ഒരേയൊരു പോയിന്റ് – മൂരാച്ചികളെ സൂക്ഷിക്കുക !


ഷവര്‍മ്മ കഴിച്ച് ഒരാള്‍ മരിച്ചതില്‍ പിന്നെ എന്നും ഭക്ഷ്യവിഷബാധയുടെ കഥകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതു പോലെ ഡെല്‍ഹി കൂട്ടമാനഭംഗം നടന്നതില്‍ പിന്നെ പത്രത്തില്‍ ദിവസേന അരപ്പേജില്‍ കുറയാതെ പീഡനവാര്‍ത്തകള്‍ തന്നെ. ഒപ്പം ഡെല്‍ഹി സംഭവത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും, സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളും. ഇതൊന്നും പോരാഞ്ഞ് പല പ്രശസ്തരായ മണ്ടന്മാരുടെ പരാമര്‍ശങ്ങളും ഘോരഘോര പ്രസംഗങ്ങളും നേരമ്പോക്കിനായി പിന്നാലെ വരുന്നുണ്ട്. പീഡനസമയത്ത് ‘സഹോദരാ’ എന്നു കുട്ടി വിളിച്ചിരുന്നെങ്കില്‍ അവര്‍ അക്രമം അവസാനിപ്പിച്ചേനേ എന്നൊരു മികച്ച ‘പോയിന്റ്’ ഒരു മാന്യദ്ദേഹം എടുത്തുയര്‍ത്തിക്കാട്ടുകയുണ്ടായി അല്പം മുന്‍പ്. പരീക്ഷണ – നിരീക്ഷണങ്ങളിലൂടി കണ്ടെത്തിയ പോയിന്റ് ആണെന്നു കരുതുന്നു. ഈ പോയിന്റിനുള്ള മറുപടി പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചെയ്യുന്നില്ല. പീഡിപ്പിച്ചാലും വെട്ടിക്കൊന്നാലും കുറേക്കാലം കൈയ്യും വീശി നടക്കാം, പക്ഷെ എങ്ങാനും ഒന്നു പ്രതികരിച്ചാല്‍ അപ്പൊ പിടിച്ച് അകത്തിടുമല്ലോ. അഴിയെണ്ണാന്‍ വയ്യ സാമീ..

പ്രതികരണങ്ങള്‍ ഓണ്‍ലൈന്‍ ആയാലാണല്ലോ കുഴപ്പം, വഴിയിലിറങ്ങി പറഞ്ഞാല്‍ നോ പ്രോബ്ലം. അതായത് ചുമ്മാ ഒരു ഡയലോഗ് അടിച്ച് പരിപാടി അവിടെ തീര്‍ത്ത് എണീറ്റ് പോണവന്മാര്‍ക്കൊക്കെ പണി. പണി കിട്ടട്ടെ, ചുമ്മാ ഡയലോഗ് അടിച്ച് തീര്‍ത്തതല്ലേ. എന്നാല്‍ മടി കളഞ്ഞ് പുറത്തിറങ്ങി നാലു മണിക്ക് നാല്‍ക്കവലയില്‍ നാലുപേരുടെ മുന്നില്‍ നാലുവാക്കു പറഞ്ഞും എഴുതിക്കാട്ടിയും പ്രതിഷേധിച്ചാല്‍ പ്രശ്നമില്ല. അത് നല്ല കാര്യമല്ലേ? യഥാര്‍ത്ഥ പ്രതിഷേധവും പ്രതികരണവും നടക്കട്ടെ, കമ്പ്യൂട്ടറിനു മുന്നിലെ മടിയന്മാര്‍ അകത്തും കിടക്കട്ടെ. കൊള്ളാം!

എന്തായാലും ഞാനുള്‍പ്പടെയുള്ള മടിയന്മാരില്‍ നിന്നാണ് പല വാര്‍ത്തകളും അറിയുന്നതേ.അങ്ങനാണ് ഈ ഓണ്‍ലൈന്‍ – ഓഫ് ലൈന്‍ പ്രതിഷേധപ്രകടനങ്ങളും കുറേയൊക്കെ കണ്ടത്. അതില്‍ ചിലതൊക്കെ കണ്ടപ്പോ ഒരു ശരികേട് തോന്നായ്കയില്ല. പറയുന്നതില്‍ തെറ്റൊന്നുമില്ല, എങ്കിലും അങ്ങട് പോരാ. അത് രണ്ടെണ്ണം കൂട്ടിവായിച്ചപ്പോള്‍ ശരിക്കു തോന്നി.

“പെണ്‍കുട്ടികളെ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പഠിപ്പിക്കാതെ നിങ്ങളുടെ ആണ്‍കുട്ടികളെ പഠിപ്പിക്കൂ സ്ത്രീകളെ ബഹുമാനിക്കാന്‍ – മാതാപിതാക്കളോട് പറയുന്നു. ശരി തന്നെ, സമ്മതിക്കുന്നു. സ്ത്രീ എങ്ങനെ വസ്ത്രം ധരിച്ചാലും അവരെ ബഹുമാനിക്കാനോ സഹജീവിയായി കാണാനോ പഠിച്ചില്ലെങ്കില്‍ കാര്യമില്ലല്ലോ. പക്ഷേ ഈ വഹ കാര്യങ്ങള്‍ എത്ര മാതാപിതാക്കളും മക്കളും സംസാരിക്കുന്നുണ്ട്? പെണ്മക്കളോട് പിന്നേം പറയും സൂക്ഷിക്കണമെന്ന്, പക്ഷേ ആണ്‍കുട്ടികളോട് ആരാ ഈ വഹ കാര്യങ്ങള്‍ പറയാന്‍ പോണേ? പിന്നെ സ്കൂള്‍ സിലബസില്‍ ലൈംഗിക വിദ്യാഭ്യാസവും മറ്റും ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ ഇടയ്ക്കിടെ വരുന്നതല്ലാതെ എന്താ കാര്യം? അപ്പോഴാണ് അടുത്ത പോയിന്റ് ഇന്ന് കേട്ടത്.

അതിക്രമങ്ങള്‍ തടയുന്നതിനെതിരെയുള്ള ചര്‍ച്ചകള്‍ ഒരു മാന്യദ്ദേഹം മുന്നോട്ട് വച്ച ഒരു പോയിന്റ്; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിക്കുന്ന മിക്സഡ് സ്കൂളുകള്‍ നിര്‍ത്തലാക്കണമത്രേ! ഇതൊക്കെ എവിടുന്നുണ്ടാക്കിക്കൊണ്ടുവരുന്ന ബുദ്ധി ആണോ എന്തോ! സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കാന്‍ പറഞ്ഞ് മാതപിതാക്കളെ കുറ്റം പറയുന്നുണ്ടല്ലോ, പക്ഷേ അതിലും വലിയ കുറ്റക്കാര്‍ വേറെയുണ്ട് ചങ്ങായീ.. ഒരു പറ്റം മൂരാച്ചി അദ്ധ്യാപകര്‍ തന്നെ! മാതാ-പിതാ-ഗുരു-ദൈവംന്നൊക്കെയാണെങ്കിലും അതിലും കാണുമല്ലോ പ്രശ്നക്കാര്‍ !

മുന്‍കൂര്‍ ജാമ്യം എടുക്കട്ടെ, അദ്ധ്യാപകസമൂഹത്തെ മുഴുവനായി പറയുകയല്ല. ഈറ്റവും മികച്ച കുറേ വ്യക്തികളെ കണ്ടത് ഇക്കൂട്ടത്തിലാണ്, എങ്കിലും തീരെ മോശം ആളുകളും കുറവല്ല. മിക്സഡ് സ്കൂളുകളില്‍ ഇവരുടെ വിളയാട്ടം കാണാം. എല്‍ പി ക്ലാസ്സുകള്‍ മുതലേ ആണ്‍ – പെണ്‍ വിവേചനം കൊണ്ടുവരും. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ മിണ്ടാന്‍ പാടില്ല, അടുത്തിരിക്കാന്‍ പാടില്ല, ക്ലാസ്സിനു വെളിയില്‍ രണ്ടിനേം ഒന്നിച്ചു കണ്ടാല്‍ അടി, ഇടി, ശിക്ഷ, താക്കീത് ! ആണിനേം പെണ്ണിനേം വേര്‍തിരിച്ചു തുടങ്ങുകായി. വളര്‍ന്നു വരുന്ന ഇവന്മാരുടെ മനസ്സില്‍ അപ്പൊ പെണ്ണ് എന്നാല്‍ എന്തോ സംഭവം.

തമ്മില്‍ മിണ്ടാതെയും ഇടപെടാതെയും വളര്‍ന്നുവരുമ്പോള്‍ അകല്‍ച്ചയുണ്ടാവുന്നു. അതെന്തോ സംഭവമാണെന്നും അങ്ങനാണെന്നും ഇങ്ങനാണെന്നും എല്ലാം അവന്റെ മനസ്സില്‍. അപ്പോള്‍ തന്നെ സ്ത്രീ ഒരു സഹജീവി ആണെന്ന ബോധം അവനില്ലാതെയാവുന്നു. അതേസമയം സുഹൃത്തുക്കളായി തന്നെ വളര്‍ന്നുവന്നാല്‍ ആ ബോധം അവനു വരും. എല്ലാവരും ഒരുപോലെയാണെന്നുള്ള ബോധ്യം ഉണ്ടാവും. അതില്ലാതെ വളര്‍ന്നുവരുന്നവരില്‍ പകുതിപേര്‍ കോളേജ് എത്തിയാലും പെണ്‍കുട്ടികളോട് അകലം പാലിക്കും. അത് പിന്നീട് ജീവിതം മുഴുവന്‍ അങ്ങനെയാവും. അവനു മരണം വരെ പെണ്ണ് എന്തെല്ലാമോ ആണ്, അല്ലാതെ ഒരു സഹജീവി അല്ല, ബഹുമാനിക്കണ്ട കാര്യമില്ല. എന്നാല്‍ ബാക്കിയുള്ളവര്‍ പെണ്‍സുഹൃത്തുക്കളെ കണ്ടെത്തും, ഒന്നിച്ചിടപഴകും, അവരെയും അവരുടെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാന്‍ പഠിക്കും.

കോളേജ് വരെയെത്തി ഫിഫ്റ്റി – ഫിഫ്റ്റി ചാന്‍സ് എടുക്കുന്നതിനു പകരം ചെറുപ്രായത്തില്‍ തന്നെ ഈ വിവേചനം മാറ്റി പരസ്പരം മനസ്സിലാക്കി, സുഹൃത്തുക്കളായി മുന്നോട്ടു പോയാല്‍ എന്താ കുഴപ്പം? അതിനു പകരം ഇനി മിക്സഡ് സ്കൂളുകള്‍ തന്നെ അങ്ങ് നിര്‍ത്തലാക്കിയാല്‍ പിന്നെന്താ പ്രയോജനം? ഈ പറഞ്ഞ മൂരാച്ചി അദ്ധ്യാപകര്‍ക്ക് പണി എളുപ്പമുണ്ട്, അത്രന്നെ. എന്തേ? ഇതൊരു പോയിന്റല്ലേ?

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: