ഒറ്റയാന്‍


വിദേശത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് പകരം കുറേ ജീവന്‍ കെട്ടിപ്പടുക്കുവാന്‍ നാട്ടിലെത്തിയ മനുഷ്യനാണ് കരീം.കെ.പുറം എന്ന കരീം കോട്ടപ്പുറം. ഒരു പഴയകാല സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍. പക്ഷേ എന്തിനെ എതിര്‍ക്കണമെന്നും എന്തിനെ വളര്‍ത്തണമെന്നും വ്യക്തമായി മനസ്സിലാക്കി ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകന്‍. ഒരു പൊതുവേദിയില്‍ പരിചയപ്പെടലുകള്‍ക്കിടയില്‍ ഡോക്ടര്‍, എഞ്ചിനിയര്‍, വക്കീല്‍ എന്ന് കേട്ട് കേട്ട് നീങ്ങുമ്പോള്‍ ‘ഞാനൊരു കര്‍ഷകനാണ്’ എന്ന് കേട്ടപ്പോഴാണ് ആദ്യമായി കരീമിക്കയെ ശ്രദ്ധിച്ചത്. വല്ലപ്പോഴും വല്ലവരും ‘ആ കുറച്ച് കൃഷിയൊക്കെയുണ്ട്, അല്പം കൃഷിയൊക്കെയായി നടക്കുന്നു’ എന്നിങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറയുന്നതല്ലാതെ ഡോക്ടര്‍മാരുടേയും വക്കീലന്മാരുടേയും ഇടയില്‍ അതിലേറെ ആത്മാഭിമാനത്തോടെ ‘കര്‍ഷകന്‍’ എന്ന് പറയുന്നത് ജീവിതത്തിലാദ്യമായി കാണുകയാണ്.

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനമൊക്കെ പണ്ടേ വിട്ടുവെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് രക്തം ഉള്ളിലുണ്ട്. പരിസ്ഥിതിക്കും കൃഷിക്കും കര്‍ഷകനും ദോഷമായതെന്തുണ്ടായാലും അത് പുറത്ത് വരും; അപ്പോള്‍ മാത്രം. പക്ഷേ ഒരു സുഹൃത്ത് പറഞ്ഞതാണ് ശരി. കമ്മ്യൂണിസ്റ്റ് അല്ല, ഒരു തീവ്രവാദി തന്നെയാണ്. നല്ല ലക്ഷ്യങ്ങള്‍ മാത്രമുള്ള തീവ്രവാദി. ഭൂമിയുടെ നിലനില്പിനു വേണ്ടി തീവ്രമായി വാദിക്കുന്ന വ്യക്തി.

ഒരു യാത്രയില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ കണ്ട ഒരു പാത്രം കരീമിക്ക എടുത്ത് നോക്കി. നെല്‍വിത്തുകളായിരുന്നു അതില്‍. അതില്‍ ഒരു പിടിയുമായാണ് അദ്ദേഹം മടങ്ങിയെത്തിയത്. കൊടുങ്ങല്ലൂരിനടുത്ത് പുത്തഞ്ചിറയില്‍ വീടിനോട് ചേര്‍ന്നുള്ള അഞ്ചേക്കറോളം പാടം പാട്ടത്തിനെടുത്ത് ഈ ഒരു പിടി വിത്തുമായി അഞ്ച് വര്‍ഷം മുന്‍പ് അദ്ദേഹം കൃഷി തുടങ്ങി. വെറും കൃഷിയല്ല, ജൈവ കൃഷി. സീറോ ബജറ്റ് ഫാമിങ് എന്ന് പറഞ്ഞാല്‍ കുറച്ചൂടി സുപരിചിതമായിരിക്കും. ബസവശ്രീ സുഭാഷ് പലേക്കര്‍ അവതരിപ്പിച്ച കൃഷിരീതി. കരീമിക്കയുടെ അഞ്ചേക്കര്‍ പാടത്ത് വളമോ കീടനാശിനിയോ അങ്ങനെ യാതൊരു വിഷവും ഇല്ല. ഈ കൃഷിക്കെല്ലാം അദ്ദേഹം വളമാക്കുന്നത് അദ്ദേഹത്തിന്റെ നാടന്‍ പശുവിന്റെ ചാണകവും ഗോമൂത്രവും, കൂടാതെ ചാണകം, ഗോമൂത്രം, പുല്ല്, തൈര് അങ്ങനെ പലതും ചേര്‍ത്ത് ജൈവവളങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കുന്നു. ജീവാമൃതം, ബീജാമൃതം തുടങ്ങിയവായണ് അത്. മുപ്പതേക്കര്‍ കൃഷിക്ക് വരെ ഒരു പശു മതിയാവും. പുല്ലും വെള്ളവും മാത്രം കൊടുത്ത് വളര്‍ത്തുന്ന ആ പശുവാണ് കരീമിക്കയുടെ കൂട്ടുകാരന്‍. ആ പശുവിന്റെ പാല്‍ കറന്ന് വീട്ടാവശ്യത്തിന് അദ്ദേഹം ഉപയോഗിക്കുന്നില്ല.

നെല്‍കൃഷി ഇല്ലാത്ത സമയങ്ങളില്‍ പച്ചക്കറിയും, കപ്പ മുതലായവയും കൃഷി ചെയ്യുന്നു. ഈ പാടത്തെ കൃഷിക്കെത്തുന്നവരില്‍ ചുരുങ്ങിയ വിഭാഗമേ പണിക്കാരുള്ളൂ, അതും ചുരുങ്ങിയ ദിവസങ്ങളില്‍. ഞാറ് നടുവാനും, വിതയ്ക്കാനും, കൊയ്യാനും, കളപറിക്കാനും എല്ലാം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് കരീമിക്കയുടെ ഒപ്പം ആളുകള്‍ ചേരുന്നു. കഴിഞ്ഞ വര്‍ഷത്തെ കൃഷിക്ക് തന്നെ നൂറോളം കുട്ടികളുമായി നാലോ അഞ്ചോ സ്കൂളുകള്‍ തുടങ്ങി കോര്‍പ്പറേറ്റ് രംഗത്തെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ വരെ അദ്ദേഹത്തോടൊപ്പം മണ്ണില്‍ പണിയെടുത്തു. ശീലമില്ലാത്തവര്‍ പണിയെടുക്കുമ്പോള്‍ കുറേ വിത്തുകളും മറ്റും നഷ്ടപ്പെടും, എങ്കിലും അതൊരു നല്ല കാര്യത്തിനാണെന്ന സന്തോഷത്തിലാണ് അദ്ദേഹം.

ഈ ചെയ്യുന്ന പണിക്ക് ഇവര്‍ക്കാര്‍ക്കും കൂലി കൊടുക്കില്ല, പകരം വിഷാംശമില്ലാത്ത ഭക്ഷണം. ഒപ്പം, കൊയത്ത് കഴിയുമ്പോള്‍ ആ അരിയും കിട്ടും ഒരു പങ്ക്. കൃഷിയുടെ സുഖം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. കേരള ജൈവ കര്‍ഷക സമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കരീമിക്ക കൃഷി കൂടാതെ വാചകവും പാചകവുമാണ് മറ്റ് രണ്ട് തൊഴിലുകളായി കാണുന്നത്. ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും മറ്റും പ്രകൃതിഭക്ഷണം പാകം ചെയ്തു കൊടുക്കുന്നു കരീമിക്കയും സുഹൃത്തുക്കളും. പ്രകൃതി എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരാണ് അധികവും. പച്ചക്കറി പച്ചയായി കഴിക്കുന്നവരെന്ന തോന്നലാണ്. പക്ഷേ പ്രകൃതി രീതിയിലുള്ള ബിരിയാണിയാണ് ഏറ്റവും ചിലവാകുന്നതെന്ന ഒറ്റ വരി കേട്ടാല്‍ തീരാവുന്നതേയുള്ളു ആ സംശയം.

അദ്ദേഹത്തിന്റെ മറ്റൊരു വരുമാനമാര്‍ഗ്ഗമാണ് വാചകം. ചില മാസികകളിലെ സ്ഥിരം കോളമിസ്റ്റ് എന്നത് കൂടാതെ മികച്ച ഒരു പ്രാസംഗികനുമാണ് അദ്ദേഹം. ആഗോളസാമ്പത്തികമാന്ദ്യത്തെ കുറിച്ചും, പോളണ്ടിലെ സര്‍ക്കാരിനെ കുറിച്ചുമൊന്നുമല്ല ഒരിക്കലും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. പ്രസക്തിയേറിയ, അറിയേണ്ട കാര്യങ്ങള്‍ വ്യക്തമായി പറയുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. സദസ്സിലെ ഒരാള്‍ക്ക് പോലും മടുപ്പുളവാക്കാതെ സംസാരിക്കാന്‍ അദ്ദേഹത്തിനറിയാം. വിമര്‍ശിക്കേണ്ടവയെ തുറന്ന് വിമര്‍ശിക്കുക തന്നെ ചെയ്യും. ആദ്യം പറഞ്ഞ ആ ‘തീവ്രവാദിഭാവം’ അങ്ങനെ കാണാം. കൃഷിരീതി, പശുസംരക്ഷണം, പരിസ്ഥിതി, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്നോളം കേട്ടുമടുത്ത വാചകങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രായോഗികമായ കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുന്നു കരീമിക്ക. ജൈവകൃഷിയെപ്പറ്റി കേരളത്തിലങ്ങോളമിങ്ങോളം ക്ലാസ്സുകളെടുക്കുന്നുണ്ട് അദ്ദേഹം.

ഒരിക്കല്‍ ഒരു ചര്‍ച്ചയില്‍ അദ്ദേഹം തന്റെ പ്ലാസ്റ്റിക് വിരോധം വ്യക്തമാക്കി. പ്ലാസ്റ്റിക് ഗ്ലാസ്സിലോ പാത്രത്തിലോ അദ്ദേഹം ഭക്ഷണം കഴിക്കില്ല. എത്ര അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ആരുടെ കുടുമ്പത്തിലെ വിവാഹസല്‍ക്കാരമോ എന്ത് ചടങ്ങോ ആകട്ടേ, പ്ലാസ്റ്റിക്ക് ഗ്ലാസ്സോ പ്ലാസ്റ്റിക്ക് ഇലയോ ഉപയോഗിക്കുന്നുവെങ്കില്‍ അദ്ദേഹം ചടങ്ങ് ബഹിഷകരിക്കും. ഭക്ഷണം കഴിക്കാതെ മടങ്ങും. “എല്ലാവരേയും മാറ്റിയെടുക്കാന്‍ എനിക്ക് കഴിയില്ല, അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് എന്റേതായ സമരരീതി പിന്തുടരുന്നു!” പ്ലാസ്റ്റിക്കിനെതിരേ എന്ത് ചെയ്തുവെന്ന ഒരു ചോദ്യം സദസ്സില്‍ നിന്നെത്തി. ചോദ്യകര്‍ത്താവ് പോലും പ്രതീക്ഷിച്ച ഉത്തരം കുറേ പ്രസംഗിച്ചു, ഒന്നോ രണ്ടോ സ്ഥലത്ത് പോയി പ്ലാസ്റ്റിക്ക് പെറുക്കി എന്നിങ്ങനെയുള്ള മറുപടിയായിരുന്നു. പക്ഷേ കേട്ടത് മറ്റൊന്നാണ് – “ഞാനൊരു ആയിരം സ്റ്റീല്‍ ഗ്ലാസ്സ് വാങ്ങി വീട്ടില്‍ വച്ചിട്ടുണ്ട്!!!” എവിടെയെങ്കിലും എന്തെങ്കിലും ചടങ്ങുണ്ടെങ്കില്‍ അവരൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി, കരീമിക്കയും സുഹൃത്തുക്കളും സ്റ്റീല്‍ ഗ്ലാസ്സുമായി അവിടെയെത്തും. പ്ലാസ്റ്റിക് ഗ്ലാസ്സിനു പകരം സ്റ്റീല്‍ ഗ്ലാസ്സ്. ഇവര്‍ തന്നെ ഗ്ലാസ്സുകള്‍ കഴുകിയെടുക്കും ! കരീമിക്കയുടെ വീട്ടില്‍ ചെന്നപ്പോള്‍ വിഖ്യാതമായ ആ ആയിരം ഗ്ലാസ്സ് ഞാന്‍ നേരില്‍ കണ്ടു.

ഒരിക്കല്‍ കൊച്ചിയില്‍ ഒരു കോളേജില്‍ പ്രസംഗിക്കാനെത്തി കരീമിക്ക. ചായ, ബിസ്ക്കറ്റ് തുടങ്ങിയ പായക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവയുടെ ദോഷവശങ്ങളെ പറ്റി ഉച്ചവരെ സംസാരിച്ച അദ്ദേഹത്തിന് പ്രസംഗശേഷം കൊടുത്തത് ചായയും ബിസ്ക്കറ്റും ! മൂന്ന് മണിക്കൂറോളം സംസാരിച്ച് തൊണ്ട വറ്റിയ അദ്ദേഹം ഒടുവില്‍ അവിടെനിന്ന് ഒന്നും കഴിക്കാതെ ഇറങ്ങി. വൈറ്റില ഹബ്ബില്‍ എത്തി കാപ്പികുടിക്കാന്‍ ചെന്നപ്പോള്‍ എല്ലായിടത്തും പ്ലാസ്റ്റിക്ക് ഗ്ലാസ്സിലെ ചായയോ കാപ്പിയോ കൊടുക്കൂ. അത് വാങ്ങാതെ അദ്ദേഹം എന്നെ വിളിച്ചു. തൃപ്പൂണിത്തുറയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബസ്സില്‍ കയറി വന്ന് എന്റെ ഫ്ലാറ്റില്‍ എത്തിയ ശേഷമാണ് അദ്ദേഹം വെള്ളം കുടിച്ചത്. ശേഷം ഊണും കഴിഞ്ഞാണ് മടങ്ങിയത്.

അലി മണിക്ഫാന്‍ എന്ന അത്ഭുതപ്രതിഭയെപ്പറ്റി അറിയുന്നത് അദ്ദേഹത്തില്‍ നിന്നാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അദ്ദേഹത്തെ കാണുവാനും പരിചയപ്പെടാനും അപ്പോള്‍ തന്നെ കരീമിക്ക അവസരം ഉണ്ടാക്കുകയും ചെയ്തു. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ പ്രഗത്ഭരുമായി അടുത്ത ബന്ധമുള്ള കരീമിക്ക പല പ്രസ്ഥാനങ്ങളിലും ഭാഗമാണ്. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ഷിബുലാലും പത്നിയും നടത്തുന്ന ചാരിറ്റബിള്‍ സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്ററാണ് അദ്ദേഹം. അങ്ങനെ ചെറുതും വലുതുമായ പല സ്ഥാനങ്ങളും അലങ്കരിക്കുന്നു. ഒരു മുഷിഞ്ഞ ഷര്‍ട്ടും പാന്റും ചെരുപ്പും തുണിസഞ്ചിയുമായി, ഉറച്ച കാലടികളോടെ വേഗം നടന്നു നീങ്ങുന്ന ഈ മനുഷ്യനെ കുറിച്ച് അറിയാന്‍ ഇനിയുമേറെ..


സ്വപ്നത്തിനെന്നും രണ്ടു പക്ഷം..
ലക്ഷ്യമാകുന്ന സ്വപ്നവും..
എന്നുമൊരു സ്വപ്നമായ ലക്ഷ്യവും..

ഓര്‍ക്കുന്നുവോ?


എട്ടുവര്‍ഷം നീണ്ടു നിന്ന ആദ്യത്തേതും അവസാനത്തേതുമായ പ്രണയത്തിന്റെ ഓര്‍മ്മ, ഓര്‍മ്മിക്കപ്പെടാന്‍ ഇഷ്ടമല്ലാത്ത ഒരോര്‍മ്മ.. പ്രണയദിനത്തില്‍ പ്രണയകാലത്തിലെഴുതിയ വരികള്‍ക്ക് ഒരു ‘കോപ്പി-പേസ്റ്റ്’ ! ‘കവിതകളെ’ന്ന് കളിയാക്കിവിളിക്കുവാന്‍ രണ്ട് കഷ്ണങ്ങള്‍ !

**ഓര്‍ക്കുന്നുവോ**

നീ ഓര്‍ക്കുന്നുവോ ..?

നാമൊന്നിച്ചിരുന്ന

കുളപ്പടവുകളും..

കൈകോര്‍ത്തു നടന്ന

വയല്‍വരമ്പുകളും

പുല്‍ത്തകിടികളും..

ഒടുവില്‍ നനഞ്ഞ

മഴയും, വാടിയ പൂപോല്‍

തളര്‍ന്ന മുഖവും..

പറയാതെപോയ

വാക്കുകളില്‍,

അലിഞ്ഞില്ലാതെ തീര്‍ന്ന

കണ്ണുനീരും..

എനിക്കായ് നീ കുറിച്ച

കവിതകളിലെ

വരികള്‍ പോല്‍ മുറിഞ്ഞ

മനസുമായ് പോകുമ്പോള്‍

വിടര്‍ത്തുവാന്‍ ശ്രെമിച്ച

ചുണ്ടുകളില്‍ ചുടു-

കണ്ണുനീര്‍ വീണു തുടുത്തതും

നീ ഓര്‍ക്കുന്നുവോ..?

ഇല്ലയെന്നറികിലും വെറുതെ….

ഞാനും ഒര്മിക്കുന്നില്ല..

സ്വപ്നങ്ങളില്‍ എന്നും

ഇവിടങ്ങളില്‍ തന്നെ ഒറ്റയ്ക്ക്

കഴിയുമ്പോള്‍ എന്താണ്

ഇത്ര ഓര്‍ത്തുപോകാന്‍..

മറന്നു….

**ഒരു സ്വപ്നം**

മഞ്ഞു പോല്‍.. മഴത്തുള്ളി പോല്‍..

കുളിര് പോല്‍.. ഇളംകാറ്റ് പോല്‍..

എന്‍ ഹൃദയത്തിന്‍ ആദ്യ വസന്തം..

സൌഹൃദത്തിന്‍ അണയാ ദീപത്തില്‍ തിരി തെളിഞ്ഞീടവേ..

ഒരു പനിനീര്‍ പൂപോല്‍ അതെന്‍ മനസ്സില്‍ വിടര്‍നീടവേ..

ആ വസന്തം എന്റേത് മാത്രമായ്‌..

എന്‍ ഏകാന്ത ജീവനില്‍ പൂനിലാവായ്‌..

കണ്ണീരൊപ്പും കരസ്പര്‍ശമായ്..

സ്നേഹമായ്‌, ജീവന്റെ ജീവനായ്‌..

എന്നും നിനക്കായ് കാത്തിരിക്കാം..

ഓര്‍മ്മകള്‍ തന്‍ സ്നേഹതീരത്ത് ഞാന്‍..

ഇനിയുള്ള നാളുകള്‍ കൈകോര്‍ത്തിടാന്‍..

ഇനിയുള്ള ജീവിതം പങ്കുവെയ്ക്കാന്‍..

എന്റേതു മാത്രമായ്‌, എന്‍ സ്വന്തമായ്‌..

അരികില്‍ വരില്ലേ എന്‍ ജീവനേ..!

 

വര്‍ഷങ്ങള്‍ പഴക്കമുള്ളവ.. കണ്ടും വായിച്ചും ആരും വരണ്ട ! 😀

ഉണ്ണിക്കുട്ടന്റെയും ലോകം


യു.പി.സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ എന്റെ ഏറ്റവും വലിയ സീസണല്‍ ശത്രുവായിരുന്നു ശ്രുതി. മറ്റാരുമല്ല, എന്റെ പിതൃസഹോദരപുത്രി, ഫ്രം ദില്ലി. സീസണല്‍ ശത്രുവെന്ന് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല.. കാര്യം എപ്പോഴും ശത്രുതയുണ്ടെങ്കിലും സമ്മര്‍ സീസണില്‍ മാത്രമേ നാട്ടിലുണ്ടാവൂ.. ദില്ലിയില്‍ നിന്ന് വേനലവധിക്ക് നാട്ടില്‍ വന്ന് ഒരു മാസം തങ്ങിയിട്ട് മടങ്ങും. പ്രധാനമായി, രാഷ്ട്രഭാഷയഅയ ഹിന്ദി എനിക്ക് എഴുതാനും വായിക്കാനും മാത്രമേയറിയൂ എന്ന പുച്ഛം അവള്‍ക്കെന്നോട്; അതേസമയം മലയാളിയായിട്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോയെന്ന് പുച്ഛം എനിക്കവളോട്..

പ്രായം മുതല്‍ അടിയാണ്.. ഒരു മാസത്തിന് മൂത്തതായോണ്ട് ചേച്ചിയാണെന്ന് പറഞ്ഞ് പ്രഥമപ്രഹരം! പിന്നെ ഓരോന്നായി തുടങ്ങുന്നു.. ദൂരദര്‍ശന്‍ മാത്രമുള്ള ആദ്യകാലത്തും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അത് വെറും ദൂരദര്‍ശന്‍ ‘മാത്രം’ അല്ലായിരുന്നു.. അത് ഹിന്ദി ദൂരദര്‍ശനും മലയാളം ദൂരദര്‍ശനും ആയിരുന്നു.. രണ്ടേ രണ്ട് ചാനല്‍ മാത്രമായിട്ട് ഇത്രേം ബഹളം.. അതിലാണേല്‍ പിന്നെ റിമോട്ടും ഇല്ല.. ചാനല്‍ മാറുമ്പോള്‍ കിടന്ന കിടപ്പില്‍ നിന്ന് പറന്ന് ചെന്ന് അടുത്ത സ്വിച്ചില്‍ ഒറ്റക്കുത്ത്.. തിരിച്ച് ലാന്‍ഡ് ചെയ്യുമ്പോള്‍ അടുത്തയാള്‍ പറന്നിട്ടുണ്ടാവും.. കുത്തിക്കുത്തി ടിവിയുടെ ഒരുവശം മുച്ചുണ്ട് വന്നപോലായി ! എനിക്ക് മലയാളം ജയ് ഹനുമാന്‍ കാണണം.. ഓള്‍ക്ക് ഹിന്ദി പറയുന്ന ഹനുമാനേ പറ്റൂ.. കരഞ്ഞ് പിടിച്ച് ബഹളമായി ആരും ഒന്നും കാണില്ല..

പിന്നെ ചുമ്മാ ഇരിക്കുമ്പോ ഒന്ന് തോണ്ടും.. ആ തോണ്ടല്‍ മൂന്നാം ലോകമഹായുദ്ധത്തിലാവും പര്യവസാനിക്കുക ! തോക്ക് മാത്രമില്ല.. ബോംബ്, അമ്പും വില്ലും, പീരങ്കി ഇത്യാദികള്‍ മുതല്‍ റ്റിയര്‍ ഗ്യാസ് വരെ കൊണ്ടെത്തിക്കും.. അങ്ങനെ ചുമ്മ ഇരിക്കുമ്പോ തമാശിക്കുനതും ഇത്തരത്തിലൊക്കെയാ.. സ്നേഹത്തോടെ ഓറഞ്ച് വാങ്ങി രണ്ട് പേര്‍ക്കും തന്നിട്ട് കാര്‍ന്നോമ്മാര് അങ്ങോട്ട് മാറും.. അടുത്ത സെക്കന്റില്‍ ഓറ്ഞ്ചിന്റെ തൊലിയിലെ നീര് കണ്ണിലേക്ക് ചീറ്റിച്ചോണ്ട് അടി തൊടങ്ങും !

അടുത്ത അടി കമ്പ്യൂട്ടറിനെ ചൊല്ലി.. ഉപയോഗിക്കാന്‍ അങ്ങോട്ടുമിങ്ങോട്ടും അടി.. ‘എന്റെ വീട്ടിലെ കമ്പ്യൂട്ടറല്ലെ, ഞാന്‍ പകല്‍ മുഴുവന്‍ സ്കൂളി പോയപ്പോ ഓള്‍ക്ക് ഉപയോഗിക്കാരുന്നല്ലോ, ഇപ്പോ ഞാന്‍ വന്നപ്പോ തന്നെ എന്തിനാ അവള്‍ ഓണാക്കണേ’ ന്നു ചോദിച്ച് ഞാന്‍ കരയും.. ലവളൊടനേ കൊറേ ഹിന്ദി പറഞ്ഞ് കരയും.. അതൊന്നും മനസ്സിലാവാതെ ഇതിനിനി എന്ത് മറുപടി പറയുമെന്നറിയാതെ വായും പൊളിച്ച് ഞാന്‍ നിക്കുമ്പോ അവള്‍ യുദ്ധത്തില്‍ ജയിക്കും ! ജയം ഘോഷിക്കാന്‍ കണ്ടകടച്ചാഴി ഹിന്ദിപ്പാട്ടൊക്കെ ഉറക്കെ വെച്ച് എന്നെ കൊഞ്ഞനം കുത്തി കാണിക്കും.. ഇതെല്ലാം കേട്ട് ചൊറിഞ്ഞ് വരുന്ന് ഞാന്‍ ദേഷ്യം കടിച്ച് പിടിച്ച് ഇരിക്കും.. ഇടയ്ക്കിടെ അതുമിതും എടുക്കാനെന്ന ഭാവത്തില്‍ അവള്‍ എണീറ്റ്പോയോന്നറിയാന്‍ മുറിയേക്ക് ചെല്ലും.. പോയില്ലെങ്കില്‍ പിന്നില്‍ പോയി നിന്ന് ഞാനും കൊഞ്ഞനം കുത്തിക്കാണിച്ചിട്ട് തിരിച്ച് വരും.. ഒരഞ്ചാറ് തവണ ട്രിപ്പ് അടിച്ച് കഴിയുമ്പോഴേക്ക് ഓള് പോയിട്ടുണ്ടാവും.. ഞാന്‍ നേരേ സിസ്റ്റം ഓണ്‍ ചെയ്യും > മൈ കമ്പ്യൂട്ടര്‍ > ഡി ഡ്രൈവ് > സോങ്ങ്സ് > ഹിന്ദി > സെലക്ട് ഓള്‍ > ഷിഫ്റ്റ് ഡിലീറ്റ് > എന്റര്‍ ! ഒറ്റയ്ക്ക് എവറസ്റ്റ് കീഴടക്കിയ മനുഷ്യന്‍ അമിതാഹ്ലാദം പങ്കുവെയ്ക്കാന്‍ ആളില്ലാതെ വിഷമിക്കുന്നാ ആ ഒരു വീര്‍പ്പുമുട്ടല്‍ ഞാനും അനുഭവിക്കും ആ ഒഴിഞ്ഞു കിടക്കുന്ന ഹിന്ദി ഫോള്‍ഡര്‍ കണ്ട്.. അടുത്ത ദിവസം സ്കൂള്‍ വിട്ട് വന്ന് കമ്പ്യൂട്ടറ് ഓണ്‍ ആക്കുമ്പോ സോങ്ങ്സ് എന്ന ഫോള്‍ഡറേ കാണാത്തപ്പോ ആ വീര്‍പ്പുമുട്ടല്‍ അങ്ങ് മാറും..!

അടുത്ത വര്‍ഷം അവള്‍ വന്നപ്പോ ഞാനും ഹിന്ദി പാട്ടുകള്‍ കേട്ടു തുടങ്ങിയിരുന്നു.. അതിന്റെ അഹങ്കാരത്തില്‍ ഞാനാദ്യം ഹിന്ദിപ്പാട്ടൊക്കെ വെച്ച് ഫയങ്കര ഫീലോടെ ആസ്വദിച്ചുകൊണ്ടിരുന്നു.. കുറേ കഴിഞ്ഞപ്പോ ലവള്‍ വന്ന് ഇംഗ്ലീഷ് പാട്ട് കേക്കാന്‍ തുടങ്ങി.. പിന്നേം പണി കിട്ടി.. അങ്ങനെ വീണ്ടും എന്റെ കമ്പ്യൂട്ടറിന്റെ സ്പീക്കറിന് കുറേക്കാലം റെസ്റ്റ് !

ഇത്രയുമൊക്കെയാണെങ്കിലും വേറൊരു സംഗതിയുണ്ട്.. ദിവസേന വൈകിട്ട് നാലു മണി ആകുമ്പോള്‍ ആശാത്തി കൃത്യമായി വീടിന്റെ പുറകില്‍ വഴിയിലെ ചെടികള്‍ക്കപ്പുറത്ത് വന്ന് കാത്തിരിക്കും.. ദിവസവും രാത്രി അച്ഛന്റെ മേശയില്‍ നിന്ന് നാണയങ്ങള്‍ പൊക്കി പോകറ്റിലാക്കും.. സ്കൂള്‍ വിട്ടു വരുന്ന വഴി ഞാന്‍ ആ കാശിനു മേടിച്ചോണ്ട് വരുന്ന സിപ്-അപ്പിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.. ചില ദിവസങ്ങളില്‍ വത്യാസം വരും.. അഞ്ചു രൂപാ നാണയമോ മറ്റോ ആണ് കിട്ടുന്നതെങ്കില്‍ അന്ന് കോളാണ്.. അന്ന് വൈകിട്ട് ജാം റോള്‍ !! എന്തായാലും വൈകിട്ട് ഞാനെത്തും, പൊതി തുറക്കും, രണ്ടാളും ഓരോന്ന് കഴിക്കും, കവറ് വലിച്ചെറിയും, കൂളായി വീട്ടില്‍ ചെല്ലും, അടി തുടരും !! ആ ഒരു അര മണിക്കൂര്‍ മാത്രം യാതോരു പ്രശ്നവുമില്ല.. അങ്ങനെ ഒരു മാസം തീരും.. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് കാണും..

ഇപ്പൊ പിന്നെ ലോകം പുരോഗമിച്ചല്ലോ.. നേരത്തേ വര്‍ഷത്തിലൊന്ന് മാത്രം കാണുകയും മിണ്ടുകയും ചെയ്യുന്നേന്റെ കുഴപ്പമായിരുന്നു.. അത് കഴിഞ്ഞ് ഓര്‍ക്കൂട്ടും, മൊബൈലും, ഫേസ്ബുക്കും, വാട്സാപ്പും ഒക്കെ വന്നപ്പോ എപ്പോഴും കോണ്ടാക്ടിലായി.. അങ്ങനെ അടിപിടിയൊക്കെ തീര്‍ന്നുകിട്ടി..! ///അല്ലാതെ മറ്റൊന്നും കൊണ്ടല്ല കേട്ടോ.. ഓള്‍ക്ക് ഇഷ്ടോള്ള പാട്ട് വെക്കാന്‍ ഓള്‍ക്ക് ഓള്‍ടെ ലാപും, മൊബൈലും, ഐപോഡും, എനിക്ക് പാട്ട് കേക്കാന്‍ എന്റെ മൊബൈലും.. ടിവി കാണല്‍ രണ്ടാള്‍ക്കും താല്പര്യോല്ലാണ്ടായി../// അങ്ങനെ ടെക്നോളജി വികസനം കാരണം ഞങ്ങളിലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധമൊഴിഞ്ഞു.. പക്ഷേ പരസ്പരം കളിയാക്കാനും തൊഴിക്കാനും ഇടിക്കാനുമൊന്നും വേറെ സബ്സ്റ്റിറ്റ്യൂട്ട് ഇല്ലാത്തോണ്ട് ഇന്നും ടോം ആന്‍ഡ് ജെറി കളി അങ്ങനെ തന്നേണ്ട് ! യഥാര്‍ത്ഥത്തില്‍ കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്ക് വര്‍ഷാവര്‍ഷം കിട്ടുന്ന ഈ ഒരു മാസമാണ്.. 🙂

അതല്ലെങ്കില്‍ നന്തനാര്‍ എഴുതിയ ‘ഉണ്ണിക്കുട്ടന്റെ ലോകം’ വായിക്കണം.. 🙂

മരണം; അല്ല, മരണങ്ങള്‍ !


ഏതൊരാള്‍ക്കും ഏറ്റവും വേദനാജനകമായത് മരണമാണ്; പക്ഷേ അതൊരിക്കലും സ്വന്തം മരണമല്ല.. സ്വന്തം മരണം തീര്‍ച്ചയായും വേദനാജനകം തന്നെ, എങ്കിലും അതോടെ എല്ലാം അവസാനിക്കുകയാണ്. അതിനാല്‍ തന്നെ സ്വന്തം മരണം ഒരു നഷ്ടമായി പറയാനാവില്ല. പക്ഷേ തന്റെ ജീവിതത്തില്‍ ഏറെ പ്രാധന്യമുള്ളതെന്ത് നഷ്ടപ്പെട്ടാലും അത് ജീവിതാന്ത്യം വരെ സഹിക്കുക സ്വന്തം മരണത്തെക്കാള്‍ ബുദ്ധിമുട്ടാണ്.

ഒരു മനുഷ്യന്റെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചിടത്തോളം മരണം എന്നത് ജീവനുള്ളതിന് മാത്രം സംഭവിക്കുന്നതല്ല.ആരും എന്തും ഏതും മരണപ്പെടുന്നു; നമ്മുടെ ജീവിതത്തില്‍ അവയുടെ / അവരുടെ റോള്‍ അവസാനിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഓര്‍മ്മകളിലേക്ക് അവര്‍ / അത് മാറ്റപ്പെടുന്നു. ഒരു സുഹൃത്തോ, ബന്ധുവോ മരിക്കുമ്പോള്‍, ചിലപ്പോള്‍ ഒരിക്കല്‍ മാത്രം കണ്ടവരോ, അധികം അടുപ്പമില്ലാതിരുന്നവരോ ആവാം, വളര്‍ത്തുമൃഗങ്ങളാവാം; പട്ടിയോ പൂച്ചയോ അങ്ങനെ ആരുടെ മരണവും നികത്താനാവാത്ത ഒരു വിടവ് ജീവിതത്തില്‍ സൃഷ്ടിക്കും. ബദലായി ആരെത്തിയാലും നഷ്ടം നഷ്ടം തന്നെയാണ്, ആ ഓര്‍മ്മകള്‍ കുറേക്കാലത്തേക്കോ, ജീവിതാന്ത്യം വരെയോ വല്ലപ്പോഴുമെങ്കിലും നമ്മെ നോവിക്കും.

ഈ വേദനയ്ക്ക് പക്ഷേ മരണം തന്നെയല്ല കാരണമാവുക.. മരണപ്പെട്ടില്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞ് പോക്ക്.. ഒരു പ്രണയബന്ധത്തിന്റെ അവസാനം, ഒരു സൗഹൃദത്തിന്റെ അവസാനം അങ്ങനെ പല നഷ്ടങ്ങള്‍.. അവയൊക്കെ സംഭവിക്കുമ്പോഴും മനസ്സിന്റെയൊരു കോണില്‍ ചിലപ്പോള്‍ ശുഭപ്രതീക്ഷ ഉണ്ടായേക്കാം; വീണ്ടുമൊരിക്കല്‍…. പക്ഷേ ജീവിതമവസാനിപ്പിച്ച് നമ്മുടെ ജീവിതത്തിലൊരു ശൂന്യത സൃഷ്ടിച്ച് പോകുന്നവരെ പറ്റി കുറേ നല്ല ഓര്‍മ്മകള്‍ മാത്രം !

ഇതേ അവസ്ഥ തന്നെയാണ് ജീവനില്ലാത്തവയെപ്പറ്റിയും മനുഷ്യന്.. പ്രിയപ്പെട്ട വാഹനം, വീട് അങ്ങനെയെന്തും.. പുതിയൊരു വീട് വയ്ക്കാനുള്ള ശ്രമത്തിനിടെ നിലവിലുള്ള പഴയ വീടിന്റെ ഭാഗമായ പടിപ്പുര പൊളിക്കുന്ന അവസ്ഥയില്‍ വല്ലാത്ത വിഷമം തോന്നി.. നല്ലതും ചീത്തയുമായ ഏറെ ഓര്‍മ്മകള്‍.. ഏതാണ്ട് ഏഴ് വര്‍ഷത്തോളം ഞാന്‍ കഴിഞ്ഞിരുന്നത് പടിപ്പുരയിലെ ഒരു മുറിയിലായിരുന്നു.. ആ മുറിയിലിരുന്ന് എത്ര തവണ സന്തോഷിച്ചു, പൊട്ടിച്ചിരിച്ചു, സങ്കടപ്പെട്ടു, കരഞ്ഞു.. പല ജോലികളും, തിരക്കുകളും, യാത്രകളും കഴിഞ്ഞ് വരുമ്പോള്‍ എത്രയോ തവണ കാഴ്ചയില്‍ തന്നെ എനിക്ക് ആശ്വാസമേകി..എത്രയോ ദിവസങ്ങള്‍ സുഖനിദ്രയേകി.. എന്തൊക്കെ എഴുതി.. എത്രയോ സുഹൃത്തുക്കളുമൊപ്പം സമയം ചിലവഴിച്ചു.. മഴ പെയ്യുമ്പോള്‍ ജനലും തുറന്നിട്ട് വിസ്തരിച്ച് മുറുക്കിക്കൊണ്ട് ജനാലയ്ക്കല്‍ ചാരിയിരുന്ന് എത്ര നാള്‍ കഴിഞ്ഞു.. മുഖമ്മൂടികളോ, പുറമ്മോടികളോ ഇല്ലാതെ ആരുമറിയാത്ത ഞാനെന്ന പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞ നാല് ചുമരുകള്‍.. ഇന്നെന്റെ കൈകൊണ്ട് തന്നെയാ നാലു ചുമരുകള്‍ പൊളിഞ്ഞുവീഴുമ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ മനസ്സില്‍.. എങ്കിലും മറക്കാനാഗ്രഹിക്കുന്നവ പ്രിയപ്പെട്ടതെങ്കിലും മറന്നേ പറ്റൂ.. അത് ഈ ചുമരുകള്‍ക്കിടയിലെ കുമ്മായം പോലെ പൊടിഞ്ഞ് നുറുങ്ങി പോവട്ടേ.. വേദനകളെല്ലാം വെട്ടുകല്ലുകള്‍ പോലെ തകര്‍ന്ന് പോട്ടെ.. അനുഭവിച്ച് തൃപ്തിയായ ഏതാനം നല്ല നിമിഷങ്ങള്‍ പൊട്ടാത്ത ഓടുകള്‍ക്കും ഒടിയാത്ത കഴുക്കോലുകള്‍ക്കുമൊപ്പം എന്റെ പുതിയ വീട്ടിലേക്കുമെത്തട്ടേ.. ഓര്‍മ്മകളുടെ നിലനില്പ്പ്..

 

ഇമ്മാതിരി ഭ്രാന്തന്‍ ചിന്തകളും ഒരിക്കല്‍ മരണപ്പെട്ട് എനിക്ക് സ്വസ്ഥത ലഭിക്കുമായിരിക്കും….!

നാ ഫലേഷു !!


ഇന്നുവരെ ജീവിതത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന ഒരു മനുഷ്യജീവിയെ കണ്ടിട്ടില്ല. സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതില്‍ മത്സരിക്കുന്നവരാണ് ഒക്കെയും. സ്വാര്‍ത്ഥതയാണ് പേപ്പട്ടിയെപ്പോലെ മനുഷ്യനെ കടിക്കുന്നത്. ആ കടി കിട്ടിയ മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കടിക്കുന്നു. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്വാര്‍ത്ഥതയെന്ന വിഷം അനുഭവങ്ങളിലൂടെ കൈമാറപ്പെടുന്നു. സ്വാര്‍ത്ഥതയെന്നാല്‍ ഞാനെന്ന ഭാവം അല്ല, ഞാനെന്നും എനിക്കെന്നും മാത്രം ചിന്തിച്ചുള്ള പ്രവൃത്തികള്‍. മറ്റൊരാള്‍ക്ക് ഗുണമുള്ളൊരു കാര്യം ചെയ്താലും, അതില്‍ തനിക്കെന്തു നേട്ടം എന്ന് മാത്രം ചിന്തിക്കുന്നവര്‍. അങ്ങനെ ചിന്തിക്കാതെ മറ്റൊരാള്‍ക്കൊരുപകാരം ചെയ്താല്‍ അവനതില്‍ എന്ത് ലാഭം കിട്ടിയെന്ന് ചൂഴ്ന്നു നോക്കുന്ന കണ്ണുകള്‍.. സ്വാര്‍ത്ഥക്കടിയേല്‍ക്കാതിരിക്കാനും, സ്വാര്‍ത്ഥവിഷം നിറയാതിരിക്കാനും ഒരല്പം സ്വാര്‍ത്ഥനാവുക തന്നെയേ രക്ഷയുള്ളൂ.. ഇമ്മാതിരി ജന്മങ്ങളെ നിങ്ങളെന്നും, താനുള്‍പ്പടെ മറ്റുള്ളവരെ ഒന്നിച്ച് ഞാനെന്നും കാണാനാവുന്ന സ്വാര്‍ത്ഥത. നിങ്ങളെന്തു വേണമെങ്കിലും പറഞ്ഞോളൂ, ചെയ്തോളൂ.. ഞാന്‍ എനിക്കു വേണ്ടി (എനിക്കും, ഞങ്ങള്‍ക്കും, എന്നെ ആവശ്യമുള്ളവര്‍ക്കും) വേണ്ടതൊക്കെ ചെയ്യും എന്ന സ്വാര്‍ത്ഥത.\

ഒപ്പമുള്ളയാള്‍ക്ക് ദാഹിക്കുമ്പോള്‍ അല്പം വെള്ളം കൊടുക്കാനും, താഴെ വീണാല്‍ പിടിച്ചെഴുന്നേല്പ്പിക്കാനും ഇപ്പറഞ്ഞ വിഷം അധികതോതില്‍ എത്താത്ത ഏതൊരു വ്യക്തിക്കും കഴിയും.. ഒപ്പമുള്ളയാള്‍ എന്നത് ഒരല്പം വിശാലമായി ചിന്തിക്കുമ്പോള്‍ ഈ ഭൂമിയില്‍ നമ്മള്‍ ജീവിക്കുന്ന അതേ കാലഘട്ടത്തില്‍ ജീവിക്കുന്ന ആളെന്ന് വിശദീകരിക്കാം. വിഷമിച്ചിരിക്കുന്ന ഒരപരിചിതനെ നോക്കി ഒന്ന് ചിരിക്കുന്നത് ചിലപ്പോള്‍ അദ്ദേഹത്തിന്റെ വിഷമത്തിന്റെ കാഠിന്യം കുറച്ചേക്കാം. അങ്ങനെ നമ്മെ കൊണ്ട് കഴിയുന്ന എന്തൊക്കെ സഹായങ്ങളുണ്ട്. ഒരിക്കല്‍ ചെയ്യുമ്പോള്‍, അവരുടെ സന്തോഷം കാണുമ്പോള്‍ നമുക്ക് വീണ്ടും ചെയ്യാനൊരു പ്രചോദനമാവും. അത് മറ്റൊന്നുമല്ല. നാം കാരണം മറ്റൊരാള്‍ സന്തോഷിക്കുമ്പോള്‍ അത് സ്വാഭാവികമായും നമ്മെയും സന്തോഷിപ്പിക്കും. അതാണ് ആദ്യം പറഞ്ഞത്. ഇതുമൊരു സ്വാര്‍ത്ഥത തന്നെ.

നാം ചെയ്ത ഒരു നല്ല കാര്യം അംഗീകരിക്കപ്പെട്ടാല്‍ അത് വീണ്ടും ചെയ്യാനൊരു പ്രചോദനം ആവുകയാണ്. അതിന്റെ ഗുണഭോക്താവ് ഒരു നന്ദി പറഞ്ഞാല്‍, അല്ലെങ്കില്‍ മറ്റൊരാള്‍ അഭിനന്ദനം അറിയിച്ചാല്‍ അടുത്തൊരവസരത്തില്‍ നാം വീണ്ടും ചെയ്യും. അതിനുവേണ്ടിയുള്ള ആ ചെറിയ സന്തോഷം മാത്രമാണ് പ്രതീക്ഷിക്കുന്നത്.. അതാണ് തൃപ്തി; മനസ്സംതൃപ്തി ! പക്ഷേ ഈ സ്വാര്‍ത്ഥയുടെ വൈറസ് എവിടെയും പരക്കുന്നു.. ‘ഞാനെന്നാല്‍ ഞാന്‍ മാത്രമാകുന്നൊരേകവചനമായ ഞാന്‍’ എന്ന സ്വാര്‍ത്ഥര്‍ക്ക് ഇവര്‍ അല്പന്മാരാവുന്നു. ആളാകുവാനുള്ള മുഷിഞ്ഞ ശ്രമങ്ങളാവുന്നു ! മറുപടികള്‍ കഠിനമാവുമ്പോള്‍, പ്രതികരണം മോശമാവുമ്പോള്‍, പ്രചോദനം പ്രതിഷേധങ്ങള്‍ക്ക് വഴിമാറുമ്പോള്‍ സ്വാര്‍ത്ഥവിഷം അറിയാതെ മനസ്സില്‍ കയറുന്നു.

ആരെങ്കിലുമൊരാളെങ്കിലും നല്ലത് പറയുമ്പോഴാണീ ചെയ്യണതൊന്നും വ്യര്‍ത്ഥമല്ലായെന്ന് മനസ്സിലാവുക. എങ്കിലേ ഇത് തുടരൂ.. പക്ഷേ ഈ ചിന്തയില്‍ നിന്നൊക്കെ എന്നെ പിടിച്ചുലച്ച ഒരു വ്യക്തി.. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍.. സമയം രാത്രി ഏതാണ്ട് പതിനൊന്ന് മണി.. കൂന് പിടിച്ച് നിവര്‍ന്ന് നില്‍ക്കാന്‍ ശേഷിയില്ലാത്ത, മെലിഞ്ഞുണങ്ങിയൊരു മനുഷ്യന്‍.. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും.. പതിയെ നടന്ന് നടന്ന് വഴിയരികിലെ പേപ്പറുകളും, പ്ലാസ്റ്റിക്കും മറ്റും പെറുക്കിയെടുത്ത് കാടുപിടിച്ചുകിടക്കുന്ന ഒരു മൂലയില്‍ കൂട്ടിയിടുന്നു.. ഇടയ്ക്ക് റോഡ്വക്കില്‍ കിടന്ന പ്ലാസ്റ്റിക്ക് കവര്‍ നീക്കി നോക്കി. എന്തോ ഉണ്ടെന്ന് മനസ്സിലായി. കുറേ കഴിഞ്ഞ പതിയെ തിരികെ വന്ന അദ്ദേഹം കയ്യില്‍ മറ്റൊരു കവറും ഒരു കാര്‍ഡ്ബോഡ് പീസും കരുതിയിരുന്നു. കണ്ണ് പകുതി തന്നെ കഷ്ടിച്ച് തുറക്കുന്ന അദ്ദേഹം വളരെ വിഷമിച്ച് ആ കവര്‍ എടുത്ത് കൈയ്യിലെ കവറിലേക്കിട്ടു.. അപ്പോഴാണ് കണ്ടത്.. ഇന്നത്തെ വികസിത സമൂഹത്തില്‍ ശ്രേഷ്ഠന്മാര്‍ ആരോ വഴിയില്‍ തള്ളിയ ഒരു കവര്‍ കുപ്പിച്ചില്ല് ! അദ്ദേഹം വളരെ സമയമെടുത്ത് ആ കുപ്പിച്ചില്ല് മുഴുവന്‍ കാര്‍ഡ്ബോര്‍ഡ് കൊണ്ട് തൂത്ത് കൂട്ടി കവറിലാക്കി വേറൊരു ഭാഗത്ത് മുലയ്ക്ക് കൊണ്ട് വച്ചു.. എന്നിട്ട് വീണ്ടും ആ ഭാഗത്തൂടി നടന്ന് നോക്കി.. എല്ലാം ക്ലീന്‍ ആണ്.. പിന്നെ എങ്ങനെയോ ഇരുട്ടില്‍ മറഞ്ഞു ആ മനുഷ്യന്‍ !

പതിനഞ്ചോളം ആളുകള്‍ കടയ്ക്ക് മുന്നിലുണ്ടായിട്ട് വേറേയാരും ഇദ്ദേഹത്തെ ശ്രദ്ധിച്ചതേയില്ല. പക്ഷേ അദ്ദേഹം എല്ലാം വൃത്തിയാക്കിയ ശേഷം മാത്രം നടന്നകന്നു.. അദ്ദേഹം ഈ ചെയ്തത് ആര്‍ക്ക് വേണ്ടി? അദ്ദേഹത്തിന് എന്ത് നേട്ടം? ആര് കാണുന്നു? ആര് അഭിനന്ദിക്കുന്നു? ആര് നന്ദി പറയുന്നു? വെറുതേയെങ്കിലും ആര് സംസാരിക്കുന്നു? എന്നിട്ടും ഈയവസ്ഥയിലും എന്തിനിങ്ങനെ..? നമ്മളൊക്കെ ഇവരുടെ മുന്നില്‍ ആരാണ്.. എന്തിനാണ് ജീവിക്കുന്നതെന്ന് തന്നെ തോന്നിപ്പോകുന്നത് ഇങ്ങനെയുള്ള മനുഷ്യരെ കണ്ട് മനസ്സിലാക്കി വരുമ്പോഴാണ്.. അദ്ദേഹത്തെ എങ്ങനെ ബഹുമാനിക്കണം? എങ്ങനെ ക്ഷമ ചോദിക്കണം? എന്ത് സഹായം നല്‍കണം? എങ്ങനെ കണ്ടുപിടിക്കും? എന്ത് ചെയ്താല്‍ അതിനു പകരമാവും? എന്റെ ആയുസ്സും ആരോഗ്യവും കൂടി അദ്ദേഹത്തിന് നല്‍കാനാവോ? ഈ ജന്മം അല്പം മെച്ചപ്പെടട്ടേ ! വെറുതേ മുന്നിലൂടെ കടന്ന് മാഞ്ഞുപോയ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അനേകായിരം ചോദ്യങ്ങള്‍ ഇതാ..

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


എല്‍ കെ ജി മുതല്‍ പഠിച്ച സ്കൂള്‍ ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരെയായിരുന്നു. രാവിലെ അച്ഛന്‍ ഓഫീസില്‍ പോണ വഴി സ്കൂളില്‍ ഇറക്കും. ആദ്യമൊക്കെ തിരികെ വരുന്നത് സ്കൂള്‍ ബസ്സിലായിരുന്നു.. പിന്നെ രണ്ടാം ക്ലാസ്സിലോ, മൂന്നാം ക്ലാസ്സിലോ മറ്റോ എത്തിയപ്പോ അടുത്ത സുഹൃത്തുക്കളൊക്കെ നടന്ന് പോണ കണ്ട് ഞാനും പെട്ടെന്നൊരു ദിവസം മുതല്‍ നടപ്പ് തുടങ്ങി. പിന്നീട് അഞ്ചാം ക്ലാസ്സ് മുതല്‍ സൈക്കിളായി.. ഏഴാം ക്ലാസ്സ് ആയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂറവായതുകൊണ്ട് ഈ ബ്രാഞ്ചില്‍ നിന്നും ഞങ്ങളെ സ്കൂളിന്റെ കോട്ടയം ടൗണിലെ സ്കൂളിലേക്ക് മാറ്റി. അങ്ങോട്ടും ആദ്യം പാതിവഴി സൈക്കിളിലും, ബാക്കി സ്കൂള്‍ ബസ്സിലുമായി യാത്ര. എട്ടാം ക്ലാസ്സ് മുതല്‍ ഞാനും പ്രൈവറ്റ് ബസ്സിനെ ആശ്രയിച്ചു തുടങ്ങി.

എട്ടേമുക്കാലിന്റെ ബസ്സിനു പോയാലും കൃത്യസമയത്ത് സ്കൂളിലെത്താം.. പക്ഷേ അസഹ്യമായ തിരക്കാണ് ആ ബസ്സില്‍. ചില ദിവസ്മ നിര്‍ത്തുകയുമില്ല. നിര്‍ത്തി, കയറിപ്പറ്റിയാല്‍ തന്നെ അങ്ങെത്തിയാല്‍ ഭാഗ്യം.. ടൗണ്‍ വരെയുള്ള ദൂരം ഫുട്ബോര്‍ഡിനു പുറത്ത് തൂങ്ങിക്കിടന്ന് പോണം. ബസ്സിന്റെയും, അതിനു പുറത്ത് ഞങ്ങളുടേയും വരവു കണ്ട് പേടിച്ച് അന്നൊക്കെ വഴിയരികിലെ മതിലുകളും, പോസ്റ്റുകളും, മരങ്ങളുമൊക്കെ മാറി നില്‍ക്കുക പതിവായിരുന്നു ! പഠിത്തം അവസാനിപ്പിച്ച് വല്ല കൂലിപ്പണിക്കും പോകുന്നതിനെപ്പറ്റി ആദ്യവും അവസാനവുമായി ഞാന്‍ കൂലംകുഷമായി ചിന്തിച്ചത് ആ ബസ്സില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു. അതിലെ തിരക്ക് സഹിക്കാനാവതെ എട്ടരയുടെ ബസ്സിലായി യാത്ര. അതിലും തിരക്കായപ്പോള്‍ ബസ് മറിക്കൊണ്ടേയിരുന്നു. എട്ടേകാല്‍, എട്ട് പത്ത്, എട്ട് മണിയുടെ ട്രാന്‍സ്പോര്‍ട്ട്. ഏഴേമുക്കാല്‍, ഏഴര, ഏഴേകാല്‍, ഏഴ് പത്ത് എന്നീ സമയങ്ങളിലെ ബസുകളിലേക്ക് ഞാന്‍ പ്രൊമോട്ടഡ് ആയിക്കൊണ്ടിരുന്നു.

ഒന്നോ രണ്ടോ ബസ്സ് നിര്‍ത്താതെ വരുമ്പഴോ, സമയം വൈകുമ്പഴോ അങ്ങനെ വല്ലപ്പോഴും ബൈക്കുകള്‍ക്ക് മുന്നില്‍ കൈനീട്ടി ലിഫ്റ്റ് ചോദിച്ചു. അതും എട്ടോ പത്തോ തവണ മാത്രം ! ഒരിക്കലോ മറ്റോ മാത്രം ഒരു ബൈക്ക് നിന്നു, ലിഫ്റ്റ് തന്നു. പക്ഷേ മറ്റുള്ളവരൊന്നും വകവെച്ചില്ല! അതുകൊണ്ട് തന്നെ പിന്നീട് ലിഫ്റ്റ് ചോദിക്കല്‍ നിര്‍ത്തി. അന്നത്തെ വിഷമത്തില്‍ ഞാന്‍ ബൈക്ക് വാങ്ങിയാല്‍ ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാല്‍ നിര്‍ത്താതെ പോവില്ലാന്ന് ഓര്‍ത്തിരുന്നു.. ബൈക്ക് വാങ്ങി, യാത്ര തുടങ്ങി.. ലിഫ്റ്റ് ചോദിച്ച് കൈകള്‍ നീണ്ടു.. ഒട്ടുമിക്കപ്പോഴും ഞാന്‍ വണ്ടി നിര്‍ത്തി, അവരേയും കയറ്റി.. തീരെ നിവൃത്തിയില്ലാത്ത ചില സന്ദര്‍ഭങ്ങളില്‍ നിര്‍ത്താതെ കടന്നുപോയിട്ടുമുണ്ട്.

ഇപ്പോള്‍ എല്ലാ ആഴ്ചയും കോട്ടയം – എറണാകുളം ബൈക്ക് യാത്ര ഉള്ളത് കൊണ്ട് ഏറെ ആളുകള്‍ക്ക് ലിഫ്റ്റ് കൊടുക്കാറുണ്ട്. കോട്ടയത്ത് നിന്ന് പുറപ്പെട്ട് തൃപ്പൂണിത്തുറ എത്തുന്നതിനിടയില്‍ തന്നെ പലപ്പോഴായി നാലും, അഞ്ചും ആളുകള്‍ക്ക് വരെ ലിഫ്റ്റ് കൊടുത്തിട്ടുണ്ട്. അധികം ആളുകളും മൂന്നോ നാലോ കിലോമീറ്റര്‍ അകലെ മാത്രം പോവേണ്ടവര്‍ ആവും. ഒരിക്കല്‍ മാത്രം തൃപ്പൂണിത്തുറ മുതല്‍ ഏറ്റുമാനൂര്‍ വരെ ഒരാളെ എത്തിക്കുകയും ചെയ്തു. അധികവും സ്കൂള്‍ കുട്ടികള്‍ക്കാവും ലിഫ്റ്റ് കൊടുക്കാറ്. എന്നാല്‍ മോഷ്ടിച്ച വണ്ടിയുമായി പോകുന്നവനെ പിടിക്കാന്‍ പോലീസുകാരന്‍ കൈകാണിക്കുന്ന രീതിയില്‍ ചാടിവീഴുന്നവന്മാരെ ശ്രദ്ധിക്കാതെ കടന്നുപോവാറാണ് പതിവ്. ഒരു വര്‍ഷം മുന്‍പ് കോട്ടയത് വച്ച് ബൈക്കില്‍ കയറിയ ഒരു നാലാംക്ലാസ്സുകരന്‍ ഇറങ്ങിയപ്പോള്‍ രണ്ട് മിഠായി തന്ന് സന്തോഷം അറിയിച്ചപ്പോള്‍ എനിക്കും സന്തോഷം.

അധികമാളുകളും ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു താങ്ക്സോ, യാത്രപറച്ചിലോ, തോളത്ത് ഒന്ന് തട്ടി ഒരു ‘അപ്പൊ ഓക്കേ’ പറച്ചിലോ, ഒന്ന് ചിരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇത്രകാലമായിട്ട് ഇന്ന് ആദ്യമായി തിരിച്ചൊരു അനുഭവം. കോട്ടയത്ത് നിന്ന് വരുന്ന വഴിക്ക് കാഞ്ഞിരമറ്റത്ത് വച്ച് ഒരു പയ്യന്‍ കൈ നീട്ടി. ഒന്‍പതിലോ പത്തിലോറ്റെ പഠിക്കണ ആളാന്ന് തോന്നും കാഴ്ചയില്‍. ഉദയംപേരൂര്‍ എസ് എന്‍ ഡി പി സ്കൂളിനു മുന്നിലെത്തിയപ്പോള്‍ ഇവിടെയെന്ന് പറഞ്ഞു. വണ്ടി നിര്‍ത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോഴെക്കും ആള്‍ നടന്ന് ഗേറ്റ് കഴിഞ്ഞു ! ആരാ? എന്താ? ഹല്ല പിന്നെ !

കുറഞ്ഞ പക്ഷം ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ അടുത്ത തവണം കൈകാണിക്കുമ്പോള്‍ വണ്ടി നിര്‍ത്താന്‍ തോന്നുമായിരുന്നു സോദരാ..!

ഓര്‍മ്മകള്‍ പിന്നോട്ട്..


ഭിക്ഷ ചോദിച്ച് പലതരം ആളുകള്‍ നമ്മുടെയടുത്ത് ദിവസേന എത്തും. ഓരോരുത്തരെ കാണുമ്പോഴും ഓരോ സംശയമാണ്. കുട്ടികളാണെങ്കില്‍ അത് ഭിക്ഷാടനമാഫിയ ആവും, സ്ത്രീകളെങ്കില്‍ മോഷണമാവും ലക്ഷ്യം, പുരുഷന്മാരെങ്കില്‍ ഇവര്‍ക്കെന്താ പണിയെടുത്ത് ജീവിച്ചാല്‍, വികലാംഗരെങ്കില്‍ ഇവരുടെ വൈകല്യം യഥാര്‍ത്ഥമാണോ, പ്രായമായ പുരുഷന്മാരാണെങ്കില്‍ അധികം പേര്‍ക്കും എന്താ പുച്ഛഭാവവും ദേഷ്യവും – ഇങ്ങനെയെല്ലാം പലരും ചിന്തിക്കും.. പക്ഷേ പ്രായമായ സ്ത്രീകളെയാണ് ആ അവസ്ഥയില്‍ കാണുന്നതെങ്കില്‍ അല്പം വിഷമം തോന്നും.. ആരും സംരക്ഷിക്കാനില്ലാതെ ദയനീയതയോടെയാവും അവരെ കാണുക.. ആരോഗ്യമില്ല, ഭക്ഷണവും വസ്ത്രവുമില്ല, ആണ്‍തുണയില്ല, കിടക്കാന്‍ ഒരു കൂരയില്ല.. ഇവരെവിടെപ്പോവും, എന്ത് കഴിക്കും..

പണ്ട് ആദ്യമായി ബ്ലോഗെഴുത്ത് തുടങ്ങിയപ്പോള്‍ എന്തൊക്കെ എഴുതണം എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. സ്വന്തം അനുഭവങ്ങള്‍ തന്നെ ഓര്‍മ്മയില്‍ നിന്ന് എഴുതാമെന്ന് ഒടുവില്‍ തീരുമാനിച്ചു. സന്തോഷവും സങ്കടവും എല്ലാമായി ഏറെയുണ്ടെങ്കിലും ആദ്യം എന്തെഴുതെണമെന്ന് ഒട്ടും സംശയം തോന്നിയിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കോട്ടയം ബസ് സ്റ്റാന്റില്‍ വച്ച് കണ്ട ഒരു അമ്മുമ്മ. ആരും തുണയില്ലാതെ ഭിക്ഷയെടുക്കുന്ന ഒരു അമ്മുമ്മ. മക്കളേ, കുഞ്ഞുങ്ങളേയെന്നു വിളിച്ച് പൊട്ടിക്കരയുന്ന അമ്മുമ്മ. പോക്കറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു നാണയം ബസു കയറാനുള്ള ഓട്ടത്തിനിടയില്‍ അമ്മൂമ്മയ്ക്ക് നേരേ നീട്ടിയെങ്കിലും കൈതട്ടി താഴെയെങ്ങോ വീണു.. ബസ്സില്‍ കയറി പുറപ്പെടുമ്പോഴും ആ നാണയത്തിനു വേണ്ടി നിറകണ്ണുകളോടെ തിരയുന്ന അമ്മൂമ്മയെയാണ് കണ്ടത്. അന്ന് ബസ്സിലിരുന്ന് അതോര്‍ത്ത് എന്തിനാണ് കരഞ്ഞെതെന്നറിയില്ല. ആ കാഴ്ച്ച ഇന്നും മനസ്സില്‍ അതേപോലെ മായാതെയുണ്ട്. ജീവിതത്തില്‍ ആദ്യമായി മനസ്സിനെ തൊട്ട ഒരു സംഭവമാണ്.. ഇന്നും ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണു നിറയും.. ഇന്നും കോട്ടയത്ത് അതേ ബസ് സ്റ്റാന്റില്‍ ചെല്ലുമ്പോള്‍ അറിയാതെ ആ അമ്മൂമ്മയെ തിരയും.. എന്തിനാണെന്ന് അറിയില്ല.. പക്ഷേ ഇന്നും മനസ്സിലൊരു വേദനയാണ്.. അതാവും പഴയ തമാശകളൊക്കെ ഒഴിവാക്കി ഒരു ഡയറിയെഴുത്തു പോലെ വീണ്ടും ബ്ലോഗെഴുത്ത് പതിയെ ആരംഭിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ അതേ സംഭവം വീണ്ടും പുതിയ ബ്ലോഗിലും ആദ്യ പോസ്റ്റായി എത്തിയത്..

പത്തുപതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് അന്നത്തെ പോലെയൊരു ദയനീയ മുഖം കണ്ടത് ഈയിടെയാണ്. കൊച്ചിയില്‍.. ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ വഴിവക്കത്ത്.. അല്പം വേഗതയില്‍ ബൈക്കില്‍ കടന്നുപോയപ്പോള്‍ പെട്ടെന്ന് മനസ്സില്‍ പണ്ട് പതിഞ്ഞ അതേ മുഖം തന്നെയാണ് കണ്ടത്. ഇപ്പോള്‍ കുറച്ചുദിവസങ്ങളായി എന്നും കാണുന്നു.. കൈയ്യിലെ ഏതാനം നാണയങ്ങള്‍ക്കിടയിലേക്ക് ഞാനൊരു നോട്ട് വച്ചുകൊടുത്തപ്പോള്‍ ആദ്യം വിഷമത്തോട് തന്നെ മുഖത്തേക്ക് നോക്കി.. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു നിസ്സംഗത ആ മുഖത്ത്.. ഇന്ന് ഉച്ചയ്ക്ക് കണ്ടപ്പോള്‍, ആദ്യമായി കിട്ടിയ ശമ്പളത്തില്‍ നിന്ന്‍ ചെറിയൊരു ഭാഗം മുത്തശ്ശിക്ക് കൊടുത്തപ്പോള്‍ മുത്തശ്ശിയുടെ മുഖത്ത് കണ്ട അതേ സന്തോഷവും വാത്സല്യവും ഇന്ന് ഞാന്‍ വീണ്ടും കണ്ടു….

ഒരു ഉത്സവത്തിന്റെ ഓര്‍മ..!


കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി പഴയ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്ന ഒരു കഥ. ഇന്ന് ഓര്‍ത്തപ്പോള്‍ അതിന്റെയൊരു കോപ്പി ഇവിടെയും വച്ചു.. 

 

“എന്റെ ഗണപതി ഭഗവാനെ…!!” ഭൂമിയില്‍ എത്തിയ ശേഷമാണ് ഇത്രയും നേരം എന്നെയും പുറത്തിരുത്തി മഹാദേവന്റെ തിടമ്പ്‌ എഴുന്നെള്ളിച്ച് നിന്ന ശങ്കരന്‍കുട്ടിയെ നേരെ ഒന്നു കാണുന്നത്..! ഒരു ഒന്‍പത്‌ – ഒന്‍പതര അടി ഉയരം, ഭൂമി മാന്തുന്ന ജേ സീ ബീ യുടെ കൈ പോലെ രണ്ടു നീളന്‍ കൊമ്പുകള്‍, അനാക്കൊണ്ട സിനിമയില്‍ കണ്ട പാമ്പിനെ പോലെ, നിലത്ത്‌ ഇഴയുന്ന തുമ്പിക്കൈ..!! ഇതിന്റെ പുറത്താണോ കഴിഞ്ഞ രണ്ടു മണിക്കൂര്‍ ഞാന്‍ കഴിച്ചുകൂട്ടിയത്..!! സുനില്‍ ഏട്ടന്റെയും കൂട്ടരുടെയും പഞ്ചാരി മേളം ആസ്വദിച്ചു ഇരുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല.. ഈ സീസണില്‍ ആദ്യമായി ആനപ്പുറത്ത് കയറുന്നതിനാല്‍ ധൈര്യം ഭൂമിയില്‍ വെച്ചിട്ട് പോകണ്ട എന്ന് കരുതി ആനയെ ശ്രെദ്ധിക്കാതെ ചെന്നു കയറി.. ഇറങ്ങി കഴിഞ്ഞു ആനയെ കണ്ടപ്പോള്‍ ധൈര്യം ആനപ്പുറത്ത് മറന്നു വച്ചോ എന്നൊരു സംശയം..!! ധൈര്യം എത്ര കുറവാണെങ്കിലും ആനപ്പുറത്ത് കയറാനുള്ള അവസരമൊന്നും കളയില്ലല്ലോ.. അതൊരു ആവേശം ആണേ..!!

രാത്രി കൃത്യം എട്ടു മണിക്ക് തന്നെ ശീവേലി ആരംഭിച്ചു.. അകത്തെ പ്രദക്ഷിണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പാപ്പാന്‍ സോമന്‍ ചേട്ടന്‍ ശങ്കരന്‍കുട്ടിയെ നെറ്റിപ്പട്ടം കെട്ടിച്ചു ആനക്കൊട്ടിലില്‍ നിര്‍ത്തിയിരിക്കുന്നു.. ഇത്ര വലിയ സംഭവത്തിനെ ‘ശങ്കരന്‍’ എണ്ണ പേരിന്റെ കൂടെ ‘കുട്ടി’ എന്ന് കൂടി ചേര്‍ത്തത് എന്ത് ഓര്ത്തിട്ടാനാവോ..!! എന്തായാലും ‘ശങ്കരന്‍ ചേട്ടന്‍’ (!) എന്നൊന്നും ആനയെ വിളിക്കാന്‍ പറ്റില്ലാഞ്ഞിട്ടാവും..!

എന്തായാലും ശങ്കരന്‍കുട്ടി എന്നെ മറന്നില്ല.. ഞാന്‍ അടുത്ത് ചെന്നപ്പോഴേ അവന്‍ ശര്‍ക്കരയ്ക്ക് വേണ്ടി തുമ്പിക്കൈ നീട്ടി.. സോമന്‍ ചേട്ടന്‍ തോട്ടി കൊണ്ടു തൊട്ടപ്പോള്‍ തന്നെ അവന്‍ തുമ്പിക്കൈ മാറ്റി.. തോട്ടികൊണ്ടൊരു അടിയോളം വരില്ലല്ലോ ആനയ്ക്ക് ആര്‍ത്തി..!! ഞാന്‍ അടുത്ത് ചെന്നു ശര്‍ക്കര അവന്റെ വായില്‍ വെച്ചു കൊടുത്തു.. ‘ആനവായില്‍ അമ്പഴഞ്ഞ’ എന്ന് കേട്ടത് ഇപ്പൊ ബോധ്യമായി..!! സോമന്‍ ചേട്ടന്റെ നിര്‍ദേശം പോലെ അവന്‍ മുട്ടുമടക്കി.. തൊട്ടു തലയില്‍ വച്ചു, ചെവിയില്‍ പിടിച്ചു, കാലില്‍ ചവുട്ടി ഞാന്‍ അവന്റെ പുറത്തു കയറി.. ഉണ്ണിയേട്ടന്‍ തിടമ്പ്‌ എടുത്തു തന്നു.. മഹാദേവനെ ശങ്കരന്കുട്ടിയുടെ മസ്തകത്തില്‍ ഇരുത്തി തിടംബിലെ മാലകളും ഉടയാടയുമൊക്കെ ഞാന്‍ നേരെയാക്കി.. അങ്ങനെ ചെണ്ടയും, വീക്കനും, ഇലത്താളവുമായി ആദ്യ പ്രദക്ഷിണം വേഗം കഴിഞ്ഞു .. എഴുന്നെള്ളത്ത് നടക്കുന്നതിനാല്‍ അരങ്ങിലെ കച്ചേരിക്ക്‌ ഇടവേള ആയി.. ഏവരും ആനയ്ക്കും മേളക്കാര്‍ക്കും ചുറ്റും കൂടി..

രണ്ടാം പ്രദക്ഷിണം നാദസ്വരവും തകിലും കൂടിയാണ്.. നാദസ്വരം വായിക്കാന്‍ ഹരിയേട്ടനും, തകില് കൊട്ടാന്‍ ശ്രീനിയേട്ടനും ആണ്.. ‘നഗുമോ’ യും ‘ഹിമഗിരിതനയെ’ യും വായിച്ചു കഴിഞ്ഞു ആനക്കൊട്ടിലില്‍ നിന്നും പ്രദക്ഷിണം പുറത്തേയ്ക്കിറങ്ങി.. പ്രദക്ഷിണം തിരികെ ആനക്കൊട്ടിലില്‍ എത്തിയപ്പോള്‍ അകത്തൊരു ബഹളം.. കുറച്ചു പേര്‍ അകത്തേക്ക് ഓടുന്നു.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. എനിക്ക് മാത്രം എന്താ കാര്യം എന്നറിയാന്‍ യാതൊരു വഴിയുമില്ലല്ലോ.. ഇറങ്ങി പോകാനോ എളുപ്പത്തില്‍ ആരോടെങ്കിലും ചോദിക്കാനോ പറ്റില്ലല്ലോ..! അല്ലെങ്കില്‍ തന്നെ ഇത്ര വളരെ നേരം ആനപ്പുറത്ത് ഇരിക്കുന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ഇത്തിരി കട്ടിയാണ്.. ചുറ്റും ആളുകള്‍.. ഭഗവാനെയും, ആനയെയും, എന്നെയും നോക്കിക്കൊണ്ട്‌.. പക്ഷെ സംസാരിക്കാന്‍ ആരുമില്ലല്ലോ.. ഒരു വല്ലാത്ത അവസ്ഥ തന്നെ..!

നാദസ്വരം വായന കഴിഞ്ഞു മേളത്തിനായി ചെണ്ടയും മറ്റുമായി മേളക്കാര്‍ വന്നുതുടങ്ങി.. പതിവുപോലെ രാജീവ്‌ തന്നെയാണ് മുന്നില്‍.. രാജിയോടു കാര്യം തിരക്കി.. ആള്‍ ഓടിവന്ന് മറുപടി തന്നു; ‘ഒന്നുമില്ല കുഞ്ഞേ, ആല് വിളക്ക് കത്തിച്ചപ്പോ ആളിക്കത്തി..കെടുത്തി..’ എങ്ങനെ കത്താണ്ടിരിക്കും..? കട്ടിയുള്ള തിരിയും വെച്ചു കൂടെ കര്‍പ്പൂരവും വെയ്കും.. എന്നിട്ട് ഏറ്റവും അടിയില്‍ നിന്നു തുടങ്ങും കത്തിക്കാന്‍.. കര്‍പ്പൂരത്തില്‍ തീ പിടിക്കുമ്പോള്‍ അത് ആളി പിടിച്ച് മുകളില്‍ വരെ പെട്ടെന്ന് തീ പിടിക്കും.. എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ.. പക്ഷെ ചിലരുടെ മുഖത്ത്‌ ഇപ്പോഴും ചെറിയ ഭയം നിഴലിച്ചിട്ടുണ്ട്..

‘കുഞ്ഞേ, ഇന്നു സ്പെഷ്യല്‍ ആണേ..’ രാജി താഴെ നിന്നു വിളിച്ചു പറഞ്ഞു.. ശരിയാ, ഇംഗ്ലണ്ടില്‍ നിന്നു മടങ്ങി എത്തിയ സതീശന്‍ ഇന്നു വൈകിട്ട് സ്പെഷ്യല്‍ മേളം സ്പോണ്‍സര്‍ ചെയ്യുന്നു എന്ന് കേട്ടു.. മേളക്കാരുടെ എണ്ണം കൂടിയപ്പോള്‍ മേളം കൊഴുത്തു.. മേളം ഗംഭീരം ആവുന്നുണ്ടെങ്കിലും ശ്രീജിത്തിന്റെ അഭാവം അറിയാനുണ്ട്.. കണ്ടാല്‍ ഏതാണ്ടൊരു ശുപ്പാണ്ടി തന്നെ..പക്ഷെ ചെണ്ടപ്പുറത്ത് കോല്‍ വച്ചു തുടങ്ങിയാല്‍ പിന്നെ ആള്‍ വേറൊരു ലോകത്താണ്.. മേളവുമായി ഇതുപോലെ ലയിച്ചു ചേരുന്ന വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല.. അയാളുടെ വേഗത്തിനും താളത്തിനും ഒപ്പം എത്താന്‍ മറ്റുള്ളവര്‍ ബുദ്ധിമുട്ടും.. ഇന്നു ശ്രീജിത്ത്‌ ഇല്ല.. ഇവിടെ ഉത്സവം ഏറ്റുമാനൂര്‍ ഉത്സവത്തിന്റെ ഒപ്പം ആയതിനാല്‍ ഇന്നു അയാള്‍ അവിടെ പോയിരിക്കുകയാണ്.. പള്ളിവേട്ടയ്ക്കും ആറാട്ടിനും അവിടെ മട്ടന്നൂരിന്റെ മേളമാണ്.. പക്ഷെ ഇവിടുത്തെ കാര്യങ്ങള്‍ കൂടി നോക്കേണ്ടതിനാല്‍ അങ്ങോട്ട് പോകാനോ കേള്‍ക്കുവാണോ സാധിക്കില്ല.. എങ്കിലും മറ്റൊരു മഹാഭാഗ്യമുണ്ട്.. ഇവിടുത്തെ ആറാട്ട്‌ ‘ആറാട്ട്‌ സംഗമം’ എന്നാണു അറിയപ്പെടുക.. ഒരേ ദിവസം, ഒരേ സമയം, ഒരേ ആറിന്റെ അക്കരെ ഏറ്റുമാനൂര്‍ മഹാദേവനും ഇക്കരെ പെരിങ്ങള്ളൂര്‍ മഹാദേവനും കൂടിയാണ് ആറാട്ട്‌ നടക്കുക..! രണ്ടു ആറാട്ടിനും ഒന്നിച്ചു പങ്കെടുക്കാനുള്ള ആ ഭാഗ്യം ഇതു നാലാം തവണയാണ്..

ആനക്കൊട്ടിലിലെ മേളം കഴിഞ്ഞു അവസാനത്തെ പ്രദക്ഷിണം ആരംഭിച്ചു.. മുന്‍പില്‍ മേളക്കാരും, പിന്നാലെ തീവെട്ടിക്കാരും, കുത്തുവിളക്ക് പിടിച്ചു അപ്പു ചേട്ടനും നീങ്ങി തുടങ്ങി.. പിന്നാലെ ഞാനും ഭഗവാനും ശങ്കരന്കുട്ടിയുടെ പുറത്തും..! പ്രദക്ഷിണം പടിഞ്ഞാറ് ഭാഗത്ത് എത്തിക്കഴിഞ്ഞപ്പോ അപ്പു ചേട്ടന്‍ നടന്നു തുടങ്ങിയിട്ടും ആനയ്ക്കും പാപ്പാനും യാതൊരു അനക്കവുമില്ല..! അപ്പോഴാണ്‌ ശ്രദ്ധിച്ചത്, ഒരു കുടിയന്‍ ആടിയാടി മേളക്കാരുടെ അടുത്ത് ചെന്നു താളം പിടിക്കാന്‍ തുടങ്ങി..! അവര്‍ ഓടിച്ചപ്പോ ആനയുടെ അടുത്തായി അഭ്യാസം..! പാപ്പന്‍ ഭാരവാഹി ഒരാളെ വിളിച്ചു ബഹളം വെയ്ച്ചു.. ” എനിക്ക് ചുമ്മാ ആനേടെ കൊമ്പില്‍ പിടിച്ചു നടന്നാല്‍ പോര, ആനയെ നോക്കണം, ആനപ്പുറത്ത് ഇരിക്കുന്നവരെ നോക്കണം, തിടമ്പ്‌ നോക്കണം, മുന്നിലെ കുത്തുവിളക്കും തീവെട്ടികളും നോക്കണം, മേളക്കാരെ നോക്കണം, അതിനിടെ പിള്ളേര്‍ ആനേടെ പുറകില്‍ ചെന്നു തോന്ന്യാസം കാണിക്കും.. ഇപ്പൊ ദേ ഇങ്ങനോരുത്തനും.. ഒടുക്കം വല്ലോം പറ്റിയാല്‍ എല്ലാരും കൂടി എന്നെ തന്നെ തല്ലും.. അതുകൊണ്ട് ആദ്യം ആ കുടിയനെ പറഞ്ഞു വിട്, അല്ലാതെ ആന ഒരടി പോലും മുന്നോട്ടു നീങ്ങില്ല..!’ അയാള്‍ കുടിയനോട് ആദ്യം മയത്തില്‍ കാര്യം പറഞ്ഞു നോക്കി.. എവടെ…!! പിന്നെ നാലഞ്ചു പിള്ളേര്‍ ചെന്നു അവനെ പൊക്കി എടുത്തുകൊണ്ടു പോലീസ് യേമാന്മാര്‍ക്ക് കാഴ്ച വച്ചു..!!

അങ്ങനെ ശങ്കരന്കുട്ടിയുടെ യാത്ര വീണ്ടും ആരംഭിച്ചു.. എല്ലാവര്ക്കും ഈയൊരു സംഭവത്തോടെ പാപ്പാനോട് ഒരു മതിപ്പും ഉണ്ടായി.. എഴുന്നെള്ളത്ത് കഴിഞ്ഞു ഇറങ്ങിയപ്പോ മണി പത്തു കഴിഞ്ഞു .. അടുത്ത ദിവസത്തേക്കുള്ളതു എല്ലാം ഒരുക്കി വെയ്ച്ചു ഇല്ലത്തേക്ക് മടങ്ങാന്‍ വഴിയിലിറങ്ങി ഒന്നു മുറുക്കാന്‍ ഉണ്ണിയേട്ടന്റെ കൂടെ മുറുക്കാന്‍ കടയിലേക്ക് നടന്നു.. അപ്പൊ ‘തിരുമേനീ’ എന്നൊരു വിളി.. സോമന്‍ ചേട്ടന്‍ ആണ്.. ‘പറമ്പില്‍ പന നില്‍പ്പില്ലേ..? ഓല വെട്ടിക്കോട്ടെ..? ആനയുടെ തീറ്റതീര്ന്നു..’ പകല്‍ ചെന്നു വെട്ടിക്കോളാന്‍ അനുവാദം നല്കി ഞങ്ങള്‍ തമ്പി ചേട്ടന്റെ കടയിലേക്ക് കയറി.. കുറച്ചു നേരം ആന വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു എന്റെ ചിലവില്‍ ഒരു സോഡയും കുടിച്ചു അയാള്‍ ആനയുടെ അടുത്തേക്ക് പോയി.. അപ്പോഴും കടയില്‍ അന്നത്തെ കുടിയന്റെ സംഭവം തന്നെയായിരുന്നു സംസാര വിഷയം..

അടുത്ത ദിവസം വെളുപ്പിനെ മൂന്നു മണിക്ക് തന്നെ അമ്പലത്തിലെത്തി.. ഏഴരയ്ക്ക് ശീവേലി തുടങ്ങാന്‍ ഭാവിച്ചപ്പോള്‍ വാച്ചര്‍ ‘ആന എത്തിയില്ല, കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുകയാണ്’ എന്ന് പറഞ്ഞു.. അല്‍പസമയം കാത്തു നിന്നു ഒടുവില്‍ എട്ടു മണിയോടെ ശീവേലി ആരംഭിച്ചു.. പുറത്തു എത്തിയപ്പോള്‍ ശങ്കരകുട്ടി കുളിച്ചു കുട്ടപ്പനായി ആനക്കൊട്ടിലില്‍ തന്നെയുണ്ട്.. ഞാന്‍ ശര്‍ക്കരയും നല്കി അവന്റെ പുറത്തു കയറി.. പതിവില്ലാതെ ആനയുടെ ശരീരത്തിന് ഒരു തണുപ്പ് അനുഭവപ്പെട്ടു.. എനിക്ക് ചെറിയ ഒരു ഭയം തോന്നിയെങ്കിലും കുളി കഴിഞ്ഞ എത്തിയതല്ലെ ഉള്ളു, അതാവും എന്നും കരുതി സമാധാനിച്ചു.. പതിവുപോലെ മേളവും ശീവേലിയും പത്തു മണിയോടെ അവസാനിച്ചു..

അന്ന് പകലത്തെ പരിപാടികള്‍ കഴിഞ്ഞു തിരികെ പോകാന്‍ മൊബൈല് എടുത്തപോ സുഹൃത്തിന്റെ മെസ്സേജ് കണ്ടു; വീട്ടിലേക്ക് വരുന്നുണ്ട്, അവിടുന്ന് പുറപ്പെട്ടു എന്ന്.. വീട്ടിലെത്തി അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കോള്‍ വന്നു.. “ഞാന്‍വീട്ടിലെത്തി” എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ശബ്ദം കേട്ടു; “നീ കയറിയആന ഇടഞ്ഞെടാ..!!!” എനിക്ക് വിശ്വാസമായില്ല.. “ഞാന്‍ അമ്പലത്തിന്റെ അടുത്ത്വരെ എത്തി.. അപ്പോഴാ വഴിയില്‍ നിന്ന ഒരു ചേച്ചി പറഞ്ഞതു, അവിടെ ആനഇടഞ്ഞു നില്കുകായ, അങ്ങോട്ട് പോവണ്ട എന്ന്.. അതുകൊണ്ട് ഞാന്‍ മെയിന്‍റോഡ് വഴിയാണ് വരുന്നതു..!!”

ഞാന്‍ അപ്പോള്‍ തന്നെ വീട് പൂട്ടി അമ്പലത്തിലേക്ക് ഓടി.. അപ്പോഴേക്കും അവനും അവിടെ എത്തി.. അമ്പലമുറ്റത്ത്‌ കണ്ട കാഴ്ച…. സോമന്‍ ചേട്ടനെ തുമ്പിക്കൈ കൊണ്ടു എടുത്തെറിയുകയാണ് ശങ്കരന്‍കുട്ടി..!! ആലിന്റെ അടുത്ത മതിലും തകര്‍ത്ത് അയാള്‍ ഒരു തെങ്ങിന്റെ ചുവട്ടില്‍ വന്നു വീണു.. അയാളെ കുത്താനായി കുതിക്കുകയാണ് ആന..!പ്രസാദമുട്ടിനു എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ജനക്കൂട്ടം ഭയന്ന് നിലവിളിക്കുകയാണ്.. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളും… ആ കാഴ്ച കാണാനാവാതെ ഞാന്‍ കണ്ണ് പൊത്തി.. പക്ഷേ മഹാദേവന്‍ കാത്തു.. അയാള്‍ രണ്ടു കൊമ്പുകളുടെയും ഇടയില്‍ പെട്ടു..!! ആന പിന്നോട്ട് മാറിയ തക്കത്തിന് കുറച്ചു പേര്‍ ചേര്‍ന്ന് അയാളെ വലിച്ചു പൊക്കിയെടുത്തു മാറി.. ചിലര്‍ അയാളെ ചീത്ത പറയുകയും തല്ലുകയും ചെയ്യുന്നു.. തലേ ദിവസം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്.. എന്തിനാ ആ പാവത്തിനെ ഉപദ്രവിക്കുന്നത് എന്ന് വിചാരിച്ചു കൊണ്ടു നിന്നപ്പോഴാണ് രാജീവിനെ കണ്ടത്.. അയാള്‍ പറഞ്ഞപ്പോഴാ കാര്യങ്ങള്‍ അറിഞ്ഞത്..

“സോമന്‍ ചേട്ടന്‍ വെള്ളമടിച്ചു ആനയേം കൂട്ടി മുറ്റത്തേക്ക്‌ വന്നു.. മുറ്റം നിറയെആള്‍ക്കാര് നില്ക്കുന്ന കണ്ടു ആന അകത്തേക്ക് കയറിയില്ല.. ആനയ്ക്ക് ചോറ്വേണം എന്നും പറഞ്ഞായിരുന്നു വരവ്.. ആന നട കയറാന്‍ മടിച്ചപ്പോള്‍ അയാള്‍തോട്ടി കൊണ്ടു അതിനെ പൊതിരെ തല്ലി.. അപ്പോഴാണ് ആന അയാളുടെ നേരെതിരിഞ്ഞത്..” ഇന്നലെ ഇവിടെ വച്ചു ഇത്ര കാര്യമായി സംസാരിച്ചയാല്‍ ഇങ്ങനൊക്കെ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.. അതിനുള്ളില്‍ പോലീസ് എത്തി ആളുകളെ നിയന്ത്രിച്ചു തുടങ്ങി.. ആന ആലിന്റെ അടുത്ത് വഴിയിലേക്കു അഭിമുഖമായി നില്‍ക്കുകയാണ്‌.. അല്പം അടങ്ങിയ മട്ടിലാണ് നില്പ്.. ബാലകൃഷ്ണന്‍ ചേട്ടന്‍ മെസ്സിലെ മോട്ടോര്‍ ഉപയോഗിച്ചു ആനയുടെ പുറത്തു വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രെമിക്കുന്നു.. ചിലര്‍ പഴക്കുല ആനയുടെ മുന്നില്‍ ഇട്ടു കൊടുക്കുന്നു.. പുതിയ ആള്‍ ആയതു കൊണ്ടു രണ്ടാം പാപ്പാന് എല്ലാം കണ്ടു കൊണ്ടു നില്‍ക്കുവനെ കഴിഞ്ഞുള്ളൂ.. അതിനിടെ ചിലര്‍ പോയി ആനയുടെ ഉടമസ്ഥനെ വിളിച്ചു കൊണ്ടു വന്നു.. ഞാനും ഉണ്ണിയേട്ടനും മേളക്കാരും ആനക്കൊട്ടിലിനു സമീപം നില്‍ക്കുകയാണ്‌.. പോലീസ് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കയറ്റി ഗേറ്റ് പൂട്ടി..

അപ്പോഴേക്കും ഉടമസ്ഥന്‍ എത്തി.. പാപ്പനെ ചീത്ത പറഞ്ഞു കൊണ്ടു ചിലര്‍ അയാളുടെ പിന്നാലെയും.. മറ്റു ചിലര്‍ ചേര്ന്നു അവരെ പിന്തിരിപ്പിച്ചു.. അയാള്‍ ആനയുടെ അടുത്തെത്തി “ശങ്കരാ” എന്ന് വിളിച്ചു.. ആന പ്രതികരിച്ചു തുടങ്ങി.. അയാള്‍ കൊടുത്ത പഴം ആന വാങ്ങി തിന്നു.. “പാപ്പാന്‍ ഇല്ലാതെ തളയ്ക്കാന്‍ പറ്റില്ല, സോമനെവിളിച്ചോണ്ട് വരൂ” അയാള്‍ പറഞ്ഞു.. രണ്ടു പേര്‍ ചേര്‍ന്നാണ്‌ സോമന്‍ ചേട്ടനെ കൂട്ടികൊണ്ട് വന്നത്.. മതിലില്‍ ഇടിച്ചു അയാളുടെ വലത്തേ കാല്‍പാദം തകര്‍ന്നു.. സോമന്‍ ചേട്ടനെ കണ്ടപ്പോ ആന പേടിച്ചു മാറി നില്‍കാന്‍ തുടങ്ങി.. “ശങ്കരാ, അടുത്ത്വാ, ഇവന്‍ നിന്നെ ഒന്നും ചെയ്യില്ല” എന്നൊക്കെ പറഞ്ഞു ഉടമസ്ഥന്‍ ആനയെ വിളിച്ചു.. ആന വീണ്ടും അനുസരിച്ച് തുടങ്ങി.. ‘തുംബികെട്ടാന്‍’ പറഞ്ഞപ്പോള്‍ ആന തുമ്പിക്കൈ കൊമ്പില്‍ ചുറ്റി നിന്നു.. പാപ്പാന്‍ പതുക്കെ തോട്ടിയുമായി ശങ്കരന്കുട്ടിയുടെ അടുത്തേക്ക് ചെന്നു..

തളയ്ക്കാന്‍ പോവുകയാണ്, എല്ലാം അവസാനിച്ചു എന്ന് കരുതി എല്ലാവരും സമാധാനിച്ചു.. “മഹാദേവാ.. നീ രക്ഷിച്ചു” എന്ന് പ്രാര്‍ഥിച്ചു കൊണ്ട് സെക്രട്ടറി രാജേന്ദ്രന്‍ നടയിലേക്കു നോക്കി തൊഴുതു, ഉടനെ പിന്നില്‍ ബഹളം കേട്ടു; “ആനവിരണ്ടേ.. ഓടിക്കോ..!!!” പാപ്പാന്‍ വീഴാന്‍ തുടങ്ങിയപ്പോ പിടിച്ചത് ആനയുടെ വാലില്‍..!! വീണ്ടും ഉപദ്രവിക്കുകയാണെന്നു കരുതി ആന മുന്നിലെ വഴിയിലൂടെ ഒരു ഓട്ടം..!!! പിന്നാലെ പാപ്പാന്‍ വരുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ട്.. വഴിയില്‍ നിന്നിരുന്ന ആളുകളെയോ വാഹനങ്ങളെയോ തൊടുക പോലും ചെയ്യാതെ ശങ്കരന്‍കുട്ടി ഓടി.. ഉടന്‍ തന്നെ മൈക്കില്‍ കൂടി നാടു മുഴുവന്‍ അറിയിപ്പും എത്തി.. “ആന വിരണ്ടു തിരുവഞ്ചൂര്‍ ഭാഗത്തേക്ക് ഓടിയിട്ടുണ്ട്, നാട്ടുകാര്‍ജാഗൃത പാലിക്കുക..”

ഞങ്ങളും ശങ്കരന്കുട്ടിയുടെ പിന്നാലെ പാഞ്ഞു.. മെയിന്‍ റോഡ് എത്തിയപ്പോള്‍ ഫയര്‍ ഫോഴ്സ് എത്തി.. ആന അടുത്ത പറമ്പില്‍ കൂടി അടുത്ത റോഡില്‍ ഇറങ്ങി ഓടി.. അതെ സമയം ആയിരുന്നു എതിരെ ഒരാള്‍ ബൈക്കില്‍ വന്നത്.. ആനയെ കണ്ട മാത്രയില്‍ അയാള്‍ പരിഭ്രമിച്ചു.. വണ്ടി നിന്നു പോവുകേം ചെയ്തു.. സ്റ്റാര്‍ട്ട്‌ ആവുകയും ചെയ്യുന്നില്ല.. അയാള്‍ മരണത്തെ തൊട്ടു മുന്നില്‍ കണ്ടു നില്‍കുമ്പോള്‍ ആന അയാളുടെ അടുത്ത്നിന്നും നീങ്ങി അരികു ചേര്ന്നു ഓടി..!! അടുത്ത വളവില്‍ ആന വരുന്നുണ്ടോ എന്ന്നോക്കാന്‍ വീട്ടില്‍ നിന്നും ചാടി പുറത്തിറങ്ങിയ ഒരു കാര്‍ന്നോരു ആണ് ആനയെ അഭിമുഖീകരിച്ചത്..! അവിടെയും ആന വിനയം കാട്ടി..!! മൂന്നു കിലോമീറ്റര്‍ അപ്പുറെ ചെന്നു കഴിഞ്ഞപ്പോള്‍ അവിടെയുള്ള എല്‍ പി സ്കൂള്‍ വിട്ട സമയം ആയി… ആനയെ കാണാന്‍ കൌതുകത്തോടെ കുട്ടികളെല്ലാം വഴിയിലേക്കു ഓടി ഇറങ്ങി… അവരുടെയെല്ലാം ഇടയിലൂടെ ഒന്നു തൊടുക പോലും ചെയ്യാതെ അവന്‍ ഓടി..!! ഒടുവില്‍ അമ്പലത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍ പുറത്തെ റബ്ബര്‍ തോട്ടത്തില്‍ ശങ്കരന്‍കുട്ടി അവന്റെ മാരത്തോണ്‍ അവസാനിപ്പിച്ചു… അപ്പോള്‍ അവിടെയും പൂരത്തിന്റെ തിരക്കായി… നാലഞ്ചു വാഹനങ്ങളിലായി പോലീസും, പാപ്പാനും, ഉടമസ്ഥനും എല്ലാം അങ്ങോട്ട് പോയി.. ആരെയും കുന്നിന്റെ മുകളിലേക്ക് ചെല്ലുവാന്‍ പോലീസ് അമ്മാവന്മാര്‍ സമ്മതിച്ചില്ല.. (പോലീസ്, അമ്മാവന്‍ എന്നും, പോലീസ് സ്റ്റേഷന്‍, ‘അമ്മാത്ത്‌’ ആയിട്ടുമാണ് ഞങ്ങള്‍ പൊതുവെ പറയാറ്‌..!) ഒരു മണിക്കൂര്‍ അവിടെയൊക്കെ ഞങ്ങള്‍ കറങ്ങി നടന്നു.. പിന്നെ, ആനയെ തളച്ചു എന്ന്‍അറിഞ്ഞപ്പോള്‍ തിരികെ പോന്നു..

അന്ന് രാത്രി ശിവന്‍ എന്ന ആന എത്തി.. അന്ന് എന്നെ ആനപ്പുറത്ത് കയറാന്‍ അച്ഛനും അമ്മയും സമ്മതിച്ചില്ല.. അന്ന് മണിയേട്ടന്‍ ആണ് ആനപ്പുറത്ത് കയറിയത്..

എല്ലാവരും പതുക്കെ എല്ലാം മറന്നു തുടങ്ങി.. ഉത്സവം കഴിഞ്ഞു .. സോമന്‍ ചേട്ടനെ പിരിച്ചു വിട്ടു.. ശങ്കരന്‍കുട്ടി രണ്ടു തവണ വീണ്ടു പല സ്ഥലത്തും ഇടഞ്ഞു.. അവനെ വിറ്റു എന്നും കേട്ടു.. നാലഞ്ചു വര്ഷം മുന്‍പ്‌ ഇടഞ്ഞ നീലകണ്ഠന്‍ എന്ന ആനയെ എല്ലാവരും കൈ വിട്ടപ്പോള്‍ അവനെ മെരുക്കിയെടുത്തു ഈ അമ്പലത്തില്‍ തന്നെ വീണ്ടും കൊണ്ടുവന്ന കേമന്‍ ആയിരുന്നു ആ പാപ്പാന്‍.. ഒരു ദിവസം പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത‍.. സോമന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്തു…!!! അധികം ആരും ശ്രദ്ധിച്ചില്ല.. എല്ലാവരും മറന്നു.. പക്ഷെ ഇന്നും പറമ്പില്‍ ചെല്ലുമ്പോള്‍ ഞാന്‍ എല്ലാം ഓര്‍ക്കും.. ശങ്കരന്കുട്ടിക്കു കൊടുക്കാന്‍ സോമന്‍ ചേട്ടന്‍ ചോദിച്ച പന ഇപ്പോഴും അവിടെ നില്ക്കുന്നു….. ശങ്കരന്‍കുട്ടി ഇപ്പൊ എവിടെയാണോ…..

സൈബര്‍ സിനിമ !


Cyber Cinema

 

ഓരോ കാലഘട്ടത്തിലും നമ്മ സില്‍മകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഓരോ തരത്തിലാണ്. ശ്രീ. Anvar Abdullah ഇടയ്ക്കിടെ പറയാറുള്ള സുരേഷ് ഗോപി ഡയലോഗ് ഉണ്ട്. അതേതാണ്ട് ഇതുപോലെ: “നമ്മള്‍ അന്വേഷിക്കുന്ന കേസില്‍ ഇയാളെ കുടുക്കാനുള്ള തെളിവുകള്‍, ഇയാളുടെ തീവ്രവാദ ബന്ധം തെളിയിക്കുന്ന രേഖകള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടപ്പന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ള ഉന്നതരുമായി ഇയാള്‍ക്കുള്ള ബന്ധം സ്ഥാപിക്കുന്ന ഡോക്ക്യുമെന്റ്സ്, പാക്കിസ്താനില്‍ നിന്ന് കടത്തിയ ആയുധങ്ങളുടെ കണക്കുകള്‍, തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്താന്‍ ആസൂത്രണം ചെയ്ത സ്ഫോടനങ്ങളുടെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പിങ്ങുകള്‍ – ഇവയെല്ലാം ഈ “”ഫ്ലോപ്പി ഡിസ്കില്‍”” ഉണ്ട് !!!
എന്നു പറഞ്ഞ പോലെ ‘ഭീകരമായ’ പല കാര്യങ്ങളും കമ്പ്യൂട്ടറില്‍ കൂടി സിനിമകള്‍ കാണിച്ചു തരാറുണ്ട്.. ആദ്യ കാലങ്ങളില്‍ ‘ഡോസ്’ ആയിരുന്നു നായകന്റെ ആയുധം. ഡോസില്‍ പണിത് എന്ത് വിവരവും ചോര്‍ത്തിയെടുക്കും. ഡോസിന്റെയും ആദ്യ കാലഘട്ടങ്ങളില്‍ സ്ക്രീന്‍ കാണിക്കാതെ മോണിട്ടറിന്റെ പിന്നില്‍ നിന്ന് ക്യാമറ നായകന്റെ മുഖത്തെ ഭാവങ്ങളിലേക്ക് സൂം ചെയ്യും. നെറ്റി ചുളിച്ചിരിക്കുന്ന നായകന്‍ സ്ക്രീനിലും കീബോര്‍ഡിലും മാറി മാറി നോക്കി എന്തൊക്കെയോ ടൈപ്പ് ചെയ്യും.. ഒടുവില്‍ വിടര്‍ന്ന മുഖത്തോടെ എഴുനേറ്റ് പോകും.
പിന്നെ പതിയെ സ്ക്രീനും കണ്ടു തുടങ്ങി.. കറുത്ത ഡോസില്‍ വെളുത്ത അക്ഷരങ്ങളുമായി മല്ലിടുന്ന നായകന്‍. അവസാനം കീ..കീ ന്ന് ശബ്ദം കേള്‍ക്കും. സ്ക്രീനിലേക്ക് സൂം ചെയ്യുമ്പോള്‍ ഫലം കാണാം – ‘Saved’. ‘Encrypted’, ‘Disabled’. ‘Win’, ‘Success’ എന്നിങ്ങനെയൊക്കെ ഒരു ചതുരത്തില്‍ എഴുതിക്കാണാം.. പലപ്പോഴും അത് സൂം ഔട്ടും സൂം ഇന്നും ചെയ്യുന്നത് കാണാം.. അതോടെ അതും സക്സസ്സ്..
ഡോസില്‍ നിന്ന് വിന്‍ഡോസില്‍ എത്തിയപ്പോള്‍ ഒരിടയ്ക്ക് സ്ഥിരം നായകന്‍ / നായിക ഫയലുകള്‍ കോപ്പി ചെയ്യല്‍ ആയിരുന്നു പതിവ്.. സ്ക്രീന്‍ കണ്ടാല്‍ എപ്പോഴും കോപ്പിയിങ്ങ്.. ചിലര്‍ ബുദ്ധിപരമായി അത് മൂവിങ്ങ്’ ആക്കി മാറ്റുകയും ചെയ്തു !

അതോടൊപ്പം വന്ന വലിയൊരു വിപ്ലവമായിരുന്നു മോര്‍ഫിങ്ങ്.. അവന്റെ ഭാര്യയേയും ഇവള്‍ടെ ഭര്‍ത്താവിനേയും എങ്ങനെ ഒരേ ഫോട്ടോയില്‍ ഒന്നിച്ചാക്കാമെന്ന് മലയാളികളെ മുഴുവന്‍ പഠിപ്പിച്ചു. അത് പലപ്പോഴും കുറ്റാന്വേഷകരായ നായകന്മാരായിരുന്നു പഠിപ്പിച്ചത്.

അതിനിടെ എന്തരോ എന്തൊ സംഭവങ്ങളും കുറച്ച് നാള്‍ കണ്ടു.. ഒരു മിക്സഡ് ഐറ്റം. ആദ്യം മോണിട്ടറിനു പിന്നില്‍ നിന്നുള്ള വ്യൂ.. നായകന്‍ സ്ക്രീനിലേക്ക് സൂക്ഷിച്ച് നോക്കുന്നു.. പിന്നെ ടൈപ്പ് ചെയ്യുന്നു.. ഒടുവില്‍ ഠേന്ന് ഒരു കീ അടിക്കുന്നു – എന്റര്‍ കീ ആരിക്കും.. പിന്നെ കാത്തിരിപ്പാണ്. ആ സമയം ക്യാമറ കറങ്ങിത്തിരിഞ്ഞ് സ്ക്രീനിനു മുന്നിലെത്തും.. അപ്പോഴൊക്കെ ‘ലോഡിങ്ങ്’ ആണ്! നീല നിറം ഇങ്ങനെ നീങ്ങി നീങ്ങി അറ്റത്തെത്തിക്കഴിയുമ്പോ ഒരു മെസേജ്- സക്സസ്സ് / ഡണ്‍ ! നായകന്‍ ചാടി എണീറ്റ് ചിരിക്കും..!
നായകന്മാര്‍ മാത്രമല്ല കേട്ടോ.. കാലം മാറിയതനുസരിച്ച് വില്ലന്മാര്‍ – പ്രത്യേകിച്ച് തീവ്രവാദികള്‍ – അവരുടെ ഗുണ്ടകളുടെ ബയോ ഡാറ്റാ വിത് ഫോട്ടോ, കാറില്‍ ബോംബ് പൊട്ടുന്നതിന്റെ ആനിമേഷന്‍, വിദേശരാജ്യബന്ധങ്ങളുടെ രേഖകള്‍ ഇവയെല്ലാം ഫ്ലോപ്പിയില്‍ നിന്ന് സീഡിയില്‍ കോപ്പി ചെയ്യുകയും പില്‍ക്കാലത്ത് അത് പെന്‍ ഡ്രൈവിലേക്കും പിന്നീട് മോബൈല്‍ ഫോണിലേക്കും മാറ്റിക്കൊണ്ടിരുന്നു. ഡ്രോപ്ബോക്സ്, സ്കൈഡ്രൈവ്, ഗൂഗിള്‍ ഡ്രൈവ് മുതലായവയിലേക്ക് ഇതുവരെ എത്തിപ്പെട്ടിട്ടില്ല എന്നു തോന്നുന്നു.

മോര്‍ഫിങ്ങും കോപ്പി-പേസ്റ്റും കഴിഞ്ഞ് മലയാളസിനിമ നേരേ ചെന്നെത്തിയത് ഈ മെയില്‍ ഇല്‍ ആണ്. മെയില്‍ അയക്കല്‍, അയച്ച മെയില്‍ തപ്പല്‍, കാണാതായവരുടെ മെയില്‍ ഐ ഡി വെട്ടിപ്പൊളിക്കല്‍ തുടങ്ങിയവ അരങ്ങേറി. റെഡിഫ് മെയില്‍ ടൈപ്പ് ചെയ്ത് യാഹൂ ഐഡി കൊണ്ട് ലോഗിന്‍ ചെയ്ത് ജീമെയില്‍ ഇന്‍ബോക്സ് തുറക്കുന്ന കലാപരിപാടികള്‍ നായകന്‍ കാണിച്ചു.

അതും കഴിഞ്ഞാണ് ഇന്റര്‍നെറ്റിന്റെ കാര്യമായ ഉപയോഗം കാണിച്ചത്. ഗൂഗിള്‍ സെര്‍ച്ച് സിനിമകളില്‍ സാധരണമായി തുടങ്ങി.. കുറേ സിനിമകളില്‍ ഗൂഗിളമ്മാമന്‍ കാര്യമായി സഹകരിച്ചു. മൂലകഥയില്‍ സഹായിയായി പേര് വച്ചാലോന്നും ആലോചിച്ചു..
ഹാ.. അതൊക്കെ ഒരു കാലം.. ഇന്ന് മല്ലു മൂവീസില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും എന്തിനാ ഉപയോഗിക്കുന്നതെന്ന് എല്ലാര്‍ക്കും പുരിയിത്.. അത് ഇനി ഞാനായിട്ട് ഓപ്പണായിട്ട് ധൈര്യമായിട്ട് ഇബ്ടെ പറയണില്ല…