയില്‍ തന്നെയായിരുന്നു.. കുറെ കഷ്ടപ്പെട്ട് എഴുന്നേല്‍ക്കുന്നത് കണ്ടു.. പിന്നെ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു.. പക്ഷെ ബസ്‌ കാണാഞ്ഞതിനാല്‍ അമ്മ വീണ്ടും എന്നെയും കൂട്ടി പഴയ സ്ഥലത്ത് എത്തി. അവിടെ ആ അമ്മ നിലത്തിരുന്നു കരയുകയാണ്.. ചുറ്റും നില്‍ക്കുന്നവര്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്നു.. അവരുടെയെല്ലാം നേരെ മാറി മാറി കൈ നീട്ടി കരയുകയാണ് ആ അമ്മ.. “എന്റെ പൊന്ന് മക്കളേ..” “എന്തെങ്കിലും തരണേ..” “ഈ കിളവിക്കു എന്തെങ്കിലും തരണേ കുഞ്ഞുങ്ങളെ..”അമ്മുമ്മയുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും
കരച്ചില്‍വന്നു.. ഭിക്ഷക്കാരെയൊക്കെ കാണാറുണ്ടെങ്കിലും ഇതുപോലൊരു കാഴ്ച ആദ്യമായാണ്.   “എന്റെ കുഞ്ഞുങ്ങളെ…” എന്ന് വിളിച്ചു കൊണ്ട് വീണ്ടും വീണ്ടും അമ്മുമ്മ എല്ലാവരുടെയടുത്തും കെഞ്ചുകയാണ്.. കുറച്ചു അകലെയാണെങ്കിലും ആ നോട്ടവും കൈയും എന്റെ നേര്‍ക്കും തിരിഞ്ഞു.. അപ്പോഴേക്കും എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു.. അത് കണ്ടിട്ടാണോ എന്നറിയില്ല, ആ അമ്മ കുറച്ചു നേരം എന്നെ തന്നെനോക്കി…അപ്പുറത്ത് ബസ്‌ ഉണ്ടെന്നും പറഞ്ഞു അമ്മ അപ്പൊ എന്നെയും കൂട്ടി അങ്ങോട്ട്‌ നടന്നു.. ഞാന്‍ ഷര്‍ട്ടിന്റെ കൈയ്യില്‍ കണ്ണ് തുടച്ചു.. അതൊന്നും ശ്രദ്ധിക്കാതെ അമ്മ വേഗംനടക്കുന്നു.. അവിടെയെത്തിയപ്പോള്‍ ബസ്‌ ഇപ്പുറത്തേക്ക് കടന്നു.. വീണ്ടും അമ്മുമ്മയുടെ മുന്നിലൂടി തിരിച്ചും ഓടി.. അപ്പോഴും ആ പാവം അവിടെയിരുന്നു കരയുകയാണ്.. ആരും ഒന്നും കൊടുത്തുവെന്ന് തോന്നുന്നില്ല.. എനിക്ക് തീരെ സഹിച്ചില്ല.. ഓടുന്നതിനിടയില്‍ ഞാന്‍ പോക്കറ്റില്‍ പരതി. ഒരു അഞ്ചു രൂപ നാണയം കൈയ്യില്‍ തടഞ്ഞു.. അമ്മുമ്മയും അത് കണ്ടു.. വീണ്ടും എന്റെ നേര്‍ക്ക്‌ കൈ നീട്ടി.. ആ നാണയവുമായി അമ്മുമ്മയുടെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങിയ എന്നെ ഇതൊന്നുമറിയാതെ ബസ്‌ വരുന്ന കണ്ട അമ്മ പിടിച്ചു വലിച്ചു കൊണ്ട് പോയി.. അമ്മുമ്മയുടെ നേര്‍ക്ക്‌ നീട്ടിയ ആ നാണയം എന്റെ കൈയ്യില്‍ നിന്നും താഴേക്ക്‌ വീണു..ബസ്‌ എത്തിയപ്പോഴേക്കും ആള്‍ക്കാരെല്ലാം അങ്ങോട്ട്‌ ഓടി..  ആ പാവം അമ്മുമ്മ താഴെവീണ നാണയം എടുക്കാന്‍ ആ തിരക്കിലൂടെ നിരങ്ങി വരുന്നത് ഞാന്‍ കണ്ടു.. എങ്ങിനെയോ എവിടെയോ ഇരിക്കുവാന്‍ അല്പം സ്ഥലം കിട്ടിയ ഉടനെ ഞാന്‍ പുറത്തേക്കു നോക്കി.. അപ്പോഴും അമ്മുമ്മ നിലത്തിരുന്നു നാണയം തിരയുകയാണ്.. കരയുന്നുണ്ടെങ്കിലും വലിയ എന്തോ ഒന്ന് കിട്ടുന്ന പോലെ ഒരു പ്രകാശം ഉണ്ട് മുഖത്ത്..

ബസ്‌ നീങ്ങി തുടങ്ങിയതോടെ ആ കാഴ്ചയും മറഞ്ഞു.. ഏതോ രണ്ടു ചേട്ടന്മാരുടെ നടുക്ക് ഇരിക്കുകയാണ് ഞാന്‍.  മനസ്സില്‍ പക്ഷെ ആ അമ്മുമ്മയാണ്. അമ്മുമ്മയ്ക്ക് ആ നാണയം കിട്ടിക്കാണുമോ. .? വേറെ ആരെങ്കിലും എന്തെങ്കിലും കൊടുത്തിട്ടുണ്ടാവുമോ..? ‘എന്റെ മക്കളെ..’ എന്നുള്ള വിളി ഇപ്പോഴും ചെവിയില്‍ മുഴങ്ങുകയാണ്.. സഹിക്കാനാവാതെ ഞാനും കരഞ്ഞു.. അമ്മയെ കാണാതെയുള്ള കുട്ടിയുടെ കരച്ചിലാണെന്ന് കരുതി ആ ചേട്ടന്മാര്‍ അമ്മയെ കാണിച്ചു തന്നു..  പക്ഷെ എന്റെകരച്ചില്‍ നിന്നില്ല….

അന്ന് രാത്രി ഉറക്കത്തിലും ആ അമ്മുമ്മയെ സ്വപ്നം കണ്ടു.. കുറെ ദിവസത്തേക്ക് അത് മനസ്സില്‍ നിന്ന് പോയില്ല..

ആ സംഭവം കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷം കഴിഞ്ഞു.. ഇത്ര വര്‍ഷവും ബസ്‌ സ്റ്റാന്റില്‍ പോയ ഓരോ തവണയും ഞാന്‍ ആ അമ്മുമ്മയെ തിരഞ്ഞു.. പക്ഷെ കണ്ടിട്ടേയില്ല ഒരിക്കലും.. അമ്മുമ്മയ്ക്ക് ആ നാണയം കിട്ടിയിട്ടുണ്ടാവുമോ..? അമ്മുമ്മ ഇപ്പോഴും ജീവനോടെ ഉണ്ടാവുമോ..? അറിയില്ല… പക്ഷെ ഇപ്പോഴും ആ മുഖം എന്റെ മനസ്സിലുണ്ട്.. ആ സംഭവം ഓര്‍ക്കുമ്പോഴൊക്കെ അന്നത്തെ എട്ടു വയസ്സുകാരന്‍ കരഞ്ഞത് പോലെ ഇന്നും ഞാന്‍ കരഞ്ഞു പോകും.. ഇതാ ഇപ്പോഴും..