Uncategorized

മഴയും പാടവും പിന്നെ ആമ്പല്‍പ്പൂവും..


thamara

 

അന്നൊക്കെ ക്രിക്കറ്റ് തുടങ്ങിയാല്‍ ഒരു മൂന്ന് കളി വരെ മാനേജ് ചെയ്യും. അത് കഴിഞ്ഞാ എങ്ങനെയെങ്കിലുമൊക്കെ ഫസ്റ്റ് ബാറ്റിങ്ങ് സംഘടിപ്പിക്കും. മറ്റൊന്നും കൊണ്ടല്ല, അപ്പോഴേക്ക് കളി മുടങ്ങാനുള്ള സാധ്യത കൂടും. പന്ത് കാണാതെ പോക്ക്, വീട്ടീന്ന് വിളി, മഴ ചാറ്റല്‍, കക്കൂസില്‍ പോകാന്‍ ധൃതി എന്നീ കാരണങ്ങള്‍ പറഞ്ഞ് കളിയുടെ പകുതിയില്‍ തുള്ളിത്തെറിച്ച് വീട്ടില്‍ പോകുന്ന ചങ്ങാതിമാരായിരുന്നു ഒപ്പം. എറിഞ്ഞുകൊടുത്ത പന്തുകള്‍ക്ക് കിട്ടാതെ പോയ ബാറ്റിങ്ങെന്ന നഷ്ടബോധം മതി അന്നത്തെ സായംസന്ധ്യ ദുഷ്കരമാക്കാന്‍. അതുകൊണ്ട് തന്നെ ആദ്യം ബാറ്റിങ്ങ് കിട്ടിയാല്‍ പിന്നെ പേടിക്കാനില്ലല്ലോ.. എങ്ങാനും കളി അലമ്പിയാല്‍ അനൂപ് മേനോന്‍ പറഞ്ഞ പോലെ അവനു വേണ്ടി എറിഞ്ഞ ബോളും, ഓടിയ ഓട്ടവും വേസ്റ്റ് ആവുംന്ന് കരുതണ്ടല്ലോ.

കിഴക്കേ മുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ തെക്കേ കയ്യാലയാവും ബൗണ്ടറി. കയ്യാലയില്‍ തന്നെയാണ് ഗമണ്ടന്‍ നാട്ടുമാവ് നില്‍ക്കണത്. ഏതോ ഒരു മുതുമുത്തച്ഛന്‍ മാങ്ങ കഴിച്ചിട്ടെറിഞ്ഞ മാങ്ങാണ്ടി വളര്‍ന്ന് വലുതായ മാവാണത്രെ ! കുളത്തിന്റെ കിഴക്കോറെ പാടത്തിന്റെയോരത്തെ മാവും, കിഴക്കെപ്പറമ്പിലെ മാവും കഴിഞ്ഞാല്‍ ഇവനാണ് കേമന്‍. ഉയരം കൊണ്ടും വലിപ്പം കൊണ്ടും എല്ലാം മൂന്നും കട്ടയ്ക്ക് നില്‍ക്കും. നമ്മുടെ ഈ ക്രിക്കറ്റ് കളിയുടെ സീസണ്‍ തന്നെയാണ് മാങ്ങാ സീസണും. എന്നാലും ഇവന് സ്ഥിരം എന്‍ഗേജ്ഡ് ആയിരിക്കും. കൂടുതല്‍ കാലവും നീറുകള്‍ ആയിരിക്കും ഇവനെ കയ്യേറുക. ഒരു വശത്തുകൂടി ചിതലും കാണും. പതിയെപ്പതിയെ പറ്റിപടര്‍ന്നു നില്‍ക്കുന്ന കുരുമുളക് വള്ളികളില്‍ മുളകുണ്ടാവും. അതെല്ലാം മൂത്ത് പഴുത്ത് കഴിയുമ്പോ കൊച്ച് വന്ന് ചാക്ക് കയറില്‍ കോര്‍ത്ത് അരയില്‍ കെട്ടി ഏണി വച്ച് മാവില്‍ കേറി മുഴുവനിങ്ങ് പറിച്ചെടുക്കും. പിന്നെ നീല പടുത വിരിച്ച് കുറച്ചുദിവസം അതെല്ലാം ഉണക്കും, അതുകഴിഞ്ഞ് പടിപ്പുര വരാന്തയിലിട്ട് ചവുട്ടിമെതിക്കും. അതിനു ഞാനും കൂടാറുണ്ട് പണ്ടു മുതല്‍ക്കേ. അതു കഴിഞ്ഞ് വീണ്ടും കുറച്ചു ദിവസം ഉണക്കും.

മെതിച്ചുകഴിഞ്ഞാല്‍ അതിന്റെ ചവറെല്ലാം കൂടി വഴിയില്‍ വിതറും. കൊതുകു ശല്ല്യം ഉണ്ടാവില്ലാ, അതിനാണെന്നാണ് എല്ലാവരും കാരണം പറഞ്ഞത്. ഇന്നും എനിക്ക് മനസ്സിലാവാത്ത കാര്യം കൊതുകെല്ലാം നേരേ നമ്മുടെ വഴിയില്‍ക്കൂടെയേ വരൂ? പറമ്പില്‍ കൂടെയോ പാടത്തുകൂടെയോ ഒന്നും കടന്നുവരില്ല? എന്തോ ! എന്തായാലും അടുത്ത വീടുകളിലും ഇതന്നെ ചെയ്യുന്നുണ്ട്. കുരുമുളക് ഉണക്കലൊകെ കഴിയുമ്പോഴേക്ക് മാങ്ങക്കാലം തുടങ്ങാറാവും. കൊച്ച് വന്ന് വീണ്ടും ഏണി വച്ച് മാവില്‍ കയറി കണ്ണിമാങ്ങ പറിക്കും. കുലകുലയായി മാങ്ങകള്‍. കറുത്ത വലിയ കുട്ടകള്‍ രണ്ടിലും നിറച്ചും പിന്നെ അത്രതന്നെയും മാങ്ങയിണ്ടാവും – മാങ്ങാന്ന് പറഞ്ഞാല്‍ കമ്പുകളും ഇലകളും ഉള്‍പ്പടെയാവും. തളത്തില്‍ നടുമുറ്റത്തിന്റെ വക്കത്ത് പലകയിട്ട് അതിലിരുന്ന് മറ്റൊരു പലകയില്‍ വെച്ചാവും അച്ഛന്‍ മാങ്ങ നേരെയാക്കുക. ഇലയും കമ്പുമെല്ലാം കളഞ്ഞ് കടുമാങ്ങയിടാനായി ആദ്യം ഉപ്പിലിടും. ഉപ്പിലിടലൊക്കെ കഴിയുന്ന സമയമാവുമ്പോള്‍ മാവിലെ മാങ്ങയൊക്കെ പഴുത്തു തുടങ്ങിക്കാണും. അപ്പോഴാണ് ക്രിക്കറ്റുകളികളും മൂക്കുന്നത്.

ഞാന്‍ എറിഞ്ഞാല്‍ പോലും വീഴുന്ന പരുവത്തിലാവും നമ്മുടെ മാവില്‍ മാങ്ങകള്‍. അത്ര തിങ്ങി നിറഞ്ഞ് മാങ്ങകളുള്ളതിനാലും, നന്നായി പഴുത്ത മാങ്ങക്ക് നല്ല രുചിയുള്ളതിനാലും, മാവ് നില്‍ക്കുന്നത് ബൗണ്ടറി ലൈനിലായതുകൊണ്ടും കൂടി സിക്സറുകള്‍ ഏറെ പായും – മാങ്ങകള്‍ വീഴും – പിന്നെ മാങ്ങാണ്ടികള്‍ പറമ്പില്‍ പതിച്ച ശേഷമേ അടുത്ത പന്തെറിയൂ, അതായിരുന്നു കണക്ക്. മാമ്പഴക്കൊതി മൂക്കുമ്പൊ റണ്‍സും വിക്കറ്റുമൊന്നും കാര്യമാക്കാതെ പന്തെറിയുക, അടിച്ചകറ്റി മാങ്ങ വീഴ്ത്തുക എന്ന രീതിയിലേക്കൊക്കെ മാറും. എന്നാല്‍ മാങ്ങ നന്നായി പഴുത്തു വരുമ്പോഴേക്ക് മഴക്കാലവും ആവും. മഴയത്തും കാറ്റത്തും ആവശ്യത്തിനു മാങ്ങ കിട്ടും.

മഴ രണ്ടു രീതിയിലും ക്രിക്കറ്റിനെ തടസ്സപ്പെടുത്താറുണ്ട്. ഒന്നുകില്‍ ഒരൊറ്റപ്പെയ്ത്താവും. അതാവുമ്പോ എല്ലാരും ചാടി വരാന്തയില്‍ കേറിയിരിപ്പാവും. എന്താണെങ്കിലും മഴ തോര്‍ന്നിട്ട് വേണല്ലോ. അപ്പൊ പിന്നെ തോര്‍ന്നാല്‍ ബാക്കി കളി ആവാമല്ലോന്നാവും പലപ്പോഴും ആഗ്രഹം. എന്നാല്‍ ചിലപ്പോ നേരേ തിരിയും. പതിയെ മഴക്കാറെത്തിത്തുടങ്ങും. സത്യം പറഞ്ഞാല്‍ അത് കാണുമ്പോളൊരു വിഷമമാണ് – മഴ പെയ്യാന്‍ ഇനി അധികസമയമില്ല, കളി ഉടനെ അവസാനിക്കുമല്ലോയെന്നോര്‍ത്ത്. എന്നാല്‍ ആ ഒരു അന്തരീക്ഷം ആകെ രസമാണ്.

മേഘങ്ങള്‍ ആകാശത്ത് തിങ്ങിനിറയും. കാറ്റ് പതിയെ തുടങ്ങി ആഞ്ഞുവീശിത്തുടങ്ങും. മുറ്റത്തുമുഴുവന്‍ ഇലകളാവും. മാവില്‍ നിന്ന് മാങ്ങകള്‍ തെറിച്ച് ദൂരേക്ക് വരെ വീഴും. ചിലപ്പോ പാടത്തിനരികിലെ മാവില്‍ നിന്ന് വീഴുന്ന മാങ്ങ പെറുക്കാന്‍ കുറേ കുട്ടികള്‍ എത്തിയിട്ടുണ്ടാവും.. കുന്നിന്‍പുറത്തുള്ളവരാരെങ്കിലും പാടത്ത് അരികുചേര്‍ന്നു നടക്കുന്നുണ്ടാവും, കാറ്റത്തു വീഴുന്ന തേങ്ങ പെറുക്കാനും പോണ വഴി ഒടിഞ്ഞു വീണ കമ്പുകള്‍ പെറുക്കാനും. കിഴക്ക് പാടത്തേക്ക് നോക്കിയാല്‍ നടുവിലുള്ള തെങ്ങുന്തോപ്പിലെ തെങ്ങുകള്‍ കാറ്റത്ത് ആടിയുലയുന്നതുകാണാം. പല തെങ്ങുകളിലുമുണ്ടായിരുന്ന കിളിക്കൂടുകളുടെ അവസ്ഥ എന്താവുമെന്ന് പലപ്പോഴും ആലോചിക്കും. ചിലത് കാറ്റില്‍ ആടുന്നത് അകലെ നിന്നും കാണാം. വിശാലമായ പാടത്ത് ഓരോ ദിക്കില്‍ നിന്നും പശുക്കളെയുമഴിച്ച് വീട്ടിലേക്ക് പോവുന്ന ആളുകളെ കാണാം. അമ്മയും തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാവും. കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ചിട്ട് മോട്ടര്‍ അടിച്ചിട്ടുണ്ടാവും. ഒപ്പം അടുക്കളയിലേക്കുള്ള വെള്ളം കോരി വെയ്ക്കും. മുറ്റത്ത് നിന്ന് നോക്കിയാല്‍ ആകാശത്ത് അങ്ങ് ദൂരെ കിളികള്‍ പറക്കുന്ന കാണാം. ചിലത് പെട്ടെന്ന് കൂടെത്താനുള്ള തത്രപ്പാടാണെന്ന് തോന്നും. എന്നാല്‍ ചിലത് വട്ടമിട്ട് കറങ്ങിക്കൊണ്ടേയിരിക്കും. കാറ്റിന്റെ ശക്തിയനുസരിച്ച് ഇലകള്‍ നിറയും. ഒപ്പം വരുന്ന മറ്റൊരു സംഗതിയാണ് തേക്കിന്റെ പൂവ്. മുറ്റത്ത് വീഴുന്നത് കൂടാതെ പറന്ന് നടുമുറ്റത്തും നിറയും. മഴയുടെ ആദ്യത്തെ തുള്ളികള്‍ വീഴുന്നതെപ്പോഴും ഒരു സുഖമാണ്. കുറച്ച് നേരം കൂടി മുറ്റത്ത് നിന്ന് കാണും. പിന്നെ കുറെ നേരം വരാന്തയിലിരിക്കും. മഴ കനത്ത് വരാന്തയിലേക്ക് വെള്ളം വീണു തുടങ്ങുമ്പോള്‍ അകത്ത് തളത്തിലേക്ക് കയറും. പിന്നെ നടുമുറ്റത്ത് മഴ കാണും.. അപ്പോഴും മഴ അധികം നീണ്ടു നില്‍ക്കരുതെന്നാവും ആഗ്രഹം. മഴ തോര്‍ന്നു കഴിഞ്ഞ് മുറ്റത്തും പറമ്പിലും നടക്കാന്‍ നല്ല രസമാവും. അതുകൊണ്ട് സധ്യയ്ക്ക് മുന്നേ മഴ തോര്‍ന്നാലേ ഇരുട്ടാവണതിനു മുന്‍പ് കറങ്ങിയെത്താന്‍ പറ്റുള്ളൂ.. മഴ തോര്‍ന്ന് പുറത്തിറങ്ങുമ്പോഴേ പടിപ്പുരയുടെ അടുത്തുനിന്നും, കിണറിന്റെ അടുത്തുനിന്നുമൊക്കെ ഈയല്‍ പറന്നു തുടങ്ങിയിട്ടുണ്ടാവും. കുറച്ചുനേരം അതിങ്ങനെ പൊങ്ങിവന്ന് പറന്നുയര്‍ന്ന് ഒടുവില്‍ താഴെ വീണ് ചിറക് വേര്‍പ്പെട്ട് പോവുന്നത് കണ്ടിരിക്കും – സമയം പോണതറിയില്ല.. മിക്കവാറും വരാന്തയില്‍ ലൈറ്റിന്റെ ചുറ്റും ഇവയെത്തും സന്ധ്യയാവുമ്പോ.. അടുത്ത ദിവസം കാലത്ത് വരാന്ത മുഴുവന്‍ ചിറകുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാവും..

ഈയലിന്റെ അഭ്യാസം കുറച്ചുനേരം കണ്ട് കഴിഞ്ഞാല്‍ നേരേ അടുക്കളഭാഗത്തൂടി വടക്കേപ്പറമ്പിലേക്കിറങ്ങും. അവിടുന്ന് റബറിന്റെയെല്ലാം ഇടയിലൂടെ നടന്ന്‍ കിഴക്ക് കുളത്തിന്റെ അരികിലൂടെ മറ്റത്തിലേക്ക്. മറ്റത്തില്‍ വൈകുന്നേരങ്ങളില്‍ പോയിരിക്കാന്‍ എന്നും ഇഷ്ടമാ.. മഴ കഴിഞ്ഞ സമയത്താണെങ്കിലൊരു പ്രത്യേക സുഖവും. വെള്ളത്തുള്ളികള്‍ മുട്ടുവരെയെത്തും പുല്ലില്‍ ചവുട്ടി നടക്കുമ്പോള്‍. ചിലയിടങ്ങളില്‍ കുറച്ചധികം വെള്ളം കെട്ടിക്കിടപ്പുണ്ടാവും. അവിടുന്ന് നടന്ന് കയറി കുളത്തിന്റെ കിഴക്കൂടി നേരെ പടിപ്പുരയുടെ പിന്നിലെത്തും. അവിടുന്നെ നേരെ കിഴക്കേപ്പാടത്തേക്കിറങ്ങും. തെങ്ങിന്‍തോപ്പ് ലക്ഷ്യമാക്കി നടക്കും, എന്നാല്‍ അതിനോട് ചേര്‍ന്നുള്ള തോടിന്റെയടുത്ത് വരെ എത്തൂ. തെക്കോട്ടൊഴുകുന്ന തോടിന്റെ അരികിലൂടെ നേരേ തെക്കോട്ട് ബാക്കി യാത്ര.

ആഴവും വീതിയും കൂടിയും കുറഞ്ഞും ഭാരതപ്പുഴപോലെയും പെരിയാറുപോലെയും തോട് നീണ്ടുപോകും. കുറേ ചെല്ലുമ്പോള്‍ തോടിന്റെ വക്ക് സിമന്റും കല്ലുമിട്ട് കെട്ടിയിട്ടുണ്ട്. എന്നാലതിനുമുന്നെ കുറച്ച് ഭാഗത്ത് നിറയെ ചെളിയും. ചെളിയില്‍ ചവുട്ടി പതിയെ നടക്കാന്‍ നോക്കുമ്പോള്‍ ഇടയ്ക്ക് ഒരു പ്രയാസം. കാല്‍ ഉയര്‍ത്താനാവുന്നില്ല. ചെരുപ്പ് ചെളിയിലുറച്ചിട്ടുണ്ടാവും. പിന്നെ കൈകൊണ്ട് ചെരുപ്പ് ഇളക്കിയെടുത്ത് കമ്പോ പുല്ലോ ഉപയോഗിച്ച് ചെളി തുടച്ചുകളയും. എന്നാലും പിന്നീട് ആ ചെരുപ്പിട്ടു നടക്കുമ്പോള്‍ കാല് തെന്നിതെന്നിപ്പോകും. കല്‍കെട്ട് തുടങ്ങുന്നതിനു മുന്‍പ് തോട്ടിലിറങ്ങി ചെരുപ്പ് കല്ലിലുരച്ചു ചെളി കഴുകും. കല്‍കെട്ടില്‍ കൂടി നടന്നുതുടങ്ങി അല്പം നീങ്ങുമ്പോള്‍ തന്നെ തോട് വലത്തേക്കും ഇടത്തേക്കും രണ്ടായി തിരിയും. ഇതുവരെ പോകാത്ത ഇടത്തേ കൈവഴി ഉപേക്ഷിച്ച് എന്നും വലത്തേക്ക് തിരിയും.

രണ്ട് ചെറിയ വളവ് കൂടി കഴിഞ്ഞാല്‍ കാണാം തോട്ടില്‍ ചെറിയ ചുവന്ന നിറം.. ആമ്പല്‍പൂവ്.. ആദ്യമാദ്യം അങ്ങിങ്ങായി ഒന്നും രണ്ടുമൊക്കെ കാണാം. വീണ്ടും മുന്നോട്ട് ചെല്ലുമ്പോള്‍ അവയുടെ എണ്ണം കൂടും.. ആരോ നട്ടുപിടിപ്പിച്ച പോലെ മനോഹരമായി ചുവന്ന ആമ്പലുകള്‍ നിറഞ്ഞുനില്‍ക്കുന്നു.. ഇടയ്ക്ക് ഓരോ താമരയും കാണാം. താമര റോസ് നിറത്തിലാവും. കടുംചുവപ്പ് നിറത്തിലുള്ള ആമ്പല്‍ തന്നെയാവും അതുകൊണ്ട് തന്നെ ഏറ്റവും ഭംഗിയുള്ളത്. നോട്ടമിട്ടങ്ങനെ നടക്കുമ്പോ എവിടെയെങ്കിലും കിട്ടും കരയോട് ചേര്‍ന്നൊരു ആമ്പല്പ്പൂവ്. കുനിഞ്ഞ് നിന്ന് പൊട്ടിച്ചെടുക്കാനാവില്ല. നിലത്തിരുന്ന്, കൈകുത്തി ഏന്തിവലിഞ്ഞ് കാലുകൊണ്ട് ശ്രമിക്കും. തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയില്‍ പെടുത്തി വലിച്ചെടുക്കും. നീണ്ട തണ്ടോടെ പൂവ് പോരും. ഒരെണ്ണം മതി. കിട്ടിയാല്‍ പിന്നെ പാഞ്ഞൊരു പോക്കാണ്. ചെളിയും ,പാടവും, തെങ്ങുംതോപ്പുമൊക്കെ മറന്നൊരോട്ടം. മുറ്റത്തെത്തിയേ നില്‍ക്കൂ. പൂവ് വിടര്‍ത്തി അകത്തേക്കോടും. നടുമുറ്റത്ത് മഴവെല്ലം നിറഞ്ഞിരിക്കുന്ന ചെമ്പില്‍ ഇട്ടുവെയ്ക്കും. എന്തോ വലിയൊരു സംതൃപ്തിയാവും പിന്നെ. പക്ഷേ രാത്രിയോടെ അതൊക്കെ മറക്കും..

പിന്നെ അവധിക്കാലത്തെത്തുന്ന ഓപ്പോള്‍മാരും, അനീത്തിമാരും, ഏട്ടന്മാരും, അനിയന്മാരുമൊക്കെയും, മഴയൊഴിഞ്ഞ സന്ധ്യാസമയവും ഒക്കെയൊന്നിച്ചുള്ള അവസരത്തില്‍ വീണ്ടും പാടത്തേക്ക്. അവരില്‍ പലര്‍ക്കും ആദ്യമായി ആമ്പല്പ്പൂവും താമരപ്പൂവും പൊട്ടിച്ചു കൊടുക്കുമ്പോഴുള്ള ആ ഗമയും സന്തോഷവും ഒന്ന് വേറെ തന്നെ..

 

ചിത്രത്തിനു കടപ്പാട്: ജിഷ്ണു –  https://www.facebook.com/pages/Jishnu-C-Krishnans-Photography-Art-Works/379978288736124?ref=ts&fref=ts

കാറ്റാടിദിനങ്ങള്‍


kattadi

സ്കൂള്‍ വിട്ട് നടന്നു വരുമ്പോ അമ്പലത്തിന്റെ പിന്നില്‍ നിന്നു നോക്കുമ്പോ കാണാം കുറച്ച് പേര്‍ അമ്പലമതിലൊക്കെ ചകിരിയും തൊണ്ടും കൊണ്ട് ഉരയ്ക്കുന്നത്. പെയിന്റടിക്കാന്‍ ഉള്ള തയ്യാറെടുപ്പ് – ഉത്സവം ഇങ്ങടുത്തുവെന്നതിന്റെ ആദ്യ അടയാളം. പിന്നെയൊരു സന്തോഷമാണ്, കാത്തിരിപ്പും. സന്ധ്യക്ക് അമ്പലത്തില്‍ പോകും, ഒരുക്കങ്ങളൊക്കെ കണ്ട് കറങ്ങി നടക്കും. അടുത്ത ദിവസങ്ങളില്‍ പെയിന്റടി തകര്‍ക്കും. രണ്ടുമൂന്ന് ദിവസം കൂടി കഴിയുമ്പോ മെയിന്‍ റോഡില്‍ നിന്ന് അമ്പലത്തിലേക്കുള്ള വഴിയരികില്‍ നിന്ന് തമ്പിയും ഒപ്പം ഒന്നുരണ്ടുപേരും നിന്ന് പുല്ലു ചെത്തുന്നതും വഴി വൃത്തിയാക്കുന്നതുമാവും സ്കൂളിന്ന് വരുമ്പോഴുള്ള കാഴ്ച്ച. അപ്പോഴേക്ക് പെയിന്റടിയൊക്കെ കഴിഞ്ഞിട്ടുണ്ടാവും. എല്ലാ വര്‍ഷവും മുടങ്ങാതെ നിക്കറിലും കയ്യിലും ചുവന്ന പെയിന്റ് പറ്റിക്കാതെ അമ്പലത്തില്‍ നിന്ന് മടങ്ങില്ല. അടുത്ത ദിവസം കവലയിലെത്തുമ്പോഴെ മാറ്റം കാണാം. റോഡില്‍ പന്തല്‍ വന്നു കഴിഞ്ഞു. കവലയിലും ഇടറോഡിലേക്ക് തിരിയുന്നിടത്തും പന്തലുപണി അവസാനഘട്ടത്തിലാവും. ഇതിന്റെയൊന്നും ഒരു ലക്ഷണവും രാവിലെ സ്കൂളിലേക്ക് പോവുമ്പോ ഉണ്ടാവില്ല, തിരികെയെത്തുമ്പഴേക്ക് എത്രവേഗം പണി തീര്‍ന്നു.. നടന്ന് അമ്പലത്തിനടുത്തെത്തുമ്പോള്‍ കമ്മിറ്റിക്കാരും നാട്ടുകാരുമൊക്കെ ആയി ചിലര്‍ ഓടിനടക്കുന്നുണ്ടാവും. തിരിച്ചെത്തി ചായ കുടിക്കുന്നത് ഉത്സവനോട്ടീസും വായിച്ചാവും. ഓരോ വാക്കും, പരസ്യം ഉള്‍പ്പടെ, മുഴുവനും കുത്തിയിരുന്ന് വായിക്കുന്ന ശീലമുണ്ട്. എങ്കിലും ഉത്സവം കഴിഞ്ഞ് രണ്ടാഴ്ച്ച വരെയുള്ള സമയത്തിനിടെ ഒരു നാലഞ്ച് തവണ നോട്ടീസ് മുഴുവന്‍ ഇങ്ങനെ വായിച്ച് സംതൃപ്തിയടയുന്നതാണ്.

നോട്ടീസ് വായന തീരാറാവുമ്പോഴേക്ക് നല്ല ഉച്ചത്തില്‍ പാട്ട് കേള്‍ക്കാം. നേരേ പടിഞ്ഞാറെ കുന്നിന്‍പുറത്ത് പതിവുപോലെ ഒരു കോളാമ്പി വെച്ചിട്ടുണ്ട്. അമ്പലത്തിനടത്ത പുളിമരത്തിലും, കവലയിലേക്കുള്ള വഴിയിലും, ബസ് സ്റ്റോപ്പിലും, കവലയിലുമെല്ലാം ഇപ്പൊ കോളാമ്പികള്‍ മുഴങ്ങിത്തുടങ്ങിക്കാണും. പക്ഷേ വരുന്ന വഴിക്ക് ശ്രദ്ധിച്ചില്ലല്ലോ! പിന്നെ ഒരു ഓട്ടം. കുളി കഴിഞ്ഞ് നേരേ അമ്പലത്തിലേക്ക്. വലിയ തിരക്കൊന്നുമില്ല. ഒരു ദിവസം കൂടിയുണ്ട് കൊടിയേറ്റിനു. കുറച്ച് ആളുകളുണ്ട്. അകത്തും പുറത്തുമൊക്കെയായി ഓരോ ജോലികള്‍ നടക്കുന്നു. ഉരു ഉത്സവ മൂഡിലെത്തിയിട്ടുണ്ട് എന്തായാലും.

അടുത്ത ദിവസം കാലത്ത് ഒരു ഉത്സാഹവുമാ, എന്നാല്‍ വിഷമവും. പെട്ടെന്നൊന്ന് വൈകുന്നേരമായാല്‍ ഉത്സവമായില്ലോ.. എന്നാല്‍ ഇത്രേമൊക്കെ തിരക്കും ബഹളവുമുള്ളപ്പോ സ്കൂളില്‍ പോകാന്‍ പതിവിലും മടി.ചെന്നാലും ഇരിപ്പുറക്കില്ലല്ലോ. രാവിലെ പോവുമ്പോഴേ അമ്പലത്തിന്റെ പിന്നില്‍ മതിലിനു പുറത്ത് വലിയ കെട്ടുകള്‍ അടുക്കിവെച്ചിരിക്കുന്നത് കാണാം.. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് നടപ്പ് പതിവുപോലെ പതുക്കെയല്ല, അല്പം വേഗത്തില്‍ തന്നെയാവും. പാലം കടക്കുമ്പോഴേ പതിയെ പാട്ടു കേട്ടു തുടങ്ങും. കവലയെത്തുമ്പോള്‍ ഉച്ചത്തിലാവും. റോഡരികിലെ മരത്തില്‍ കോളാമ്പിയുണ്ടാവും. ‘വടക്കുന്നാഥാ, സര്‍വ്വം നടത്തും നാഥാ’, ‘വൈക്കത്തു വാഴുന്ന വിശ്വനാഥാ’ തുടങ്ങിയ സ്ഥിരം ഉത്സവപ്പാട്ടുകള്‍ തന്നെയാവും കേള്‍ക്കുക. കവലയില്‍ നിന്ന് അമ്പലത്തിലേക്കുള്ള വഴി പതിവുപോലെ വിജനമായിരിക്കില്ല.. നടന്ന് നടന്ന് അമ്പലമെത്താറാവുമ്പോള്‍ വേഗം വീണ്ടും കൂടും. കാലത്ത് കെട്ടുകള്‍ കണ്ടിടത്ത് ഇപ്പൊ ചിന്തിക്കടകള്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ വലിയ പടുതയിട്ട് അടച്ചിരിക്കുകയാവും. അവിടുന്നൊരുവിധം ഓട്ടമായിരിക്കും. ഓടിയെത്തി ചായ കുടിച്ച്, കുളിച്ച് തിരിച്ച് അമ്പലത്തിലെത്തുന്ന വരെ ഒരു വെപ്രാളം.

പറമ്പിലൂടി ഓടി തമ്പിയുടെ വീട് കടന്ന് സ്റ്റേജിന്റെ പിന്നിലൂടെയാവും സ്ഥിരം എന്‍ട്രി. കൊടിയേറ്റ് മുതലെന്നും വൈകിട്ട് അമ്പലത്തിലുണ്ടാവുമെങ്കിലും നാലമ്പലത്തിനികത്തേക്ക് കയറുന്നത് തീരെ വിരളമാവും. ഒരു വര്‍ഷം മാത്രം ദീപാരാധന കഴിഞ്ഞ് നടതുറക്കുമ്പോള്‍ വലിയ മണിയടിക്കാനായി കയറി നിന്നു. പിറ്റേ ദിവസം ചെന്നപ്പോ മണിയുടെ നാവില്‍ നിന്നുള്ള കയറിന്റെ അറ്റത്തെ കൈകളുടെ എണ്ണം കണ്ട് ഞെട്ടി തിരിച്ചു പോന്നു. അതുകൊണ്ട് മുറ്റത്തൊക്കെ കറങ്ങി നടപ്പ് തന്നെ പ്രധാന പരിപാടി. അവിടുന്നുമിവിടുന്നുമൊക്കെ ഏതെങ്കിലും ചങ്ങാതിമാരെ കൂട്ടുകിട്ടും. നടപ്പോട് നടപ്പാണ് പിന്നെ. ആലിഞ്ചോട്ടിലും പടിഞ്ഞാറെ നടവഴിയിലും സ്റ്റേജിലും റോഡിലുമായി നടപ്പ്. കുറച്ച് കഴിയുമ്പോഴേക്ക് കാലൊക്കെ വേദനിച്ചൊരു പരുവമായിണ്ടാവും. ചെരുപ്പൊന്നും കൊണ്ടുപോയിട്ടുണ്ടാവില്ല. തെക്കേ മതിലിനപ്പുറെ അപ്പോഴേക്ക് വെടിനാരായണന്‍ എത്തി കതിനയില്‍ മരുന്നു നിറച്ചു തുടങ്ങിക്കാണും. അതു കണ്ട് നില്‍ക്കുമ്പോഴാവും മിക്കവാറും ചങ്ങലയുടെ ശബ്ദം – ആന എത്തി. ദീപാരാധനയ്ക്ക് നടയടച്ചിട്ടുണ്ടാവും. നേരെ ആനക്കൊട്ടിലില്‍ പോയി നിക്കും. നടതുറന്നാല്‍ തിരക്കിനിടെ ഒരു വിധം കണ്ടുതൊഴുതെന്ന് വരുത്തി ചാടി സ്റ്റേജില്‍ കേറും. കൂട്ടുപ്രതികളും എത്തിയിട്ടുണ്ടാവും.

പത്തുപതിനഞ്ച് മിനിറ്റ് കഴിയുമ്പോള്‍ കൊടിയേറ്റിന്റെ ഭാവം ആവും. കൊടിമരച്ചുവട്ടില്‍ തിരക്ക് കൂടിയുട്ടാണ്ടാവും. എന്നാലും സ്റ്റേജില്‍ നിന്നാല്‍ സുഖായിട്ട് കാണാം. കൊടികയറി തുടങ്ങുമ്പോള്‍ എല്ലാവരും ചലപില നിര്‍ത്തി തൊഴുതു നില്‍ക്കും. എന്നാല്‍ വെടി നാരായണന്‍ വെടിപൊട്ടിക്കല്‍ അപ്പോഴേക്ക് തുടങ്ങും. തൊഴുത കൈകള്‍ നേരേ ചെവിയിലെത്തും. വെടിക്കെട്ട് കഴിഞ്ഞ ശേഷം കൊടി നോക്കി തൊഴുത് ചാടിയിറങ്ങും. വീണ്ടും അലച്ചില്‍ തുടങ്ങും. അങ്ങോട്ടും ഇങ്ങോട്ടും ഒരു പണീമില്ലാതെ. അതുകഴിയുമ്പോ നേരേ ചിന്തിക്കടയിലേക്ക്. അരികുപിടിച്ച് നിന്ന് എല്ലാം നോക്കും. ചിലതൊക്കെ എടുത്ത് നോക്കും, ബാക്കി കണ്ട് തൃപ്തിയടയും. ഓരോ ഉത്സവത്തിനും ഓരോ അത്ഭുത ഐറ്റംസ് ഉണ്ടാവും. റിമോട്ടുള്ള കാറ്, വീഡിയോ ഗെയിമെന്ന് പറഞ്ഞ് തരുന്ന ബ്രിക്ക് ഗെയിം, സ്പ്രിംഗ് ഉള്ള വടിയില്‍ നിന്ന് തൊടുക്കുന്ന എയറോപ്ലെയിന്‍, ലൈറ്റ് കത്തുന്ന മോതിരം അങ്ങനെ പലതും. ഉത്സവത്തിനു പരിചയപ്പെടുന്ന ചില കൂട്ടുകാരുണ്ട്. അവന്മാര്‍ ചെറിയ എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടാവും. അതോടെപതിയെ കമ്പനി വിടും. അവ്ന്മാരെ പിടിച്ചാല്‍ കൂട്ടുകാരനാന്ന് പറഞ്ഞ് എന്നെയും പിടിക്കുമോന്ന് പേടി !

റിമോട്ട് കാറും ബ്രിക്ക് ഗെയിമുമൊക്കെ അഴിച്ചു പണിയുന്നത് ബിപിന്റെ ഭാഗമാണ്. എന്തെങ്കിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ടാവും ആള്. ഇനി മാറ്റം വരുത്താന്‍ പറ്റിയില്ലെങ്കില്‍ അഴിച്ചു പണിത് നശിപ്പിച്ചിട്ടെങ്കിലുമുണ്ടാവും. എന്നാല്‍ സ്പ്രിംഗ് എയ്റോപ്ലെയിന്‍, ലൈറ്റ് മോതിരം ഒക്കെ ശ്രീരാജിന്റെ ഏരിയയിലാണ്. സ്പ്രിംഗ് എങ്ങനെ പിടിപ്പിച്ചു, എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നു എന്നൊക്കെ നോക്കി പരീക്ഷണം നടത്തല്‍. ഉത്സവം തീരാറായപ്പോ ലൈറ്റ് മോതിരം ഒരെണ്ണമാ ബാക്കി. അപ്പൊ തന്നെ ഒരു വിധത്തില്‍ അമ്മയെ സോപ്പിട്ട് പത്തു രൂപാ വാങ്ങി കൊടുത്ത് മോതിരം കൈക്കലാക്കി. രാത്രിയെപ്പഴോ ആരോപറഞ്ഞപ്പോഴാണ് മോതിരം പോക്കറ്റില്‍ കിടന്ന് ലൈറ്റ് കത്തുന്നത് ശ്രദ്ധിച്ചത്. ചുവപും പച്ചയും നിറത്തില്‍ വെളിച്ചം. അറ്റം തിരിച്ചാലെ കത്തൂന്ന് പറഞ്ഞിട്ട് ഇത് ഇടയ്ക്കിടെ കത്തുന്നല്ലോ. അപ്പോഴാണ് ശ്രീരാജ് പ്രത്യക്ഷപ്പെടുന്നത്. മോതിരം തുറന്നു, രണ്ട് ബാറ്ററി (ചങ്ങാതിക്കൂട്ടത്തിന്റെ ഭാഷയില്‍ ബാള്‍ട്ടറി) എടുത്തു നോക്കി. ഒരെണ്ണം തലതിരിച്ച് വെച്ച് അടച്ചു – ‘ ഇനി ഇവനല്ല, ഇവന്റപ്പൂപ്പന്‍ കത്തൂല്ലാ’ ! അതുറപ്പാ ! അതുകൂടി കഴിഞ്ഞാല്‍ പിന്നെ ബാക്കി വലിയ കമ്പുമ്മേല്‍ കുത്തിവച്ച കാറ്റാടികളും ബലൂണുകളുമായെത്തുന്ന രണ്ടുപേര്‍. കൈവിട്ടാല്‍ പറന്നുപോവുന്ന ഹൈഡ്രജന്‍ ബലൂണ്‍ ഇടയ്ക്ക് ഹിറ്റായി. അത് രണ്ടും ഓരോന്ന് സ്വന്തമാക്കും.

ഉത്സവം കഴിയുമ്പോഴേക്ക് ആകെ വിഷമമാവും. ഇനി തികച്ചൊരു വര്‍ഷം കാത്തിരിപ്പ്. അടുത്ത ദിവസം കാണാം പന്തലുകള്‍ അഴിക്കുന്നു, കോളാമ്പികളും റ്റ്യൂബുകളുമൊക്കെ അഴിക്കുന്നു. വൈകുന്നേരമായാല്‍ പാട്ട് കേള്‍ക്കാനില്ല. കവലയില്‍ നിന്നുള്ള വഴി വീണ്ടും വിജനം. രണ്ടാം ദിവസം വൈകിട്ടാവുമ്പഴേക്ക് ചിന്തിക്കടകള്‍ സ്ഥലം വിടും. അതാണ് അവസരം. എല്ലാരും കൂടി ചിന്തിക്കടകളിരുന്ന സ്ഥലത്തെത്തും. പിന്നെ നിലത്ത് മുഴുവന്‍ അരിച്ചുപെറുക്കലാണ്. കടക്കാരുടെ കയ്യീന്ന് വീണുപോയ ചില്ലറകള്‍ തപ്പുകയാണ് പരിപാടി. പത്ത് പതിനഞ്ച് രൂപാ വരെയൊക്കെ ചിലപ്പോ കിട്ടും. അതാണ് ഉത്സവത്തിന്റെ അവസാന ചടങ്ങ്. മോതിരം ഏതെങ്കിലും മേശയുടെ ഡ്രോയിലോ ഏതെങ്കിലും മുറിയിലോ വച്ചു മറക്കും, ബലൂണ്‍ അടുത്ത ദിവസം വരെയാവും ആയുസ്സ്. ഒടുവില്‍ ഉത്സവത്തിന്റെ ബാക്കിപത്രം ആ കാറ്റാടി മാത്രമാവും..

ചിത്രത്തിനു കടപ്പാട്: https://www.facebook.com/pages/Jishnu-C-Krishnans-Photography-Art-Works/379978288736124

അന്ത്യം.


maranam

ആരൊക്കെയോ മുറിയില്‍ ഉണ്ട്. അതോ അടുക്കളയിലോ. തീര്‍ച്ചയില്ല. സംസാരിക്കുന്ന ശബ്ദം വളരെ നേര്‍ത്തേ കേള്‍ക്കുന്നുള്ളൂ. കുറച്ച് നാള്‍ മുന്‍പ് തന്നെ കേള്‍വി കുറഞ്ഞുവരുന്നതായി മനസ്സിലാക്കിയിരുന്നു. അടുത്ത് നിന്ന് സംസാരിച്ചത് പലതും പൂര്‍ണ്ണമായി വ്യക്തമായില്ല. അതും എത്ര നാളായെന്ന് അറിയില്ല. ഈ കിടപ്പ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായെന്ന് മാത്രമറിയാം. നാലു ചുമരുകള്‍ക്കുള്ളില്‍, നാല് കാലുള്ള കട്ടിലില്‍, നാല് ഋതുക്കളും അറിയാതെയും അനുഭവിക്കാതെയും ഒതുങ്ങേണ്ടി വന്നിട്ട് കാലം കുറച്ചായി. പതിവില്ലാതെ ആരൊക്കെയോ എത്തിയിട്ടുണ്ടെന്ന് ആ നേര്‍ത്ത ശബ്ദങ്ങളില്‍ നിന്ന് വ്യക്തം. തല അല്പം പോലും തിരിക്കാനാവാതായിട്ട് ഏറെ സമയമായി. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസമായിട്ടുണ്ടാവും. തിരിഞ്ഞൊന്ന് നോക്കുവാന്‍ കഴിയില്ല. പക്ഷേ ഇപ്പൊ കണ്ണ് തുറക്കാനും ബുദ്ധിമുട്ട്. ഏറെ നേരം ശ്രമിച്ചാല്‍ അല്പം തുറന്ന് വെയ്ക്കാന്‍ കഴിയുന്നുണ്ട്. കണ്ണ് തുറന്നാലും ആകെ കാണുക വെളുത്ത ചുമരും ഒരു പഴയ കലണ്ടറും. അതും വ്യക്തമല്ല. സഹകരണ ബാങ്കിലെ കലണ്ടര്‍ ആണോയെന്നും തീര്‍ച്ചയില്ല. ഓര്‍മ്മിക്കാനാവുന്നില്ല. കാലിനു വല്ലാത്ത ഭാരം തോന്നുന്നു. ഒന്നു മടക്കി വെയ്ക്കണമെന്നുണ്ട്. കഴിയുന്നില്ല. നന്നായി തണുക്കുന്നു. ആരെങ്കിലും ഒന്നു പുതപ്പിച്ചിരുന്നെങ്കില്‍.. കൈകള്‍ ചൊറിഞ്ഞപ്പോള്‍ തൊലിപോയി ചോര പൊടിഞ്ഞിടത്ത് ഈച്ചകള്‍ വന്നിരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴുമുണ്ടോ ആവോ. കാണാനാവുന്നില്ല; കയ്യുയര്‍ത്താനും. ഇന്നലെയെപ്പൊഴോ വലതുകൈ ഉയര്‍ത്താനാവാതെ വന്നപ്പൊ ഇടതുകൈ ഭിത്തിയിലുരസി ചൊറിച്ചിലിനു ആശ്വാസം നേടാന്‍ നോക്കി. പക്ഷേ കുറേ തൊലി പോയി. വലിഞ്ഞു വലിഞ്ഞു തൂങ്ങിയ തൊലി മുഴുവന്‍ പോവുന്നല്ലോ.. ശ്വാസം വലിക്കാന്‍ നല്ല ബുദ്ധിമുട്ട് തോന്നുന്നു. വായ് തുറക്കാന്‍ ശ്രമിക്കുന്നുണ്ട്, അല്പം തുറക്കാന്‍ കഴിഞ്ഞെന്ന് തോന്നുന്നു.. തൊണ്ടയില്‍ ചെറിയ വേദന തോന്നുന്നു; എങ്കിലും വായിലൂടെ തന്നെ ശ്വാസമെടുക്കാം. പക്ഷേ പതിയെ ചുണ്ടുകള്‍ക്ക് ഒരു മരവിപ്പ്. ആകെ വരണ്ടുണങ്ങുന്നത് പോലെ. വീണ്ടും മൂക്കിലൂടെ തന്നെ ശ്വാസമെടുക്കാന്‍ ശ്രമിക്കുക തന്നെ. വായിലൂടെ ശ്വാസമെടുക്കുന്നില്ലായെന്ന് മനസ്സിലായിട്ടാണോ എന്തോ ആരോ അല്പം വെള്ളം ഇറ്റിക്കുന്നുണ്ട്. ചൂടോ തണുപ്പോ മധുരമോ കയ്പ്പോ ഒന്നും അറിയാന്‍ വയ്യ. ഒരു രുചിയും മനസ്സിലാവുന്നില്ല. കുറേശ്ശെ വളരെ പതിയെ വെള്ളം ഇറക്കാനാവുന്നുണ്ട്. ഇറക്കി, വീണ്ടും ഇറക്കി. മതിയായി, പക്ഷേ വീണ്ടും വെള്ളം വായില്‍ നിറയാന്‍ തുടങ്ങുന്നു. ഇറക്കാനാവുന്നില്ല ഇപ്പൊ. മനസ്സിലായെന്നു തോന്നുന്നു, നിര്‍ത്തി. അല്പനേരം ശ്രമിച്ചു, പക്ഷേ വെള്ളം ഇറങ്ങുന്നില്ല. പതിയെ പതിയെ നീങ്ങിത്തുടങ്ങി. ഒടുവില്‍ പെട്ടെന്ന് ഒക്കെ ഒന്നിച്ച് ഇറങ്ങി – നെഞ്ച് ഒന്ന് വിലങ്ങിയ പോലെ. ഒന്ന് തിരുമണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ലല്ലോ.. …. മയങ്ങിപ്പോയതോ ബോധം പോയതോ എന്തോ.. എത്ര നേരം കഴിഞ്ഞെന്നറിയില്ല. ആരോ തട്ടിവിളിക്കുന്നുണ്ട്. രമേശനാണ്.. കാണാന്‍ വയ്യ, എങ്കിലും ശബ്ദം കേട്ട് മനസ്സിലാവുന്നു. ആദ്യമൊന്നും വ്യക്തമായില്ല. എന്നെ വിളിച്ച് നോക്കുകയാണ്, പ്രതികരണമുണ്ടോന്ന്‍ അറിയാനാവും. ‘കാണാമോ.. നോക്ക്യേ.. കേള്‍ക്കുന്നുണ്ടോ..’ ഇതൊക്കെയാണ് ചോദ്യങ്ങളെന്ന്‍ മനസ്സിലാകുന്നു.. പക്ഷെ ഒന്നും പറയാന്‍ പറ്റുന്നില്ല..  അയാള്‍ തല വെട്ടിച്ച് ആരെയോ നോക്കുന്നുണ്ട്.. മുറിയില്‍ ആരെങ്കിലും ഉണ്ടാവും.. കാതോര്‍ക്കാന്‍ ശ്രമിച്ചു നോക്കി.. ‘ആശുപത്രിയില്‍ കൊണ്ടോവേണ്ട കാര്യമില്ല. ഇനി അതുകൊണ്ട് എന്താവാനാ.. എത്ര മണിക്കൂറോ ദിവസമോ എന്ന്‍ മാത്രം..’ രമേശന്‍ പറയുന്നത് എന്നെ പറ്റിയാണല്ലോ.. എന്റെ.. എന്റെ മരണത്തെപ്പറ്റി.. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ എന്റെ ശ്വാസം നിലക്കുമെന്ന്.. ഒന്നും കാണാനും കേള്‍ക്കാനും അറിയാനും ഇല്ലാതെ ജഡമായി മാറാന്‍.. എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു.. മരണം വാതില്‍ക്കലെത്തി.. എന്തോ ഒരു അസ്വസ്ഥത.. ഒന്ന് ഞെളിപിരി കൊള്ളണം എന്ന തോന്നുന്നുണ്ട്.. കഴിയുന്നില്ല.. എന്തെല്ലാമോ പറയാന്‍.. പക്ഷെ.. ഇന്നു വരെയില്ലാത്ത ഒരുതരം അവസ്ഥ.. ജീവിതം എണ്‍പത് വര്‍ഷത്തിനു മേല്‍ അനുഭവങ്ങള്‍ തന്നെങ്കിലും മതിയാക്കി പോവാന്‍ കഴിയുന്നില്ല.. ‘ഒരു വര്‍ഷത്തോളമായി കിടപ്പായിട്ട്. ഒന്ന്‍ ശ്വാസം വിടാന്‍ സമയമില്ല. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കക്കൂസില്‍ കൊണ്ടുപോവാനും തുണി അലക്കാനും ഒക്കെ മാത്രമായി ഇവിടെ നോക്കിയിരിക്കണം. മടുത്തു പോയി. ഒരു ഹോം നേഴ്സിനെ വച്ചതിനെ ചീത്ത പറഞ്ഞ് ഒടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. അതും കൂടി ഇപ്പൊ ഞാന്‍ അനുഭവിക്കേണ്ടി വന്നില്ലേ.. ഇടയ്ക്ക് മലവും മൂത്രവുമെല്ലാം കിടക്കുന്ന കിടപ്പില്‍ തന്നെ.. ഇതൊക്കെ എടുത്ത് കഴുകിയിടുക എന്ത് കഷ്ടമാന്നോ.. നാറ്റം സഹിക്കാന്‍ വയ്യ.. എന്തിനെങ്കിലും ഒന്ന്‍ പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല ഇതിനിടെ.. ഇതുപോലെ കഷ്ടപ്പെടുത്താന്‍ ഞാനെന്തു തെറ്റാണാവോ ചെയ്തത്..’ ശബ്ദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല.. എട്ടു വയസ്സ് മുതല്‍ ഒപ്പം നിര്‍ത്തി പഠിപ്പിച്ച്, വളര്‍ത്തി വലുതാക്കി, ആവശ്യത്തിലേറെ പൊന്നും പണവും നല്‍കി വിവാഹവും നടത്തിക്കൊടുത്തതല്ലേ.. സഹോദരിയുടെ മകള്‍ തന്നെ.. ഒരു വിവാഹവും കുടുമ്പവും വേണ്ടാന്ന്‍ തോന്നിയത് എപ്പോഴെന്നോ എന്തിനെന്നോ അറിയില്ല.. എന്നാല്‍ സന്യാസമോ ആത്മീയതയോ ഒന്നും മനസ്സില്‍ പതിഞ്ഞുമില്ല.. വിവാഹവും മക്കളും ഇല്ലാത്തതിനാല്‍ ആ ദു:ഖം മൂലമെന്ന്‍ പറയാന്‍ വയ്യ.. എങ്കിലും ഒരു സന്തോഷത്തിനു വേണ്ടിയാണ് അവളെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.. സ്വന്തം മകളായേ കരുതിയിട്ടുള്ളൂ.. എന്നാല്‍ സ്വന്തം ഭാര്യയും മക്കളും എന്നത് പകരം വെയ്ക്കാവുന്ന ഒന്നല്ല എന്നത് ഈ വൈകിയ വേളയിലെങ്കിലും പഠിക്കാനാവും ഇതുവരെ കിടത്തിയത്.. പക്ഷെ ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത എന്റെ ജീവിതത്തില്‍ ഇങ്ങനൊരു പാഠം പഠിക്കുന്നതിനു എന്ത് പ്രസക്തി? തെറ്റ് തിരുത്തുവാനോ മറ്റാരെയെങ്കിലും പഠിപ്പിക്കുവാനോ ഇനി അവസരമില്ല.. ജീവിതത്തില്‍ ഒരു പങ്കാളിക്കും മക്കള്‍ക്കും എന്താണ് സ്ഥാനമെന്ന്‍ അതുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ലല്ലോ.. വേണ്ട.. ഇനിയും വേണ്ട.. ശ്വാസം നിലചിരുന്നെങ്കില്‍.. ഇനിയും ആരെയും ബുദ്ധിമുട്ടിക്കാനില്ല.. ശരീരം നിലച്ചു കഴിഞ്ഞു.. ഇപ്പോള്‍ മനസ്സും.. ഇനി ഈ ജീവന്‍ കൂടി.. നെഞ്ചില്‍ ചെറിയ വേദന.. ശ്വാസം എടുക്കാനൊരു ബുദ്ധിമുട്ട്.. വായ തുറക്കാന്‍ കഴിയുന്നില്ല.. കണ്ണ്‍ തുറക്കാന്‍ കഴിയുന്നില്ല.. തൊണ്ട വരളുന്നു.. ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കില്‍.. കഴിയുന്നില്ല.. ചോദിക്കാന്‍.. ശരീരം നിലച്ചു തുടങ്ങി.. ഒരിറ്റ് വെള്ളം……

നിര്‍ഭയ


ഇന്ത്യാസ് ഡോട്ടര്‍ – ഇന്നലെ മുഴുവന്‍ പലരും ഷെയര്‍ ചെയ്തിരുന്നെങ്കിലും ആ ഡോക്യുമെന്ററി കാണാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് രാവിലെ അതൊന്ന് കാണണമെന്ന് തോന്നി. കണ്ടു.. കണ്ടത് നന്നായി.. പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്നുള്ള തരത്തില്‍ പ്രതിയുടെ പരാമര്‍ശങ്ങള്‍ കണ്ടിരുന്നതിനാലാണ് ആദ്യം കണേണ്ടായെന്ന് തോന്നിയിരുന്നത്.

കുറ്റവാളിയായി ജയിലില്‍ കിടക്കുന്നവന്‍ ഇപ്പോള്‍ ഉപദേശിയുടെ റോളിലാണ്. സ്ത്രീകള്‍ എങ്ങനെയാവണമെന്നും മറ്റും ക്ലാസ്സെടുത്ത് അവരെ നേര്‍വ്വഴിക്ക് നയിക്കാന്‍ ശ്രമിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് സമര്‍ത്ഥിക്കുന്നു. “ആണും പെണ്ണും ഒരുപോലെയല്ല. വീട്ടുജോലിയും കാര്യങ്ങളുമൊക്കെ മാത്രം പെണ്ണിന്. സന്ധ്യക്ക് ശേഷം കണ്ടവരുടെ ചുറ്റിയടിക്കാന്‍ പെണ്ണിന് സ്വാതന്ത്ര്യമില്ല. അവളെ റേപ്പ് ചെയ്യണമെന്നോ ഉപദ്രവിക്കണമെന്നോ ആയിരുന്നില്ല എന്റെ സഹോദരന്റെ ഉദ്ദേശം. അവര്‍ തോന്നിവാസം കാണിക്കുന്നു, അതിനവരെ ഒരു പാഠം പഠിപ്പിക്കാനാണ് മദ്യലഹരിയില്‍ അവര്‍ ഉദ്ദേശിച്ചത്.” മദ്യപിച്ച് ലക്ക് കെട്ട് കിട്ടിയ പണവുമായി ‘മോശം കാര്യങ്ങള്‍’ നടക്കുന്ന ജി.ബി റോഡില്‍ പോകാം, അല്പം ‘ഫണ്‍’ ആവാം, എന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചവര്‍ പെട്ടെന്ന് സാന്മാര്‍ഗ്ഗികളായി ഉപദേശിക്കാന്‍ ശ്രമിച്ചതാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത കുട്ടികളെ അടിക്കുന്ന പോലെ ഒടുവില്‍ അവരേയും ഉപദ്രവിച്ചുവെന്നേയുള്ളൂ.

ചെറുപ്പത്തില്‍ ക്ലാസ്സില്‍ പോവാറില്ല. അതിലൊന്നുമായിരുന്നില്ല ശ്രദ്ധ. ചുറ്റിയടിച്ച് നടക്കുകയായിരുന്നു എന്നൊക്കെ ഈ മാന്യദേഹം ഏറെ അഭിമാനത്തോടെ പറയുന്നുണ്ട്. ഡോക്യുമെന്ററിക്കിടെ മുന്‍ ചീഫ് ജസ്റ്റിസ് ലീല സേത്ത് പറഞ്ഞത് ഈ പ്രശ്നങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണം വിദ്യാഭ്യാസമില്ലാത്തതാണെന്നാണ്. അതിനു അടിവരയിടുന്നതാണ് പ്രതികളുടെ പശ്ചാത്തലം. പക്ഷേ വിദ്യാഭ്യാസമില്ലാത്തവര്‍ മാത്രമാണോ എല്ലാ കേസുകളിലേയും പ്രതികള്‍?

ഇരുപത് ശതമാനത്തോളം പെണ്‍കുട്ടികള്‍ മാത്രം നല്ലവരാണെന്ന് ഈ പ്രതിയുടെ മഹദ്വചനം. അവന്‍ പറഞ്ഞ പല കാര്യങ്ങളും അവന്റെ ഫോട്ടോയും, ‘റേപ്പിസ്റ്റ് മുകേഷ് സിങ്’ എന്ന അടിക്കുറിപ്പും ചേര്‍ത്ത് മീഡിയകളില്‍ പ്രചരിക്കുന്നു. എന്തിന്? അവന്റെ കുറ്റബോധമില്ലാത്ത, അഹങ്കാരം നിറഞ്ഞ വാക്കുകളെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍. “ആരോ അവളുടെയുള്ളില്‍ നിന്ന് എന്തോ വലിച്ച്പുറത്തേക്കെടുത്തു. അതവളുടെ കുടല്‍ ആയിരുന്നു.” – അവന്‍ പറഞ്ഞ് ഈ കാര്യങ്ങളൊക്കെ ചെയ്യുകയും കാണുകയും ചെയ്ത ഇവരില്‍ നിന്ന് പിന്നെ എന്ത് വാക്കുകളാണ് പ്രതീക്ഷിക്കേണ്ടത്?

പക്ഷേ ഇതിലും ഞെട്ടിച്ചത് ആ വീഡിയോയിലെ മറ്റ് ചില തെമ്മാടികളുടെ വാക്കുകളാണ്. മറ്റാരുമല്ല, പ്രതിഭാഗം വക്കീലന്മാര്‍ – എം.എല്‍.ശര്‍മ്മയും ഏ.പി.സിങും.

എം.എല്‍. ശര്‍മ്മ: “ഡേറ്റിങ്ങിനായി ഏതോ ഒരാണിന്റെ കൂടെയായിരുന്നു അവള്‍. നമ്മുടെ സമൂഹത്തില്‍ സന്ധ്യക്ക് ശേഷം സ്ത്രീകളെ പുറത്ത് വിടില്ല. അവരിന്ത്യന്‍ സംസ്കാരം ഉപേക്ഷിച്ച് ‘ഫില്‍മി കള്‍ച്ചറിന്റെ; പിന്നാലെ പോയി. എന്തും ചെയ്യാം ! സ്ത്രീ രത്നത്തെക്കാള്‍ അമൂല്യമാണ്. പക്ഷേ ഒരു രത്നം തെരുവിലെങ്കില്‍ തീര്‍ച്ചയായും തെരുവുനായ്ക്കള്‍ കൊണ്ടുപോകും. തടയാനാവില്ല.”

ഏ.പി.സിങ്: “ഇരുനൂട്ടിയന്‍പതോളം എം.പിമാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. ആദ്യം അതെല്ലാമന്വേഷിച്ച് അവരെ ശിക്ഷിക്കട്ടെ. എന്റെ മകളോ സഹോദരിയോ വിവാഹത്തിനു മുന്‍പ് മറ്റ് ബന്ധത്തിലേര്‍പ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും അവരെ ഫാം ഹൗസില്‍ കൊണ്ടുപോയി എല്ലാ കുടുമ്പാംഗങ്ങളുടേയും മുന്നില്‍ വെച്ച് പെട്രോളൊഴിച്ച് കത്തിക്കും.”

ആവശ്യത്തിലധികം വിദ്യാഭ്യാസമുള്ള രണ്ട് ഏമാന്മാരുടെ വാക്കുകളാണിതെല്ലാം. ഇവരെന്താണീ പറഞ്ഞുകൂട്ടുന്നത്? പ്രതികള്‍ക്ക് വേണ്ടി കേസ് വാദിക്കുന്നത് സമ്മതിക്കാം, പക്ഷേ ഈ അഭിപ്രായപ്രകടനങ്ങള്‍? ആണും പെണ്ണും സുഹൃത്തുക്കളെന്നത് ഇന്ത്യന്‍ സംസ്കാരത്തിലില്ല, അതില്‍ ‘സെക്സ്’ മാത്രമേ ഉണ്ടാവൂ അത്രേ ! സധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാതെ ബന്ധുക്കളല്ലാത്ത പുരുഷന്മാരോട് കൂട്ട്കൂടാതെ വീട്ടിലിരുന്നോണം സ്ത്രീകളെന്നാണ് ഈ രണ്ട് പോഴന്മാര്‍ പറയുന്നത്. സ്വന്തം മകളോ സഹോദരിയോ ആണെങ്കില്‍ എല്ലവരുടേയും മുന്നിലിട്ട് തീയിട്ട് കൊല്ലുമെന്ന് വേറൊരുത്തന്‍. സുഹൃത്തിനൊപ്പം രാത്രി എട്ട് മണിക്ക് വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഈ അഭിപ്രായം പറയുന്നതെന്തിന്? ഇനി അയാളുടെ മകളുടേയോ സഹോദരിയുടേയോ കാര്യം പറഞ്ഞതില്‍ റേപ്പും വരുമൊ? അവരെ ആരെങ്കിലും ഉപദ്രവിച്ചാലും ഇയാള്‍ അവരെ തന്നെ കൊണ്ടുപോയി കത്തിച്ചു ചാമ്പലാക്കുമോ?

ഇത് വെറും നാലാംകിട പ്രതികളുടെ വാക്കുകളല്ല. രണ്ട് സുപ്രീം കോടതി വക്കീലന്മാര്‍. പ്രതിഷേധം ഇവര്‍ക്കെതിരേ വേണം. ഇവനൊക്കെയും വേണം ശിക്ഷ. ഇവനെയൊന്നും നേരേയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടിച്ച് വിടുക. ഇല്ലെങ്കില്‍ ഇനിയും അനുഭവിക്കേണ്ടി വരും.

അത്യാഗ്രഹി


എനിക്കുമുണ്ടാഗ്രഹങ്ങള്‍..
അമിതമായാഗ്രഹങ്ങള്‍..

എനിക്കുവേണമൊരു പള്ളിക്കൂടം
അതിരുകളില്ലാ പള്ളിക്കൂടം
അവിടൊരേയൊരു വിഷയം – ജീവിതം,
ആദ്യ പാഠം – സ്വപ്നം..
കുരുന്നുകള്‍ സ്വപ്നം കാണാന്‍ പഠിക്കട്ടെ
കാണട്ടെ സ്വപ്നം, നന്മയുടെ ലോകം
ജാതിയും മതവും നാടും നഗരവും
പണവും നിറവും വേര്‍തിരിക്കാത്ത
മനുഷ്യനെ കാണട്ടെയവരെല്ലാം..

‘എന്റെ സ്വപ്നം നീ നേടണ’ –
മെന്ന് പറയാനൊരു രക്ഷിതാവായ് മാറാതെ –
‘യെന്റെ സ്വപ്നം ഞാനേ നേടുവ’ –
തെന്നോര്‍ത്ത് യത്നിക്കുമൊരു തലമുറ..
അമ്മയുമച്ഛനും ഭാര്യയും മക്കളെ –
ന്നുമല്ലാ, മണ്ണും മനുഷ്യനും മൃഗങ്ങളും
ജീവജാലങ്ങളുമെന്നോര്‍ത്ത്
സ്നേഹം നിറയ്ക്കാനും
പുഞ്ചിരി വിടര്‍ത്താനുമേറെപ്പേര്‍..

നിറയട്ടെ പുഞ്ചിരികള്‍ ഹൃദയത്തില്‍ നിന്ന്,
അവ കാണാനുള്ള ഭാഗ്യവുമേകട്ടെ ദൈവം
ഒരുപുഞ്ചിരിക്കു ഹേതു നാമെന്നറിവതില്പരം
സംതൃപ്തി മറ്റെന്താണീയുലകില്‍
നിറയട്ടെയെന്‍ ഹൃദയമേറെ പുഞ്ചിരികള്‍ക്കൊണ്ട്
കഴിയട്ടെയാ പുഞ്ചിരികളുണ്ടാക്കുവന്‍..

വാഗ്ദാനങ്ങളോരോന്നും മറക്കാതെയെന്നും
നിറവേറ്റീടാന്‍ കരുത്തുവേണം.
എന്തിനുമേതിനാര്‍ക്കുമോടി-
യെത്താനൊരാളായ് മാറീടേണം.
മുന്നോട്ടുപൊയ്ക്കോളൂ ഒപ്പം ഞാ-
നുണ്ടെന്നു പറയാന്‍ കഴിഞ്ഞിടേണം..

കണക്കും കമ്പ്യൂട്ടറും ഫയലും മെയിലും മാറി
അരിയും പച്ചക്കറികളും പൂക്കളും പഴങ്ങളും..
കുളത്തിനോളവും മണ്ണിനോളവും വരുമോ
ഏസിയും ഫാനും തരും കുളിര്‍മ്മ..
വാഹനങ്ങള്‍ തന്‍ കൂക്കിവിളികള്‍ പോയ്
കിളികള്‍ തന്നെ കൂവലും കൊഞ്ചലും..
വിത്തുവിതച്ചൊരു പ്രൊഡക്ഷന്‍ മാനേജറായ്
വിളവെടുത്തൊരു ഡെലിവറി മാനേജറായ്
പണത്തിനപ്പുറമുള്ള ശമ്പളം പറ്റി
കുടുമ്പത്തിന്റെ ടീം ലീഡറായ് മാറണം..

സ്വപ്നങ്ങള്‍ കാണുമ്പോള്‍ ഒപ്പം കാണുവാന്‍
പുഞ്ചിരിവിടര്‍ത്തുമ്പോള്‍ ഒപ്പം ചിരിക്കുവാന്‍
ചെറുസന്തോഷങ്ങള്‍ നല്‍കാനവസരമേകാന്‍
ചെറുദു:ഖങ്ങളില്‍ ചായാനൊരുതോള്‍ ചോദിക്കുവാന്‍
യാത്രകളില്‍ സഹയാത്രികയാകുവാനും കാ-
-ലിടറുമ്പോള്‍ പിന്താങ്ങുവാനും നയിക്കാനും
സ്വപ്നങ്ങളൊന്നിച്ചു നേടിയെടുക്കാന്‍
ഒപ്പമൊരാള്‍ എന്നുമുണ്ടാവട്ടെ..

ചെറിയൊരു കൂരവേണമെന്‍വീടിനടുത്തായി
ചുറ്റും പൂക്കളും ചെടികളും കിളികളുമെല്ലാ-
മേറെ വേണമെന്നും..
ഓണത്തിനെന്നും പൂവിടാനായാ-
കൂരയ്ക്കുചുറ്റും ഏറെപ്പൂക്കള്‍..
അമ്മയ്ക്കൊരു പശുക്കിടാവുമച്ഛനു
നായ്ക്കുട്ടിയുമൊന്ന്..
പെരുമഴയ്ക്കുമുന്‍പുള്ള കാറ്റുവീശുമ്പോള്‍
എല്ലാം നോക്കിത്തിരക്കിട്ടോടിനടക്കണം..

ആത്മകഥകളുടെ ആരാധകനാക്കിയ മാധിവിക്കുട്ടി,
എം.ടിയുടെ ഭീമനില്‍ തുടങ്ങിയാരാധന,
ബെന്യാമിനും പെരുമ്പടവും ആസ്വദിപ്പിച്ച്,
യൂനുസും രശ്മിയും ചിന്തിപ്പിച്ച്,
ഇന്നസെന്റും വൈക്കവും ചിരിപ്പിച്ച്..
പേരറിയാത്ത റാന്നിക്കാരന്‍ സഹയാത്രികന്റെ
‘വായനയെക്കൊല്ലരുതെ’ന്ന പതിറ്റാണ്ടി-
-നപ്പുറത്തെയുപദേശം മാനിക്കണം..
ശ്രീരാമന്റെ ‘വേറിട്ട കാഴ്ച്ചകള്‍’ക്കൊരു
സ്വന്തം പതിപ്പൊരുക്കണമതില്‍
വ്യത്യസ്തരായ നിങ്ങളോരോരുത്തരും വേണം..
പ്രശസ്തനല്ലാത്തവന്റെ ആത്മകഥയെഴുതണ-
മതിനൊരൊറ്റ പ്രതിമാത്രം അച്ചടിക്കണം..

എഴുത്തുകളെഴുതണമേറെയൊരിക്കലിന്നീ
ഫോണില്‍ സംസാരിക്കുന്നവരുമായെന്നും
ഇന്നത്തെ വിഷമങ്ങള്‍ ദു:ഖങ്ങളോരോന്നു-
അന്നുവെറുമോരോ അനുഭവങ്ങള്‍ മാത്രമായ്..
ഒത്തൊരുമിക്കണമെല്ലായിഷ്ടക്കാരുമായി –
ടയ്ക്കിടെ പാചകവും പാട്ടും തമാശകളുമായി
ഓര്‍മ്മകളോരോന്നും അയവിറക്കീടേണം
ഏറെ ശാന്തിയോടെയും സമാധാനത്തോടെയും..

യാത്രകളേറെ ചെയ്യണമീ ഭാരതം മുഴുവന്‍
ബൈക്കിലും കാറിലുമായിക്കറങ്ങി
ലക്ഷ്യമില്ലായാത്രകളിലേറെ പുതു –
മനുഷ്യരെ കാണണം, രുചികള്‍ തേടേണം,
മനസ്സു നിറയ്ക്കേണം..
കുടുമ്പത്തെക്കൂട്ടി, കൂട്ടരെക്കൂട്ടി, കുരുന്നുകളെ-
ക്കൂട്ടി യാത്രകള്‍ പോകണം..
ജീവിച്ച നാടുകള്‍ വീണ്ടും കാണണമവിടുത്തെ
സുഹൃത്തുകളെയൊക്കെ കാണണം..
ഓര്‍മ്മകള്‍ പുതുക്കണം ഏറെ നേരം
ഒറ്റയ്ക്കിരുന്നുകൊണ്ടെല്ലാമോര്‍ക്കണം..

കഥകളി കാണേണം കച്ചേരി കേള്‍ക്കേണം
കാലം മുഖത്തു ചുളിവുകള്‍ വീഴ്ത്തുമ്പോള്‍
ഏറെ സമയമിരുസുഹൃത്തുക്കള്‍ക്കൊപ്പം –
വെറ്റിലമുറുക്കാനും കട്ടന്‍ കാപ്പിയും..
ഓര്‍മ്മകളയവിറക്കിയൊടുവില്‍
പ്രകൃതിക്കു വേണ്ടീടാതാവുമ്പോള്‍
എല്ലാം മതിയാക്കിയൊരുനാള്‍ സുഖമായി
ഒന്നുമറിയാതൊന്നു തിരിച്ചുപോണം..

മണ്മറഞ്ഞീടിലുമെന്നാഗ്രഹങ്ങള്‍ക്കൊരു
കുറവുമില്ല അതത്യാഗ്രഹം..
‘കഥാവശേഷന്‍’ ചിത്രത്തിലെ ദിലീപിന്‍
കഥാപാത്രത്തെപ്പോലെ ശിഷ്ടകാലം..
നാലുപേരെങ്കിലും നല്ലതു ചൊന്നുകൊണ്ട്
ഓര്‍മ്മിക്കണമെന്നെ അല്പകാലം..


എഴുതിക്കഴിഞ്ഞപ്പോളൊരാഗ്രഹം –
വൃത്തവും താളവും പ്രാസവും ചേര്‍ത്തൊരു
കവിതെഴുതാനൊന്നു പഠിക്കണം !!

ഗുരുദക്ഷിണ..


ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആക്റ്റീവ് ആയ സമയത്ത് ആക്റ്റീവ് ആയ പല അംഗങ്ങള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സുഹൃത്തായി. അങ്ങനെ ഒടുവിലാണ് ശങ്കരേട്ടനും റിക്വസ്റ്റ് അയച്ചത്. രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞാണ് അക്സെപ്റ്റ് ചെയ്തതുതന്നെ. അല്പം മുതിര്‍ന്നയാളാണെന്ന് മനസ്സിലായിരുന്നു. എന്ത് ചെയ്യുന്നു, എങ്ങിനെയുള്ളയാളാണ് എന്നൊന്നും അറിയാതിരുന്നതിനാല്‍ അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ ആദ്യം ശ്രമിച്ചില്ല. നിസ്സാര മനുഷ്യനല്ല എന്ന് ഗ്രൂപ്പില്‍ പല വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ കണ്ടപ്പോള്‍ മനസ്സിലായി. ആയിടെ Manass ന്റെ എന്തോ ആവശ്യത്തിനായി ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സഹായിക്കാനാവുമോ എന്നൊരു പോസ്റ്റ് ഞാന്‍ ടൈംലൈനില്‍ ഇട്ടിരുന്നു. ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യം എത്തിയത് ശങ്കരേട്ടനായിരുന്നു. ഞങ്ങള്‍ ആദ്യമായി സംസാരിച്ചു തുടങ്ങിയത് അപ്പോഴാണ്. എനിക്കെന്തോ, അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കാന്‍ തോന്നിയില്ല. ആ ഒരു ബഹുമാനം മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ തന്നു, എന്ത് ആവശ്യമാണെങ്കിലും ഒരു മിസ് കാള്‍ ചെയ്താല്‍ മതി, തിരിച്ചു വിളിച്ചോളാം, മിക്കവാറും തിരക്കിലാവും അതിനാല്‍ എടുത്തില്ലെങ്കിലും തിരിച്ചുവിളീച്ചോളാം, സഹായം എന്തായാലും ചോദിക്കാന്‍ മടിക്കണ്ടായെന്ന് പറഞ്ഞാണ് അന്ന് പോയത്.

പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും ചാറ്റ് ചെയ്തു. വിശദമായി പരിചയപ്പെടാന്‍ തന്നെയായിരുന്നു. എന്റെ അഭിപ്രായങ്ങള്‍ പലതിനോടും താല്പര്യം തോന്നിയെന്ന് അന്ന് പറയുകയുണ്ടായി. ആ വാക്കുകള്‍ തന്ന സന്തോഷം ഇന്നും മനസ്സിലുണ്ട്. വിശദമായി സംസാരിച്ചു പിന്നീട്. അദ്ദേഹം സ്വന്തം കാര്യമൊന്നും പറയാതെ എന്റെ ഓരോ വിവരങ്ങളായി ചോദിച്ചുകൊണ്ടേയിരുന്നു. പല കാര്യങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നു, അഭിപ്രായങ്ങള്‍ പങ്കുവെയ്ച്ചു. മനസ്സിലുള്ള പല ഐഡിയകളും പങ്കുവയ്ച്ചപ്പോളും അദ്ദേഹം വളരെ കാര്യമായി തന്നെ പ്രോത്സാഹിപ്പിച്ചു. ഗ്രൂപ്പിലെ അഡ്മിന്‍ പാനലില്‍ ഒന്നിച്ചെത്തിയത് വഴിത്തിരിവായി. കൂടുതല്‍ സംസാരിക്കാന്‍ അവസരമുണ്ടായി. അദ്ദേഹം പറഞ്ഞിട്ടല്ലെങ്കിലും മറ്റു പലര്‍ വഴിയും അദ്ദേഹം ആരാണെന്നറിയാന്‍ കഴിഞ്ഞു. ശെരിക്കുമൊരു അത്ഭുതമനുഷ്യന്‍. പല കാര്യങ്ങളില്‍ ഒരു വഴികാട്ടിയായി ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് എപ്പോഴും ആലോചിക്കാറുണ്ട്. ആ സ്ഥാനത്തേക്ക് എനിക്ക് കിട്ടാവുന്നതിലേറ്റവും മികച്ചയാളായിരുന്നു ശങ്കരേട്ടന്‍. എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ ചില സമയത്തെ ഇടപെടലുകളാണ്. എന്തെങ്കിലും കാര്യത്തില്‍ സംശയപ്പെട്ട് ഒരു തീരുമാനമെടുക്കാന്‍ കഴിയാതെയിരിക്കുന്ന സമയത്ത് അദ്ദേഹം സംസാരിക്കാനെത്തും. പലപ്പോഴും അദ്ദേഹത്തിന്റെ തന്നെ എന്തെങ്കിലും അനുഭവമോ എന്തെങ്കിലും കഥയോ പറയും. അതോടെ പിന്നെ കാണാംന്ന് പറഞ്ഞ് പോവുകയും ചെയ്യും, പക്ഷേ എന്റെ മനസ്സില്‍ കിടന്ന് പുകഞ്ഞിരുന്ന പ്രശ്നത്തിനൊരു സൊലൂഷന്‍ അതില്‍ നിന്ന് കിട്ടിയിരിക്കും. ഒന്നും ചോദിക്കാതെ, പറയാതെ, ആ സമയത്ത് തന്നെ എങ്ങനെ ശങ്കരേട്ടന്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് അത്ഭുതം തോന്നാറുണ്ട്..

sankarettan

വെറും മൂന്ന് മാസമേ അടുത്തിടപഴകാന്‍ കഴിഞ്ഞിരുന്നുവുള്ളുങ്കിലും അത് തന്നെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഒരു ഭാഗ്യമായി കരുതുന്നു. രണ്ടു വട്ടം തമ്മില്‍ കാണാന്‍ കഴിഞ്ഞു. ഇടപ്പള്ളി അമൃത കോളേജില്‍ വര്‍ഷാവര്‍ഷമുള്ള ട്രെയിനിങിനു വന്നപ്പോള്‍ അങ്ങോട്ട് ചെന്നു കാണാമോയെന്ന് ചോദിച്ചിരുന്നു. നാലോ അഞ്ചോ മണിക്കൂറുകളോളം അവിടെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. പലപല വിഷയങ്ങളെപ്പറ്റിയും സംസാരിച്ചു. ഇനിയും തനിക്കുള്ള ആഗ്രഹങ്ങളെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയുമെല്ലാം സംസാരിച്ചു. പക്ഷേ ആ സ്വപ്നങ്ങള്‍ക്ക് ഏതാനും നാളുകളേ ആയുസ്സുള്ളൂവെന്ന് അന്ന് അറിഞ്ഞില്ല. ഏറ്റവും വലിയൊരു വേദനയായിട്ടാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. ഏറെയാളുകളുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ വേര്‍പാട്; വെറും മൂന്ന് മാസത്തെ പരിചയമെങ്കിലും എനിക്കും അങ്ങനെ തന്നെ. ഒരു പോസിറ്റീവ് എനര്‍ജ്ജി ആയിരുന്നു, തടസ്സങ്ങളെല്ലാം ഒഴിവാക്കി ജീവിക്കാനുള്ള ഒരു ഇന്‍സ്പിരേഷനായിരുന്നു ശങ്കരേട്ടന്‍.. ഇതെഴുതുമ്പോള്‍ കണ്ണില്‍ നിന്നിറ്റുവീഴുന്ന കണ്ണീര്‍ത്തുള്ളികൊണ്ടു തന്റെ പ്രണാമം.. ഗുരുദക്ഷിണ വാങ്ങാതെ നടന്നകന്ന ഗുരുനാഥന്..

ഒരു നിമിഷം..


പതിവുപോലെ കാടുകയറിക്കയറി വിഷയത്തിലേക്ക് കടക്കുന്നില്ല. നേരേയാവട്ടെ. അത്രയേറേ വിഷമവും ദേഷ്യവുമുള്ളതിനാലാണ്. കുറച്ച് കാലമായി അനാഥാലയങ്ങളും വൃദ്ധസദനങ്ങളിലും മറ്റും പോവാന്‍ ശ്രമിക്കാറുണ്ട്; പോവാറുണ്ട്. ആദ്യമൊരിക്കല്‍ പോയ ഒരു അനാഥാലയത്തില്‍ നടത്തിപ്പുകാരിലൊരാള്‍ പറഞ്ഞത് ഇവിടെ അങ്ങനെ അനാഥരൊന്നുമില്ല. അച്ഛനോ അമ്മയോ ആരെങ്കിലും ഉണ്ടാവും. അവരു നോക്കാന്‍ വയ്യാഞ്ഞിട്ടോ ബുദ്ധിമുട്ടുകൊണ്ടോ ഇവിടെ ആക്കുന്നതാണ് എന്നാണ്. ആദ്യം ഇങ്ങനെ കേട്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഈ കുട്ടികളാരും അനാഥരല്ല, എന്നിട്ടും അനാഥാലയത്തില്‍.. പക്ഷേ പിന്നീട് മറ്റ് പല സ്ഥാപനങ്ങളിലും പലപ്പോഴായി പോയപ്പോഴും ഇതേ പല്ലവിയാണ് കേട്ടത്. വിരലിലെണ്ണാവുന്നവരാണ് യഥാര്‍ത്ഥ ‘അനാഥര്‍’.

ഓരോരുത്തരുടേയും അവസ്ഥ അറിയുമ്പോള്‍ സങ്കടത്തേക്കാള്‍ ചിലപ്പോള്‍ ദേഷ്യമാണ് തോന്നുക. അച്ഛന്‍ ഉപേക്ഷിച്ചു പോയി, അമ്മയ്ക്ക് നോക്കി വളര്‍ത്താന്‍ പറ്റുന്നില്ല എന്നതാവും ഒന്ന്. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ രണ്ടാമത് കെട്ടി, അതൊടുവില്‍ കലാശിച്ചത് കുട്ടിയെ അനാഥാലയത്തില്‍ ആക്കുന്നതില്‍. അമ്മ വേറൊരുത്തന്റെ കൂടെ ഒളിച്ചോടി പോയി, അച്ഛന്‍ ജോലിക്ക് പോയാല്‍ നോക്കാന്‍ ആളില്ല. ചിലര്‍ക്ക് അച്ഛനും അമ്മയും ഉണ്ട്, ആവശ്യത്തിലധികം സ്വത്തുമുണ്ട്, എന്നാല്‍ രണ്ട് പേര്‍ക്കും ഒന്നിച്ച് ജീവിക്കാനാവില്ല, പിരിയണം, തമ്മിലടിക്കുമ്പോള്‍ കുട്ടിയെ നോക്കാന്‍ പറ്റില്ല – അങ്ങനെ വന്നതില്‍ ഡൈവോഴ്സ് പരിഗണിക്കുന്ന കോടതി കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി കുട്ടിയെ അനാഥാലയത്തിലാക്കിയതുമുണ്ട്. അച്ഛന്‍ കള്ളു കുടിച്ച് വന്ന് അമ്മയുടേയും മക്കളുടേയും മുതുകത്ത് കയറി ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മക്കളെങ്കിലും സമാധാനത്തോടെയിരിക്കട്ടേയെന്നോര്‍ത്ത് കൊണ്ടുവിടുന്ന അമ്മമാര്‍.. ഇങ്ങനെ അനാഥാലയങ്ങളില്‍ എത്തിപ്പെടുന്നവരാണ് ഭൂരിഭാഗവും..

അടുത്തകാലത്ത് കോതമംഗലം സ്വദേശിയായ ജെയ്നിച്ചേച്ചിയെ പരിചയപ്പെട്ടു. കാന്‍സറും ഹൃദ്രോഗവും ഉള്‍പ്പടെ പത്തോളം അസുഖങ്ങള്‍ മൂലം വിഷമിക്കുന്ന ചേച്ചിക്ക് നാലമത്തെ സര്‍ജ്ജറിക്ക് സഹായം ചോദിച്ചിരുന്നു. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വഴി സര്‍ജ്ജറിക്കും മറ്റുമുള്ള തുക നല്‍കാനായി. സര്‍ജ്ജറിക്ക് ശേഷം കാണാനായി വീട്ടില്‍ ചെന്നിരുന്നു. ഈ അസുഖങ്ങള്‍ക്ക് പുറമേ ഒന്‍പതര ലക്ഷത്തോളം രൂപ കടം. ഏറെ ദുരിതങ്ങളുണ്ടായിട്ടും ആ കുടുമ്പം എത്ര സ്നേഹത്തോടെ മുന്നോട്ട് പോകുന്നു. ചേട്ടനു പകരം വേറാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ ഉപേക്ഷിച്ച് പോയേനേയെന്ന് ചേച്ചി.. ദിവസേന നാനൂറ് രൂപാ വീതം ബ്ലേഡ്കാര്‍ക്കും, മാസാമാസം നാലായിരം രൂപാ ലോണ്‍ അടവും ടയറ് പണിക്കാരനായ അജിച്ചേട്ടന്‍ ഞായറാഴ്ച്ച പോലും പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നു. ഇടയ്ക്കിടെ ഓരോ ട്രീറ്റ്മെന്റിനായി യാത്ര വേണ്ടതിനാല്‍ ഇളയ മകളെ പഠിക്കുന്ന സ്കൂളിലെ സിസ്റ്റര്‍മാരുടെ സംരക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നു. ചേട്ടനുമായി മാറി നിന്ന് സംസാരിച്ചപ്പോഴാണ് നടുവിന് ഡിസ്ക്ക് തെറ്റിയിട്ടുണ്ടെന്നും കഠിനമായ നടുവേദനയാണെന്നും, അതിന് വല്ലപ്പോഴും ആശുപത്രിയില്‍ പോയി ഒരു ഇഞ്ജക്ഷന്‍ എടുത്തുവരുമെന്നും പറഞ്ഞത്. ചേച്ചിയുടെ ഇത്രയും അസുഖങ്ങള്‍ക്കിടെ ചേട്ടന്റെയീ നടുവേദന ഒന്നുമല്ലാത്തപോലെ.. ആ വേദനയെപ്പറ്റി പരാതി പറഞ്ഞിരിക്കാതെ ആളെ കഷ്ടപ്പെടുന്നു. ഒന്നു തൊഴണമെന്ന് തോന്നി ആ കുടുമ്പത്തെ..

അതുകഴിഞ്ഞ് ഇന്ന് പോയ അനാഥാലയത്തിലെ മറ്റൊരു കഥ. ഒരാള്‍ അച്ഛനില്ല, അമ്മ വേറൊരാളുടെ കൂടെയായി, ആര്‍ക്കും ഒടുവില്‍ അവനെ വേണ്ടാതായി അങ്ങനെ ഇപ്പൊ അനാഥന്‍. മറ്റൊരാളുടെ കഥ വിചിത്രം. അച്ഛനുമമ്മയും തമ്മില്‍ വഴക്കിട്ട്, രണ്ടുപേരും അവരവരുടെ ഇഷ്ടക്കാരുടെ കൂടെ പോയി, ഒടുവില്‍ അനാഥാലയത്തിലെത്തിയ പയ്യന്‍ വലുതായപ്പോള്‍ തന്നെക്കാള്‍ മൂത്ത് ഒരുത്തിയെ പ്രേമിച്ച് കൂടെ താമസിച്ച് കുട്ടിയുമായിക്കഴിഞ്ഞ് അനാഥാലയത്തില്‍ അപേക്ഷിച്ച് കല്ല്യാണം നടത്തിച്ചു. ഇപ്പൊ ഇരുവരും തമ്മില്‍ എന്നും വഴക്ക്. ഭാര്യ ദേഷ്യം വരുമ്പോള്‍ ഒന്നൊന്നര വയസ്സുള്ള കുഞ്ഞിനെ ഉപദ്രവിച്ച് അത് തീര്‍ക്കും.. ആ കുഞ്ഞിന്റെയും അനാഥാലയത്തിലേക്കുള്ള വഴി അടുത്ത് തന്നെ..

ഡിവോഴ്സ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു, കോടതിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു എന്നിങ്ങനെ ഇടയ്ക്ക് കേള്‍ക്കാം.. അനാഥാലയങ്ങളിലെ കണക്ക് കണ്ടാലും കുറേയൊക്കെ അറിയാം. ഇവിടെ പറഞ്ഞതില്‍ ഒരു കാരണം മദ്യമാണ്. കുടുമ്പത്തിലെ സ്വൈര്യം കെടുത്തുന്ന ഒന്ന്. പക്ഷേ അതിലപ്പുറം മറ്റൊന്നാണ്. ഭാര്യ മറ്റൊരുത്തനൊപ്പം പോയി, ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി (ഭര്‍ത്താവ് മറ്റൊരുത്തിയുടെ കൂടെ പോയാലും ഉപേക്ഷിച്ചു പോയി, എന്നിട്ട് വേറേ കെട്ടി എന്നേ പറയൂ), ഇരുവരും തമ്മിലടി.. കല്ല്യാണം കഴിച്ച് ഒരു സ്ത്രീയുടേയോ / പുരുഷന്റെയോ കൂടി ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ആ പണിക്ക് പോവരുത്. ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ ഏറേയുണ്ടല്ലോ ഇന്ന്. പുതിയ ബന്ധങ്ങള്‍ വളര്‍രാന്‍. വിവാഹത്തിനു മുന്‍പ് പ്രണയബന്ധങ്ങളൊക്കെ സ്വാഭാവികം, അതില്ലാത്തവര്‍ ചുരുക്കം, അതില്ലാത്തവരെയെ വിവാഹം ചെയ്യൂവെന്ന് പറഞ്ഞാല്‍ വല്ല്യ കഷ്ടത്തിലാവുകയും ചെയ്യും എന്ന കാര്യം അംഗീകരിച്ച് പാസ്റ്റ് ഈസ് പാസ്റ്റ് എന്ന് പറഞ്ഞ് വിവാഹത്തിലേക്ക് കടക്കുന്നവരാണ് ഇന്നധികവും. പക്ഷേ വിവാഹശേഷവും ബന്ധങ്ങള്‍ക്ക് കുറവൊന്നുമില്ലാത്തതാണ് ഇന്നത്തെയവസ്ഥ. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ പ്രവീണയുടെ ക്യാരക്ടര്‍ പറയുന്നുണ്ട് “ഇന്ന് പലരും ഈ മാര്യേജ് എന്ന ഇന്‍സ്റ്റിറ്റ്യൂഷനില്‍ നില്‍ക്കുന്നത് കുഞ്ഞുങ്ങളെ ഓര്‍ത്ത് മാത്രമാ. Marriage is a license, to have an extra marital affair.” ഈ പറഞ്ഞതില്‍ കുഞ്ഞുങ്ങളെ ഓര്‍ക്കുകയേ ചെയ്യാത്തതാണ് ഇപ്പറഞ്ഞ അനാഥാലയത്തിലേക്ക് എത്തുക.

സ്വാര്‍ത്ഥതയോടെ സ്വന്തം സുഖം തേടി പോവുമ്പോള്‍ കുഞ്ഞുങ്ങളേയും മറക്കുന്നു. അവര്‍ അനാഥാലയങ്ങളുടെ ചുവരുകള്‍ക്കുള്ളില്‍ എത്തുന്നു. എന്നിട്ട് മറ്റേതോ മാതാപിതാക്കള്‍ നീക്കിവച്ച തുകയില്‍ നിന്ന് ഭക്ഷണവും വസ്ത്രവുമെല്ലാം ആയി കഴിയുന്നു. എന്നാല്‍ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ദേഷ്യം ഉള്ളിലൊതുക്കി മിണ്ടാതെ ഒരു യുവതലമുറ വളര്‍ന്നു വരുന്നുണ്ട്. ഇപ്പോള്‍ അനാഥാലയങ്ങളിലെത്തുന്നതിലധികം വരുംകാലം വൃദ്ധസദനത്തിലേക്ക് എത്തിപ്പെടാന്‍ അധികം താമസമുണ്ടാവില്ല. സ്വന്തം ജീവന്റെ ഭാഗമായ മക്കളെ നോക്കാത്തവര്‍ക്കും, വിവാഹം കഴിഞ്ഞിട്ടും സൂക്കേട് മാറാത്തവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. അനാഥാലയങ്ങള്‍ പെരുകുന്നുണ്ട്…..

ചന്ദനലേപ സുഗന്ധം..!


അച്ഛന്‍ ബൈക്കില്‍ ഇരുന്ന് രണ്ടാമത്തെ ഹോണ്‍ മുഴക്കുമ്പോഴാണ് തിരക്കിട്ട് ബാഗും തൂക്കി ചാടുക. ഇറങ്ങുന്നതിന് മുന്‍പ് അവസാനഭാഗമാണ് ചന്ദനം കുറി തൊടല്‍. ചന്ദനം അരച്ചത് ഇടതുകൈയ്യിലാക്കി അടുക്കളയില്‍ നിന്ന് അമ്മ ഓടി വരും. വലതു കൈയ്യുടെ മോതിരവിരല്‍ കൊണ്ട് നെറ്റിയിലും കഴുത്തിലും ഓരോ കുറി. പിന്നെ നേരെ ഓടിച്ചെന്ന് ബൈക്കില്‍ അച്ഛന്റെ മുന്നിലിരുന്ന് ഗമയില്‍ സ്കൂളില്‍ക്ക്. എല്‍.കെ.ജി, യൂ.കെ.ജി ഒക്കെ പഠിക്കുമ്പോ ഗമതന്നെയാര്‍ന്നൂ, ഒന്നാം ക്ലാസ്സ് മുതല്‍ ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞെ ഞാന്‍ സ്കൂളില്‍ക്ക് പൂവാറൊള്ളൂ, അപ്പൊ ഗമയിത്തിരി കുറയുല്ലോ..

അങ്ങനെ ഒരു ദിവസം പതിവുപോലെ അമ്മ കൈയ്യില്‍ ചന്ദനവുമായി ഓടിയെത്തി, നെറ്റിയിലും കഴുത്തിലും തൊടുവിച്ചു. അപ്പോഴാണ് ഷൂവില്‍ പൊടി കണ്ടത്. എന്നെ പിടിച്ചിരുത്തി അമ്മ നൈറ്റിയുടെ അറ്റം കൊണ്ട് ഷൂ തുടച്ചു. അപ്പോ ഞാന്‍ ചോദിച്ചു എന്തിനാ കഴുത്തില്‍ ചന്ദനം തൊടണേന്ന്. അത് അമ്മയെ മറക്കാണ്ടിരിക്കാനാന്നാണ് അമ്മ മറുപടി പറഞ്ഞത്. ഞാന്‍ ഓടിച്ചെന്ന് ബൈക്കില്‍ കയറി സ്കൂളിലെത്തി. എല്‍.കെ.ജി ക്ലാസ്സില്‍.

ക്ലാസ്സിലിരിക്കുമ്പോഴൊക്കെ അമ്മയെ ഓര്‍ത്തു. രാവിലെ അടുക്കളയിലെ ജോലികള്‍ ഓടിനടന്ന് തീര്‍ക്കുന്നു, അതിനിടെ എന്റെ കാര്യങ്ങള്‍, അച്ഛന് കൊണ്ടുപോവാനുള്ള ഭക്ഷണം മൂന്ന് തട്ടുള്ള പാത്രത്തിലാക്കി വെക്കുണു, മുത്തശ്ശിക്ക് കാപ്പിയും പലഹാരവും കൊടുക്കുണൂ. അങ്ങനെ ഓടെടാ ഓട്ടം. എന്നിട്ടും അമ്മെ മറക്കാണ്ടിരിക്കാന്‍ കഴുത്തില്‍ ചന്ദനക്കുറി തൊടുവിക്കണു. എന്റെ ഓര്‍മ്മയില്‍ ഞാന്‍ ക്ലാസ്സിലിരുന്ന് കരഞ്ഞത് അന്നാണ്. കുറെ സങ്കപ്പെട്ട് കരഞ്ഞു.. വെളുത്ത് കുറച്ച് തടിച്ച ടീച്ചര്‍ (ടീചര്‍ടെ പേരു മറന്നു – പക്ഷേ ഒരു പരീക്ഷയ്ക്ക് വെച്ചെഴുതാന്‍ അമ്മ തന്നുവിട്ട ‘വനിത’ വായിച്ചിട്ട് ഇപ്പൊ തരാംന്ന് പറഞ്ഞിട്ട് ഇതുവരെ തന്നിട്ടില്ലാന്നുള്ളത് ഞാന്‍ മറന്നിട്ടില്ല) കാരണം ചോദിച്ചു.. അമ്മേ കാണണംന്ന് പറഞ്ഞപ്പോ ടീച്ചര്‍ കുറേ ആശ്വസിപ്പിച്ചു. പിന്നെ ശാരദച്ചേച്ചിടെ കൂടെ ക്ലാസ്സീന്ന് പുറത്ത് പോയി എന്തൊക്കെയോ പറഞ്ഞ് കരച്ചില്‍ മാറ്റി..

പിന്നെന്തോ, അതുകൊണ്ടാണോ എന്നറീല്ല.. ഇന്നും നെറ്റിയിലും കഴുത്തിലും ചന്ദനം തൊട്ടില്ലെങ്കില്‍ എന്തോ ഒരസ്വസ്ഥത ദിവസം മുഴുവന്‍. പലപ്പോഴും പലരും എന്റെ ചന്ദനക്കുറി വിഷയമാക്കി. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി ക്ലാസ്സിലെ വന്ന ജയ ടീച്ചര്‍ ആദ്യം ചോദിച്ചത് എന്തിനാ എന്നും ചന്ദനം തൊടണേന്ന്.. പ്ലസ് ടു ക്ലാസ്സില്‍ ബിസിനസ് സ്റ്റഡീസ് പഠിപ്പിക്കാന്‍ വന്ന റെജി സര്‍ പറഞ്ഞത് രാവിലെ ക്ലാസ്സ് എടുക്കാന്‍ വരുമ്പോ കുളിച്ച് ചന്ദനം തൊട്ട് കുറച്ച് പേര്‍ ക്ലാസ്സിലുണ്ടെങ്കില്‍ ഒരു പ്രത്യേക് സുഖമാണെന്ന്.. മലയാള മാസം അവസാന ദിവസം വൈകിട്ട് പിരിയുമ്പോള്‍ സാര്‍ പറയും, നാളെ ഒന്നാം തീയതിയാ, പുഷ്പാഞ്ജലി കഴിച്ച് പ്രസാദമൊക്കെയായി വരണംന്ന് ! പ്ലസ് ടു ജീവിതം കഴിഞ്ഞ് പിരിയുമ്പോള്‍ ഓട്ടോഗ്രാഫില്‍ ഒരു സുഹൃത്ത് കുറിച്ചത് ‘കുറിയും ചിരിയും മറക്കില്ല’ എന്നാണ്. മുഖപുസ്തക സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ട് ആ സുഹൃത്ത്; ആള്‍ക്ക് ഓര്‍മ്മയുണ്ടൊ എന്തോ. പിന്നീട് ഇന്‍ഫോസിസില്‍ ചെന്നപ്പോള്‍ ട്രെയിനിംഗ് കഴിഞ്ഞ് വാല്വേഷനു വന്ന മാഡം ചോദിച്ചു എന്തിനാ എന്നും ചന്ദനം തൊടണേന്ന്. അങ്ങനെ സംശയങ്ങളും ചോദ്യങ്ങളും ഏറെ.. എന്തായാലും എന്റെ നെറ്റീലും കഴുത്തിലും എന്നും ചന്ദനത്തിനു സ്ഥാനം ഉറപ്പ് !

സ്വപാനം


സ്വപാനം റിലീസ് ദിവസം തന്നെ കോട്ടയം ആഷ മിനി തിയറ്ററില്‍ പോയി കണ്ടു. കഷ്ടിച്ച് നാല്പതോളം പേര്‍ മാത്രം. ആരംഭത്തില്‍ തന്നെ തോന്നിയൊരു പ്രശ്നം തിയറ്ററിലെ ശബ്ദസംവിധാനം ചിത്രത്തില്‍ ഒരുക്കിയതുമായി അത്ര അടുപ്പമില്ലാതായതാണ്. ചിത്രത്തില്‍ ഒരുക്കിയ ആ ഫീല്‍ പൂര്‍ണ്ണമായും നല്‍കുവാന്‍ തിയേറ്ററിനായില്ല. എങ്കിലും ചിത്രം പൂര്‍ണ്ണമായും അസ്വദിക്കാനായി. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവം കൂടിയ അനുഭവം. മേളവും സംഗീതവും നൃത്തവും ഒന്നിച്ച്. തൃപ്പൂണിത്തുറയുത്സവത്തിന് മേളത്തിന് പ്രാധാന്യം കൂടുമെങ്കില്‍ സ്വപാനം ഒരു സംഗീതപ്രാധാന്യമെന്ന് പറയേണ്ടിവരും. ഒരു സമ്പൂര്‍ണ്ണ മ്യൂസിക്കല്‍ എന്റെര്‍ടെയ്നര്‍. നായകന്‍ മേളക്കാരനും നായിക നൃത്തക്കാരിയുമാണെങ്കിലും സംഗീതം തന്നെ മുന്നിട്ടു നില്‍ക്കുന്നു. സ്വാതി തിരുനാള്‍ കൃതിയായ ‘കാമിനിമണിസഖി’യും, ബാലകവി രാമശാസ്ത്രിയുടെ രണ്ട് കൃതികളും ശ്രീവത്സന്‍ ജെ. മേനോന്‍ അങ്ങേയറ്റം കൂറു പുലര്‍ത്തി തന്നെ സംഗീതം നല്‍കി. ശ്രീവല്‍സന്‍ – മനോജ് കുറൂര്‍ കൂട്ടുകെട്ടില്‍ പിറന്ന ആറ് ഗാനങ്ങളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. ചിത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് തന്നെ വാക്കുകള്‍ തിരഞ്ഞെടുത്ത് കാവ്യാത്മകമായ വരികളാണ് മനോജ് ഒരുക്കിയത്. ചിത്രത്തിന്റെ മുഴുവന്‍ ഫീലും ഗാനങ്ങളില്‍ തന്നെയാണ്.

ഗാനങ്ങളുടെ പ്രാധാന്യം പക്ഷേ മറ്റൊന്നിന്റെയും മാറ്റ് കുറച്ചിട്ടില്ല. രണ്ടാം വരവില്‍ ജയറാമിന് ലഭിച്ച ഏറ്റവും മികച്ച വേഷം തനെയാണ് സ്വപാനത്തിലെ ഉണ്ണിക്കൃഷ്ണ മാരാര്‍. മേളക്കാരന്റെ വേഷമാവുമ്പോള്‍ ഒരു മേളക്കാരന്‍ തന്നെയായ ജയറാം അല്ലാതെ മറ്റാര്‍ക്കും ആ വേഷത്തിന് അര്‍ഹതയുണ്ടാവില്ല. ഒരു മേളക്കാരന്റെ മാനറിസങ്ങളും, കൈവേഗവും മറ്റും നിലവില്‍ മറ്റൊരു നായകനടനും അവകാശപ്പെടാനാവില്ല. കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് ജയറാം അഭിനയിച്ച് തകര്‍ത്തു. കലാകാരന്മാരുടെ കഥകളിലെ പതിവ് വില്ലനായ മദ്യം സ്വപാനത്തിലെ ഉണ്ണിക്കൃഷ്ണനൊപ്പവുമുണ്ട്. പക്ഷേ ചിത്തഭ്രമത്തിനു പിന്നിലായാണ് മദ്യത്തിന് സ്ഥാനം.

ജയറാം മാത്രമല്ല കാദംബരി, സിദ്ദിഖ് തുടങ്ങിയവരും ഒന്നിനൊന്ന് മികച്ച് നിന്നു. സ്ത്രൈണതയുള്ള കഥാപാത്രമായെത്തിയ വിനീത് കുറച്ച് സീനുകളില്‍ മാത്രമെങ്കിലും അമ്പരിപ്പിച്ചു. സെല്‍വം എന്ന കഥാപാത്രമായി ഇന്ദ്രന്‍സും സാന്നിധ്യമറിയിച്ചു. സഖാവ് സുരേഷ് കുറുപ്പ് പൂക്കാട്ടിരി തിരുമേനി എന്ന വേഷത്തിലെത്തി. സജിതാ മഠത്തില്‍, മാര്‍ഗ്ഗി സതി എന്നിവര്‍ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളിലൊതുങ്ങി. ലക്ഷ്മി ഗോപാലസ്വാമി, ശരത്തും ചെറിയ വേഷങ്ങളില്‍ വന്നുപോയി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒറ്റ സീനില്‍ തലകാണിച്ച് മടങ്ങി.

ഷാജി എന്‍ കരുണിന്റെ പതിവു ശൈലിയിലാണ് സിനിമ. മികച്ച ഫ്രെയിമുകള്‍ പലപ്പോഴും പാലക്കാടിന്റെ ദൃശ്യഭംഗി അതേ പോലെ ഒപ്പിയെടുത്ത് നമ്മെ കൊതിപ്പിക്കും. ഓര്‍ഡിനറിയിലെ ബിജു മേനോനു ശേഷം പാലക്കാടന്‍ സംസാരരീതി ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു. സിമ്പോളിക്ക് ആയി പലതും ഉള്‍പ്പെടുത്തി എല്ലാ തരത്തിലും ഒരു മികച്ച സിനിമയാക്കുവാന്‍ ഷാജി ശ്രമിച്ചിട്ടുണ്ട്. വാനപ്രസ്ഥവുമായി അടുത്തുനില്‍ക്കുന്നുവെങ്കിലും സാങ്കേതികമായും മറ്റും അല്പം കൂടി മുന്നോട്ട് നടന്നിട്ടുണ്ട് സംവിധായകന്‍. സംഗീത-മേള ആസ്വാദകര്‍ക്ക് ഒരു മികച്ച സിനിമതന്നെയാണ് സ്വപാനം. ഒരല്പം കൂടി മേളം ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്നു കഴിഞ്ഞിറങ്ങുമ്പോള്‍.


മനുഷ്യരുമുണ്ടിവിടെ

ഉത്സവങ്ങളില്‍ എന്നും വേദനിക്കുന്ന ഒരു കാഴ്ചയാണ് തീവെട്ടി.. കുട്ടിക്കാലത്ത് അടുത്ത ക്ഷേത്രത്തില്‍ ഉത്സവത്തിനു പോകുമ്പോള്‍ വിളക്കിനെഴുന്നെള്ളത്തിനു മുന്നില്‍ മുത്തുക്കുട പിടിച്ച് നടക്കാനായിരുന്നു ഹരം.. അന്നത്തെ സുഹൃത്തുക്കളെല്ലാവരും ഉണ്ടാവും ഒപ്പം.. തൊട്ടുപിന്നില്‍ തീവെട്ടി പിടിച്ച് അടുത്തുള്ള ചേട്ടന്മാരും.. പിന്നെപ്പിന്നെ ഉത്സവത്തിനു പരികര്‍മ്മത്തിനു പോയിത്തുടങ്ങിയപ്പോള്‍ പറ തളിക്കാനും മറ്റും ചെല്ലുമ്പോള്‍ തീവെട്ടി പേടിയായി.. അതിനു താഴെ നില്‍ക്കുമ്പോള്‍ തിളച്ച എണ്ണ ദേഹത്തു വീഴാതിരിക്കാന്‍ എപ്പോഴും പേടിച്ച് മാറും.. പിന്നീട് ആനപ്പുറത്ത് കയറുമ്പോള്‍ തീവെട്ടിയില്‍ നിന്നും കരിഞ്ഞ പുക ഒരു ശല്ല്യമായി.. ചെറിയ തോതില്‍ ശ്വാസം മുട്ടല്‍ കൂടി ഉണ്ടായിരുന്നപ്പോള്‍ ആ പുക കാരണം നന്നായി ബുദ്ധിമുട്ടി.. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി തീവെട്ടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിഷമിപ്പിക്കുന്നവയാണ്.. പല ക്ഷേത്രങ്ങളിലും തീവെട്ടി പിടിക്കാനായി അറുപതും എഴുപതും വയസ്സായ വൃദ്ധന്മാരെയാണ് കാണുന്നത്. അവരില്‍ അധികം പേരും ആരോഗ്യമില്ലാതെ തീരെ മെലിഞ്ഞ ആളുകളും അല്ലെങ്കില്‍ വളരെ പ്രായമായവരും.. ഏറെ കഷ്ടപ്പെട്ടാണ് ഇത് താങ്ങിപ്പിടിച്ചു നില്‍ക്കുന്നത്. ഇടയ്ക്കിടെ എണ്ണയൊഴിക്കാനായി താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നത് വളരെ വിഷമിച്ച്. പലപ്പോഴും ചൂടുള്ള എണ്ണ ഒഴുകിവന്ന് കൈയ്യില്‍ വീഴുന്നു.. ഉത്സവം കൊഴുക്കും തോറും തീവെട്ടിയുടെ വലിപ്പം കൂടും, അതനുസരിച്ച് ഭാരവും, എഴുന്നെള്ളത്തിന്റെ സമയവും.. അഞ്ചും ആറും മണിക്കൂറുകള്‍, കൈമാറാന്‍ ആളില്ലാതെ വിഷമിച്ച് ഇതും താങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ ഒരു വിഷമം. ഇതിനുമപ്പുറമാണ് ആറാട്ട് പോകുമ്പോഴും മറ്റും. ഏറെ കിലോമീറ്ററുകള്‍ ഈ ഭാരവും ചുമന്ന് നടക്കണം.. അത് ആരുടേയും ദേഹത്ത് എണ്ണ വീഴാതെയും മറ്റും.. അതിനിടെ ആനയുടെ അടുത്തുന്ന് മാറ്റിപ്പിടിക്കാന്‍ ആനക്കാരന്റെ ആക്രോശം, വേഗം നടക്കാന്‍ പറഞ്ഞ് ഭാരവാഹികളുടെ ചീത്തവിളി.. കൊടിയേറ്റ് മുതല്‍ ആറാട്ട് വരെ ഇതെല്ലാം സഹിച്ച് മറുത്തൊരക്ഷരം പറയാതെ ഈ ഭാരവും ചുമന്ന് നടക്കും.. തുച്ഛമായ വരുമാനത്തിനു വേണ്ടി.. ആനയെ എഴുന്നെള്ളിച്ച് ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ് ബഹളം കൂട്ടാനും എന്തിന്, പൊതുവഴിയില്‍ നാട്ടുകാരെ ആക്രമിക്കുന്ന നായ്ക്കളെ തൊടരുതെന്ന് പറഞ്ഞ് ചാടിവീഴാനും ഏറെ ആളുകളുണ്ട്.. പക്ഷേ ഇത് കാണാനും പറയാനും ആരുമില്ല, ഓ.. ഇവര്‍ മനുഷ്യരായിപ്പോയല്ലോ അല്ലേ..?

ഫോട്ടോ മോഷ്ടിച്ചത് Vinod Viswanathan ന്റെ ആല്‍ബത്തില്‍ നിന്ന്..