ഒരു നിമിഷം..


പതിവുപോലെ കാടുകയറിക്കയറി വിഷയത്തിലേക്ക് കടക്കുന്നില്ല. നേരേയാവട്ടെ. അത്രയേറേ വിഷമവും ദേഷ്യവുമുള്ളതിനാലാണ്. കുറച്ച് കാലമായി അനാഥാലയങ്ങളും വൃദ്ധസദനങ്ങളിലും മറ്റും പോവാന്‍ ശ്രമിക്കാറുണ്ട്; പോവാറുണ്ട്. ആദ്യമൊരിക്കല്‍ പോയ ഒരു അനാഥാലയത്തില്‍ നടത്തിപ്പുകാരിലൊരാള്‍ പറഞ്ഞത് ഇവിടെ അങ്ങനെ അനാഥരൊന്നുമില്ല. അച്ഛനോ അമ്മയോ ആരെങ്കിലും ഉണ്ടാവും. അവരു നോക്കാന്‍ വയ്യാഞ്ഞിട്ടോ ബുദ്ധിമുട്ടുകൊണ്ടോ ഇവിടെ ആക്കുന്നതാണ് എന്നാണ്. ആദ്യം ഇങ്ങനെ കേട്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഈ കുട്ടികളാരും അനാഥരല്ല, എന്നിട്ടും അനാഥാലയത്തില്‍.. പക്ഷേ പിന്നീട് മറ്റ് പല സ്ഥാപനങ്ങളിലും പലപ്പോഴായി പോയപ്പോഴും ഇതേ പല്ലവിയാണ് കേട്ടത്. വിരലിലെണ്ണാവുന്നവരാണ് യഥാര്‍ത്ഥ ‘അനാഥര്‍’.

ഓരോരുത്തരുടേയും അവസ്ഥ അറിയുമ്പോള്‍ സങ്കടത്തേക്കാള്‍ ചിലപ്പോള്‍ ദേഷ്യമാണ് തോന്നുക. അച്ഛന്‍ ഉപേക്ഷിച്ചു പോയി, അമ്മയ്ക്ക് നോക്കി വളര്‍ത്താന്‍ പറ്റുന്നില്ല എന്നതാവും ഒന്ന്. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ രണ്ടാമത് കെട്ടി, അതൊടുവില്‍ കലാശിച്ചത് കുട്ടിയെ അനാഥാലയത്തില്‍ ആക്കുന്നതില്‍. അമ്മ വേറൊരുത്തന്റെ കൂടെ ഒളിച്ചോടി പോയി, അച്ഛന്‍ ജോലിക്ക് പോയാല്‍ നോക്കാന്‍ ആളില്ല. ചിലര്‍ക്ക് അച്ഛനും അമ്മയും ഉണ്ട്, ആവശ്യത്തിലധികം സ്വത്തുമുണ്ട്, എന്നാല്‍ രണ്ട് പേര്‍ക്കും ഒന്നിച്ച് ജീവിക്കാനാവില്ല, പിരിയണം, തമ്മിലടിക്കുമ്പോള്‍ കുട്ടിയെ നോക്കാന്‍ പറ്റില്ല – അങ്ങനെ വന്നതില്‍ ഡൈവോഴ്സ് പരിഗണിക്കുന്ന കോടതി കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി കുട്ടിയെ അനാഥാലയത്തിലാക്കിയതുമുണ്ട്. അച്ഛന്‍ കള്ളു കുടിച്ച് വന്ന് അമ്മയുടേയും മക്കളുടേയും മുതുകത്ത് കയറി ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മക്കളെങ്കിലും സമാധാനത്തോടെയിരിക്കട്ടേയെന്നോര്‍ത്ത് കൊണ്ടുവിടുന്ന അമ്മമാര്‍.. ഇങ്ങനെ അനാഥാലയങ്ങളില്‍ എത്തിപ്പെടുന്നവരാണ് ഭൂരിഭാഗവും..

അടുത്തകാലത്ത് കോതമംഗലം സ്വദേശിയായ ജെയ്നിച്ചേച്ചിയെ പരിചയപ്പെട്ടു. കാന്‍സറും ഹൃദ്രോഗവും ഉള്‍പ്പടെ പത്തോളം അസുഖങ്ങള്‍ മൂലം വിഷമിക്കുന്ന ചേച്ചിക്ക് നാലമത്തെ സര്‍ജ്ജറിക്ക് സഹായം ചോദിച്ചിരുന്നു. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വഴി സര്‍ജ്ജറിക്കും മറ്റുമുള്ള തുക നല്‍കാനായി. സര്‍ജ്ജറിക്ക് ശേഷം കാണാനായി വീട്ടില്‍ ചെന്നിരുന്നു. ഈ അസുഖങ്ങള്‍ക്ക് പുറമേ ഒന്‍പതര ലക്ഷത്തോളം രൂപ കടം. ഏറെ ദുരിതങ്ങളുണ്ടായിട്ടും ആ കുടുമ്പം എത്ര സ്നേഹത്തോടെ മുന്നോട്ട് പോകുന്നു. ചേട്ടനു പകരം വേറാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ ഉപേക്ഷിച്ച് പോയേനേയെന്ന് ചേച്ചി.. ദിവസേന നാനൂറ് രൂപാ വീതം ബ്ലേഡ്കാര്‍ക്കും, മാസാമാസം നാലായിരം രൂപാ ലോണ്‍ അടവും ടയറ് പണിക്കാരനായ അജിച്ചേട്ടന്‍ ഞായറാഴ്ച്ച പോലും പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നു. ഇടയ്ക്കിടെ ഓരോ ട്രീറ്റ്മെന്റിനായി യാത്ര വേണ്ടതിനാല്‍ ഇളയ മകളെ പഠിക്കുന്ന സ്കൂളിലെ സിസ്റ്റര്‍മാരുടെ സംരക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നു. ചേട്ടനുമായി മാറി നിന്ന് സംസാരിച്ചപ്പോഴാണ് നടുവിന് ഡിസ്ക്ക് തെറ്റിയിട്ടുണ്ടെന്നും കഠിനമായ നടുവേദനയാണെന്നും, അതിന് വല്ലപ്പോഴും ആശുപത്രിയില്‍ പോയി ഒരു ഇഞ്ജക്ഷന്‍ എടുത്തുവരുമെന്നും പറഞ്ഞത്. ചേച്ചിയുടെ ഇത്രയും അസുഖങ്ങള്‍ക്കിടെ ചേട്ടന്റെയീ നടുവേദന ഒന്നുമല്ലാത്തപോലെ.. ആ വേദനയെപ്പറ്റി പരാതി പറഞ്ഞിരിക്കാതെ ആളെ കഷ്ടപ്പെടുന്നു. ഒന്നു തൊഴണമെന്ന് തോന്നി ആ കുടുമ്പത്തെ..

അതുകഴിഞ്ഞ് ഇന്ന് പോയ അനാഥാലയത്തിലെ മറ്റൊരു കഥ. ഒരാള്‍ അച്ഛനില്ല, അമ്മ വേറൊരാളുടെ കൂടെയായി, ആര്‍ക്കും ഒടുവില്‍ അവനെ വേണ്ടാതായി അങ്ങനെ ഇപ്പൊ അനാഥന്‍. മറ്റൊരാളുടെ കഥ വിചിത്രം. അച്ഛനുമമ്മയും തമ്മില്‍ വഴക്കിട്ട്, രണ്ടുപേരും അവരവരുടെ ഇഷ്ടക്കാരുടെ കൂടെ പോയി, ഒടുവില്‍ അനാഥാലയത്തിലെത്തിയ പയ്യന്‍ വലുതായപ്പോള്‍ തന്നെക്കാള്‍ മൂത്ത് ഒരുത്തിയെ പ്രേമിച്ച് കൂടെ താമസിച്ച് കുട്ടിയുമായിക്കഴിഞ്ഞ് അനാഥാലയത്തില്‍ അപേക്ഷിച്ച് കല്ല്യാണം നടത്തിച്ചു. ഇപ്പൊ ഇരുവരും തമ്മില്‍ എന്നും വഴക്ക്. ഭാര്യ ദേഷ്യം വരുമ്പോള്‍ ഒന്നൊന്നര വയസ്സുള്ള കുഞ്ഞിനെ ഉപദ്രവിച്ച് അത് തീര്‍ക്കും.. ആ കുഞ്ഞിന്റെയും അനാഥാലയത്തിലേക്കുള്ള വഴി അടുത്ത് തന്നെ..

ഡിവോഴ്സ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു, കോടതിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു എന്നിങ്ങനെ ഇടയ്ക്ക് കേള്‍ക്കാം.. അനാഥാലയങ്ങളിലെ കണക്ക് കണ്ടാലും കുറേയൊക്കെ അറിയാം. ഇവിടെ പറഞ്ഞതില്‍ ഒരു കാരണം മദ്യമാണ്. കുടുമ്പത്തിലെ സ്വൈര്യം കെടുത്തുന്ന ഒന്ന്. പക്ഷേ അതിലപ്പുറം മറ്റൊന്നാണ്. ഭാര്യ മറ്റൊരുത്തനൊപ്പം പോയി, ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി (ഭര്‍ത്താവ് മറ്റൊരുത്തിയുടെ കൂടെ പോയാലും ഉപേക്ഷിച്ചു പോയി, എന്നിട്ട് വേറേ കെട്ടി എന്നേ പറയൂ), ഇരുവരും തമ്മിലടി.. കല്ല്യാണം കഴിച്ച് ഒരു സ്ത്രീയുടേയോ / പുരുഷന്റെയോ കൂടി ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ആ പണിക്ക് പോവരുത്. ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ ഏറേയുണ്ടല്ലോ ഇന്ന്. പുതിയ ബന്ധങ്ങള്‍ വളര്‍രാന്‍. വിവാഹത്തിനു മുന്‍പ് പ്രണയബന്ധങ്ങളൊക്കെ സ്വാഭാവികം, അതില്ലാത്തവര്‍ ചുരുക്കം, അതില്ലാത്തവരെയെ വിവാഹം ചെയ്യൂവെന്ന് പറഞ്ഞാല്‍ വല്ല്യ കഷ്ടത്തിലാവുകയും ചെയ്യും എന്ന കാര്യം അംഗീകരിച്ച് പാസ്റ്റ് ഈസ് പാസ്റ്റ് എന്ന് പറഞ്ഞ് വിവാഹത്തിലേക്ക് കടക്കുന്നവരാണ് ഇന്നധികവും. പക്ഷേ വിവാഹശേഷവും ബന്ധങ്ങള്‍ക്ക് കുറവൊന്നുമില്ലാത്തതാണ് ഇന്നത്തെയവസ്ഥ. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ പ്രവീണയുടെ ക്യാരക്ടര്‍ പറയുന്നുണ്ട് “ഇന്ന് പലരും ഈ മാര്യേജ് എന്ന ഇന്‍സ്റ്റിറ്റ്യൂഷനില്‍ നില്‍ക്കുന്നത് കുഞ്ഞുങ്ങളെ ഓര്‍ത്ത് മാത്രമാ. Marriage is a license, to have an extra marital affair.” ഈ പറഞ്ഞതില്‍ കുഞ്ഞുങ്ങളെ ഓര്‍ക്കുകയേ ചെയ്യാത്തതാണ് ഇപ്പറഞ്ഞ അനാഥാലയത്തിലേക്ക് എത്തുക.

സ്വാര്‍ത്ഥതയോടെ സ്വന്തം സുഖം തേടി പോവുമ്പോള്‍ കുഞ്ഞുങ്ങളേയും മറക്കുന്നു. അവര്‍ അനാഥാലയങ്ങളുടെ ചുവരുകള്‍ക്കുള്ളില്‍ എത്തുന്നു. എന്നിട്ട് മറ്റേതോ മാതാപിതാക്കള്‍ നീക്കിവച്ച തുകയില്‍ നിന്ന് ഭക്ഷണവും വസ്ത്രവുമെല്ലാം ആയി കഴിയുന്നു. എന്നാല്‍ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ദേഷ്യം ഉള്ളിലൊതുക്കി മിണ്ടാതെ ഒരു യുവതലമുറ വളര്‍ന്നു വരുന്നുണ്ട്. ഇപ്പോള്‍ അനാഥാലയങ്ങളിലെത്തുന്നതിലധികം വരുംകാലം വൃദ്ധസദനത്തിലേക്ക് എത്തിപ്പെടാന്‍ അധികം താമസമുണ്ടാവില്ല. സ്വന്തം ജീവന്റെ ഭാഗമായ മക്കളെ നോക്കാത്തവര്‍ക്കും, വിവാഹം കഴിഞ്ഞിട്ടും സൂക്കേട് മാറാത്തവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. അനാഥാലയങ്ങള്‍ പെരുകുന്നുണ്ട്…..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: