ഓര്‍മ്മകള്‍

മഴയും പാടവും പിന്നെ ആമ്പല്‍പ്പൂവും..


thamara

 

അന്നൊക്കെ ക്രിക്കറ്റ് തുടങ്ങിയാല്‍ ഒരു മൂന്ന് കളി വരെ മാനേജ് ചെയ്യും. അത് കഴിഞ്ഞാ എങ്ങനെയെങ്കിലുമൊക്കെ ഫസ്റ്റ് ബാറ്റിങ്ങ് സംഘടിപ്പിക്കും. മറ്റൊന്നും കൊണ്ടല്ല, അപ്പോഴേക്ക് കളി മുടങ്ങാനുള്ള സാധ്യത കൂടും. പന്ത് കാണാതെ പോക്ക്, വീട്ടീന്ന് വിളി, മഴ ചാറ്റല്‍, കക്കൂസില്‍ പോകാന്‍ ധൃതി എന്നീ കാരണങ്ങള്‍ പറഞ്ഞ് കളിയുടെ പകുതിയില്‍ തുള്ളിത്തെറിച്ച് വീട്ടില്‍ പോകുന്ന ചങ്ങാതിമാരായിരുന്നു ഒപ്പം. എറിഞ്ഞുകൊടുത്ത പന്തുകള്‍ക്ക് കിട്ടാതെ പോയ ബാറ്റിങ്ങെന്ന നഷ്ടബോധം മതി അന്നത്തെ സായംസന്ധ്യ ദുഷ്കരമാക്കാന്‍. അതുകൊണ്ട് തന്നെ ആദ്യം ബാറ്റിങ്ങ് കിട്ടിയാല്‍ പിന്നെ പേടിക്കാനില്ലല്ലോ.. എങ്ങാനും കളി അലമ്പിയാല്‍ അനൂപ് മേനോന്‍ പറഞ്ഞ പോലെ അവനു വേണ്ടി എറിഞ്ഞ ബോളും, ഓടിയ ഓട്ടവും വേസ്റ്റ് ആവുംന്ന് കരുതണ്ടല്ലോ.

കിഴക്കേ മുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ തെക്കേ കയ്യാലയാവും ബൗണ്ടറി. കയ്യാലയില്‍ തന്നെയാണ് ഗമണ്ടന്‍ നാട്ടുമാവ് നില്‍ക്കണത്. ഏതോ ഒരു മുതുമുത്തച്ഛന്‍ മാങ്ങ കഴിച്ചിട്ടെറിഞ്ഞ മാങ്ങാണ്ടി വളര്‍ന്ന് വലുതായ മാവാണത്രെ ! കുളത്തിന്റെ കിഴക്കോറെ പാടത്തിന്റെയോരത്തെ മാവും, കിഴക്കെപ്പറമ്പിലെ മാവും കഴിഞ്ഞാല്‍ ഇവനാണ് കേമന്‍. ഉയരം കൊണ്ടും വലിപ്പം കൊണ്ടും എല്ലാം മൂന്നും കട്ടയ്ക്ക് നില്‍ക്കും. നമ്മുടെ ഈ ക്രിക്കറ്റ് കളിയുടെ സീസണ്‍ തന്നെയാണ് മാങ്ങാ സീസണും. എന്നാലും ഇവന് സ്ഥിരം എന്‍ഗേജ്ഡ് ആയിരിക്കും. കൂടുതല്‍ കാലവും നീറുകള്‍ ആയിരിക്കും ഇവനെ കയ്യേറുക. ഒരു വശത്തുകൂടി ചിതലും കാണും. പതിയെപ്പതിയെ പറ്റിപടര്‍ന്നു നില്‍ക്കുന്ന കുരുമുളക് വള്ളികളില്‍ മുളകുണ്ടാവും. അതെല്ലാം മൂത്ത് പഴുത്ത് കഴിയുമ്പോ കൊച്ച് വന്ന് ചാക്ക് കയറില്‍ കോര്‍ത്ത് അരയില്‍ കെട്ടി ഏണി വച്ച് മാവില്‍ കേറി മുഴുവനിങ്ങ് പറിച്ചെടുക്കും. പിന്നെ നീല പടുത വിരിച്ച് കുറച്ചുദിവസം അതെല്ലാം ഉണക്കും, അതുകഴിഞ്ഞ് പടിപ്പുര വരാന്തയിലിട്ട് ചവുട്ടിമെതിക്കും. അതിനു ഞാനും കൂടാറുണ്ട് പണ്ടു മുതല്‍ക്കേ. അതു കഴിഞ്ഞ് വീണ്ടും കുറച്ചു ദിവസം ഉണക്കും.

മെതിച്ചുകഴിഞ്ഞാല്‍ അതിന്റെ ചവറെല്ലാം കൂടി വഴിയില്‍ വിതറും. കൊതുകു ശല്ല്യം ഉണ്ടാവില്ലാ, അതിനാണെന്നാണ് എല്ലാവരും കാരണം പറഞ്ഞത്. ഇന്നും എനിക്ക് മനസ്സിലാവാത്ത കാര്യം കൊതുകെല്ലാം നേരേ നമ്മുടെ വഴിയില്‍ക്കൂടെയേ വരൂ? പറമ്പില്‍ കൂടെയോ പാടത്തുകൂടെയോ ഒന്നും കടന്നുവരില്ല? എന്തോ ! എന്തായാലും അടുത്ത വീടുകളിലും ഇതന്നെ ചെയ്യുന്നുണ്ട്. കുരുമുളക് ഉണക്കലൊകെ കഴിയുമ്പോഴേക്ക് മാങ്ങക്കാലം തുടങ്ങാറാവും. കൊച്ച് വന്ന് വീണ്ടും ഏണി വച്ച് മാവില്‍ കയറി കണ്ണിമാങ്ങ പറിക്കും. കുലകുലയായി മാങ്ങകള്‍. കറുത്ത വലിയ കുട്ടകള്‍ രണ്ടിലും നിറച്ചും പിന്നെ അത്രതന്നെയും മാങ്ങയിണ്ടാവും – മാങ്ങാന്ന് പറഞ്ഞാല്‍ കമ്പുകളും ഇലകളും ഉള്‍പ്പടെയാവും. തളത്തില്‍ നടുമുറ്റത്തിന്റെ വക്കത്ത് പലകയിട്ട് അതിലിരുന്ന് മറ്റൊരു പലകയില്‍ വെച്ചാവും അച്ഛന്‍ മാങ്ങ നേരെയാക്കുക. ഇലയും കമ്പുമെല്ലാം കളഞ്ഞ് കടുമാങ്ങയിടാനായി ആദ്യം ഉപ്പിലിടും. ഉപ്പിലിടലൊക്കെ കഴിയുന്ന സമയമാവുമ്പോള്‍ മാവിലെ മാങ്ങയൊക്കെ പഴുത്തു തുടങ്ങിക്കാണും. അപ്പോഴാണ് ക്രിക്കറ്റുകളികളും മൂക്കുന്നത്.

ഞാന്‍ എറിഞ്ഞാല്‍ പോലും വീഴുന്ന പരുവത്തിലാവും നമ്മുടെ മാവില്‍ മാങ്ങകള്‍. അത്ര തിങ്ങി നിറഞ്ഞ് മാങ്ങകളുള്ളതിനാലും, നന്നായി പഴുത്ത മാങ്ങക്ക് നല്ല രുചിയുള്ളതിനാലും, മാവ് നില്‍ക്കുന്നത് ബൗണ്ടറി ലൈനിലായതുകൊണ്ടും കൂടി സിക്സറുകള്‍ ഏറെ പായും – മാങ്ങകള്‍ വീഴും – പിന്നെ മാങ്ങാണ്ടികള്‍ പറമ്പില്‍ പതിച്ച ശേഷമേ അടുത്ത പന്തെറിയൂ, അതായിരുന്നു കണക്ക്. മാമ്പഴക്കൊതി മൂക്കുമ്പൊ റണ്‍സും വിക്കറ്റുമൊന്നും കാര്യമാക്കാതെ പന്തെറിയുക, അടിച്ചകറ്റി മാങ്ങ വീഴ്ത്തുക എന്ന രീതിയിലേക്കൊക്കെ മാറും. എന്നാല്‍ മാങ്ങ നന്നായി പഴുത്തു വരുമ്പോഴേക്ക് മഴക്കാലവും ആവും. മഴയത്തും കാറ്റത്തും ആവശ്യത്തിനു മാങ്ങ കിട്ടും.

മഴ രണ്ടു രീതിയിലും ക്രിക്കറ്റിനെ തടസ്സപ്പെടുത്താറുണ്ട്. ഒന്നുകില്‍ ഒരൊറ്റപ്പെയ്ത്താവും. അതാവുമ്പോ എല്ലാരും ചാടി വരാന്തയില്‍ കേറിയിരിപ്പാവും. എന്താണെങ്കിലും മഴ തോര്‍ന്നിട്ട് വേണല്ലോ. അപ്പൊ പിന്നെ തോര്‍ന്നാല്‍ ബാക്കി കളി ആവാമല്ലോന്നാവും പലപ്പോഴും ആഗ്രഹം. എന്നാല്‍ ചിലപ്പോ നേരേ തിരിയും. പതിയെ മഴക്കാറെത്തിത്തുടങ്ങും. സത്യം പറഞ്ഞാല്‍ അത് കാണുമ്പോളൊരു വിഷമമാണ് – മഴ പെയ്യാന്‍ ഇനി അധികസമയമില്ല, കളി ഉടനെ അവസാനിക്കുമല്ലോയെന്നോര്‍ത്ത്. എന്നാല്‍ ആ ഒരു അന്തരീക്ഷം ആകെ രസമാണ്.

മേഘങ്ങള്‍ ആകാശത്ത് തിങ്ങിനിറയും. കാറ്റ് പതിയെ തുടങ്ങി ആഞ്ഞുവീശിത്തുടങ്ങും. മുറ്റത്തുമുഴുവന്‍ ഇലകളാവും. മാവില്‍ നിന്ന് മാങ്ങകള്‍ തെറിച്ച് ദൂരേക്ക് വരെ വീഴും. ചിലപ്പോ പാടത്തിനരികിലെ മാവില്‍ നിന്ന് വീഴുന്ന മാങ്ങ പെറുക്കാന്‍ കുറേ കുട്ടികള്‍ എത്തിയിട്ടുണ്ടാവും.. കുന്നിന്‍പുറത്തുള്ളവരാരെങ്കിലും പാടത്ത് അരികുചേര്‍ന്നു നടക്കുന്നുണ്ടാവും, കാറ്റത്തു വീഴുന്ന തേങ്ങ പെറുക്കാനും പോണ വഴി ഒടിഞ്ഞു വീണ കമ്പുകള്‍ പെറുക്കാനും. കിഴക്ക് പാടത്തേക്ക് നോക്കിയാല്‍ നടുവിലുള്ള തെങ്ങുന്തോപ്പിലെ തെങ്ങുകള്‍ കാറ്റത്ത് ആടിയുലയുന്നതുകാണാം. പല തെങ്ങുകളിലുമുണ്ടായിരുന്ന കിളിക്കൂടുകളുടെ അവസ്ഥ എന്താവുമെന്ന് പലപ്പോഴും ആലോചിക്കും. ചിലത് കാറ്റില്‍ ആടുന്നത് അകലെ നിന്നും കാണാം. വിശാലമായ പാടത്ത് ഓരോ ദിക്കില്‍ നിന്നും പശുക്കളെയുമഴിച്ച് വീട്ടിലേക്ക് പോവുന്ന ആളുകളെ കാണാം. അമ്മയും തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാവും. കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ചിട്ട് മോട്ടര്‍ അടിച്ചിട്ടുണ്ടാവും. ഒപ്പം അടുക്കളയിലേക്കുള്ള വെള്ളം കോരി വെയ്ക്കും. മുറ്റത്ത് നിന്ന് നോക്കിയാല്‍ ആകാശത്ത് അങ്ങ് ദൂരെ കിളികള്‍ പറക്കുന്ന കാണാം. ചിലത് പെട്ടെന്ന് കൂടെത്താനുള്ള തത്രപ്പാടാണെന്ന് തോന്നും. എന്നാല്‍ ചിലത് വട്ടമിട്ട് കറങ്ങിക്കൊണ്ടേയിരിക്കും. കാറ്റിന്റെ ശക്തിയനുസരിച്ച് ഇലകള്‍ നിറയും. ഒപ്പം വരുന്ന മറ്റൊരു സംഗതിയാണ് തേക്കിന്റെ പൂവ്. മുറ്റത്ത് വീഴുന്നത് കൂടാതെ പറന്ന് നടുമുറ്റത്തും നിറയും. മഴയുടെ ആദ്യത്തെ തുള്ളികള്‍ വീഴുന്നതെപ്പോഴും ഒരു സുഖമാണ്. കുറച്ച് നേരം കൂടി മുറ്റത്ത് നിന്ന് കാണും. പിന്നെ കുറെ നേരം വരാന്തയിലിരിക്കും. മഴ കനത്ത് വരാന്തയിലേക്ക് വെള്ളം വീണു തുടങ്ങുമ്പോള്‍ അകത്ത് തളത്തിലേക്ക് കയറും. പിന്നെ നടുമുറ്റത്ത് മഴ കാണും.. അപ്പോഴും മഴ അധികം നീണ്ടു നില്‍ക്കരുതെന്നാവും ആഗ്രഹം. മഴ തോര്‍ന്നു കഴിഞ്ഞ് മുറ്റത്തും പറമ്പിലും നടക്കാന്‍ നല്ല രസമാവും. അതുകൊണ്ട് സധ്യയ്ക്ക് മുന്നേ മഴ തോര്‍ന്നാലേ ഇരുട്ടാവണതിനു മുന്‍പ് കറങ്ങിയെത്താന്‍ പറ്റുള്ളൂ.. മഴ തോര്‍ന്ന് പുറത്തിറങ്ങുമ്പോഴേ പടിപ്പുരയുടെ അടുത്തുനിന്നും, കിണറിന്റെ അടുത്തുനിന്നുമൊക്കെ ഈയല്‍ പറന്നു തുടങ്ങിയിട്ടുണ്ടാവും. കുറച്ചുനേരം അതിങ്ങനെ പൊങ്ങിവന്ന് പറന്നുയര്‍ന്ന് ഒടുവില്‍ താഴെ വീണ് ചിറക് വേര്‍പ്പെട്ട് പോവുന്നത് കണ്ടിരിക്കും – സമയം പോണതറിയില്ല.. മിക്കവാറും വരാന്തയില്‍ ലൈറ്റിന്റെ ചുറ്റും ഇവയെത്തും സന്ധ്യയാവുമ്പോ.. അടുത്ത ദിവസം കാലത്ത് വരാന്ത മുഴുവന്‍ ചിറകുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാവും..

ഈയലിന്റെ അഭ്യാസം കുറച്ചുനേരം കണ്ട് കഴിഞ്ഞാല്‍ നേരേ അടുക്കളഭാഗത്തൂടി വടക്കേപ്പറമ്പിലേക്കിറങ്ങും. അവിടുന്ന് റബറിന്റെയെല്ലാം ഇടയിലൂടെ നടന്ന്‍ കിഴക്ക് കുളത്തിന്റെ അരികിലൂടെ മറ്റത്തിലേക്ക്. മറ്റത്തില്‍ വൈകുന്നേരങ്ങളില്‍ പോയിരിക്കാന്‍ എന്നും ഇഷ്ടമാ.. മഴ കഴിഞ്ഞ സമയത്താണെങ്കിലൊരു പ്രത്യേക സുഖവും. വെള്ളത്തുള്ളികള്‍ മുട്ടുവരെയെത്തും പുല്ലില്‍ ചവുട്ടി നടക്കുമ്പോള്‍. ചിലയിടങ്ങളില്‍ കുറച്ചധികം വെള്ളം കെട്ടിക്കിടപ്പുണ്ടാവും. അവിടുന്ന് നടന്ന് കയറി കുളത്തിന്റെ കിഴക്കൂടി നേരെ പടിപ്പുരയുടെ പിന്നിലെത്തും. അവിടുന്നെ നേരെ കിഴക്കേപ്പാടത്തേക്കിറങ്ങും. തെങ്ങിന്‍തോപ്പ് ലക്ഷ്യമാക്കി നടക്കും, എന്നാല്‍ അതിനോട് ചേര്‍ന്നുള്ള തോടിന്റെയടുത്ത് വരെ എത്തൂ. തെക്കോട്ടൊഴുകുന്ന തോടിന്റെ അരികിലൂടെ നേരേ തെക്കോട്ട് ബാക്കി യാത്ര.

ആഴവും വീതിയും കൂടിയും കുറഞ്ഞും ഭാരതപ്പുഴപോലെയും പെരിയാറുപോലെയും തോട് നീണ്ടുപോകും. കുറേ ചെല്ലുമ്പോള്‍ തോടിന്റെ വക്ക് സിമന്റും കല്ലുമിട്ട് കെട്ടിയിട്ടുണ്ട്. എന്നാലതിനുമുന്നെ കുറച്ച് ഭാഗത്ത് നിറയെ ചെളിയും. ചെളിയില്‍ ചവുട്ടി പതിയെ നടക്കാന്‍ നോക്കുമ്പോള്‍ ഇടയ്ക്ക് ഒരു പ്രയാസം. കാല്‍ ഉയര്‍ത്താനാവുന്നില്ല. ചെരുപ്പ് ചെളിയിലുറച്ചിട്ടുണ്ടാവും. പിന്നെ കൈകൊണ്ട് ചെരുപ്പ് ഇളക്കിയെടുത്ത് കമ്പോ പുല്ലോ ഉപയോഗിച്ച് ചെളി തുടച്ചുകളയും. എന്നാലും പിന്നീട് ആ ചെരുപ്പിട്ടു നടക്കുമ്പോള്‍ കാല് തെന്നിതെന്നിപ്പോകും. കല്‍കെട്ട് തുടങ്ങുന്നതിനു മുന്‍പ് തോട്ടിലിറങ്ങി ചെരുപ്പ് കല്ലിലുരച്ചു ചെളി കഴുകും. കല്‍കെട്ടില്‍ കൂടി നടന്നുതുടങ്ങി അല്പം നീങ്ങുമ്പോള്‍ തന്നെ തോട് വലത്തേക്കും ഇടത്തേക്കും രണ്ടായി തിരിയും. ഇതുവരെ പോകാത്ത ഇടത്തേ കൈവഴി ഉപേക്ഷിച്ച് എന്നും വലത്തേക്ക് തിരിയും.

രണ്ട് ചെറിയ വളവ് കൂടി കഴിഞ്ഞാല്‍ കാണാം തോട്ടില്‍ ചെറിയ ചുവന്ന നിറം.. ആമ്പല്‍പൂവ്.. ആദ്യമാദ്യം അങ്ങിങ്ങായി ഒന്നും രണ്ടുമൊക്കെ കാണാം. വീണ്ടും മുന്നോട്ട് ചെല്ലുമ്പോള്‍ അവയുടെ എണ്ണം കൂടും.. ആരോ നട്ടുപിടിപ്പിച്ച പോലെ മനോഹരമായി ചുവന്ന ആമ്പലുകള്‍ നിറഞ്ഞുനില്‍ക്കുന്നു.. ഇടയ്ക്ക് ഓരോ താമരയും കാണാം. താമര റോസ് നിറത്തിലാവും. കടുംചുവപ്പ് നിറത്തിലുള്ള ആമ്പല്‍ തന്നെയാവും അതുകൊണ്ട് തന്നെ ഏറ്റവും ഭംഗിയുള്ളത്. നോട്ടമിട്ടങ്ങനെ നടക്കുമ്പോ എവിടെയെങ്കിലും കിട്ടും കരയോട് ചേര്‍ന്നൊരു ആമ്പല്പ്പൂവ്. കുനിഞ്ഞ് നിന്ന് പൊട്ടിച്ചെടുക്കാനാവില്ല. നിലത്തിരുന്ന്, കൈകുത്തി ഏന്തിവലിഞ്ഞ് കാലുകൊണ്ട് ശ്രമിക്കും. തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയില്‍ പെടുത്തി വലിച്ചെടുക്കും. നീണ്ട തണ്ടോടെ പൂവ് പോരും. ഒരെണ്ണം മതി. കിട്ടിയാല്‍ പിന്നെ പാഞ്ഞൊരു പോക്കാണ്. ചെളിയും ,പാടവും, തെങ്ങുംതോപ്പുമൊക്കെ മറന്നൊരോട്ടം. മുറ്റത്തെത്തിയേ നില്‍ക്കൂ. പൂവ് വിടര്‍ത്തി അകത്തേക്കോടും. നടുമുറ്റത്ത് മഴവെല്ലം നിറഞ്ഞിരിക്കുന്ന ചെമ്പില്‍ ഇട്ടുവെയ്ക്കും. എന്തോ വലിയൊരു സംതൃപ്തിയാവും പിന്നെ. പക്ഷേ രാത്രിയോടെ അതൊക്കെ മറക്കും..

പിന്നെ അവധിക്കാലത്തെത്തുന്ന ഓപ്പോള്‍മാരും, അനീത്തിമാരും, ഏട്ടന്മാരും, അനിയന്മാരുമൊക്കെയും, മഴയൊഴിഞ്ഞ സന്ധ്യാസമയവും ഒക്കെയൊന്നിച്ചുള്ള അവസരത്തില്‍ വീണ്ടും പാടത്തേക്ക്. അവരില്‍ പലര്‍ക്കും ആദ്യമായി ആമ്പല്പ്പൂവും താമരപ്പൂവും പൊട്ടിച്ചു കൊടുക്കുമ്പോഴുള്ള ആ ഗമയും സന്തോഷവും ഒന്ന് വേറെ തന്നെ..

 

ചിത്രത്തിനു കടപ്പാട്: ജിഷ്ണു –  https://www.facebook.com/pages/Jishnu-C-Krishnans-Photography-Art-Works/379978288736124?ref=ts&fref=ts

അത്യാഗ്രഹി


എനിക്കുമുണ്ടാഗ്രഹങ്ങള്‍..
അമിതമായാഗ്രഹങ്ങള്‍..

എനിക്കുവേണമൊരു പള്ളിക്കൂടം
അതിരുകളില്ലാ പള്ളിക്കൂടം
അവിടൊരേയൊരു വിഷയം – ജീവിതം,
ആദ്യ പാഠം – സ്വപ്നം..
കുരുന്നുകള്‍ സ്വപ്നം കാണാന്‍ പഠിക്കട്ടെ
കാണട്ടെ സ്വപ്നം, നന്മയുടെ ലോകം
ജാതിയും മതവും നാടും നഗരവും
പണവും നിറവും വേര്‍തിരിക്കാത്ത
മനുഷ്യനെ കാണട്ടെയവരെല്ലാം..

‘എന്റെ സ്വപ്നം നീ നേടണ’ –
മെന്ന് പറയാനൊരു രക്ഷിതാവായ് മാറാതെ –
‘യെന്റെ സ്വപ്നം ഞാനേ നേടുവ’ –
തെന്നോര്‍ത്ത് യത്നിക്കുമൊരു തലമുറ..
അമ്മയുമച്ഛനും ഭാര്യയും മക്കളെ –
ന്നുമല്ലാ, മണ്ണും മനുഷ്യനും മൃഗങ്ങളും
ജീവജാലങ്ങളുമെന്നോര്‍ത്ത്
സ്നേഹം നിറയ്ക്കാനും
പുഞ്ചിരി വിടര്‍ത്താനുമേറെപ്പേര്‍..

നിറയട്ടെ പുഞ്ചിരികള്‍ ഹൃദയത്തില്‍ നിന്ന്,
അവ കാണാനുള്ള ഭാഗ്യവുമേകട്ടെ ദൈവം
ഒരുപുഞ്ചിരിക്കു ഹേതു നാമെന്നറിവതില്പരം
സംതൃപ്തി മറ്റെന്താണീയുലകില്‍
നിറയട്ടെയെന്‍ ഹൃദയമേറെ പുഞ്ചിരികള്‍ക്കൊണ്ട്
കഴിയട്ടെയാ പുഞ്ചിരികളുണ്ടാക്കുവന്‍..

വാഗ്ദാനങ്ങളോരോന്നും മറക്കാതെയെന്നും
നിറവേറ്റീടാന്‍ കരുത്തുവേണം.
എന്തിനുമേതിനാര്‍ക്കുമോടി-
യെത്താനൊരാളായ് മാറീടേണം.
മുന്നോട്ടുപൊയ്ക്കോളൂ ഒപ്പം ഞാ-
നുണ്ടെന്നു പറയാന്‍ കഴിഞ്ഞിടേണം..

കണക്കും കമ്പ്യൂട്ടറും ഫയലും മെയിലും മാറി
അരിയും പച്ചക്കറികളും പൂക്കളും പഴങ്ങളും..
കുളത്തിനോളവും മണ്ണിനോളവും വരുമോ
ഏസിയും ഫാനും തരും കുളിര്‍മ്മ..
വാഹനങ്ങള്‍ തന്‍ കൂക്കിവിളികള്‍ പോയ്
കിളികള്‍ തന്നെ കൂവലും കൊഞ്ചലും..
വിത്തുവിതച്ചൊരു പ്രൊഡക്ഷന്‍ മാനേജറായ്
വിളവെടുത്തൊരു ഡെലിവറി മാനേജറായ്
പണത്തിനപ്പുറമുള്ള ശമ്പളം പറ്റി
കുടുമ്പത്തിന്റെ ടീം ലീഡറായ് മാറണം..

സ്വപ്നങ്ങള്‍ കാണുമ്പോള്‍ ഒപ്പം കാണുവാന്‍
പുഞ്ചിരിവിടര്‍ത്തുമ്പോള്‍ ഒപ്പം ചിരിക്കുവാന്‍
ചെറുസന്തോഷങ്ങള്‍ നല്‍കാനവസരമേകാന്‍
ചെറുദു:ഖങ്ങളില്‍ ചായാനൊരുതോള്‍ ചോദിക്കുവാന്‍
യാത്രകളില്‍ സഹയാത്രികയാകുവാനും കാ-
-ലിടറുമ്പോള്‍ പിന്താങ്ങുവാനും നയിക്കാനും
സ്വപ്നങ്ങളൊന്നിച്ചു നേടിയെടുക്കാന്‍
ഒപ്പമൊരാള്‍ എന്നുമുണ്ടാവട്ടെ..

ചെറിയൊരു കൂരവേണമെന്‍വീടിനടുത്തായി
ചുറ്റും പൂക്കളും ചെടികളും കിളികളുമെല്ലാ-
മേറെ വേണമെന്നും..
ഓണത്തിനെന്നും പൂവിടാനായാ-
കൂരയ്ക്കുചുറ്റും ഏറെപ്പൂക്കള്‍..
അമ്മയ്ക്കൊരു പശുക്കിടാവുമച്ഛനു
നായ്ക്കുട്ടിയുമൊന്ന്..
പെരുമഴയ്ക്കുമുന്‍പുള്ള കാറ്റുവീശുമ്പോള്‍
എല്ലാം നോക്കിത്തിരക്കിട്ടോടിനടക്കണം..

ആത്മകഥകളുടെ ആരാധകനാക്കിയ മാധിവിക്കുട്ടി,
എം.ടിയുടെ ഭീമനില്‍ തുടങ്ങിയാരാധന,
ബെന്യാമിനും പെരുമ്പടവും ആസ്വദിപ്പിച്ച്,
യൂനുസും രശ്മിയും ചിന്തിപ്പിച്ച്,
ഇന്നസെന്റും വൈക്കവും ചിരിപ്പിച്ച്..
പേരറിയാത്ത റാന്നിക്കാരന്‍ സഹയാത്രികന്റെ
‘വായനയെക്കൊല്ലരുതെ’ന്ന പതിറ്റാണ്ടി-
-നപ്പുറത്തെയുപദേശം മാനിക്കണം..
ശ്രീരാമന്റെ ‘വേറിട്ട കാഴ്ച്ചകള്‍’ക്കൊരു
സ്വന്തം പതിപ്പൊരുക്കണമതില്‍
വ്യത്യസ്തരായ നിങ്ങളോരോരുത്തരും വേണം..
പ്രശസ്തനല്ലാത്തവന്റെ ആത്മകഥയെഴുതണ-
മതിനൊരൊറ്റ പ്രതിമാത്രം അച്ചടിക്കണം..

എഴുത്തുകളെഴുതണമേറെയൊരിക്കലിന്നീ
ഫോണില്‍ സംസാരിക്കുന്നവരുമായെന്നും
ഇന്നത്തെ വിഷമങ്ങള്‍ ദു:ഖങ്ങളോരോന്നു-
അന്നുവെറുമോരോ അനുഭവങ്ങള്‍ മാത്രമായ്..
ഒത്തൊരുമിക്കണമെല്ലായിഷ്ടക്കാരുമായി –
ടയ്ക്കിടെ പാചകവും പാട്ടും തമാശകളുമായി
ഓര്‍മ്മകളോരോന്നും അയവിറക്കീടേണം
ഏറെ ശാന്തിയോടെയും സമാധാനത്തോടെയും..

യാത്രകളേറെ ചെയ്യണമീ ഭാരതം മുഴുവന്‍
ബൈക്കിലും കാറിലുമായിക്കറങ്ങി
ലക്ഷ്യമില്ലായാത്രകളിലേറെ പുതു –
മനുഷ്യരെ കാണണം, രുചികള്‍ തേടേണം,
മനസ്സു നിറയ്ക്കേണം..
കുടുമ്പത്തെക്കൂട്ടി, കൂട്ടരെക്കൂട്ടി, കുരുന്നുകളെ-
ക്കൂട്ടി യാത്രകള്‍ പോകണം..
ജീവിച്ച നാടുകള്‍ വീണ്ടും കാണണമവിടുത്തെ
സുഹൃത്തുകളെയൊക്കെ കാണണം..
ഓര്‍മ്മകള്‍ പുതുക്കണം ഏറെ നേരം
ഒറ്റയ്ക്കിരുന്നുകൊണ്ടെല്ലാമോര്‍ക്കണം..

കഥകളി കാണേണം കച്ചേരി കേള്‍ക്കേണം
കാലം മുഖത്തു ചുളിവുകള്‍ വീഴ്ത്തുമ്പോള്‍
ഏറെ സമയമിരുസുഹൃത്തുക്കള്‍ക്കൊപ്പം –
വെറ്റിലമുറുക്കാനും കട്ടന്‍ കാപ്പിയും..
ഓര്‍മ്മകളയവിറക്കിയൊടുവില്‍
പ്രകൃതിക്കു വേണ്ടീടാതാവുമ്പോള്‍
എല്ലാം മതിയാക്കിയൊരുനാള്‍ സുഖമായി
ഒന്നുമറിയാതൊന്നു തിരിച്ചുപോണം..

മണ്മറഞ്ഞീടിലുമെന്നാഗ്രഹങ്ങള്‍ക്കൊരു
കുറവുമില്ല അതത്യാഗ്രഹം..
‘കഥാവശേഷന്‍’ ചിത്രത്തിലെ ദിലീപിന്‍
കഥാപാത്രത്തെപ്പോലെ ശിഷ്ടകാലം..
നാലുപേരെങ്കിലും നല്ലതു ചൊന്നുകൊണ്ട്
ഓര്‍മ്മിക്കണമെന്നെ അല്പകാലം..


എഴുതിക്കഴിഞ്ഞപ്പോളൊരാഗ്രഹം –
വൃത്തവും താളവും പ്രാസവും ചേര്‍ത്തൊരു
കവിതെഴുതാനൊന്നു പഠിക്കണം !!

ഓര്‍മ്മകള്‍ പിന്നോട്ട്..


ഭിക്ഷ ചോദിച്ച് പലതരം ആളുകള്‍ നമ്മുടെയടുത്ത് ദിവസേന എത്തും. ഓരോരുത്തരെ കാണുമ്പോഴും ഓരോ സംശയമാണ്. കുട്ടികളാണെങ്കില്‍ അത് ഭിക്ഷാടനമാഫിയ ആവും, സ്ത്രീകളെങ്കില്‍ മോഷണമാവും ലക്ഷ്യം, പുരുഷന്മാരെങ്കില്‍ ഇവര്‍ക്കെന്താ പണിയെടുത്ത് ജീവിച്ചാല്‍, വികലാംഗരെങ്കില്‍ ഇവരുടെ വൈകല്യം യഥാര്‍ത്ഥമാണോ, പ്രായമായ പുരുഷന്മാരാണെങ്കില്‍ അധികം പേര്‍ക്കും എന്താ പുച്ഛഭാവവും ദേഷ്യവും – ഇങ്ങനെയെല്ലാം പലരും ചിന്തിക്കും.. പക്ഷേ പ്രായമായ സ്ത്രീകളെയാണ് ആ അവസ്ഥയില്‍ കാണുന്നതെങ്കില്‍ അല്പം വിഷമം തോന്നും.. ആരും സംരക്ഷിക്കാനില്ലാതെ ദയനീയതയോടെയാവും അവരെ കാണുക.. ആരോഗ്യമില്ല, ഭക്ഷണവും വസ്ത്രവുമില്ല, ആണ്‍തുണയില്ല, കിടക്കാന്‍ ഒരു കൂരയില്ല.. ഇവരെവിടെപ്പോവും, എന്ത് കഴിക്കും..

പണ്ട് ആദ്യമായി ബ്ലോഗെഴുത്ത് തുടങ്ങിയപ്പോള്‍ എന്തൊക്കെ എഴുതണം എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. സ്വന്തം അനുഭവങ്ങള്‍ തന്നെ ഓര്‍മ്മയില്‍ നിന്ന് എഴുതാമെന്ന് ഒടുവില്‍ തീരുമാനിച്ചു. സന്തോഷവും സങ്കടവും എല്ലാമായി ഏറെയുണ്ടെങ്കിലും ആദ്യം എന്തെഴുതെണമെന്ന് ഒട്ടും സംശയം തോന്നിയിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കോട്ടയം ബസ് സ്റ്റാന്റില്‍ വച്ച് കണ്ട ഒരു അമ്മുമ്മ. ആരും തുണയില്ലാതെ ഭിക്ഷയെടുക്കുന്ന ഒരു അമ്മുമ്മ. മക്കളേ, കുഞ്ഞുങ്ങളേയെന്നു വിളിച്ച് പൊട്ടിക്കരയുന്ന അമ്മുമ്മ. പോക്കറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു നാണയം ബസു കയറാനുള്ള ഓട്ടത്തിനിടയില്‍ അമ്മൂമ്മയ്ക്ക് നേരേ നീട്ടിയെങ്കിലും കൈതട്ടി താഴെയെങ്ങോ വീണു.. ബസ്സില്‍ കയറി പുറപ്പെടുമ്പോഴും ആ നാണയത്തിനു വേണ്ടി നിറകണ്ണുകളോടെ തിരയുന്ന അമ്മൂമ്മയെയാണ് കണ്ടത്. അന്ന് ബസ്സിലിരുന്ന് അതോര്‍ത്ത് എന്തിനാണ് കരഞ്ഞെതെന്നറിയില്ല. ആ കാഴ്ച്ച ഇന്നും മനസ്സില്‍ അതേപോലെ മായാതെയുണ്ട്. ജീവിതത്തില്‍ ആദ്യമായി മനസ്സിനെ തൊട്ട ഒരു സംഭവമാണ്.. ഇന്നും ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണു നിറയും.. ഇന്നും കോട്ടയത്ത് അതേ ബസ് സ്റ്റാന്റില്‍ ചെല്ലുമ്പോള്‍ അറിയാതെ ആ അമ്മൂമ്മയെ തിരയും.. എന്തിനാണെന്ന് അറിയില്ല.. പക്ഷേ ഇന്നും മനസ്സിലൊരു വേദനയാണ്.. അതാവും പഴയ തമാശകളൊക്കെ ഒഴിവാക്കി ഒരു ഡയറിയെഴുത്തു പോലെ വീണ്ടും ബ്ലോഗെഴുത്ത് പതിയെ ആരംഭിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ അതേ സംഭവം വീണ്ടും പുതിയ ബ്ലോഗിലും ആദ്യ പോസ്റ്റായി എത്തിയത്..

പത്തുപതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് അന്നത്തെ പോലെയൊരു ദയനീയ മുഖം കണ്ടത് ഈയിടെയാണ്. കൊച്ചിയില്‍.. ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ വഴിവക്കത്ത്.. അല്പം വേഗതയില്‍ ബൈക്കില്‍ കടന്നുപോയപ്പോള്‍ പെട്ടെന്ന് മനസ്സില്‍ പണ്ട് പതിഞ്ഞ അതേ മുഖം തന്നെയാണ് കണ്ടത്. ഇപ്പോള്‍ കുറച്ചുദിവസങ്ങളായി എന്നും കാണുന്നു.. കൈയ്യിലെ ഏതാനം നാണയങ്ങള്‍ക്കിടയിലേക്ക് ഞാനൊരു നോട്ട് വച്ചുകൊടുത്തപ്പോള്‍ ആദ്യം വിഷമത്തോട് തന്നെ മുഖത്തേക്ക് നോക്കി.. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു നിസ്സംഗത ആ മുഖത്ത്.. ഇന്ന് ഉച്ചയ്ക്ക് കണ്ടപ്പോള്‍, ആദ്യമായി കിട്ടിയ ശമ്പളത്തില്‍ നിന്ന്‍ ചെറിയൊരു ഭാഗം മുത്തശ്ശിക്ക് കൊടുത്തപ്പോള്‍ മുത്തശ്ശിയുടെ മുഖത്ത് കണ്ട അതേ സന്തോഷവും വാത്സല്യവും ഇന്ന് ഞാന്‍ വീണ്ടും കണ്ടു….