അമ്മ

ചന്ദനലേപ സുഗന്ധം..!


അച്ഛന്‍ ബൈക്കില്‍ ഇരുന്ന് രണ്ടാമത്തെ ഹോണ്‍ മുഴക്കുമ്പോഴാണ് തിരക്കിട്ട് ബാഗും തൂക്കി ചാടുക. ഇറങ്ങുന്നതിന് മുന്‍പ് അവസാനഭാഗമാണ് ചന്ദനം കുറി തൊടല്‍. ചന്ദനം അരച്ചത് ഇടതുകൈയ്യിലാക്കി അടുക്കളയില്‍ നിന്ന് അമ്മ ഓടി വരും. വലതു കൈയ്യുടെ മോതിരവിരല്‍ കൊണ്ട് നെറ്റിയിലും കഴുത്തിലും ഓരോ കുറി. പിന്നെ നേരെ ഓടിച്ചെന്ന് ബൈക്കില്‍ അച്ഛന്റെ മുന്നിലിരുന്ന് ഗമയില്‍ സ്കൂളില്‍ക്ക്. എല്‍.കെ.ജി, യൂ.കെ.ജി ഒക്കെ പഠിക്കുമ്പോ ഗമതന്നെയാര്‍ന്നൂ, ഒന്നാം ക്ലാസ്സ് മുതല്‍ ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞെ ഞാന്‍ സ്കൂളില്‍ക്ക് പൂവാറൊള്ളൂ, അപ്പൊ ഗമയിത്തിരി കുറയുല്ലോ..

അങ്ങനെ ഒരു ദിവസം പതിവുപോലെ അമ്മ കൈയ്യില്‍ ചന്ദനവുമായി ഓടിയെത്തി, നെറ്റിയിലും കഴുത്തിലും തൊടുവിച്ചു. അപ്പോഴാണ് ഷൂവില്‍ പൊടി കണ്ടത്. എന്നെ പിടിച്ചിരുത്തി അമ്മ നൈറ്റിയുടെ അറ്റം കൊണ്ട് ഷൂ തുടച്ചു. അപ്പോ ഞാന്‍ ചോദിച്ചു എന്തിനാ കഴുത്തില്‍ ചന്ദനം തൊടണേന്ന്. അത് അമ്മയെ മറക്കാണ്ടിരിക്കാനാന്നാണ് അമ്മ മറുപടി പറഞ്ഞത്. ഞാന്‍ ഓടിച്ചെന്ന് ബൈക്കില്‍ കയറി സ്കൂളിലെത്തി. എല്‍.കെ.ജി ക്ലാസ്സില്‍.

ക്ലാസ്സിലിരിക്കുമ്പോഴൊക്കെ അമ്മയെ ഓര്‍ത്തു. രാവിലെ അടുക്കളയിലെ ജോലികള്‍ ഓടിനടന്ന് തീര്‍ക്കുന്നു, അതിനിടെ എന്റെ കാര്യങ്ങള്‍, അച്ഛന് കൊണ്ടുപോവാനുള്ള ഭക്ഷണം മൂന്ന് തട്ടുള്ള പാത്രത്തിലാക്കി വെക്കുണു, മുത്തശ്ശിക്ക് കാപ്പിയും പലഹാരവും കൊടുക്കുണൂ. അങ്ങനെ ഓടെടാ ഓട്ടം. എന്നിട്ടും അമ്മെ മറക്കാണ്ടിരിക്കാന്‍ കഴുത്തില്‍ ചന്ദനക്കുറി തൊടുവിക്കണു. എന്റെ ഓര്‍മ്മയില്‍ ഞാന്‍ ക്ലാസ്സിലിരുന്ന് കരഞ്ഞത് അന്നാണ്. കുറെ സങ്കപ്പെട്ട് കരഞ്ഞു.. വെളുത്ത് കുറച്ച് തടിച്ച ടീച്ചര്‍ (ടീചര്‍ടെ പേരു മറന്നു – പക്ഷേ ഒരു പരീക്ഷയ്ക്ക് വെച്ചെഴുതാന്‍ അമ്മ തന്നുവിട്ട ‘വനിത’ വായിച്ചിട്ട് ഇപ്പൊ തരാംന്ന് പറഞ്ഞിട്ട് ഇതുവരെ തന്നിട്ടില്ലാന്നുള്ളത് ഞാന്‍ മറന്നിട്ടില്ല) കാരണം ചോദിച്ചു.. അമ്മേ കാണണംന്ന് പറഞ്ഞപ്പോ ടീച്ചര്‍ കുറേ ആശ്വസിപ്പിച്ചു. പിന്നെ ശാരദച്ചേച്ചിടെ കൂടെ ക്ലാസ്സീന്ന് പുറത്ത് പോയി എന്തൊക്കെയോ പറഞ്ഞ് കരച്ചില്‍ മാറ്റി..

പിന്നെന്തോ, അതുകൊണ്ടാണോ എന്നറീല്ല.. ഇന്നും നെറ്റിയിലും കഴുത്തിലും ചന്ദനം തൊട്ടില്ലെങ്കില്‍ എന്തോ ഒരസ്വസ്ഥത ദിവസം മുഴുവന്‍. പലപ്പോഴും പലരും എന്റെ ചന്ദനക്കുറി വിഷയമാക്കി. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി ക്ലാസ്സിലെ വന്ന ജയ ടീച്ചര്‍ ആദ്യം ചോദിച്ചത് എന്തിനാ എന്നും ചന്ദനം തൊടണേന്ന്.. പ്ലസ് ടു ക്ലാസ്സില്‍ ബിസിനസ് സ്റ്റഡീസ് പഠിപ്പിക്കാന്‍ വന്ന റെജി സര്‍ പറഞ്ഞത് രാവിലെ ക്ലാസ്സ് എടുക്കാന്‍ വരുമ്പോ കുളിച്ച് ചന്ദനം തൊട്ട് കുറച്ച് പേര്‍ ക്ലാസ്സിലുണ്ടെങ്കില്‍ ഒരു പ്രത്യേക് സുഖമാണെന്ന്.. മലയാള മാസം അവസാന ദിവസം വൈകിട്ട് പിരിയുമ്പോള്‍ സാര്‍ പറയും, നാളെ ഒന്നാം തീയതിയാ, പുഷ്പാഞ്ജലി കഴിച്ച് പ്രസാദമൊക്കെയായി വരണംന്ന് ! പ്ലസ് ടു ജീവിതം കഴിഞ്ഞ് പിരിയുമ്പോള്‍ ഓട്ടോഗ്രാഫില്‍ ഒരു സുഹൃത്ത് കുറിച്ചത് ‘കുറിയും ചിരിയും മറക്കില്ല’ എന്നാണ്. മുഖപുസ്തക സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ട് ആ സുഹൃത്ത്; ആള്‍ക്ക് ഓര്‍മ്മയുണ്ടൊ എന്തോ. പിന്നീട് ഇന്‍ഫോസിസില്‍ ചെന്നപ്പോള്‍ ട്രെയിനിംഗ് കഴിഞ്ഞ് വാല്വേഷനു വന്ന മാഡം ചോദിച്ചു എന്തിനാ എന്നും ചന്ദനം തൊടണേന്ന്. അങ്ങനെ സംശയങ്ങളും ചോദ്യങ്ങളും ഏറെ.. എന്തായാലും എന്റെ നെറ്റീലും കഴുത്തിലും എന്നും ചന്ദനത്തിനു സ്ഥാനം ഉറപ്പ് !